'ജ്യോതി ബസു പ്രഖ്യാപിച്ചു, അടുത്ത പ്രധാനമന്ത്രി സോണിയാ ഗാന്ധിയായിരിക്കും, ഞാന്‍ ഞെട്ടിപ്പോയി' ; വി. വിശ്വനാഥ മേനോന്റെ ആത്മകഥയില്‍നിന്ന്

'ജ്യോതി ബസു പ്രഖ്യാപിച്ചു, അടുത്ത പ്രധാനമന്ത്രി സോണിയാ ഗാന്ധിയായിരിക്കും, ഞാന്‍ ഞെട്ടിപ്പോയി' ; വി. വിശ്വനാഥ മേനോന്റെ ആത്മകഥയില്‍നിന്ന്
ടികെ രാമകൃഷ്ണന്‍, എംഎം ലോറന്‍സ് എന്നിവര്‍ക്കൊപ്പം വിശ്വനാഥ മേനോന്‍/ഫയല്‍
ടികെ രാമകൃഷ്ണന്‍, എംഎം ലോറന്‍സ് എന്നിവര്‍ക്കൊപ്പം വിശ്വനാഥ മേനോന്‍/ഫയല്‍

(അന്തരിച്ച മുന്‍ മന്ത്രി വി വിശ്വനാഥമേനോന്‍ എറണാകുളത്ത് സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചതും ബിജെപി പിന്തുണ സ്വീകരിച്ചതും ഇടയ്ക്കിടെ ഇപ്പോഴും രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമായി ഉയര്‍ന്നുവരാറുണ്ട്. ഇതിനെക്കുറിച്ച് അദ്ദേഹം ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ പുനപ്രസിദ്ധീകരിക്കുകയാണിവിടെ, സമകാലിക മലയാളം വാരികയുടെ പഴയ പുറങ്ങളില്‍നിന്ന്)  

പാര്‍ട്ടിയെ തിരുത്തുവാന്‍ ഒറ്റയാള്‍ പോരാട്ടം

ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതിനെ തുടര്‍ന്ന് യൂണിയനുകളുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയാനും തീരുമാനിച്ചു. യൂണിയനുകളുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ മത്സരിക്കുന്നില്ലെന്നറിയിച്ചുകൊണ്ട് എഫ്.എ.സി.ടി കൊച്ചിന്‍ ഡിവിഷന്‍, ഇന്‍ഡ്യന്‍ അലൂമിനിയം, കേരളാ ഇലക്ട്രിക്കല്‍സ് എന്നിവയില്‍നിന്നും ഞാന്‍ പിന്മാറി. പാര്‍ട്ടിനേതൃത്വത്തേയും സി.ഐ.ടി.യു നേതൃത്വത്തേയും ഈ വിവരം അറിയിക്കുകയുണ്ടായി. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നു വിരമിച്ചു വായനയിലേക്ക് ചുരുങ്ങിയ നാളുകള്‍. ഒരു ദിവസം രാവിലത്തെ ദിനപത്രം വന്നപ്പോള്‍ ജ്യേതിബസുവിന്റേതായ ഒരു പ്രഖ്യാപനം കണ്ടു.'അടുത്ത പ്രധാനമന്ത്രി സോണിയാഗാന്ധിയായിരിക്കും.' ഞാന്‍ അദ്ഭുതപ്പെട്ടുപോയി. കോണ്‍ഗ്രസ്സുകാര്‍പോലും അതേവരെ പറയാത്ത കാര്യം! കടത്തി പറഞ്ഞിരിക്കുന്നു. ജ്യോതിബസുതന്നെയാണോ ഇതു പറഞ്ഞിരിക്കുന്നത്? ഒന്നുകൂടി പത്രത്തില്‍ സൂക്ഷ്മമായി നോക്കി.ശരിതന്നെ. സാക്ഷാല്‍ ബസുതന്നെയാണിത് പറഞ്ഞിരിക്കുന്നത്. എന്നില്‍ എന്തെന്നില്ലാത്ത കോപമോ വികാരത്തള്ളലോ അനുഭവപ്പെട്ടു. ഓരോ ചെറിയകാര്യത്തിലും വിശകലനാത്മകമായി,ആശയപരമായ നേതൃത്വം നല്‍കേണ്ടനേതാക്കന്മാരുടെ നാവില്‍നിന്നും, ഇങ്ങനെയുള്ള ലക്ഷ്യബോധമില്ലാത്ത ബാലിശമായ ജല്പനങ്ങള്‍ ഉണ്ടാകുമ്പോള്‍, കാറ്റിലും കോളിലും ആടിയുലഞ്ഞു മുന്നേറിയ പായ്ക്കപ്പല്‍ പാറക്കെട്ടിലിടിച്ചു തകരുന്ന അനുഭവമാണുണ്ടാകുക. ആ ജല്പനം കേട്ടതോടെ തകരാന്‍ പോകുന്ന വിപ്ലവപാര്‍ട്ടിയാണ് സി.പി.എം എന്നുതോന്നി. ഇതിന്റെ ഫലം ദൂരവ്യാപകമായിരിക്കുമെന്നു തീര്‍ച്ച. ദിശാബോധം നഷ്ടപ്പെട്ട നേതൃത്വനിരയ്ക്ക് ഒരു വിപ്ലവപാര്‍ട്ടിയെ ശിഥിലമാക്കാന്‍ അധികകാലം വേണ്ടെന്ന്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കണ്‍മുന്നില്‍ കണ്ട നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനു മുമ്പും ജ്യോതിബസു ഇതുപോലെ പരസ്യപ്രതികരണം നടത്തിയിട്ടുണ്ട്.ജ്യോതിബസു പ്രധാനമന്ത്രിയാകണ്ട എന്ന പാര്‍ട്ടി തീരുമാനം ഒരു 'ഹിമാലയന്‍മണ്ടത്തര'മാണെന്ന്. പാര്‍ട്ടി പറയാത്തകാര്യങ്ങള്‍ പറയുക; പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നു പറയുക- ഇങ്ങനെ സ്വയംഅപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ ഉയര്‍ന്ന നേതാക്കന്മാര്‍ ശ്രമിക്കുന്നത ്പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമല്ലേ എന്നെനിക്കു തോന്നി. ഈ വികാരം ഞാന്‍ എന്നെ കാണാനെത്തിയ സുഹൃത്തുക്കളോട് തുറന്നടിച്ചു.

