'ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരേ ശ്മശാനത്തില്‍ വിശ്രമിക്കുന്ന കാലത്തിന് ഇനി എത്രനാള്‍ കാത്തുനില്‍ക്കേണ്ടി വരും'?

മലങ്കര യാക്കോബായ സുറിയാനി സഭക്കാരും ഓര്‍ത്തഡോക്സ് സഭക്കാരും ക്രൈസ്തവര്‍ തന്നെയെങ്കിലും അവര്‍ തമ്മിലുള്ള തര്‍ക്കം പള്ളി സെമിത്തേരികളില്‍ എത്തിനില്‍ക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തപരിഷ്‌കരണാധിഷ്ഠിത നവോത്ഥാനത്തിലേക്ക് മലയാളക്കര പാദമൂന്നിയിട്ട് കാല്‍നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു. ജാതിഭേദമെന്യേ എല്ലാ ഹിന്ദുക്കള്‍ക്കും അമ്പലപ്രവേശം അനുവദിക്കുന്ന ക്ഷേത്രപ്രവേശ വിളംബരം തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ചിട്ടുമായി 83 വര്‍ഷം. ഐക്യകേരളത്തിനാവട്ടെ, ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് 63 വയസ്സ് പൂര്‍ത്തിയാവുകയും ചെയ്തു. സംശയമില്ല, മറ്റു പല സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മലയാളനാട് പല തുറകളിലും ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സാമൂഹിക പരിഷ്‌കരണ വിഷയത്തില്‍ കേരളത്തോളം മുന്നോട്ടു നടന്ന മറ്റൊരു പ്രദേശം രാജ്യത്ത് വേറെയില്ലെന്നുതന്നെ പറയാം. 

കണ്ടുകൂടായ്മയും തൊട്ടുകൂടായ്മയും അടിമവൃത്തിയുമൊക്കെ ഭരണഘടനയും നിയമപുസ്തകങ്ങളുമനുസരിച്ച് ശിക്ഷാര്‍ഹമാണെങ്കിലും കേരളത്തിനു വെളിയില്‍ മറ്റു പല സംസ്ഥാനങ്ങളിലും അവയൊക്കെ ഇപ്പോഴും നിര്‍ബാധം തുടരുന്നുണ്ട്. ഇതിനര്‍ത്ഥം നമ്മുടെ സംസ്ഥാനം സ്വര്‍ഗ്ഗഭൂമിയായിട്ടുണ്ട് എന്നല്ല. സമൂഹത്തിലെ പ്രാന്തീകൃത വിഭാഗങ്ങള്‍ പണ്ടെന്നപോലെ ഇന്നും ഇവിടെ പ്രാന്തീകൃതര്‍ തന്നെയാണ്. ആധുനിക കേരളത്തിലെ അന്ധകാര മേഖലയാണിപ്പോഴും ആദിവാസി ഊരുകള്‍. യഥാര്‍ത്ഥ കര്‍ഷകത്തൊഴിലാളികളായ ദളിതരില്‍ മഹാഭൂരിപക്ഷത്തിന്റെ അവസ്ഥയും ഒട്ടും ആശാവഹമല്ല. ആധുനികതയുടെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനു പകരം അവരെ 'ഹരിജന്‍ കോളനികള്‍' എന്ന ഇടുങ്ങിയ ലോകത്തില്‍ തളയ്ക്കുകയേ നാം ചെയ്തിട്ടുള്ളു.
 
19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ആരംഭിച്ച മതപരിഷ്‌കരണ പ്രധാനമായ നവോത്ഥാനം മുകളില്‍ പരാമര്‍ശിക്കുകയുണ്ടായി. ചട്ടമ്പിസ്വാമി, നാരായണഗുരു, അയ്യന്‍കാളി, ബ്രഹ്മാനന്ദ ശിവയോഗി, പൊയ്കയില്‍ യോഹന്നാന്‍, ഡോ. പല്‍പ്പു, വക്കം മൗലവി തുടങ്ങി ഒട്ടേറെ പേര്‍ ഭാഗഭാക്കായ ആ മഹദ്യത്‌നത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പരിഷ്‌കര്‍ത്താവാണ് കുമ്പളത്ത് പറമ്പില്‍ അയ്യപ്പന്‍ എന്ന സഹോദരന്‍ അയ്യപ്പന്‍ (1889-1968). ഒരു ശതകവും രണ്ട് വര്‍ഷവും മുന്‍പ് ചെറായിയില്‍ അദ്ദേഹം നടത്തിയ സാമൂഹിക വിപ്ലവം കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെത്തന്നെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. 1917 മെയ് 29-ന് അയ്യപ്പന്‍ ഏതാനും ഈഴവരേയും പുലയരേയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി. 

