ബിനീഷ് ബാസ്റ്റിനും മേനോനും പിന്നെ തന്തപ്പേരിന്റെ ചരിത്രവും 

ഈ മേനോനെ ബഹിഷ്കരിക്കേണ്ടതുണ്ട്. എല്ലാ ജാതിവാദികളെയും ഉച്ചാടനം ചെയ്യുന്നത് വരെ ഭൂമിയിൽ പണിയെടുക്കുന്ന ബിനീഷ് ബാസ്റ്റിനൊപ്പം തന്നെ നാം നിൽക്കുക.
ബിനീഷ് ബാസ്റ്റിനും മേനോനും പിന്നെ തന്തപ്പേരിന്റെ ചരിത്രവും 

പാലക്കാടിന് ഇത് നല്ല കാലമല്ല. ബിനീഷ് ബാസ്റ്റിൻ എന്ന നടന് പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളജിൽ വെച്ച് നേരിടേണ്ടി വന്ന അപമാനം ഇന്ന് കേരളത്തിന്റെ മനഃസാക്ഷിയെ ഉണർത്തിക്കഴിഞ്ഞു. മേനോൻ എന്ന തന്തപ്പേര് പേരിനൊപ്പം കൊണ്ട് നടക്കുന്ന ഒരു സംവിധായകൻ ബിനീഷിനൊപ്പം സ്റ്റേജ് പങ്കിടില്ലെന്ന എന്നതിലാണ് പ്രശ്നങ്ങളുടെ തുടക്കം. സംഗതി നേരിട്ട് ജാതി അല്ല വിഷയമായതെങ്കിലും ജാതി തന്നെയാണ് മേനോനെ അങ്ങിനെ പറയിച്ചത് എന്ന് പറയുന്നതിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. 

എന്താണ് ഈ തന്തപ്പേരിൽ ഉള്ള സവിശേഷത എന്ന് ചോദിച്ചാൽ അത് കേവലം തന്തപ്പേര് മാത്രമല്ല എന്നുള്ളതാണ്. വില്ലേജ് ഓഫീസിലെ സർട്ടിഫിക്കറ്റിലൊക്കെ തന്തപ്പേരിനെ 'തണ്ടപ്പേര്' എന്നാണ് എഴുതുന്നത്. പറഞ്ഞുപറഞ്ഞങ്ങിനെ ആയതാകാം. കേരളത്തിൽ തന്തേപ്പര് ഉപയോഗിക്കുന്നവർ ഒരു കാലത്ത് തീരെയില്ലാതായി. എഴുപതുകളിലെ സാംസ്‌കാരിക വിപ്ലവകാലത്തിന്റെ ഒരു ഉപോത്പന്നമെന്ന നിലയിലാണ് തന്തപ്പേര് ഉപയോഗിക്കുന്നത് ക്രമേണ ഇല്ലാതായത്. അവ ഇനിഷ്യലിലേയ്ക്ക് ചുരുങ്ങി. 

തന്തപ്പേരിന്റെ ചരിത്രം നായർ സമുദായത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഉയർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.  1891 -ൽ കേരളത്തിലെ ശൂദ്രന്മാരായിരുന്ന നായർ സമുദായം സർക്കാർ സർവീസിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് മലയാളി മെമ്മോറിയൽ തിരുവിതാംകൂർ രാജാവിന് മുൻപാകെ സമർപ്പിച്ചപ്പോൾ മലയാളി എന്നാൽ നായർ സമുദായം എന്നൊരു സമവാക്യം പൊടുന്നനെ ഉയർന്നു വന്നു. മലയാളികളിൽ മാതൃദായക ക്രമത്തിൽ നിന്നിരുന്ന നായർ സമുദായത്തിന് അധികാരകേന്ദ്രങ്ങളുമായുണ്ടായിരുന്ന അടുപ്പത്തിലൂടെ വിദ്യാഭ്യാസരംഗത്തും മുൻ‌തൂക്കം തുടക്കത്തിലേ ലഭിക്കുകയും മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ ജോലിയ്ക്കുള്ള അടിസ്ഥാനയോഗ്യത വിദ്യാഭ്യാസ യോഗ്യത ആയപ്പോൾ, ബ്രാഹ്മണന്മാർ മാത്രം (വരുത്തന്മാരായ തമിഴ് ബ്രാഹ്മണർ) കൈക്കലാക്കിയിരുന്ന  പദവികളിലേയ്ക്ക് വിദ്യാസമ്പന്നരും അധികാര കേന്ദ്രങ്ങളുമായി അടുത്ത് നിന്നിരുന്നവരുമായ നായന്മാർക്ക് കടന്നു ചെല്ലാൻ കഴിഞ്ഞു. 

