ഫാസിസം: യാഥാര്‍ത്ഥ്യമെന്ത്?

അലിഗഢ് സര്‍വ്വകലാശാലാ പട്ടണത്തില്‍ ചെയ്ത ആ പ്രഭാഷണത്തില്‍ ബി.ജെ.പി ഭരണത്തെ 'ഫാസിസ്റ്റ്' എന്നാണ് അരുന്ധതി വിശേഷിപ്പിച്ചത്.
ഫാസിസം: യാഥാര്‍ത്ഥ്യമെന്ത്?

'ന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന തന്റെ ബൃഹദ്ഗ്രന്ഥത്തില്‍, 755-ാം പേജില്‍, രാമചന്ദ്രഗുഹ, അരുന്ധതി റോയി നടത്തിയ ഒരു പ്രഭാഷണത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അലിഗഢ് സര്‍വ്വകലാശാലാ പട്ടണത്തില്‍ ചെയ്ത ആ പ്രഭാഷണത്തില്‍ ബി.ജെ.പി ഭരണത്തെ 'ഫാസിസ്റ്റ്' എന്നാണ് അരുന്ധതി വിശേഷിപ്പിച്ചത്. ഒരൊറ്റ ഖണ്ഡികയില്‍ പതിനൊന്നു തവണ ഫാസിസം എന്ന സംജ്ഞ പ്രഭാഷക ഉപയോഗിച്ചതായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. 

യൂറോപ്യന്‍ ചരിത്രത്തില്‍നിന്നു അവധാനതയില്ലാതെ കടംകൊണ്ട സംജ്ഞകളുപയോഗിച്ച് ഇന്ത്യയിലെ സംഭവവികാസങ്ങളേയും അനുഭവങ്ങളേയും അപഗ്രഥിക്കുന്ന രീതിയുടെ മാതൃകയായാണ് രാമചന്ദ്രഗുഹ അരുന്ധതിറോയിയുടെ ഫാസിസ പ്രയോഗത്തെ കാണുന്നത് ബി.ജെ.പിയെ ഫാസിസ്റ്റ് എന്നു ചാപ്പകുത്തുന്നത് ഇറ്റലിയിലെയും ജര്‍മനിയിലേയും ഒറിജിനല്‍ (ക്ലാസ്സിക്കല്‍) ഫാസിസ്റ്റുകള്‍ ചെയ്തുകൂട്ടിയ സമാനതകളില്ലാത്ത കൊടുംപാതകങ്ങളുടെ ആഴവും വ്യാപ്തിയും അത്യന്തം ലഘൂകരിച്ചു കാണലാണെന്ന് ഗുഹ നിരീക്ഷിക്കുന്നു. ഭാരതീയ ജനത പാര്‍ട്ടിയുടെ ശക്തി പര്‍വ്വതീകരിച്ച് കാണലും ഇന്ത്യക്കാരുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത് കുറച്ചുകാണലുമാണതെന്നു അഭിപ്രായപ്പെടുക കൂടി ചെയ്യുന്നു അദ്ദേഹം. 

ഫാസിസത്തെക്കുറിച്ച് രാമചന്ദ്രഗുഹയില്‍നിന്നു തികച്ചും വ്യത്യസ്തമായ നിരീക്ഷണം നടത്തുന്ന പലരും നമുക്കിടയിലുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്നു പ്രമുഖ ചരിത്രപണ്ഡിതയായ റൊമില താപ്പര്‍. 2016 മേയില്‍ 'കാരവന്‍' മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്, സമീപനാളുകളിലായി ഇന്ത്യയില്‍ നടന്നുവരുന്ന കാര്യങ്ങള്‍ ഫാസിസമായി വികസിക്കാന്‍ സാധ്യതയുണ്ടെന്നാണ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രഹസ്തമായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് യൂറോപ്യന്‍ ഫാസിസ്റ്റുകളുമായുള്ള ചരിത്രപരമായ ബന്ധങ്ങള്‍ തന്റെ വാദമുഖത്തിനു തെളിവായി റൊമില താപ്പര്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. 

രാമചന്ദ്രഗുഹ
രാമചന്ദ്രഗുഹ

താപ്പറെപ്പോലെ സുമിത് സര്‍കാര്‍, പ്രഭാത് പട് നായിക് തുടങ്ങിയ മറ്റു ഇടതു-ലിബറല്‍ ബുദ്ധിജീവികളും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം ഫാസിസ്റ്റാണെന്നു വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നു ഭിന്നമായ വീക്ഷണമത്രേ സി.പി.ഐ.എമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ പി.ബി. അംഗവുമായ പ്രകാശ് കാരാട്ട് അവതരിപ്പിച്ചിട്ടുള്ളത്. ജെയ്‌റസ് ബനാജി എഡിറ്റ് ചെയ്ത 'ഫാസിസം: എസ്സെയ്‌സ് ഓണ്‍ യൂറോപ്പ് ആന്‍ഡ് ഇന്ത്യ' എന്ന സമാഹാരത്തില്‍ ചേര്‍ത്ത കാരാട്ടിന്റെ പ്രബന്ധത്തില്‍ പറയുന്നത് ഇന്ത്യയിലെ ബി.ജെ.പി ഭരണത്തെ ഫാസിസ്റ്റെന്നു വിശേഷിപ്പിച്ചുകൂടാ എന്നാണ്. 

ഫാസിസവും വര്‍ത്തമാനകാല ഇന്ത്യയും എന്ന വിഷയം സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ബുദ്ധിജീവികളും രാഷ്ട്രമീമാംസകരും രാജ്യത്തുണ്ട് എന്നതിന്റെ സൂചകമാണ് മുകളില്‍ കൊടുത്ത നിരീക്ഷണങ്ങള്‍. ഇന്ത്യയില്‍ ഫാസിസം കടന്നുവരാനുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്ല എന്നു കരുതുന്നവരും ഇന്ത്യ ഫാസിസത്തിലേക്ക് നടന്നടുക്കുകയാണെന്നു അഭിപ്രായപ്പെടുന്നവരും ഇന്ത്യ ഫാസിസത്തില്‍ എത്തിക്കഴിഞ്ഞു എന്ന വിധിയെഴുതുന്നവരും  സമകാലിക ഭാരതത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ഫാസിസം സംബന്ധിച്ച ഇന്ത്യന്‍ യാഥാര്‍ത്ഥ്യം എന്താണെന്ന ചോദ്യവും അന്വേഷണവും പ്രസക്തമാണ്.