ജാതിക്കോമരങ്ങളെ വിറളിപിടിപ്പിച്ച സംഭവമായിരുന്നു അത്. ഈഴവ സമുദായാംഗമായ അയ്യപ്പന് അവര്‍ പുലയനയ്യപ്പന്‍ എന്ന പേര് നല്‍കി. ഏറ്റവും വിചിത്രം, ജാതിശ്രേണിയില്‍ പുലയര്‍ക്കു മീതെയും നായന്മാര്‍ക്കു താഴെയും നില്‍ക്കുന്നവരും സ്വയം ജാതിവിവേചനത്തിന് വിധേയരാകുന്നവരുമാണ് ഈഴവരെങ്കിലും, ചെറായിയിലെ ഈഴവ സംഘടനയായ വിജ്ഞാനവര്‍ദ്ധിനിസഭ മിശ്രഭോജനത്തില്‍ പങ്കെടുത്ത ഈഴവര്‍ക്ക് സമുദായ ഭ്രഷ്ട് കല്പിച്ചു എന്നതാണ്. സഭയുടെ നേതാക്കള്‍ അയ്യപ്പനെ നാടുകടത്തണം എന്ന നിവേദനവുമായി രാജാവിനെ സമീപിക്കുകയും ചെയ്തു. 

ജാതിനശീകരണം എന്ന മഹത്തായ ലക്ഷ്യം നിര്‍ത്തി മിശ്രഭോജനവും മിശ്രവിവാഹവും പ്രോത്സാഹിപ്പിക്കണം എന്ന ആശയം സഹോദരന്‍ അയ്യപ്പന്‍ പ്രചരിപ്പിച്ചത് അതിരൂക്ഷമായ എതിര്‍പ്പുകളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ്. പില്‍ക്കാലത്ത് കേരളത്തിന്റെ സാമൂഹിക വേഴ്ചകളിലും വ്യവഹാരങ്ങളിലുംനിന്ന് ജാതിഭ്രാന്ത് പതുക്കെപ്പതുക്കെ ശമിച്ചതിനു പിന്നില്‍ മിശ്രഭോജനം സാരമായ പങ്കുവഹിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമത്രേ. ജാതിയും മതവും കണക്കിലെടുക്കാതെ പല തുറകളിലും ജനങ്ങള്‍ ഇടപഴകുന്ന അന്തരീക്ഷം സംസ്ഥാനത്ത് അചിരേണ വേരുറയ്ക്കുകയുണ്ടായി. വേറൊരു മട്ടില്‍ പറഞ്ഞാല്‍, ജീവിച്ചിരിക്കേയുള്ള അയിത്തവും അസ്പൃശ്യതയും കേരളീയ സമൂഹത്തില്‍ നിന്നു ഒരു വലിയ പരിധിവരെ പിന്‍വാങ്ങി. 

പക്ഷേ, ജീവിതകാല അയിത്തത്തിനു പ്രകടമാംവിധം മങ്ങലേറ്റ കേരളത്തില്‍ മരണാനന്തര അയിത്തം ഇപ്പോഴും പൂര്‍വ്വശക്തിയില്‍ നിലനില്‍ക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ ഒരേ നിരത്തിലൂടെ നടക്കാനും ഒരേ വിദ്യാലയത്തില്‍ പഠിക്കാനും ഒരേ ഹോട്ടലില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും ഒരേ ഹോസ്പിറ്റലില്‍ ഒരുമിച്ച് ചികിത്സ തേടാനും ഒരേ തിയേറ്ററിലിരുന്നു സിനിമ കാണാനും ഒരേ ബസില്‍ സഞ്ചരിക്കാനും ഒരേ മൈതാനത്ത് കളിക്കാനും ഒരേ പുഴയില്‍ ഒരുമിച്ച് കുളിക്കാനുമുള്ള സാമൂഹികാന്തരീക്ഷം നമുക്കുണ്ട്. പക്ഷേ, മരിച്ചുകഴിഞ്ഞാല്‍ ജാതിമത പരിഗണനകള്‍ കൂടാതെ എല്ലാവര്‍ക്കും ഒരേ ശ്മശാനത്തില്‍ വിശ്രമിക്കാവുന്ന അവസ്ഥ ഇപ്പോഴും നമുക്കു കൈവന്നിട്ടില്ല. മുസ്ലിമിന്റെ മൃതദേഹം മുസ്ലിം ശ്മശാനത്തിലും ക്രൈസ്തവന്റേത് ക്രൈസ്തവ ശ്മശാനത്തിലും ഹിന്ദുവിന്റേത് ഹൈന്ദവ ശ്മശാനത്തിലും സംസ്‌കരിക്കാവുന്ന സാഹചര്യം പോലുമില്ല. ഓരോ സമുദായത്തിലേയും അവാന്തര വിഭാഗങ്ങളില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരവരുടേതായ ശ്മശാനങ്ങളില്‍ മാത്രമേ മറവു ചെയ്യാനാവൂ എന്ന ദുരവസ്ഥയാണ് നിലനില്‍ക്കുന്നത്. 

