മാവോയിസ്റ്റുകളും ദൈവങ്ങളും: ടി.പി. രാജീവന്‍ എഴുതുന്നു

മാവോയിസ്റ്റുകളും ദൈവങ്ങളും: ടി.പി. രാജീവന്‍ എഴുതുന്നു

റ്റാലിയന്‍ എഴുത്തുകാരനും പ്രസാധകനുമായ റോബര്‍ട്ടോ കലാസോ എഴുതിയ 'സാഹിത്യവും ദൈവങ്ങളും' (Literature and Gods) എന്ന പുസ്തകം വായിച്ചിട്ട് പത്തു വര്‍ഷത്തിലധികമായി. സാഹിത്യത്തില്‍, വിശേഷിച്ച് ആധുനിക സാഹിത്യത്തില്‍ ഗ്രീക്ക് ദൈവസങ്കല്പങ്ങള്‍ എങ്ങനെ സ്വാംശീകരിക്കപ്പെടുന്നു എന്നതാണ് പുസ്തകത്തിലെ വിശാലമായ വിഷയം. പക്ഷേ, ഈയിടെയായി ഈ ഗ്രന്ഥത്തില്‍നിന്നുള്ള ചില പരാമര്‍ശങ്ങള്‍ ഓര്‍മ്മയിലേക്കു വരുന്നു. അതില്‍ ഒന്ന് ഇങ്ങനെയാണ്:

...എന്നാലും, ദൈവം പഴകിപ്പതിഞ്ഞ ഒരു സാഹിത്യപ്രയോഗം മാത്രമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ദൈവം ഒരു സംഭവം, പെട്ടെന്നുള്ള ഒരു മായക്കാഴ്ച, പ്രതീക്ഷിക്കാത്ത ഒരു പ്രത്യക്ഷപ്പെടല്‍, ദുഷ്‌കൃതം ചെയ്യുന്നവരുമായുള്ള ഒരു ഏറ്റുമുട്ടല്‍, അല്ലെങ്കില്‍ ഒരു കപ്പലിന്റെ കാഴ്ചയില്‍പ്പെടല്‍ മുതലായവയൊക്കെയായിരുന്ന കാലം. സമഗ്രമായതിന്റെ ദര്‍ശനം പോലും ആകണമെന്നില്ല അത്. കാല്‍ക്കസ്സായി വേഷം മാറിവന്ന പൊസിഡോണിനെ  അജാക്സ് ഓളിയസ് തിരിച്ചറിഞ്ഞത് നടത്തത്തിന്റെ രീതിയില്‍നിന്നാണ്. അയാളുടെ പാദവും കാലുകളും ശ്രദ്ധിച്ചപ്പോഴാണ് പിന്നില്‍ വരുന്നത് കാല്‍ക്കാസ്സല്ല പൊസിഡോണാണെന്ന് അജാക്സിന് മനസ്സിലായത്. 

മാവോയിസ്റ്റുകളെപ്പറ്റി മലയാള മാധ്യമങ്ങളില്‍, അച്ചടിയിലും ഇലക്ട്രോണിക്കിലും വരുന്ന വാര്‍ത്തകളും ആ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ സാക്ഷ്യം പറച്ചിലും കേട്ടാല്‍ മാവോയിസ്റ്റുകള്‍ ദൈവങ്ങളെപ്പോലെയാണോ എന്നു സംശയം തോന്നും. അതുകൊണ്ട്, ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കുന്നതുപോലെ കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടോ ഇല്ലയോ എന്നും ചോദിക്കേണ്ടിവരുന്നു.
'ദൈവത്തെ കണ്ടിട്ടുണ്ടോ' എന്ന് ദൈവമുണ്ട് എന്നു വിശ്വസിക്കുന്നവരോടു ചോദിച്ചാല്‍ അവര്‍പോലും പറയുക 'ഇല്ല' എന്നായിരിക്കും. പക്ഷേ, അവര്‍ പലപ്പോഴും ഇങ്ങനെ കൂട്ടിച്ചേര്‍ക്കും: 'ദൈവത്തെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ചിട്ടുണ്ട്, ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളില്‍, പലയിടങ്ങളില്‍.' ചിലര്‍ ഇങ്ങനെയും പറയും: 'ഞാന്‍ നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ചിലര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടായതായി പറഞ്ഞുകേട്ടിട്ടുണ്ട്.'