ഏഴുമാസം മുന്‍പ് ഈ വിഷയത്തില്‍ പ്രൊഫ. നിര്‍മലാംഗ്ഷു മുഖര്‍ജി ഒരു പഠനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഫിലോസഫി പ്രൊഫസറായിരുന്ന മുഖര്‍ജിയുടെ പഠനത്തിന്റെ ശീര്‍ഷകം 'Is the Ghost of Fascism Haunting Political Thought?' എന്നാണ്. നമ്മുടെ രാഷ്ട്രീയ വിചാരങ്ങളില്‍ ഫാസിസത്തിന്റെ പ്രേതാവേശം നടന്നോ എന്നു തോന്നുമാറുള്ള പ്രതികരണം ചിലരില്‍ നിന്നെങ്കിലുമുണ്ടാകുന്നു എന്നത്രേ 'ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലി' (ജൂലായ് 14, 2018)യില്‍ എഴുതപ്പെട്ട പ്രബന്ധത്തില്‍ മുഖര്‍ജി വിശദീകരിക്കുന്നത്. 

അരുന്ധതി റോയി
അരുന്ധതി റോയി

ബെനിറ്റോ മുസോളിനിയുടെ നേതൃത്വത്തില്‍ 1915-ല്‍ ഇറ്റലിയില്‍ രൂപീകൃതമായ 'ഫാസിസ്റ്റ് റെവലൂഷണറി പാര്‍ട്ടി'യില്‍ നിന്നാണ് ഫാസിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ ഉത്ഭവമെന്നു സാമാന്യമായി പറയാം. പക്ഷേ, ആ പ്രത്യയശാസ്ത്രം അതിന്റെ സര്‍വ്വ ബീഭത്സതകളോടെയും നടപ്പാക്കപ്പെട്ടത് ജര്‍മനിയിലാണ്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാട്‌സി പാര്‍ട്ടിയുടെ ഭരണകാല (1933-1945)ത്താണ് അത് സംഭവിച്ചത്. ജര്‍മനിയില്‍ ഫാസിസം അരങ്ങേറിയതിനു പിന്നില്‍ മൂര്‍ത്തമായ ചില രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളുണ്ട്. 

പ്രഭാത് പട്‌നായിക്
പ്രഭാത് പട്‌നായിക്

യൂറോപ്യന്‍ ചിന്തയുടേയും സംസ്‌കാരത്തിന്റേയും പ്രമുഖ കേന്ദ്രങ്ങളിലൊന്നായിരുന്ന ജര്‍മനി ഒന്നാം ലോകമഹായുദ്ധ(1914-'18)ത്തില്‍ തകര്‍ന്നടിഞ്ഞു. വേര്‍സെയില്‍സ് ഉടമ്പടി പ്രകാരം നിരായുധീകരണം നടപ്പാക്കാനും അസങ്കല്‍പ്പനീയമാംവിധം അതിഭീമമായ നഷ്ടപരിഹാരം നല്‍കാനും ആ രാജ്യം നിര്‍ബന്ധിക്കപ്പെട്ടു. ജര്‍മന്‍ കറന്‍സിയായ മാര്‍ക് നിലംപൊത്തി. പുകള്‍പെറ്റ ജര്‍മന്‍ വ്യവസായമേഖലയുടെ അടിത്തറയിളകി. പട്ടിണിയും പരിവട്ടവും സമൂഹത്തെ ഗ്രസിച്ചു. ചുരുക്കിപ്പറഞ്ഞാല്‍, ജര്‍മനിയില്‍ മുതലാളിത്തം വന്‍ പ്രതിസന്ധി നേരിട്ടു. അയല്‍ രാഷ്ട്രമായ റഷ്യയില്‍ സാര്‍ ഭരണം തകര്‍ക്കപ്പെടുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന്‍ നിലവില്‍ വരുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. ആ സാഹചര്യത്തില്‍ ഒന്നുകില്‍ ജര്‍മനി ശിഥിലീകരിക്കപ്പെടുകയോ അല്ലെങ്കില്‍ റഷ്യയില്‍ സംഭവിച്ചതുപോലെ കമ്യൂണിസ്റ്റ് വിപ്ലവം നടക്കുകയോ ചെയ്യാനുള്ള സാധ്യത ഏറെയായിരുന്നു. രാജ്യത്തെ പരമ്പരാഗത ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അത്തരമൊരു സാധ്യതയെ ഫലപ്രദമായി തടയാനുള്ള ശേഷിയൊട്ടില്ലായിരുന്നുതാനും.

സുമിത് സര്‍കാര്‍
സുമിത് സര്‍കാര്‍

മുഖര്‍ജി വിശദമാക്കുന്നതുപോലെ, റഷ്യക്കു ശേഷം തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനുള്ള സാഹചര്യങ്ങള്‍ ഒത്തിണങ്ങിയ രാഷ്ട്രം ജര്‍മനിയായിരുന്നു. കാള്‍ ലീബ്നെക്റ്റിന്റേയും റോസലക്സംബര്‍ഗിന്റേയും  നായകത്വത്തില്‍ അവിടെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം ഗണ്യമാംവിധം ശക്തിപ്രാപിച്ചിരുന്നു. 1919-ല്‍ ലീബ്നെക്റ്റും ലക്സംബര്‍ഗും വധിക്കപ്പെട്ടുവെങ്കിലും, അതിനുശേഷവും ജനകീയ പ്രക്ഷോഭങ്ങള്‍ ആ രാജ്യത്ത് വളര്‍ന്നുകൊണ്ടിരുന്നു. 

