ഇടതിനെ തോല്‍പ്പിച്ചത് പാക്ഷിക നവോത്ഥാനം: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടയ്ക്ക് താനൊരു ഉത്തമ ഭരണാധികാരിയാണെന്ന് പിണറായി വിജയന്‍ തെളിയിച്ച ഒരേയൊരു സന്ദര്‍ഭമേ ഉണ്ടായിട്ടുള്ളൂ.
ഇടതിനെ തോല്‍പ്പിച്ചത് പാക്ഷിക നവോത്ഥാനം: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

രേ സമയം ധീരവും പുരോഗമനപരവുമായ തീരുമാനം കൈക്കൊള്ളുന്ന ഭരണാധികാരിയാണ് ഉത്തമ ഭരണാധികാരി. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടയ്ക്ക് താനൊരു ഉത്തമ ഭരണാധികാരിയാണെന്ന് പിണറായി വിജയന്‍ തെളിയിച്ച ഒരേയൊരു സന്ദര്‍ഭമേ ഉണ്ടായിട്ടുള്ളൂ. ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ പരമോന്നത ന്യായാസനം പുറപ്പെടുവിച്ച ചരിത്രവിധി നടപ്പാക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നതാണ് ആ സന്ദര്‍ഭം.

ഒരുപക്ഷേ, സ്വന്തം പാര്‍ട്ടിക്കകത്തുനിന്നുപോലും മുറുമുറുപ്പുകളുണ്ടായിട്ടും ലിംഗസമത്വം എന്ന ഭരണഘടനാ തത്ത്വത്തിലധിഷ്ഠിതമായ കോടതിവിധി നടപ്പാക്കുകയെന്നത് തന്റെ കര്‍ത്തവ്യമാണെന്ന നിലപാട് പിണറായി എടുത്തു. നവോത്ഥാന പാരമ്പര്യത്തില്‍ പേര്‍ത്തും പേര്‍ത്തും ഊറ്റം കൊള്ളുന്ന മലയാളി സമൂഹം ഭക്തിയുടെ കാര്യത്തില്‍ ലിംഗവിവേചനം അനുവര്‍ത്തിച്ചുകൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പ്. ഈശ്വരനിലും ഈശ്വരഭവനങ്ങളിലും വിശ്വസിക്കാത്ത രാഷ്ട്രീയപ്രസ്ഥാനമാണ് തന്റേതെങ്കിലും മതവിശ്വാസികളുടെ അവകാശപ്രശ്‌നത്തില്‍ ആണ്‍കോയ്മ അനുവദിക്കാവതല്ല എന്ന ഉറച്ച തീരുമാനം മുഖ്യമന്ത്രി കൈക്കൊണ്ടു.