ആരെല്ലാമാണ് ഇങ്ങനെ ദൈവദര്‍ശനത്തിനു ഭാഗ്യമുണ്ടായവര്‍ എന്നു പരിശോധിക്കുമ്പോഴാണ് വിചിത്രമായ ചില കാര്യങ്ങള്‍ വെളിപ്പെടുക. മുഖ്യധാരാ ജീവിതത്തിനു പുറത്തു ജീവിക്കുന്നവര്‍ പുറപ്പെട്ടുപോയി അലഞ്ഞുതിരിഞ്ഞ്, പട്ടിണികിടന്ന് സിദ്ധരായി തിരിച്ചെത്തിയവര്‍, തീരെ തിരിച്ചുവരാത്തവരെപ്പറ്റിയുള്ള  കഥകളില്‍. 
ചെന്നൈ മൂര്‍മാര്‍ക്കറ്റിലോ ഡല്‍ഹി കൊണാട്ട് പ്ലേസിലോ തിരുവനന്തപുരം ചാലക്കമ്പോളത്തിലോ കോഴിക്കോട് മിഠായിത്തെരുവിലോ വലിയങ്ങാടിയിലോ വെച്ച് ഒരു ദൈവത്തെ കണ്ടതായി ആരും ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല. ദൈവങ്ങള്‍ പലപ്പോഴും ദൃഷ്ടിയില്‍പ്പെടുക വിജനമായ വഴികളിലോ വനാന്തര്‍ഭാഗത്തോ മലമുകളിലോ ആണ്. അതുപോലെ തന്നെ, കസവുമുണ്ടും വേഷ്ടിയുമണിഞ്ഞോ സഫാരി സൂട്ടിലോ കാഞ്ചീപുരം സാരിയുടുത്തോ ഒരു ദേവനും ദേവിയും ഇന്നോളം ആരുടേയും മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതായി അറിയില്ല. 

ദൈവങ്ങള്‍ സാധാരണ മനുഷ്യരുടെ മുന്‍പില്‍ ആദ്യം വരിക യാചകരായും വൃദ്ധരായും രോഗികളായുമാണ്. പോകാന്‍ നേരത്തു മാത്രമേ അവര്‍ തനിരൂപം പുറത്തെടുക്കാറുള്ളു. കോടിസൂര്യപ്രഭയില്‍ മനുഷ്യന്‍ അപ്പോഴേയ്ക്കും മറ്റൊരു ദൈവമായിട്ടുണ്ടാകും. ഇതാണ് ക്രിസ്തുവിന് മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന അവ്വയാര്‍ കവിത്രയങ്ങളില്‍ ഒരാളുടേയും ക്രിസ്തുവിനുശേഷം എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ശ്രീശങ്കരന്റേയും ജീവിതത്തില്‍ സംഭവിച്ചത്. 