റോമില താപ്പര്‍
റോമില താപ്പര്‍

ഈ രാഷ്ട്രീയ സാഹചര്യങ്ങളെ മറികടന്നുകൊണ്ടല്ലാതെ ജര്‍മന്‍ മൂലധനശക്തികള്‍ക്കും ആഢ്യവര്‍ഗ്ഗത്തിനും ആ രാജ്യത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. കമ്യൂണിസ്റ്റ് (തൊഴിലാളിവര്‍ഗ്ഗ) ശക്തികള്‍ക്കെതിരെ ഒരു ജനകീയ ബദല്‍ സൃഷ്ടിച്ചുകൊണ്ടേ മൂലധന താല്പര്യങ്ങള്‍ പരിരക്ഷിക്കാനാവൂ എന്നതായിരുന്നു സ്ഥിതി. അതിനു ജര്‍മന്‍ ബൂര്‍ഷ്വാസിക്ക് തൊഴിലാളിവര്‍ഗ്ഗ പ്രതിച്ഛായയും വശ്യതയും വ്യക്തിപ്രഭാവവുമുള്ള ഒരു നേതാവിന്റെ സഹകരണം അനുപേക്ഷണീയമായിരുന്നു. അത്തരം ഒരു നേതാവിനെ അവര്‍ കണ്ടെത്തിയത് 'സ്റ്റോം ട്രൂപ്പേഴ്സ്' എന്ന സ്വകാര്യ സേന വരുതിയിലുണ്ടായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറിലാണ്. 

കമ്യൂണിസ്റ്റുകാരേയും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനക്കാരേയും സമഗ്രാധിപത്യ മനസ്സുള്ള ഹിറ്റ്‌ലര്‍ നിഷ്‌ക്കരുണം അടിച്ചൊതുക്കി. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം അയാള്‍ക്കു മുന്നില്‍ അടിയറവു പറഞ്ഞു. തുടര്‍ന്നു നടത്തപ്പെട്ട പൊതുതെരഞ്ഞെടുപ്പില്‍ ഹിറ്റ്‌ലറുടെ നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (നാട്സി പാര്‍ട്ടി) വന്‍ വിജയം കൊയ്തു. അതോടെ ജര്‍മന്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുകയും ചോദ്യം ചെയ്യപ്പെട്ടുകൂടാത്ത നാട്സി നേതാവിനു കീഴില്‍ ഏകകക്ഷിഭരണം നടപ്പാക്കപ്പെടുകയും ചെയ്തു. 

പ്രകാശ് കാരാട്ട്
പ്രകാശ് കാരാട്ട്

വന്‍കിട ബിസിനസ്സ് ഹൗസുകളുടെ പൂര്‍ണ്ണ പിന്തുണ സ്വേച്ഛാധിപതിയായ ഹിറ്റ്‌ലര്‍ക്കു ലഭിച്ചു. വെര്‍സെയ്ല്‍സ് ഉടമ്പടി ലംഘിക്കാനും ജൂതരെ നിര്‍ബന്ധിത തൊഴിലുകള്‍ക്ക് വിധേയരാക്കാനും പിന്നീടവരെ ഉന്‍മൂലനം ചെയ്യാനും ജര്‍മന്‍ ദേശീയവികാരത്തെ ഭ്രാന്തമാക്കാനുമുള്ള ഹിറ്റ്‌ലറുടെ യത്‌നങ്ങളെ ബിസിനസ്സ് കേന്ദ്രങ്ങള്‍ സ്വാഗതം ചെയ്തു. മുസോളിനിക്ക് കീഴില്‍ ഫാസിസ്റ്റ് വാഴ്ച നിലവില്‍വന്ന ഇറ്റലിയിലും ഏറെക്കുറെ ഇതേ രാഷ്ട്രീയ, സാമ്പത്തിക സവിശേഷതകള്‍ പ്രകടമായിരുന്നു. ആ രാജ്യത്തും മുതലാളിത്ത സമ്പദ്ക്രമം തകരുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ജനാധിപത്യസംവിധാനം തകിടംമറിയുകയും ആക്രാമക ദേശീയത പരിപോഷിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. 

ജര്‍മനിയിലും ഇറ്റലിയിലും ക്ലാസ്സിക്കല്‍ ഫാസിസം നടപ്പായ ശേഷമാണ്, 1935-ല്‍ ജോര്‍ജി ഡിമിത്രോവ് ഫാസിസത്തെക്കുറിച്ച് തന്റേതായ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രതിരാഷ്ട്രഭിന്നമായി ഫാസിസം മറ്റിടങ്ങളിലും കടന്നുവരാമെന്നു അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഇറ്റലിക്കും ജര്‍മനിക്കും പുറമെ മറ്റു ചില യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഫാസിസത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ 1930-കളില്‍ ഡിമിത്രോവിന്റെ നിരീക്ഷണം സംഗതമായിരുന്നു. ഉദാഹരണത്തിന്, അന്നത്തെ ഫ്രാന്‍സില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷത കൈവരിക്കുകയും സമഗ്രാധിപത്യവാദികള്‍ക്ക് ജനവികാരമിളക്കിവിടാന്‍ പാകത്തിലുള്ള അന്തരീക്ഷം സംജാതമാവുകയും ചെയ്തിരുന്നു. അത്തരം സ്ഥിതിവിശേഷത്തില്‍ യൂറോപ്പില്‍ തങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ മേധാവിത്വത്തിനു പോറലേല്‍ക്കുമെന്നു ഭയന്ന ബൂര്‍ഷ്വാവര്‍ഗ്ഗം ഫാസിസത്തിലേക്ക് വഴുതാം എന്നായിരുന്നു ഡിമിത്രോവ് ആശങ്കിച്ചത്. ബള്‍ഗേറിയ, യുഗോസ്ലാവിയ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലും ഇതേ ഭീഷണിയുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. 