മലയാളി എന്നാൽ നായർ എന്ന് വന്നപ്പോഴാണ് ഈഴവ മെമ്മോറിയൽ ഉണ്ടാകുന്നത് (1896). സോഷ്യൽ പ്രിവിലേജുകൾ തങ്ങൾക്കും വേണം എന്നതായിരുന്നു ആവശ്യം. 1930 കൾ വരെ ഈ നായർ ഈഴവ സംഘർഷം തുടരുന്നത് കാണാൻ കഴിയും. കൂടാതെ 1920 -30 കാലഘട്ടത്തിൽ ഈഴവർ ഹിന്ദുക്കൾ ആണോ എന്ന കാര്യത്തിൽപ്പോലും ചർച്ചകൾ നടന്നിരുന്നു. സമൂഹത്തിൽ തന്തപ്പേര് കൊണ്ട് ഉപയോഗം ഉണ്ടായവർ അത് പുറത്തു പ്രദർശിപ്പിച്ചു എന്നതാണ് സാമൂഹികമായ ഉച്ചനീചത്വങ്ങളുടെ ഒരു മാർക്കർ ആയി ആദ്യം പ്രത്യക്ഷപ്പെട്ടത്. ആദ്യകാലത്തെ എഴുത്തുകാരെല്ലാം മിക്കവാറും ഈ നായർ സമുദായങ്ങളിലും അതിലെ തന്നെ അവാന്തരങ്ങളിൽ നിന്നും വന്നവരാണെന്നു മനസ്സിലാക്കാൻ കേരളസാഹിത്യ ചരിത്രം പരിശോധിച്ചാൽ മാത്രം മതിയാകും. വി കെ എൻ കൃതികളിൽ പ്രമുഖമായ നാണ്വാരിൽ ആണ് പുരയിടം വാങ്ങാൻ വന്ന ഒരു ഷാജിയെ നാം പരിചയപ്പെടുന്നത്. ഷാജിയോ മൊത്തം പേര് പറയടാ എന്ന് നങ്ങേമ. പി ഷാജി എന്ന് ഉത്തരം. ആ 'പി' എന്ന ഇനിഷ്യൽ ഒരു പക്ഷെ പുലയൻ ഷാജി എന്നാകാം ഈഴവ ഷാജി എന്നും ആകാം. ഷാജി എന്നൊരു സാമൂഹികശ്രേണിയിൽ ഉയർച്ചയെ സവിശേഷമായി അടയാളപ്പെടുത്താതിരിക്കുകയും എന്നാൽ അത് താഴ്ചയുടെ ഏതു വശത്തു നിൽക്കുന്നു എന്ന് വ്യക്തമാക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലുണ്ടായ ഭൂപരിഷ്കരണം,മധ്യവർഗത്തിന്റെ ഉദയം ഇവയോടുള്ള ഫ്യൂഡൽ വർഗ്ഗത്തിന്റെ പുച്ഛം എന്നിവ ആ പി ഷാജി എന്ന് ബലംപ്രയോഗിച്ചു വെളിപ്പെടുത്തുന്നതിലൂടെ തെളിയുന്നുണ്ട്. 