അവ്വയാര്‍ ജ്ഞാനമുള്ളവളും സുന്ദരിയുമായിരുന്നു. ഏതൊരു സ്ത്രീയേയും പോലെ സൗന്ദര്യം അവര്‍ക്ക് ഭാരമായപ്പോള്‍, അവര്‍ പ്രാര്‍ത്ഥിച്ച് വാര്‍ദ്ധക്യം നേടി. പുറമേയ്ക്ക് ബുദ്ധരൂപവും അകമേ യൗവ്വനവുമായി അവര്‍ പുറപ്പെട്ടിറങ്ങി. ദാഹവും വിശപ്പും സഹിക്കാനാവാതെ കാട്ടിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു ഇടയബാലന്‍ ഞാവല്‍ മരക്കൊമ്പില്‍ ഇരിക്കുന്നത് കണ്ടത്. കുറച്ചു ഞാവല്‍പ്പഴങ്ങള്‍ താഴേക്കിട്ടു കൊടുക്കാന്‍ അവ്വയാര്‍ പറഞ്ഞു ''ചുട്ടപഴം വേണോ?'' ചുടാത്തതു വേണോ?'' ഇടയബാലന്‍ ചോദിച്ചു. 
ഇടയബാലന്‍ ബുദ്ധിശൂന്യനാണ് എന്നാണ് അവ്വയാര്‍ കരുതിയത്. സൗന്ദര്യത്തിന്റേയും ജ്ഞാനത്തിന്റേയും അഹങ്കാരം അവരില്‍നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല. ''ചുടാത്ത പഴം'' കവി പറഞ്ഞു. 
ഇടയബാലന്‍ ഞാവല്‍ക്കൊമ്പുകള്‍ കുലുക്കി പഴങ്ങള്‍ താഴെ വീഴ്ത്തി. അവ്വയാര്‍ അവയെടുത്ത്, താഴെ വീണപ്പോള്‍ അവയില്‍ പറ്റിപ്പിടിച്ച മണ്‍ത്തരികള്‍ ദൂരെ കളയാന്‍ ഊതാന്‍ തുടങ്ങി. 

''പഴങ്ങള്‍ക്ക് ചൂടുണ്ടോ?'' ഇടയബാലന്‍ ചോദിച്ചു. ഇടയബാലന്‍ ഉദ്ദേശിച്ചത് അവ്വയാര്‍ക്ക് വെളിപാടായി. ചൂടില്ലെങ്കിലും ഭൂമിയിലേക്ക് പിറക്കുന്നതു മുതല്‍ എല്ലാം ചുട്ടുപഴുക്കുന്നു, അവയില്‍ ഭൂമിയുടെ അംശങ്ങള്‍ പുരളുന്നു. ''ഏറ്റവും കാഠിന്യമേറിയ കരുങ്ങാലി മരത്തെപ്പോലും വെട്ടിവീഴ്ത്തുന്ന മഴു ചിലപ്പോള്‍ നേര്‍ത്ത വാഴയ്ക്കു മുന്‍പില്‍ തോറ്റുപോകുന്നു,'' സ്വന്തം ജ്ഞാനാഹങ്കാരത്തേയും ഇടയബാലനെ നിസ്സാരനായി കണ്ട തന്റെ അറിവില്ലായ്മയെപ്പറ്റിയും അവ്വയാര്‍ എഴുതി. സാക്ഷാല്‍, പളനി മുരുകനായ കാര്‍ത്തികേയനായിരുന്നു ആ ബാലന്‍. 

സമാനമായതു തന്നെയാണ് കാലടി ശങ്കരന്റെ കാര്യത്തിലും ഉണ്ടായത്. പാണ്ഡിത്യത്തിന്റെ പരമപീഠം കയറാന്‍ തയ്യാറെടുക്കുകയായിരുന്ന ശങ്കരനെ ജാതിയുടെ അര്‍ത്ഥശൂന്യതയും അസംബന്ധവും ആത്മാവിന്റെ അഖണ്ഡതയും ബോധ്യപ്പെടുത്താന്‍ സാക്ഷാല്‍ ശ്രീ പരമേശ്വരന് ഒരു ചണ്ഡാളനായി വയല്‍വരമ്പിലൂടെ എതിരെ വരേണ്ടിവന്നു. ''അകലേക്കു മാറി നില്‍ക്കൂ, അകലേക്കു മാറിനില്‍ക്കൂ,'' വേദാന്തത്തിന്റെ ഗര്‍വ്വില്‍ കാലടി ശങ്കരന്‍ പറഞ്ഞു. യഥാര്‍ത്ഥ ജ്ഞാനത്തിലൂടെ ചണ്ഡാളന്‍ ശിവശക്തിയായി മാറി. സംസ്‌കൃതവും വേദസംസ്‌കാരവും പ്രാദേശികമായ അറിവുകളെ അകറ്റിനിര്‍ത്തിയതിന്റെ ഉദാഹരണമായാണ് വിജയ് നമ്പീശന്‍ ഭാഷയും നീതിശാസ്ത്രവും എന്ന പുസ്തകത്തില്‍ ഈ പുരാവൃത്തത്തെ വ്യാഖ്യാനിക്കുന്നത്. 
മാവോയിസ്റ്റുകളിലേക്കു വന്നാലോ. കേരളത്തില്‍ ദൈവസാന്നിദ്ധ്യം പോലെ പലയിടത്തും മലഞ്ചെരിവുകളില്‍, വനമേഖലകളില്‍ ആദിവാസി ഊരുകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്നാണ് മാധ്യമങ്ങളും പൊലീസും പറയുന്നത്. ഈയടുത്തു വന്ന ഒരു ഉദാഹരണം.