എന്റെ അഭിപ്രായം കേട്ടറിഞ്ഞ, മുന്‍ എം.പി.യും എന്റെ പഴയ സുഹൃത്തുമായ സ്‌കറിയാതോമസ് ഒരു ദിവസം എന്നെകാണാനെത്തി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി.സി.തോമസ്സിന്റെ രാഷ്ട്രീയകക്ഷിയുടെ നേതാവായിരുന്നു അദ്ദേഹം. ഞങ്ങളുടെ സൗഹൃദസംഭാഷണത്തിനിടയില്‍ രാഷ്ട്രീയപ്രശ്‌നങ്ങള്‍ പലതും പൊന്തി വന്നു. 'മേനോന്‍ ചേട്ടന്‍ ഈ അഭിപ്രായം പരസ്യമായി പറയാന്‍ തയ്യാറാണോ?' 'തീര്‍ച്ചയായും സൗകര്യം കിട്ടിയാല്‍ ഞാന്‍ പറയും. പക്ഷേ, ഇപ്പോള്‍ ആരും എനിക്ക് ഒരു പ്ലാറ്റ് ഫോം തരില്ല.'ഞാന്‍ പറഞ്ഞു. 'ഞാന്‍ ഒരു കാര്യം പറയട്ടെ? ഈഡന്‍ മരിച്ച ഒഴിവില്‍ എറണാകുളം പാര്‍ലമെന്റിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് വരികയാണല്ലോ? മേനോന്‍ചേട്ടന് സ്വതന്ത്രനായി മത്സരിച്ചുകൂടേ?''അയ്യോ, ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും ഞാനില്ല. എന്റെ കൈയില്‍ പണവുമില്ല.' 'പൈസയൊക്കെ നമുക്കുണ്ടാക്കാം. മത്സരിക്കുകയാണെങ്കില്‍ ചേട്ടനു പറയാനുള്ളതെല്ലാം ഉറക്കെപറയാനുള്ള ഒരു വേദിയാകുമത്. ജയിക്കുമെന്ന പ്രതീക്ഷ വേണ്ട. പറയാനുള്ളത് ഉച്ചത്തില്‍ പറയാം.'