ഈഴവരെയും ഇതര താഴ്ന്ന ജാതിക്കാരെയും സാമൂഹിക ശ്രേണിയിൽ ആർജ്ജിത ഔന്നത്യം ഉണ്ടെങ്കിൽ വെളിപ്പെടുത്താൻ 'പണിക്കർ' എന്ന സ്ഥാനപ്പേര് നൽകിയിരുന്നു. സംസ്കൃതം അഭ്യസിക്കുകയും തുടർന്ന് വൈദ്യം തൊഴിലാക്കുകയും ചെയ്ത ഈഴവരുടെ ഇടയിൽ വൈദ്യൻ, പണിക്കർ തുടങ്ങിയ തന്തപ്പേരുകൾ വന്നു ചേർന്ന്. ഹോർത്തുസ് മലബാറിക്കൂസ് എഴുതിയ വില്യം വാൻ റീഡിനെ സഹായിച്ചത് ഇട്ടി അച്ചുതൻ എന്ന ഈഴവ വൈദ്യനായിരുന്നു. എന്നാൽ വിഭവാധികാരത്തിൽ നിന്നുണ്ടാകുന്ന ഈ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക അധികാരം പരിപൂർണ്ണമായും നിഷേധിക്കപ്പെട്ട ഇതര സമൂഹങ്ങൾക്ക് തന്തപ്പേർ കൂടാതെ കഴിക്കേണ്ടിവന്നു എന്ന് മാത്രമല്ല തണ്ടപ്പേർ ഒളിച്ചുവെയ്ക്കേണ്ടത് അതിജീവനത്തിനുള്ള ഉപാധി ആവുകയും ചെയ്തു. ഗ്രാമങ്ങളിൽ കുടുങ്ങിപ്പോയ മനുഷ്യർ ഇങ്ങനെ തന്തപ്പേരില്ലായ്മയിലൂടെ സമൂഹത്തിൽ നിരന്തരം മാറ്റിനിര്ത്തപ്പെടുകയും എന്നാൽ നഗരങ്ങളിലേക്ക് ചേക്കേറിയവർ പുതിയ തന്തപ്പേരുകൾ സ്വീകരിക്കുകയും ചെയ്യുന്നത് കാണാം. ഈഴവ സമുദായത്തിലുള്ള പലരും നഗരങ്ങളിൽ 'നായർ' എന്ന തന്തപ്പേരിൽ ജീവിക്കുന്നതിനു തെളിവുകൾ ഉണ്ട്. 

എന്നാൽ നായർ സമുദായത്തിനുള്ളിൽത്തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാതൃദായക്രമവുമായി ബന്ധപ്പെട്ട അധികാര സംഘർഷങ്ങൾ നിലനിന്നിരുന്നു. ഇത് പിതാവിനെ അംഗീകരിച്ചു കിട്ടാത്തതിലുള്ള ഒരു സംഘർഷവും പ്രതിഷേധവും കൂടിയായിരുന്നു. ആധുനികതയിലേയ്ക്ക് നയിക്കപ്പെട്ട നായർ സമുദായത്തിന്റെ ഉള്ളിൽ നിന്നുള്ള ഒരു വിച്ഛേദനമായാണ് തുടർച്ചയായുള്ള നിയനിർമ്മാണങ്ങളിലൂടെ അതിനെ പിതൃദായക്രമത്തിലേയ്ക്ക് കൊണ്ടുവരുന്നതും തന്തപ്പേര് ധൈര്യമായി ഉപയോഗിക്കാനുള്ള അവകാശം നേടിയെടുക്കുകയും ചെയ്യുന്നത്. അങ്ങിനെ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേയ്ക്കും നായർ സമുദായം ഇത്തരത്തിലൊരു സാംസ്‌കാരിക-സാമൂഹിക മൂലധനം തന്തപ്പേരിലൂടെ നേടിയെടുക്കുന്നത് കാണാം. അത് കേരളത്തിന്റെ വിവിധങ്ങളായ ദൈനംദിന അടരുകളിൽ പ്രക്ഷേപിക്കപ്പെടുകയും ചെയ്യുകയുണ്ടായി. കേരളപ്പിറവി ദിനത്തിൽ സെറ്റുമുണ്ടുടുക്കുക, ഓണത്തിന്റെ രീതികളെല്ലാം തന്നെ നായർ രീതികൾ ആകുക, തൊഴിലിടങ്ങളിലും മറ്റും നായർ ആയതിനു മുൻ‌തൂക്കം ലഭിക്കുക എന്ന രീതിയിൽ ഒരു ആന്തരിക കൊളോണീകരണത്തിനു കേരളസമൂഹം വിധേയമായി. 