മലങ്കര യാക്കോബായ സുറിയാനി സഭക്കാരും ഓര്‍ത്തഡോക്സ് സഭക്കാരും ക്രൈസ്തവര്‍ തന്നെയെങ്കിലും അവര്‍ തമ്മിലുള്ള തര്‍ക്കം പള്ളി സെമിത്തേരികളില്‍ എത്തിനില്‍ക്കുന്നു. യാക്കോബായക്കാരുടെ ശവസംസ്‌കാരം ഓര്‍ത്തഡോക്സ് സഭക്കാരുടെ സെമിത്തേരികളില്‍ നടക്കണമെങ്കില്‍ അത് ഓര്‍ത്തഡോക്സ് മുറപ്രകാരം വേണമെന്നത്രേ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വാദം. പറ്റില്ലെന്നു മറുഭാഗവും പറയുന്നു. കട്ടച്ചിറയില്‍ യാക്കോബായ സഭയില്‍പ്പെട്ട വൃദ്ധയുടെ ജഡം ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും, ഇതെഴുതുമ്പോഴും തര്‍ക്കത്തെത്തുടര്‍ന്നു പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോടതിവിധി വഴി ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കൈവശമെത്തിയ മറ്റു പള്ളികളിലും 'മൃതദേഹങ്ങളോടുള്ള യുദ്ധ'ത്തിന്റെ കാര്‍മേഘം നിലനില്‍ക്കുന്നു. 

മരണാനന്തര അയിത്തം

അവാന്തരവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്ല എന്നു വന്നാലും മരണാനന്തര അയിത്തം ഇല്ലാതാവില്ല. കാരണം, പ്രത്യേക മതക്കാരുടെ ശവപ്പറമ്പുകളില്‍ അപരമതക്കാരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുക സാധ്യമല്ല എന്നതാണ് സ്ഥിതി. മുസ്ലിം ശവപ്പറമ്പില്‍ മുസ്ലിമിന്റേയും ക്രൈസ്തവ ശവപ്പറമ്പില്‍ ക്രൈസ്തവന്റേയും ഹിന്ദു ശവപ്പറമ്പില്‍ ഹിന്ദുവിന്റേയും മൃതദേഹങ്ങള്‍ക്കു മാത്രമേ പ്രവേശനമുള്ളു. മരണാനന്തര അയിത്തം എല്ലായിടത്തും അതികര്‍ക്കശമായി പാലിക്കപ്പെടുന്നു. നമ്മുടെ ഭരണഘടനയുടെ 17-ാം വകുപ്പനുസരിച്ച് അയിത്താചരണം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. 'ഇന്ത്യന്‍ ഭരണഘടന' എന്ന പ്രശസ്ത ഗ്രന്ഥമെഴുതിയ ഡോ. എം.വി. പൈലിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ''ഇത്രമാത്രം ഏകകണ്ഠമായും ഉത്സാഹ പ്രകര്‍ഷത്തോടും ഹര്‍ഷഘോഷത്തോടും കൂടി പാസ്സാക്കപ്പെട്ട മറ്റൊരു വകുപ്പ് ഭരണഘടനയില്‍ ഇല്ല തന്നെ.'' അതിനു പുറമെ 1955 ജൂണില്‍ അയിത്തക്കുറ്റനിയമം രാജ്യത്ത് നിലവില്‍ വരുകയും ചെയ്തിട്ടുണ്ട്. പറഞ്ഞിട്ടെന്തു കാര്യം. അവയെല്ലാം പട്ടികജാതിക്കാര്‍ക്കെതിരേയുള്ള ജാതിവിവേചനത്തിനു മാത്രം ബാധകമായ വകുപ്പും നിയമവുമാണ്. മതവിഭാഗങ്ങള്‍ മരണാനന്തരം മൃതദേഹങ്ങളോട് പുലര്‍ത്തുന്ന അയിത്തം അവിടെ പ്രതിപാദിക്കപ്പെടുന്നില്ല. 