തിരഞ്ഞെടുപ്പിലേക്ക്

ഞാന്‍ ആലോചിച്ചു. ഇന്നത്തെ സാഹചര്യത്തില്‍, ഇന്ത്യയില്‍ ഒരു മൂന്നാം മുന്നണി കെട്ടിപ്പടുക്കണമെന്ന ആശയമുള്ള സഖാക്കളുടെ സഹായത്തോടെ സ്വതന്ത്രനായി മത്സരിച്ചാലെന്താണ്? ഏതായാലും ഏതാനും മാസങ്ങളിലേക്കു മാത്രമുള്ള തിരഞ്ഞെടുപ്പായതുകൊണ്ട്, പാര്‍ലമെന്ററി വ്യാമോഹംകൊണ്ടാണെന്ന പാപഭാരം ആരും തലയില്‍ വച്ചുകെട്ടില്ല. പറയാനുള്ളത് ഉറക്കെ പറയാനുള്ള അവസരമാകും. ആലോചിച്ചു മറുപടി പറയാമെന്നു പറഞ്ഞ് തല്‍ക്കാലംപിരിഞ്ഞു.

ഞാന്‍ ആദ്യമായി ബന്ധപ്പെട്ടത്  വി.ബി.ചെറിയാനെയാണ്. പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടതിനുശേഷം ചെറിയാന്‍ ഒരു ബദല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് രൂപം കൊടുത്തു വരികയാണ്. ചെറിയാനുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഒരു മൂന്നാംമുന്നണിയില്‍ ചെറിയാന്‍ വരുന്നത് നന്നായിരിക്കുമെന്നുതോന്നി. എന്നാലും അവരുടെ സ്ഥാനാര്‍ത്ഥിയായല്ല, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായേ മത്സരിക്കൂ എന്ന കാര്യം ഞാന്‍ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസ്സേതരരായ എല്ലാവരോടും വോട്ടിനഭ്യര്‍ത്ഥിക്കുമെന്നകാര്യം ഞാന്‍ വ്യക്തമാക്കിയിരുന്നു. 'ഞങ്ങളുടെ കമ്മിറ്റിക്കാരുമായി ആലോചിച്ചു പറയാം.' ചെറിയാന്റെ മറുപടി. പിറ്റേദിവസം ചെറിയാന്‍ നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ്സേതര സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ചാല്‍ അവര്‍ എല്ലാസഹായവും ചെയ്യും. അതോടൊപ്പം സ്‌കറിയതോമസ്സും പി.സി. തോമസ്സും എനിക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.