എസ് എസ് എൽ സി പാസായി ടൈപ്പ് പഠിക്കാൻ പോകുന്ന നായര് പെണ്കുട്ടിയ്ക്കുള്ള ആത്മവേദനകളും സംഘര്ഷങ്ങളും  ബി എ പാസായശേഷം അണ്ടിയാപ്പീസിൽ അണ്ടി തല്ലാൻ പോകുന്ന ദളിത് പെൺകുട്ടിയ്ക്ക് നിഷേധിക്കപ്പെട്ടു. നായർ സമുദായത്തിന് മാത്രമേ കഥയുള്ളൂ എന്ന് വന്നു. കുടുംബത്തിൽ പിറക്കുക എന്ന പ്രയോഗം നായർ ജീവിതത്തിൽ നിന്ന് വരുന്നതാണ്. വരമ്പത്ത് താമസിക്കുന്നവന് എന്ത് കുടുംബ പാരമ്പര്യമാണ് അവകാശപ്പെടാൻ കഴിയുന്നത്? തറവാട് എന്ന പ്രയോഗം നായർ  ജീവിതത്തിന്റെ സൃഷ്ടിയാണ്. പിൽക്കാലത്ത് ഇത് സിറിയൻ ക്രിസ്ത്യാനികളും ഈഴവ പ്രമാണി കുടുംബങ്ങളും യഥേഷ്ടം ഉപയോഗിക്കാൻ തുടങ്ങി. നായർ സ്വഭാവങ്ങൾ സ്വീകരിക്കുന്നതിലൂടെയാണ് ഇവർ ഈ രീതിയിൽ തറവാടിത്തം ഉണ്ടാക്കിയെടുത്ത.

ഇതിനൊക്കെ എതിരെയുള്ള ബോധപൂർവമായ ഒരു വിച്ഛേദനമായിരുന്നു തന്തപ്പേരുകളെ എഴുപതുകളിലും എൺപതുകളിലും ആളുകൾ നിഷേധിച്ചത്. ജാതി പറയുക എന്നത് ഒരു പ്രശ്നം ആയിരുന്നു. മോഹനൻ നായർ എന്ന പേരിൽ ഒരു വിദ്യാർത്ഥി കേരളത്തിലെ സ്‌കൂളുകളിയോ കാമ്പസുകളിലോ എൺപതുകളിലും എഴുപതുകളിലും ഉണ്ടായിരിക്കാൻ വഴിയില്ല. പക്ഷെ പുതിയ നൂറ്റാണ്ടിൽ ഇവരിൽ പലരും ഔദ്യോഗിക ജീവിതങ്ങളിൽ പ്രവേശിച്ച ശേഷം അവരുടെ തന്തപ്പേരുകൾ വീണ്ടെടുത്ത് എന്നതാണ് വസ്തുത. ഇത് മണ്ഡൽ കമ്മീഷനും സംവരണപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു ആന്തരിക പ്രതിരോധം എന്ന നിലയിലാണ് സംഭവിച്ചത്.അതിന് സാമൂഹ്യദൃശ്യതയും ബഹുമാന്യതയും നല്കിയതാകട്ടെ ഫേസ്ബുക് പോലുള്ള സോഷ്യൽ മാധ്യമങ്ങളും ആണ്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെ ആര് ആരെന്ന് തിരിച്ചറിയാവുന്ന രീതിയിൽ സമൂഹം ശ്രേണീകരിക്കപ്പെട്ടു. ചിലരെങ്കിലും 'മോഹനൻ പുലയൻ' എന്നൊക്കെ മുദ്രാവാക്യം പോലെ പേരുകൾ മാറ്റാറുണ്ടെങ്കിലും അതിനു സാമൂഹിക സാധ്യത ഉണ്ടായിട്ടില്ല. മോഹനൻ പുലയൻ സാവിത്രി നായർ എന്ന പെൺകുട്ടി സ്വാഭാവികമായും പ്രജനനബോധത്തോടെ അഭിലഷിക്കുമ്പോൾ മാത്രമേ ആ അവകാശവാദത്തിന് സാധുതയുണ്ടാകൂ എന്നൊരു നിരീക്ഷണം വന്നിട്ടുണ്ട്. അത് ദുരവസ്ഥയിലേതു പോലുള്ള സംരക്ഷക മനോഭാവത്തോടെയുള്ളതും ആയിരിക്കില്ല. 