അയിത്തനിരോധനം ആളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രം പോരാ, മരിച്ചുകഴിഞ്ഞിട്ടും വേണം. മരണത്തിനു മുന്‍പുള്ള അയിത്തം തെറ്റാണെങ്കില്‍ മരണശേഷമുള്ള അയിത്തവും തെറ്റാവേണ്ടതല്ലേ? ഭരണഘടനാ ശില്പിയുടെ ആലോചന ആ വഴിക്കു പോയതായി കാണുന്നില്ല. പോയിരുന്നെങ്കില്‍ മിശ്രശ്മശാനം അഥവാ പൊതുശ്മശാനം എന്ന സങ്കല്പത്തില്‍ അവരെത്തിച്ചേരുമായിരുന്നു. രാജ്യത്തുള്ള ഏതു ശ്മശാനത്തിലും ഏതു മതത്തിലും ജാതിയിലും വംശത്തിലും പെട്ടവര്‍ക്ക് ശവസംസ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് അവര്‍ പറയുമായിരുന്നു. ജാതിയുടേയോ മതത്തിന്റേയോ പേരില്‍ ശ്മശാനങ്ങളില്‍ വിവേചനം കാണിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി അവര്‍ വിലയിരുത്തുമായിരുന്നു. അതുണ്ടായില്ല എന്നത് സൂചിപ്പിക്കുന്നത് ഭരണഘടനാ നിര്‍മ്മാതാക്കളുടെ ചിന്തയിലേക്ക് ആ വിഷയം കയറിവന്നിരുന്നില്ല എന്നുതന്നെയാണ്. 

അയിത്തമില്ലായ്മയും തുല്യതയും മരണാനന്തരവും ഉറപ്പുവരുത്തുമ്പോഴേ ആധുനിക മതേതര ബഹുസ്വര ജനാധിപത്യം അര്‍ത്ഥവത്താകൂ. 1955-ല്‍ പാസ്സാക്കപ്പെട്ട അയിത്തക്കുറ്റ നിയമത്തിന്റെ പരിധിയില്‍ മരണാനന്തര അയിത്തവും കൂടി ഉള്‍പ്പെടുത്തുകയും ജാതിമതാടിസ്ഥാനത്തിലുള്ള ശ്മശാനങ്ങള്‍ നിയമവിരുദ്ധമാക്കുകയും പൊതു മിശ്രശ്മശാനങ്ങള്‍ മാത്രമേ അനുവദിക്കപ്പെടൂ എന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്താല്‍ തീരാവുന്നതേയുള്ളു പ്രശ്‌നം. അപ്പോള്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയില്ലേ എന്നു ചോദിക്കാം. ശവസംസ്‌കാരം ദേവാലയപ്പറമ്പുകളില്‍ വേണമെന്നു ഒരു മതവും പറഞ്ഞിട്ടില്ല. ചില ആചാരങ്ങള്‍ ശവസംസ്‌കാരത്തോടനുബന്ധിച്ച് രൂപപ്പെട്ടുവന്നിട്ടുണ്ടെന്നേയുള്ളു. അതിനുള്ള സൗകര്യം മിശ്രശ്മശാനങ്ങളില്‍ ഏര്‍പ്പെടുത്തിയാല്‍ ആ വിഷയത്തിനു പരിഹാരമാകും. ന്യൂനപക്ഷാവകാശ പ്രശ്‌നമില്ലേ എന്ന സംശയത്തിനുമില്ല പ്രസക്തി. കാരണം, അയിത്താചരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക അവകാശം ഭരണഘടന നല്‍കുന്നില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മറ്റു മതസ്ഥരും മതരഹിതരും ഒരേ ശ്മശാനത്തില്‍ സുസ്സൗഹൃദം വിശ്രമിക്കുന്ന അത്യുല്‍കൃഷ്ട സുന്ദരകാലത്തിന് നാം ഇനിയുമെത്രനാള്‍ കാത്തുനില്‍ക്കേണ്ടിവരും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com