പ്രൊഫ. നിര്‍മലാംഗ്ഷു മുഖര്‍ജി
പ്രൊഫ. നിര്‍മലാംഗ്ഷു മുഖര്‍ജി


ഡിമിത്രോവ് പക്ഷേ, ഒരുകാര്യം അസന്ദിഗ്ദ്ധ ഭാഷയില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ബൂര്‍ഷ്വാ ഭരണവര്‍ഗ്ഗത്തിന്റെ പ്രതിലോമപരമായ നടപടികളെയെല്ലാം 'ഫാസിസം എന്നു തെറ്റായി വര്‍ഗ്ഗീകരിക്കുന്ന'തും കമ്യൂണിസ്റ്റേതര കേന്ദ്രങ്ങളെയെല്ലാം ഫാസിസ്റ്റായി കാണുന്നതും ശരിയല്ല എന്നതാണത്. തെറ്റായ വര്‍ഗ്ഗീകരണത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഡിമിത്രോവ് നല്‍കിയത് യൂറോപ്പില്‍ ഫാസിസം കാട്ടുതീ പോലെ പടരാന്‍ പാകത്തിലുള്ള രാഷ്ട്രീയാന്തരീക്ഷം നിലനിന്ന കാലയളവിലാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ഇറ്റാലിയന്‍ നോവലിസ്റ്റും ചിന്തകനുമായിരുന്ന ഉംബര്‍ട്ടോ എകോ (1932-2016) 1955-ല്‍ എഴുതിയ 'യുര്‍-ഫാസിസം' (Ur-Fascism) എന്ന പ്രബന്ധം നിര്‍മലാംഗ്ഷു മുഖര്‍ജി തന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇറ്റലിയില്‍ ഫാസിസം നിലവിലിരുന്ന കാലത്ത് ജീവിച്ചയാളാണ് എകോ. ഫാസിസത്തിന്റെ ജര്‍മന്‍ രൂപമായ നാട്‌സിസത്തെ ഒരു അന്യാദൃശ ചരിത്രപ്രതിഭാസമായാണ് എകോ വിലയിരുത്തുന്നത്. നാട്‌സികളുടെ ഫാസിസവുമായി തുലനം ചെയ്യുമ്പോള്‍ ഇറ്റാലിയന്‍ ഫാസിസം അതിന്റെ അരികിലൊന്നുമെത്തില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചരിത്രപരമായി ശരിയല്ലാത്ത രീതിയില്‍ ഫാസിസം എന്ന സങ്കല്പനത്തെ ഉപയോഗിച്ചുകൂടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുമുണ്ട്. 

അതേസമയം, ഫാസിസത്തെ ഭാഷാപരവും സംസ്‌കാരപരവുമായ ചില സ്വഭാവ വിശേഷങ്ങളുമായി ഉംബര്‍ട്ടോ എകോ കൂട്ടിക്കെട്ടുന്നു. ഇത്തരം കൂട്ടിക്കെട്ടലുകള്‍ ശാസ്ത്രീയമോ യുക്തിസഹമോ അല്ല. മാര്‍ക്സും ഹിറ്റ്‌ലറും ഒരേ ഭാഷ (ജര്‍മന്‍ ഭാഷ) സംസാരിക്കുകയും ഒരേ ദേശ സംസ്‌കാരത്തില്‍ വളരുകയും ചെയ്തവരാണ്. സാംസ്‌കാരിക സ്വഭാവ വിശേഷങ്ങള്‍ ഒന്നായിരിക്കെത്തന്നെ രണ്ടായി ചിന്തിച്ചവരാണ് ഇരുവരും. ഇന്ത്യയിലാകട്ടെ, ക്ലാസ്സിക്കല്‍ ഓക്‌സ്‌ഫോഡ് മാതൃകയിലുള്ള ലിബറലുകളും കമ്യൂണിസ്റ്റുകളും കെല്ലോഗ് ഭക്ഷണശീലക്കാരായ ബിസിനസ് എക്‌സിക്യൂട്ടീവുകളും ഫ്രെഞ്ച്‌സ്‌റ്റൈല്‍ പോസ്റ്റ് മോഡേണിസ്റ്റുകളും ഹിന്ദു മൗലികവാദികളും ഒരുപോലെ ഗണേശചതുര്‍ത്ഥിയും ദുര്‍ഗ്ഗാപൂജയും ആഘോഷിക്കുന്നു. എന്നുവെച്ച് (സാംസ്‌കാരിക സവിശേഷതകള്‍ ഒന്നാണെന്നുവെച്ച്) അവരെയെല്ലാം ഒരേ നുകത്തില്‍ കെട്ടുകയും ഒരേ വിചാരരീതി പിന്തുടരുന്നവരെന്നു വിലയിരുത്തുകയും ചെയ്യുന്നത് യാഥാര്‍ത്ഥ്യനിഷ്ഠമല്ല. 

ഉംബര്‍ട്ടോ എകോയില്‍നിന്നും ഇറ്റിലിയില്‍നിന്നും നമുക്ക് ഫാസിസത്തെക്കുറിച്ചുള്ള ഇന്ത്യന്‍ വ്യവഹാരങ്ങളിലേക്ക് പോകാം. ഇന്ത്യയില്‍ ഫാസിസം എത്തിക്കഴിഞ്ഞു എന്നു കരുതുന്നവരുണ്ട്. ചരിത്രകാരനായ സുമിത് സര്‍കാര്‍ ആ ഗണത്തില്‍പ്പെടുന്നു. 1993-ല്‍ 'ഫാസിസം ഓഫ് ദ സംഘ്പരിവാര്‍' എന്ന പ്രബന്ധം രചിച്ച സര്‍കാരിന്റെ നിരീക്ഷണങ്ങള്‍ മുഖര്‍ജി വിശകലന വിധേയമാക്കിയത് കാണാം. സംഘ്പരിവാറിന്റെ ഫാസിസം എന്ന അഭിധാനത്തില്‍ ഹിന്ദുത്വാ ഫാസിസത്തെക്കുറിച്ചെഴുതിയ സുമിത് സര്‍ക്കാര്‍ ഒരു കാര്യം സമ്മതിക്കുന്നുണ്ട്. യൂറോപ്യന്‍ ചരിത്രസന്ദര്‍ഭത്തില്‍നിന്നു വ്യത്യസ്തമാണ് സമകാലിക ഇന്ത്യയെ ഫാസിസ്റ്റ് സന്ദര്‍ഭം എന്നതാണത്. അറുപത് വര്‍ഷം മുന്‍പുള്ള ജര്‍മനിയില്‍നിന്നു ഭിന്നമാണ് 1992-'93 ലെ (മുംബൈ കലാപം നടന്ന) ഇന്ത്യ എന്നു പറഞ്ഞുവെയ്ക്കുന്ന അദ്ദേഹം പക്ഷേ, ആ വ്യത്യസ്തതയുടെ വിശദാംശങ്ങളിലേക്ക് ആഴത്തില്‍ പോകുന്നില്ല. പകരം ജര്‍മന്‍ ഫാസിസവും ഹിന്ദുത്വാ ഫാസിസവും തമ്മിലുള്ള സദൃശത വിശദീകരിക്കുകയത്രേ അദ്ദേഹം ചെയ്യുന്നത്. 