ഞാന്‍ മത്സരിക്കാന്‍ തീരുമാനിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത് ചെറിയാനാണ്. വാര്‍ത്ത പെട്ടെന്നു പരന്നു. പത്രക്കാരും ചാനലുകളും എന്നെതേടി പാഞ്ഞെത്തി. എനിക്കു പറയാനുള്ളതെല്ലാം ഞാന്‍ അവരോടു പറഞ്ഞു. എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ത്ഥി ഡോ. സെബാസ്റ്റ്യന്‍ പോളിനോടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണിനോടുമാണ് ഞാന്‍ മത്സരിക്കേണ്ടത്. വാര്‍ത്തയറിഞ്ഞ് മത്സരത്തില്‍ നിന്നെന്നെ പിന്തിരിപ്പിക്കാനായി ലോറന്‍സും ടി.കെയും എന്റെ വീട്ടിലെത്തി. ഞാനെന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നു. 'ജ്യോതിബസു സോണിയയെ പ്രധാനമന്ത്രിയാക്കുമെന്നു പറഞ്ഞത് സര്‍വ്വശക്തിയും ഉപയോഗിച്ച് എനിക്കെതിര്‍ക്കണം. അത്രയേ എനിക്കുദ്ദേശമുള്ളൂ.' ഞാന്‍ തുടര്‍ന്നു. 'ഞാനും നിങ്ങളുമടക്കമുള്ള കമ്യൂണിസ്റ്റുകാര്‍ ചോരയും നീരും നല്‍കി വളര്‍ത്തിയ പ്രസ്ഥാനം കോണ്‍ഗ്രസ്സിനും സോണിയാഗാന്ധിക്കും അടിയറവയ്ക്കാനും അമ്മാനമാടാന്‍ വിട്ടുകൊടുക്കാനുമുള്ള നീക്കത്തെ എന്തുവിലകൊടുത്തും എതിര്‍ക്കുകയും പ്രതികരിക്കുകയും വേണമെന്ന് എന്റെ മനസ്സാക്ഷി എന്നോടാവശ്യപ്പെടുന്നു' ഞാന്‍പറഞ്ഞു. അവസാനം ഒന്നും പറയാതെ ടി.കെയും ലോറന്‍സും പിന്‍വാങ്ങി. തുടര്‍ന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി ഗോപികോട്ടമുറിക്കലും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഇ.കെ.നാരായണനും ഫോണില്‍ വിളിച്ച് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമംനടത്തിയിരുന്നു. അതിലൊക്കെ ഉപരിയായി എന്റെ ഭാര്യയും മക്കള്‍ അജിയും മധുവും എന്റെ ഉദ്യമം അതിസാഹസമാണെന്നു പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമം നടത്തി. അതുപോലെ എന്റെ ചില ബന്ധുക്കളും അഭ്യൂദയകാംക്ഷികളും ആ അഭിപ്രായം പ്രകടിപ്പിച്ചു.'പറയേണ്ടത് പറയേണ്ടിടത്തു പറഞ്ഞില്ലെങ്കില്‍ എന്റെ മനസ്സാക്ഷി എന്നെ പഴിക്കും. എന്റെ ജനങ്ങളോടും നാടിനോടുമുള്ള ബാദ്ധ്യതയാണ് ഞാന്‍ നിറവേറ്റുന്നത്. ഐ ആം ആക്റ്റിംഗ് ഓണ്‍ മൈഓണ്‍ കണ്‍വിക്ഷന്‍' എന്ന മറുപടിയാണ് എനിക്ക് എല്ലാവര്‍ക്കുമായി കൊടുക്കാനുണ്ടായിരുന്നത്.

എന്റെ ആരോഗ്യസ്ഥിതിയായിരുന്നു മറ്റൊരു തടസ്സമായി കുടുംബം ഉന്നയിച്ചത്. മൂവാറ്റുപുഴയില്‍ ചെക്ക്അപ്പിനായി ഞാന്‍ കാണാറുള്ളത് മൂവാറ്റുപുഴ മെഡിക്കല്‍സെന്ററിലെ ഡോക്ടര്‍ എന്‍.എന്‍. അശോകനെയാണ്. എന്റെ പഴയകാലചരിത്രമറിയാവുന്ന ഒരു സഹൃദയനായ സുഹൃത്തുമാണദ്ദേഹം. ഞാന്‍ മൂവാറ്റുപുഴയുമായി ബന്ധപ്പെട്ടകാലം മുതല്‍ അദ്ദേഹവും മൂവാറ്റുപുഴയിലുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും അദ്ദേഹവും മൂവാറ്റുപുഴക്കാരെ സംബന്ധിച്ച് ഒരാശ്രയമാണ്. ഞങ്ങളുടെ കുടുംബ ഡോക്ടര്‍ എന്നുതന്നെ പറയാം. എന്റെ ഹൃദയത്തിന്റെ ആരോഗ്യസ്ഥിതിവിലയിരുത്താന്‍ ഞാന്‍ ഡോക്ടര്‍ അശോകനെ ഫോണില്‍ വിളിച്ച് ഉപദേശംതേടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോകുന്ന വിവരം പറഞ്ഞപ്പോള്‍ തടസ്സമൊന്നും പറഞ്ഞില്ല. ആരോഗ്യപ്രശ്‌നം ഒട്ടുമില്ലെന്ന് പ്രഗത്ഭനായ അദ്ദേഹം പറഞ്ഞതോടെ, ആ രീതിയിലുള്ള എതിര്‍പ്പുംനിന്നു. അതോടെ രംഗത്തിറങ്ങാന്‍ ഒന്നുകൂടി ധൈര്യം കിട്ടി.