കമ്യൂണിസ്റ്റുകാരനായ ഒരു ഭരണകര്‍ത്താവ് സ്വീകരിച്ച തികച്ചും ശരിയും ശ്ലാഘ്യവും നവോത്ഥാന മൂല്യാനുസൃതവുമായ ആ തീരുമാനത്തിന്റേയും അനന്തര നടപടികളുടേയും ഫലമായാണ് സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി അതിന്റെ ചരിത്രത്തിലെ അതിദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതെന്ന് ഇടതുചേരിയില്‍പ്പെട്ടവരുള്‍പ്പെടെ പലരും നിരീക്ഷിക്കുന്നു. സി.പി.എം നേതാക്കള്‍പോലും തങ്ങളുടെ പരാജയത്തിന്റെ മുഖ്യഹേതു ശബരിമല വിഷയത്തില്‍ സ്വീകരിക്കപ്പെട്ട ആചാരവിരുദ്ധ നിലപാടാണെന്നു രഹസ്യമായെങ്കിലും കരുതുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഗോദയില്‍ ശബരിമല ഇടതു ജനാധിപത്യമുന്നണിയുടെ ഇടര്‍ച്ചയ്ക്കും വീഴ്ചയ്ക്കും കാരണമായോ? നവോത്ഥാന മൂല്യങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കാന്‍ പര്യാപ്തമായ മുഖ്യമന്ത്രി വിജയന്റെ കാല്‍വെപ്പ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമായി ഭവിച്ചു എന്ന നിരീക്ഷണം വസ്തുതാപരമാണോ? പുറമേനിന്നു നോക്കുമ്പോള്‍ പ്രസ്തുത നിരീക്ഷണത്തില്‍ കാമ്പുണ്ടെന്നു തോന്നാം. എന്നാല്‍, ഉള്ളിലേക്ക് ചൂഴ്ന്നു നോക്കിയാല്‍ തിരിച്ചാണ് സ്ഥിതി. അയ്യപ്പക്ഷേത്ര വിഷയത്തില്‍ മുഖ്യമന്ത്രി കാണിച്ച ധീരതയല്ല, മറിച്ചു മറ്റൊരു സമാന വിഷയത്തില്‍ അദ്ദേഹവും തന്റെ പാര്‍ട്ടിയും കാണിച്ച അധീരതയാണ് ഇടതുമുന്നണിക്കു വിനയായത്.
ഏതാണ് ആ വിഷയം? 2018 സെപ്റ്റംബര്‍ 28-ന് ശബരിമല വിധി പുറത്തു വന്നതിനെത്തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ യുവതീപ്രവേശത്തിന്  അനുകൂലമായ നിലപാട് സ്വീകരിച്ചയുടനെ കോഴിക്കോട്ട് ഒരു പ്രമുഖ മുസ്ലിം മതപണ്ഡിത സംഘടനയുടെ സമ്മേളനം നടന്നിരുന്നു. മുസ്ലിംലീഗിനോട് ചായ്വ് പുലര്‍ത്തുന്ന ആ സംഘടനയുടെ അധ്യക്ഷന്‍ തന്റെ പ്രസംഗത്തില്‍ കനപ്പിച്ചും തറപ്പിച്ചും പറഞ്ഞു: ശബരിമല ക്ഷേത്രത്തില്‍ പത്തിനും അന്‍പതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കു കൂടി പ്രവേശനം നല്‍കണമെന്നു പറയുന്ന രാഷ്ട്രീയക്കാര്‍ നാട്ടിലുണ്ട്. ഒരു പ്രായപരിധിയിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാത്ത മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശം അനുവദിക്കണമെന്നു പറഞ്ഞ് അവരാരും മുന്നോട്ടു വന്നുപോകരുത്. അതു നടപ്പുള്ള കാര്യമല്ല.
മുഖ്യമന്ത്രി പിണറായിക്കും കൂട്ടര്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു സമസ്തയുടെ അധ്യക്ഷന്‍ നല്‍കിയത്. ഏതു പാര്‍ട്ടി പറഞ്ഞാലും ഏതു മുഖ്യന്‍ പറഞ്ഞാലും തങ്ങളുടെ പള്ളികളില്‍ സ്ത്രീകളെ കയറ്റുന്ന പ്രശ്‌നമില്ലെന്നു മനസ്സിലാക്കിക്കൊള്ളണം എന്നു ബന്ധപ്പെട്ടവരെ സംശയാതീതമാംവിധം ഉണര്‍ത്തുകയായിരുന്നു മുസ്ലിം മതപണ്ഡിത സംഘടന. മാര്‍ക്‌സിസ്റ്റുകളുടെ നവോത്ഥാനം ഹിന്ദുക്കളില്‍ മതി, മുസ്ലിങ്ങളില്‍ വേണ്ട എന്നതായിരുന്നു ധ്വനി. ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ഇടപെടാന്‍ തുനിയേണ്ടെന്ന താക്കീത് ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടുപോലും അനങ്ങാതെ നിന്നു. പാര്‍ട്ടി സെക്രട്ടറിയാകട്ടെ, സ്ത്രീ പ്രവേശം സംബന്ധിച്ച് കോടതിവിധി ശബരിമല പ്രശ്‌നത്തില്‍ മാത്രമേ ഇപ്പോള്‍ വന്നിട്ടുള്ളൂ എന്ന് ഒഴിഞ്ഞുമാറി.
സമസ്താ സാരഥിയുടെ പ്രസംഗശേഷം സാമൂഹിക മാധ്യമങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശത്തിനനുകൂലമായ കുറിപ്പുകള്‍ ധാരാളം പ്രത്യക്ഷപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ മറ്റു ഇടതു നേതാക്കളോ അതു കണ്ടതായി ഭാവിച്ചില്ല. മതവിഷയങ്ങളിലും ആചാരകാര്യങ്ങളിലും നവോത്ഥാനവും ആണ്‍കോയ്മാ വിരോധവും ഹിന്ദു സമൂഹത്തില്‍ മാത്രം മതിയെന്ന് അവര്‍ തീരുമാനിച്ചു. പാക്ഷിക നവോത്ഥാനം മതിയെന്ന ആ തീരുമാനം (ഇരട്ടത്താപ്പ്) ഭൂരിപക്ഷ സമുദായത്തിലെ വര്‍ഗ്ഗീയ മനോഭാവക്കാരെ മാത്രമല്ല, ലിബറല്‍ ചിന്താഗതിക്കാരെപ്പോലും സര്‍ക്കാറിനും എല്‍.ഡി.എഫിനുമെതിരെ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം ഇടതുപക്ഷം തിരിച്ചറിയാതെ പോയി.