നാട്‌സി ജര്‍മനിയില്‍ ദൃശ്യമായ ചില കാര്യങ്ങള്‍ സുമിത് സര്‍കാര്‍ അവതരിപ്പിക്കുന്നു. തെരുവു ഹിംസ, പൊലീസ്, സൈന്യം, ബ്യൂറോക്രസി എന്നിവയിലേക്കുള്ള നാട്‌സി നുഴഞ്ഞുകയറ്റം, ഹിംസയ്ക്കു നേരെ സെന്‍ട്രിസ്റ്റുകളായ രാഷ്ട്രീയ നേതാക്കളുടെ കണ്ണടയ്ക്കല്‍, നിയമങ്ങളുടേയും ഭരണഘടനാമൂല്യങ്ങളുടേയും നഗ്‌നമായ ലംഘനം എന്നിവ അവയില്‍പ്പെടുന്നു. ഈ സവിശേഷതകളാണ് ഹിറ്റ്‌ലര്‍ ചാന്‍സലറായി അധികാരമേറ്റ് ഒരു മാസം പിന്നിട്ടപ്പോള്‍, 1933 ഫെബ്രുവരി 27-ന് റീച്സ്റ്റാഗിന്റെ (ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ) തീവെപ്പിലേക്ക് നയിച്ചതെന്നു ചൂണ്ടിക്കാട്ടുന്ന സര്‍കാര്‍ 1992-'93 കാലത്ത് ഇന്ത്യയില്‍ സമാനമായ സവിശേഷതകള്‍ പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെടുന്നു. 

ബാബ്‌റി മസ്ജിദ് തകര്‍ത്തശേഷം ബജ്‌റംഗദള്‍ കര്‍സേവകര്‍ ആഘോഷിക്കുന്നു
ബാബ്‌റി മസ്ജിദ് തകര്‍ത്തശേഷം ബജ്‌റംഗദള്‍ കര്‍സേവകര്‍ ആഘോഷിക്കുന്നു

എങ്ങനെ? റീച്സ്റ്റാഗ് തീവെപ്പിന്റെ ഇന്ത്യന്‍ മാതൃകയായി സുമിത് സര്‍കാര്‍ അവതരിപ്പിക്കുന്നത് 1992 ഡിസംബര്‍ 6-ന് നടന്ന ബാബറി മസ്ജിദ് ധ്വംസനമാണ്. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് (നിയമത്തിന്റേയും ഭരണഘടനാമൂല്യങ്ങളുടേയും ലംഘനം) പള്ളി പൊളിച്ചതെന്നും ആ സന്ദര്‍ഭത്തില്‍ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസ് അനങ്ങാതിരുന്നു (സെന്‍ട്രിസ്റ്റുകളുടെ കണ്ണടയ്ക്കല്‍) എന്നും തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ (തെരുവു ഹിംസ) നടന്നുവെന്നും നിയമസംരക്ഷണം ഉറപ്പാക്കേണ്ട പൊലീസും അര്‍ധസേനാ വിഭാഗങ്ങളും പക്ഷപാതപരമായി പെരുമാറുകയും ലഹളക്കാരോടൊപ്പം ചേരുകയും ചെയ്തുവെന്നും (പൊലീസിലേക്കും സൈന്യത്തിലേക്കുമുള്ള ഫാസിസ്റ്റ് നുഴഞ്ഞുകയറ്റം) സര്‍കാര്‍ എഴുതുന്നു. 

ഈ സദൃശതാവിവരണത്തിനുശേഷം, പക്ഷേ, 1990-കളിലെ ഇന്ത്യന്‍ സാഹചര്യവും 1930-കളിലെ ജര്‍മന്‍ സാഹചര്യവും തമ്മിലുള്ള വ്യത്യാസം പരാമര്‍ശിക്കാതിരിക്കാന്‍ സുമിതിന് സാധിക്കുന്നില്ല. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയിലെ സമ്പന്നവര്‍ഗ്ഗത്തിന് സംഘടിത തൊഴിലാളിവര്‍ഗ്ഗത്തില്‍നിന്നുണ്ടായിരുന്നത് പോലുള്ള കനത്ത ഭീഷണി ഇന്ത്യയിലെ സമ്പന്നവര്‍ഗ്ഗത്തിനില്ലെന്നും ഒരു സോഷ്യലിസ്റ്റ് (കമ്യൂണിസ്റ്റ്) വിപ്ലവത്തിന്റെ സാധ്യതകള്‍ ഇവിടെയില്ലെന്നും അദ്ദേഹത്തിനു പറയേണ്ടിവരുന്നു. ജര്‍മനിയില്‍ ഫാസിസത്തിന്റെ വളര്‍ച്ച മൂലധനശക്തികളുടെ തകര്‍ച്ചയുമായും കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ആസന്നതയുമായും ബന്ധപ്പെട്ടാണിരുന്നത്. ഇന്ത്യയിലാകട്ടെ, മൂലധനശക്തികള്‍ മുന്‍പില്ലാത്തവിധം തടിച്ചുകൊഴുക്കുകയാണ് ചെയ്യുന്നത്. കമ്യൂണിസ്റ്റുകാര്‍ ഭരണം പിടിച്ചെടുക്കുമെന്ന ഭീതി ഇവിടെ തീരെയില്ലതാനും. എങ്കില്‍പ്പിന്നെ ഏത് ചരിത്രശക്തികളാണ് (ചരിത്ര സാഹചര്യങ്ങളാണ്) ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നതെന്ന പ്രസക്ത ചോദ്യം മുഖര്‍ജി ഉന്നയിക്കുന്നു.

ജോര്‍ജി ഡിമിത്രോവ്
ജോര്‍ജി ഡിമിത്രോവ്

ഇന്ത്യ ഫാസിസത്തിന്റെ പാതയിലാണെന്നു വിലയിരുത്തുന്ന മറ്റൊരു പ്രമുഖ പൊതു ബുദ്ധിജീവിയത്രേ റൊമില താപ്പര്‍. രാജ്യത്ത് ഇപ്പോള്‍ നടന്നുവരുന്ന പല കാര്യങ്ങളും ഫാസിസമായി രൂപാന്തരപ്പെടാനിടയുണ്ടെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, തന്റെ നിഗമനത്തിന് ഉപോദ്ബലകമായി താപ്പര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാനപ്പെട്ട വസ്തുത ഹിന്ദുത്വവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകളുമായുള്ള ബന്ധമാണ്. ആര്‍.എസ്.എസ്സിന്റെ ആദ്യകാല സംഘാടകര്‍ ഇറ്റാലിയന്‍ ഫാസിസ്റ്റുകളില്‍ ആകൃഷ്ടരായിരുന്നു എന്നവര്‍ എഴുതുന്നു. ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന ബി.എസ്. മൂന്‍ജെ മുസോളിനിയോടും ഇറ്റാലിയന്‍ ഫാസിസ്റ്റുകളോടുമൊപ്പം സമയം ചെലവഴിച്ചതായും അവര്‍ രേഖപ്പെടുത്തുന്നു. രണ്ടും ശരിയാണ്.