തന്തപ്പേര് നൽകുന്ന സാംസ്‌കാരിക മൂലധനം ഉപയോഗിച്ച് കൊണ്ടാണ് മേനോൻ എന്ന് തന്തപ്പേരുള്ള സംവിധായകൻ ബിനീഷ് ബാസ്റ്റിൻ എന്ന നടനെ ഇകഴ്ത്താനുള്ള ലൈസൻസ് നേടിയത്. മേനോൻ എന്ന് പറയുന്ന വ്യക്തി വൃത്തി എന്ന കാര്യത്തിൽ വളരെ കണിശക്കാരാണ് ആണെന്ന് പറയുന്നുണ്ട്. അയാളുടെ ഒരു സിനിമ തന്നെ വൃത്തിയെ കേന്ദ്രീകരിച്ചുള്ളതാണെന്നും അറിയുന്നു. അങ്ങിനെയെങ്കിൽ സംശയിക്കേണ്ടതില്ല; അയാൾ നിലീനമായിരിക്കുന്ന സവർണ്ണ ജാതിബോധം തന്നെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വൃത്തി എന്നതാണ് അയിത്തം. ശുദ്ധം- ചുത്തം-അയിത്തം. എന്നിങ്ങനെയാണ് അത് ഉണ്ടായിരിക്കുന്നത്. മനുഷ്യൻ അസ്പൃശ്യൻ ആയിരിക്കുന്നത് വൃത്തിയുടെ പേരിലാണ്. തോട്ടിപണി ചെയ്യുന്നവരുടെ തൊഴിലിന്റെ ഫലമായി അവർക്കുണ്ടാകുന്ന ശാരീരികവും ആത്മീയവുമായ വൃത്തിഹീനതയാണ് അവരെ അയിത്തക്കാരാക്കുന്നത്. മൃഗങ്ങളുടെ തോലുരിക്കുന്നവർ, അവയെ മറവു ചെയ്യുന്നവർ, ഒഡ കഴുകുന്നവർ, മലം കോരുന്നവർ, വയലിപ്പണിയെടുക്കുന്നവർ അങ്ങിനെ ഇത് നീളുന്നു. ഒപ്പം അങ്ങിനെ ഉള്ളവർ സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെടുകയും അവർക്കു പ്രാന്തങ്ങളിലെ വൃത്തിഹീനമായ കോളനികളിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്നു. വൃത്തിയെക്കുറിച്ചുള്ള ഈ ബോധം അവരുടെ കറുപ്പ് നിറത്തോടൊപ്പം വർധിച്ചു വരുന്നു. മേനോന് ഈ വൃത്തിബോധം എന്നുള്ളത്. പക്ഷെ വൃത്തിഹീനത സൃഷ്ടിക്കുന്നത് മേനോൻ ആണെന്ന കാര്യം മേനോൻ മറന്നു പോയി. 

ഈ മേനോനെ ബഹിഷ്കരിക്കേണ്ടതുണ്ട്. എല്ലാ ജാതിവാദികളെയും ഉച്ചാടനം ചെയ്യുന്നത് വരെ ഭൂമിയിൽ പണിയെടുക്കുന്ന ബിനീഷ് ബാസ്റ്റിനൊപ്പം തന്നെ നാം നിൽക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com