മുസ്ലിം പള്ളികളില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്ന തരത്തില്‍ സുപ്രീംകോടതി വിധി വന്നാല്‍ ശബരിമലക്കാര്യത്തില്‍ കൈക്കൊണ്ട അതേ മട്ടിലുള്ള തീരുമാനം അക്കാര്യത്തിലും ഇടതുസര്‍ക്കാര്‍ കൈക്കൊള്ളുമെന്നു സുദൃഢ സ്വരത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഹിന്ദു സമൂഹത്തിലെ നിഷ്പക്ഷ, നിശ്ശബ്ദ, നിസ്സംഘടിത വോട്ടര്‍മാര്‍ ഇടതുമുന്നണിക്കെതിരെ വോട്ട് രേഖപ്പെടുത്തുമായിരുന്നില്ല എന്നതാണ് സത്യം. ന്യൂനപക്ഷത്തിലെ സമാന വിഭാഗവും എല്‍.ഡി.എഫിനോട് ചേര്‍ന്നു നിന്നേനെ. മറ്റു വിധത്തില്‍ പറഞ്ഞാല്‍, ഭൂരിപക്ഷ മതയാഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്ന അതേ അളവില്‍ ന്യൂനപക്ഷ മതയാഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷം കാണിച്ച കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ്, മറ്റു സാഹചര്യങ്ങളില്‍, ഇടതുമുന്നണിക്കു ലഭിക്കുമായിരുന്ന ഹിന്ദുവോട്ടില്‍ കനത്ത തോതില്‍ ചോര്‍ച്ചയുണ്ടാക്കിയത്.

ശബരിമല വിധിയില്‍നിന്നു നമുക്ക് ഷാബാനു ബീഗം വിധിയിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. 34 വര്‍ഷം മുന്‍പ് 1985-ല്‍ വന്ന ആ വിധിന്യായം മുസ്ലിം യാഥാസ്ഥിതികത്വത്തിന്റെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെയായിരുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സി.പി.എം മാത്രമാണ് അന്ന് ആ സുപ്രീംകോടതി വിധിയോടൊപ്പം നെഞ്ചുറപ്പോടെ നിലകൊണ്ടത്. ഭൂരിപക്ഷത്തിന്റെ യാഥാസ്ഥിതികത്വത്തെ മാത്രമല്ല, ന്യൂനപക്ഷത്തിന്റെ യാഥാസ്ഥിതികത്വത്തേയും കലവറയില്ലാതെ എതിര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വന്ന ശേഷം 1987-ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കി. മുസ്ലിം യാഥാസ്ഥിതികര്‍ സി.പി.എമ്മിനെതിരെ അണിനിരന്നപ്പോള്‍ ഹിന്ദു-മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളിലെ പുരോഗമനേച്ഛുക്കള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി  ഇടതുപക്ഷത്തിനു വോട്ട് ചെയ്തതിന്റെ ഫലമായിരുന്നു അന്നത്തെ വിജയം.

എണ്‍പതുകളുടെ മധ്യത്തില്‍ അനുവര്‍ത്തിച്ച, ഇരു വര്‍ഗ്ഗീയ, മതമൗലിക, യാഥാസ്ഥിതിക പ്രത്യയശാസ്ത്രങ്ങളും സംഘടനകളും ഒരുപോലെ വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന ആരോഗ്യകരമായ നിലപാട് പില്‍ക്കാലത്ത് സി.പി.എം ഉപേക്ഷിച്ചു. യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ഏതു ദുഷ്ട പ്രതിനിധാനത്തേയും കൂട്ടുപിടിക്കാമെന്ന കുതന്ത്ര രാഷ്ട്രീയ ലൈന്‍ പാര്‍ട്ടി സ്വീകരിച്ചപ്പോള്‍ 'ഭീകരതയുടെ കോ-ഓര്‍ഡിനേറ്റര്‍' എന്നു 2002-ല്‍ പാര്‍ട്ടിപ്പത്രം തന്നെ മുദ്രകുത്തിയ മഅ്ദനിയെ അച്യുതാനന്ദനേക്കാള്‍ ആദരണീയനായ ജനനായകനായി പിണറായി പക്ഷം കൊണ്ടുനടന്നു. 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അത് ഇടതുമുന്നണിക്കു കനത്ത നഷ്ടമുണ്ടാക്കി.