ഉംബര്‍ട്ടോ എക്കോ
ഉംബര്‍ട്ടോ എക്കോ

പക്ഷേ, ഫാസിസ്റ്റുകളുമായി സൗഹൃദം പങ്കിട്ടവരുടെ കൂട്ടത്തില്‍ ആര്‍.എസ്.എസ്സുകാരും ഹിന്ദുമഹാസഭക്കാരും മാത്രമല്ല, ഉള്ളതെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ഇന്ത്യന്‍ ദേശീയ പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളും കോണ്‍ഗ്രസ്സുകാരനുമായിരുന്ന സുഭാഷ് ചന്ദ്രബോസ് ഫാസിസ്റ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ്. മഹാകവി രബീന്ദ്രനാഥ് ടാഗോറാവട്ടെ, കവിയും നോവലിസ്റ്റും നിരീശ്വരവാദിയും സര്‍വ്വോപരി നീഷെ, ഷോപ്പനോര്‍, ഇമ്മാനുവല്‍ കാന്റ് എന്നിവരുടെ കൃതികളുടെ വിവര്‍ത്തകനുമായ മുസോളിനിയെ തന്റെ അടുത്ത സുഹൃത്തായാണ് പരിഗണിച്ചത്. എന്നുവെച്ച് ചന്ദ്രബോസിനേയോ ടാഗോറിനേയോ ഫാസിസ്റ്റുകളെന്നോ ഫാസിസത്തോട് അനുഭാവം പുലര്‍ത്തിയവരെന്നോ മുദ്രകുത്താമോ?

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിനാണ് ഈ യുവതി കൊല്ലപ്പെട്ടത്
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിനാണ് ഈ യുവതി കൊല്ലപ്പെട്ടത്


സംഘപരിവാറിനു കീഴില്‍ ഇന്ത്യയുടെ ഗമനം ഫാസിസത്തിലേക്കാണെന്നു സിദ്ധാന്തിക്കുന്ന മറ്റൊരു ബുദ്ധിജീവിയാണ് പ്രഭാത് പട്‌നായിക്. ഫാസിസത്തിന്റെ നാല് സവിശേഷതകളിലേക്ക് കൈചൂണ്ടിയാണ് അദ്ദേഹം തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രസ്തുത സവിശേഷതകളില്‍ ഒന്ന്: വെറുക്കപ്പെടേണ്ട 'അപരര്‍' എന്ന ആശയത്തിലൂന്നുന്ന വംശമേധാവിത്വപരത (supremacism). രണ്ട്: അയുക്തി (unreason). മൂന്ന്: ബഹുജനമുന്നേറ്റ രൂപത്തിലുള്ള ആവിര്‍ഭാവം. നാല്: വന്‍ കോര്‍പ്പറേറ്റുകളുമായുള്ള രഹസ്യധാരണ. 

ഇവയില്‍ ആദ്യ സവിശേഷത പരിശോധിക്കുക. വെറുക്കപ്പെടേണ്ട അപരരെ തൊട്ടുകാണിച്ചുകൊണ്ടല്ലാതെ ചരിത്രത്തില്‍ ഏതെങ്കിലും സ്വേച്ഛാധിപതികളോ സമഗ്രാധിപത്യ പ്രസ്ഥാനങ്ങളോ നിലനിന്നിട്ടുണ്ടോ? ഉദാഹരണത്തിന് എല്ലാ മതാധിഷ്ഠിത ഭരണകൂടങ്ങളും ഒന്നുകില്‍ 'മതനിഷേധി'യെ അല്ലെങ്കില്‍ 'അധര്‍മ്മകാരി'യെ അല്ലെങ്കില്‍ 'കാഫിറി'നെ അല്ലെങ്കില്‍ 'ദൈവികസത്യവിരോധി'യെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് അധികാരം കൈയടക്കിയതും തുടര്‍ന്നതും. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമഗ്രാധിപത്യവാഴ്ച നിലനിന്നതാകട്ടെ 'നിഗ്രഹിക്കപ്പെടേണ്ട വര്‍ഗ്ഗശത്രു'വിനെ അപരസ്ഥാനത്ത് നിര്‍ത്തിയും. 

രണ്ടാമത്തെ സവിശേഷതയായ അയുക്തിയെടുക്കുക. പ്രഭാത് പട്‌നായിക് മാത്രമല്ല, ഉംബര്‍ട്ടോ എകോയും ഫ്രെഞ്ച് തത്ത്വചിന്തകനായ അലെന്‍ ബാദിയൂവും മറ്റു പല ആധുനികോത്തര ചിന്തകരും എടുത്തുകാട്ടിയ സവിശേഷതയാണിത്. സ്വതന്ത്ര ചിന്തകരോടുള്ള ശത്രുത, യുക്തിവിചാര വിരോധം, വിയോജനാവകാശത്തോടുള്ള പക, മാധ്യമങ്ങളോടുള്ള വിദ്വേഷം എന്നിവയെല്ലാം ഫാസിസത്തില്‍ ഉള്‍ച്ചേര്‍ന്ന അയുക്തിയുടെ തെളിവുകളായി പട്‌നായിക് അടയാളപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മുഖര്‍ജി ചോദിക്കുന്നതുപോലെ, ലോകത്തില്‍ ഏതെങ്കിലും സ്വേച്ഛാധിപതികള്‍ സ്വതന്ത്രചിന്തയോടും യുക്തിവിചാരത്തോടും വിയോജന സ്വാതന്ത്ര്യത്തോടുമൊപ്പം നിന്നിട്ടുണ്ടോ? സോക്രട്ടീസിനെ വധിച്ച പ്രാചീന ഗ്രീസിലെ ഭരണാധികാരിയും മധ്യകാല ചക്രവര്‍ത്തിമാരും മതമേധാവികളും തൊട്ട് ആധുനികകാല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ വരെയുള്ള എല്ലാ സ്വേച്ഛാധിപത്യ വാഴ്ചക്കാരും സ്വതന്ത്രചിന്തയെ നിര്‍ദ്ദയം ഗളഹസ്തം ചെയ്തു മുന്നോട്ട് പോയതിന് ചരിത്രം സാക്ഷിയാണ്. 