മാവോയിസ്റ്റുകളെപ്പറ്റി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ സ്വഭാവം വ്യക്തമാക്കാനാണ് ഒരു പത്രത്തിന്റെ പ്രാദേശിക പേജില്‍ വന്ന ചെറിയൊരു വാര്‍ത്ത ഇത്രയും വിശദമായി ഉദ്ധരിച്ചത്. മാനന്തവാടി, നിലമ്പൂര്‍, ആനക്കാംപൊയില്‍ തുടങ്ങിയ മലയോര മേഖലകളില്‍ ഇതുപോലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതായി പലപ്പോഴും വാര്‍ത്തവരാറുണ്ട്. എല്ലാ വാര്‍ത്തകളുടേയും ഉള്ളടക്കം ഒന്നുതന്നെ. തോക്കേന്തിയ മാവോയിസ്റ്റുകള്‍ പാവപ്പെട്ടവരുടെ വീടുകളില്‍ വരുന്നു. തോക്കുചൂണ്ടി അരിയും ഉപ്പും മുളകും ചോദിക്കുന്നു, ആരെയും ഉപദ്രവിക്കാതെ ഇന്ത്യന്‍ അവസ്ഥയെപ്പറ്റി തിരിച്ചറിവു നല്‍കുന്ന പോസ്റ്ററുകള്‍ പതിച്ചോ ലഘുലേഖകള്‍ വിതരണം ചെയ്‌തോ ഇരുട്ടിലേക്കു ഓടിമറയുന്നു. പിന്നെ ഇരുട്ടില്‍ അവരുടെ നിഴലുകള്‍ മാത്രം. പൊലീസാകട്ടെ, യു.പി.എ ചുമത്തി അവര്‍ക്കെതിരെ കേസെടുക്കുന്നു. 
ഒറ്റപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളികളോ  ആദിവാസികളോ അല്ലാതെ ആരും ഇതുവരെ മാവോയിസ്റ്റുകളെ കണ്ടിട്ടില്ല. തിരുവമ്പാടി പശു ഫാമില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ ഒട്ടിച്ചത് ആരെല്ലാം വായിച്ച് ബോധവാന്മാരാകാന്‍ ആയിരിക്കണം. പശുക്കളോ, മലയാളമറിയാത്ത അന്യദേശ തൊഴിലാളിയോ?
ദൈവങ്ങളെപ്പോലെ കാഴ്ചയില്‍ പ്രത്യക്ഷപ്പെടാത്ത മാവോയിസ്റ്റുകള്‍ക്കെതിരെ യു.പി.എ ചുമത്തപ്പെടുമ്പോള്‍, ഈ മേഖലകളില്‍ കാടു കയ്യേറിയും പാറപൊട്ടിച്ചും തണ്ണീര്‍ത്തടം നികത്തിയും പുഴകള്‍ക്ക് തടയണകെട്ടിയും പ്രളയവും കുന്നിടിച്ചിലും സൃഷ്ടിച്ചു മനുഷ്യരെ കുരുതികൊടുക്കുന്ന മാഫിയകള്‍ സുഖമായി ജീവിക്കുന്നു. അത് ചൂണ്ടിക്കാണിക്കാന്‍ വേഷം മാറി വരുന്ന ദൈവങ്ങളായിരിക്കുമോ മാവോയിസ്റ്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com