പ്രദര്‍ശനപരതയിലൂടെ വോട്ട് നേടാമെന്ന വ്യാമോഹവും സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. 'ചങ്ങല'കളുടേയും 'കോട്ടകളു'ടേയും 'മതിലുകളു'ടേയും കാലം കഴിഞ്ഞെന്നു തിരിച്ചറിയാന്‍ പാര്‍ട്ടി നേതൃത്വത്തിനു സാധിക്കാതെ പോകുന്നു. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവവത്സര ദിനത്തില്‍ ഇടതുമുന്നണി 'നവോത്ഥാന സംരക്ഷണ സമിതി'യുടെ ബാനറില്‍ സംസ്ഥാനത്ത് തെക്ക്-വടക്ക് നീളുന്ന 'വനിതാമതില്‍' സംഘടിപ്പിക്കയുണ്ടായി. ഹിന്ദു സ്ത്രീകളുള്‍പ്പെടെ മലയാളി വനിതകളില്‍ മഹാഭൂരിപക്ഷവും യുവതീപ്രവേശ വിഷയത്തില്‍ തങ്ങളോടൊപ്പമാണെന്ന ധാരണ ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വ്യായാമമായിരുന്നു ആ പരിപാടി. പക്ഷേ, പെണ്‍മതിലില്‍ അണിചേര്‍ന്ന എത്ര പെണ്ണുങ്ങള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്തു എന്നു പാര്‍ട്ടിമേലാളര്‍ അന്വേഷിച്ചിട്ടില്ല. അന്വേഷിച്ചാലുള്ള കണ്ടെത്തല്‍ മേലാളരെ അമ്പരപ്പിക്കുമെന്നു തീര്‍ച്ച. കാരണം 'വനിതാ മതില്‍ വേറെ, മതാചാരം വേറെ' എന്ന നിലപാടില്‍ നില്‍ക്കുന്ന പലരും സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ മതിലില്‍ കല്ലുകളായി മാറുകയായിരുന്നു എന്നതാണ് നേര്.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി നില്‍കിയത് പാക്ഷിക നവോത്ഥാനമല്ല എന്നു വാദിച്ചുറപ്പിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്.  മോദിപ്പേടി നിമിത്തം ന്യൂനപക്ഷ കേന്ദ്രീകരണം നടന്നെന്നും അത് യു.ഡി.എഫിന് അനുകൂലമായി ഭവിച്ചെന്നും അവര്‍ വിശദീകരിക്കുന്നു. ഭാഗിക സത്യം മാത്രമാണത്. ന്യൂനപക്ഷ സമുദായങ്ങളില്‍ ഒരു വന്‍വിഭാഗം മുന്‍പേത്തന്നെ യു.ഡി.എഫ് പക്ഷത്തുള്ളവരാണ്. മധ്യകേരളത്തില്‍ ക്രൈസ്തവരില്‍ വളരെ വലിയ വിഭാഗം പരമ്പരാഗതമായി കോണ്‍ഗ്രസ്സ്-കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ അനുയായികളാണ്. ഉത്തര കേരളത്തില്‍ മുസ്ലിങ്ങളില്‍ വലിയ പങ്ക് ലീഗിന്റേയോ കോണ്‍ഗ്രസ്സിന്റേയോ വോട്ടര്‍മാരുമത്രേ. ലീഗ് കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ വോട്ടുള്ള എസ്.ഡി.പി.ഐ മിക്കയിടങ്ങളിലും മത്സരിച്ച സ്ഥിതിക്ക് ആ പാര്‍ട്ടിയുടെ വോട്ട് യു.ഡി.എഫിലേക്കു മറിഞ്ഞെന്നു പറയാവതല്ല. മറ്റു രണ്ടു മുസ്ലിം പാര്‍ട്ടികളായ ഐ.എന്‍.എല്ലും പി.ടി.എ. റഹീമിന്റെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സുമാകട്ടെ, എല്‍.ഡി.എഫിനൊപ്പമാണുതാനും. എന്നുവെച്ചാല്‍ കൊട്ടിഘോഷിക്കുംവിധമുള്ള ന്യൂനപക്ഷ ഏകീകരണമൊന്നും യു.ഡി.എഫിന് അനുകൂലമായി നടന്നിട്ടില്ല. എല്‍.ഡി.എഫിന്റെ വന്‍പരാജയത്തിലേക്ക്  നയിച്ചത് ന്യൂനപക്ഷ വോട്ടിന്റെ യു.ഡി.എഫ് അനുകൂല കേന്ദ്രീകരണമെന്നതിലേറെ ഇടതുപക്ഷം നവോത്ഥാന വിഷയത്തില്‍ അനുവര്‍ത്തിച്ച 'ഡബ്ള്‍ സ്റ്റാന്‍ഡേര്‍ഡ്' ആണെന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എമ്മിന്റെ ഹൈന്ദവമാത്ര നവോത്ഥാനം ഇടതുമുന്നണിക്കുമേല്‍ ഇടിത്തീയായി വീഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com