ഫാസിസത്തിന്റെ മൂന്നാം സവിശേഷതയായി എണ്ണപ്പെടുന്നത് ബഹുജന മുന്നേറ്റത്തിന്റെ രൂപത്തില്‍ അത് കടന്നുവരുന്നു എന്നതാണ്. പ്രധാനപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും രൂപപ്പെട്ടത് ബഹുജന മുന്നേറ്റത്തിലൂടെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് പ്രക്ഷോഭം, തെലങ്കാന പ്രക്ഷോഭം, നര്‍മദ ബചാവോ ആന്ദോളന്‍ തുടങ്ങിയവയെല്ലാം ബഹുജന മുന്നേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്നവയാണ്. എന്നു കരുതി അവയെ ഫാസിസ്റ്റ് എന്നു വിശേഷിപ്പിക്കാന്‍ പറ്റുമോ?

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ചെന്നൈയില്‍ നടന്ന പ്രതിഷേധം
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ചെന്നൈയില്‍ നടന്ന പ്രതിഷേധം


പട്‌നായിക് എടുത്തോതുന്ന നാലാം സവിശേഷത ഫാസിസം കോര്‍പ്പറേറ്റ് മുതലാളിത്തവുമായി രഹസ്യധാരണകളുണ്ടാക്കുന്നു എന്നതാണ്. സോവിയറ്റ് യൂണിയന്‍ പോലുള്ള ആദ്യകാല സോഷ്യലിസ്റ്റ് ഭരണകൂടങ്ങളല്ലാതെ മറ്റേതെങ്കിലും ഭരണകൂടങ്ങള്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ വന്‍ ബിസിനസ് ഗ്രൂപ്പുകളുമായി രഹസ്യധാരണകളില്‍ ഏര്‍പ്പെടാതിരുന്നിട്ടുണ്ടോ? ഇപ്പോഴത്തെ ബി.ജെ.പി ഭരണകൂടത്തിനു മാത്രമല്ല, അതിനു തൊട്ടു മുന്‍പ് കോണ്‍ഗ്രസ്സ് നയിച്ച യു.പി.എ ഭരണകൂടത്തിനും അതേ കോര്‍പ്പറേറ്റ് ഹൗസുകളുമായി രഹസ്യബന്ധവും ധാരണകളുമുണ്ടായിരുന്നു എന്നത് അനിഷേധ്യമല്ലേ? ഭരിക്കുന്നത് ബി.ജെ.പിയായാലും കോണ്‍ഗ്രസ്സായാലും ആ രണ്ടു പാര്‍ട്ടികളുമില്ലാത്ത രാഷ്ട്രീയ സംവിധാനങ്ങളായാലും അംബാനിക്കും അദാനിക്കും ടാറ്റയ്ക്കും ബിര്‍ളയ്ക്കും ഇവിടെ യാതൊരു ഭീഷണിയും അലോസരവുമുണ്ടാകുന്നില്ല. ഇടതുപക്ഷം മൂന്നര പതിറ്റാണ്ടോളം കാലം പശ്ചിമബംഗാള്‍ ഭരിച്ചപ്പോള്‍ അവിടെയും സാധാരണക്കാരുടെ ചെലവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചുവപ്പു പരവതാനി വിരിച്ചത് നാം കണ്ടതാണ്. 

പട്‌നായിക്കായാലും സുമിത് സര്‍കാരായാലും റൊമില താപ്പറായാലും മറ്റാരായാലും ഇന്ത്യ ഫാസിസത്തിന്റെ കൈപ്പിടിയില്‍ അമരുന്നു/അമര്‍ന്നു കഴിഞ്ഞു എന്നു വേവലാതിപ്പെടുമ്പോള്‍ ജര്‍മനിയില്‍ ഫാസിസം രൂപപ്പെടാനിടവരുത്തിയ രണ്ട് നിര്‍ണ്ണായക മുന്നുപാധികള്‍ ഇന്ത്യയിലില്ലെന്ന വസ്തുതയ്ക്ക് നേരെ അവര്‍ കണ്ണടയ്ക്കുകയാണ്. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ, ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മന്‍ മുതലാളിത്തത്തിന്റെയും മൂലധനശക്തികളുടേയും നടുവൊടിഞ്ഞു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് ചിന്താധാരയ്ക്കും വന്‍ സ്വാധീനമുണ്ടായിരുന്ന ജര്‍മനിയില്‍ റഷ്യയില്‍ നടന്നതുപോലുള്ള കമ്യൂണിസ്റ്റ് വിപ്ലവം നടക്കുമെന്ന കടുത്ത ആശങ്ക ജര്‍മന്‍ മൂലധനശക്തികളെ പിടികൂടി. അതൊഴിവാക്കാന്‍ നാട്‌സി പാര്‍ട്ടിയേയും അതിന്റെ നേതാവായ ഹിറ്റ്‌ലറേയും കൂട്ടുപിടിക്കുകയായിരുന്നു ജര്‍മന്‍ മുതലാളിത്തം. ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളും വര്‍ത്തമാനകാല ഇന്ത്യയിലില്ല. ഇവിടെ മൂലധനശക്തികള്‍ യാതൊരു വെല്ലുവിളിയും നേരിടുന്നില്ല എന്നു മാത്രമല്ല, അവര്‍ക്കെതിരെ സുദൃഢ നിലപാടെടുക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ഇടതുപക്ഷം പോലും അവരോട് ചേര്‍ന്നുനില്‍ക്കുകയാണ് ചെയ്യുന്നത്. ജര്‍മനിയില്‍ സംഭവിച്ചേക്കുമെന്നു ജര്‍മന്‍ ബൂര്‍ഷ്വാവര്‍ഗ്ഗം ഭയപ്പെട്ടതുപോലുള്ള കമ്യൂണിസ്റ്റ് വിപ്ലവം  ഇന്ത്യയില്‍ സംഭവിച്ചേക്കുമെന്നു ഇന്ത്യന്‍ ബൂര്‍ഷ്വാസി ഒട്ടും ഭയക്കുന്നുമില്ല. അത്തരമൊരു വിപ്ലവത്തിനുള്ള വിദൂര സാധ്യത പോലും ഇന്നത്തെ ഇന്ത്യയില്‍ ഇല്ല എന്നതു തന്നെ കാരണം. 
എങ്കില്‍പ്പിന്നെ ഇന്ത്യയില്‍ കുറച്ചുകാലമായി നാം കാണുന്നത് എന്താണ്? മുഖര്‍ജിയുടെ അഭിപ്രായത്തില്‍ നവലിബറല്‍ അമിതാധികാര വാഴ്ച (neo liberal authoritarianism)യിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നവ ഉദാര സമ്പദ്ക്രമത്തിന്റെ വക്താക്കളായ വന്‍ കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക വളര്‍ച്ച ത്വരിപ്പിക്കുകയും സമ്പത്തിന്റെ കേന്ദ്രീകരണം പരമാവധി ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെയാണ് ആവശ്യം. അതുകൊണ്ടുതന്നെയാണ് കോര്‍പ്പറേറ്റ് ഭീമന്മാരുടെ അകമഴിഞ്ഞ പിന്തുണയോടെ 2014-ല്‍ നരേന്ദ്ര മോദിയുടെ നായകത്വത്തില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലേറിയത്; അതേസമയം, നവ ലിബറല്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായ 'സമാധാനം' ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളെ വന്‍കിട ബിസിനസ് ഹൗസുകള്‍ക്ക് പിന്താങ്ങാനാവുകയുമില്ല. പശുരാഷ്ട്രീയ ഹിംസ അതിരുകടക്കുകയും വിപണിയിലെ ശാന്തി നഷ്ടപ്പെടുകയും ചെയ്യുമെന്ന ഘട്ടം വന്നപ്പോള്‍ കോര്‍പ്പറേറ്റുകളും അവയുടെ വരുതിയിലുള്ള വാര്‍ത്താമാധ്യമങ്ങളും ഹിംസയ്‌ക്കെതിരെ രംഗത്ത് വന്നതിന്റെ കാരണം അതാണ്. സംഘപരിവാര്‍ അപരജനവെറുപ്പിന്റെ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ കൂട്ടായ്മയാണെങ്കിലും, വിപണിയുടെ സമാധാനാന്തരീക്ഷത്തിനു പോറലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേറ്റോക്രസിയുടെ പിന്തുണ ലഭിക്കില്ല. 

ഇന്ത്യ എത്തിനില്‍ക്കുന്നത് ഫാസിസത്തിലല്ല, നവ ലിബറല്‍ അമിതാധികാര വാഴ്ചയിലാണെന്നു പറയുമ്പോള്‍ ബി.ജെ.പിയുടെ ഭരണത്തില്‍ നടന്ന കൂട്ടക്കൊല (ഗുജറാത്ത്, 2002)കളേയോ പശുഭക്തിയുടെ മേല്‍വിലാസത്തില്‍ അരങ്ങേറുന്ന ആള്‍ക്കൂട്ട ഹിംസയേയോ ചിന്താ സ്വാതന്ത്ര്യത്തിനുമേല്‍ നടക്കുന്ന നിഷ്ഠുരമായ കടന്നാക്രമണങ്ങളേയോ ഒന്നും ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും ഇവിടെയില്ല. മറ്റേതൊരു അമിതാധികാര വാഴ്ചയിലും സംഭവിക്കുന്നവയാണ് അമ്മാതിരി ക്രൂരതകളും സ്വാതന്ത്ര്യനിഷേധവും അവകാശാപഹരണവുമെല്ലാം. ഇസ്ലാമിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ഉര്‍ദുഗാന്റെ തുര്‍ക്കിയിലും ഷി ജിന്‍പിംഗിന്റെ ചൈനയിലും 1979 തൊട്ട് ശിയാ മതാധിപത്യം തുടരുന്ന ഇറാനിലും വ്‌ലാദിമിര്‍ പുടിന്റെ റഷ്യയിലും റോഹിംഗ്യകളെ വേട്ടയാടുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന മ്യാന്‍മറിലുമൊക്കെ ഇതേ അമിതാധികാര വാഴ്ച തന്നെയാണ് നിലവിലുള്ളത്. വര്‍ത്തമാനകാല തുര്‍ക്കി, ചൈന, ഇറാന്‍, റഷ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ ഭരണവ്യവസ്ഥയ്ക്ക് 'ഫാസിസ്റ്റ്' എന്ന വിശേഷണം ചേരല്ലെങ്കില്‍ ഇന്ത്യയിലെ ഭരണവ്യവസ്ഥയ്ക്കും അത് ചേരില്ല. ചേരുമെന്നു വല്ലവരും പറയുകയാണെങ്കില്‍, ഏകകക്ഷി ഭരണം സ്ഥാപിക്കുകയും പാര്‍ലമെന്റ് സംവിധാനം ഇല്ലാതാക്കുകയും സര്‍വ വിമത സ്വരങ്ങളും സംഹരിക്കുന്നതിന്റേയും 'അപരജന' സാന്നിധ്യം ഒഴിവാക്കുന്നതിന്റേയും ഭാഗമായി ദശലക്ഷങ്ങളെ കൊന്നുതള്ളുകയും ചെയ്ത ജര്‍മന്‍ ഫാസിസത്തിന്റെ കൊടുംകരാളതയില്‍ വെള്ളം ചേര്‍ക്കുകയാണവര്‍ ചെയ്യുന്നതെന്നു വിലയിരുത്തേണ്ടിവരും. ഇന്ത്യയില്‍ ജനാധിപത്യവാദികളുടെ ചെറുത്തുനില്‍പ്പിന്റേയും വിമര്‍ശനത്തിന്റേയും കുന്തുമുന തിരിയേണ്ടത് സംഘപരിവാര്‍ ഇവിടെ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന നവ ഉദാര അമിതാധികാര പ്രമത്തതയ്ക്ക് നേരെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com