ബി.ജെ.പി. ബന്ധം

ഏതാണ്ട് എന്റെ അതേ ആശയഗതിക്കാരായ നിരവധി കമ്യൂണിസ്റ്റുകാരുടെ പ്രേരണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്  എനിക്കൊരു പ്രചോദനമായി. തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനായുള്ള പണവും അനുഭാവികളില്‍ നിന്നും കുറേശ്ശേയായി എത്തിക്കൊണ്ടിരുന്നു- നാടിന്റെ പലഭാഗങ്ങളില്‍നിന്നും. പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ ഇതൊരാശയസമരമെന്ന നിലയ്ക്ക് എന്നെ രഹസ്യമായി പ്രോത്സാഹിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ തെറ്റായ പോക്ക് തിരുത്തുന്നതിനുവേണ്ടി സ്വന്തം ഭാവി ത്യജിച്ചുകൊണ്ടുള്ള ഒരു 'ഒറ്റയാള്‍ സമര'മായിരുന്നു അന്നത്തെ എന്റെ മത്സരം. എന്റെ പഴയ സുഹൃത്തുക്കള്‍ക്ക് എന്റെ നിലപാട് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്, ഇരിങ്ങാലക്കുടയിലായിരുന്ന എന്റെ സുഹൃത്തും പഴയകാല കമ്യൂണിസ്റ്റുമായ ക്യാപ്റ്റന്‍ കേരളവര്‍മ്മ തൃപ്പൂണിത്തുറ വന്നു താമസമാക്കി, എന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി ഊര്‍ജ്ജസ്വലതയോടെ പങ്കെടുത്തത് അതിന്റെ പേരില്‍ അദ്ദേഹവും ചില ഊരുവിലക്കുകള്‍ക്കിരയായിട്ടുണ്ട്.

ഏതായാലും അടുക്കും ചിട്ടയോടുമുള്ള തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്താന്‍ ഞാന്‍ ശ്രമിച്ചു. കിട്ടിയ വേദികളിലെല്ലാം സോണിയക്കെതിരായും മൂന്നാംമുന്നണിക്കുവേണ്ടിയും ഞാന്‍ ശക്തിയായി വാദിച്ചു. ആദ്യഘട്ടത്തില്‍ ഒരു ത്രികോണമത്സരത്തിന്റെ ഗൗരവം ജനങ്ങള്‍ക്കിടയിലും മാദ്ധ്യമങ്ങളിലും ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിലും മറ്റും ആ വിധത്തിലുള്ള കാര്‍ട്ടൂണുകളും റൈറ്റ്അപ്പും വന്നിരുന്നു.

സ്‌കറിയാതോമസ്സും പി.സി. തോമസ്സും മുന്‍കയ്യെടുത്ത് ബി.ജെ.പിയുടെ വോട്ട് എനിക്കു നേടിത്തരാന്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ്സേതര ശക്തികളെ മുഴുവന്‍ അണിനിരത്താനുള്ള എന്റെ പരിശ്രമത്തിനു ചൂടുപിടിച്ചു തുടങ്ങി. കോണ്‍ഗ്രസ്സേതര സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ബി.ജെ.പി എന്നെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി സ്‌കറിയാതോമസ്‌സ് അറിയിച്ചു. 'പാര്‍ലമെന്റിലെത്തിയാല്‍ ബി.ജെ.പി ഗവണ്‍മെന്റിനെ എതിര്‍ക്കുമോ, അതോ അനുകൂലിക്കുമോ?' പത്രക്കാരുടെ സംശയം. 'പ്രശ്‌നാധിഷ്ഠിത നിലപാടെടുക്കും. ഓരോ പ്രശ്‌നത്തിന്റെയും മെറിറ്റ് അനുസരിച്ച് അനുകൂലിക്കുകയോഎതിര്‍ക്കുകയോ ചെയ്യും.' എന്റെ മറുപടി. വെള്ളാപ്പള്ളിയോടും ഒ.രാജഗോപാലിനോടും ശ്രീധരന്‍പിള്ളയോടും രാമന്‍പിള്ളയോടും നാരായണപ്പണിക്കരോടുമെല്ലാം ഞാന്‍ നേരിട്ടുതന്നെ (രഹസ്യമായല്ല) വോട്ടു തന്നു സഹായിക്കണമെന്നഭ്യര്‍ത്ഥിക്കുകയുണ്ടായി. ഒരു ശക്തിയുള്ള ത്രികോണമത്സരത്തിന്റെ അന്തരീക്ഷം മുറുകി വന്നപ്പോഴാണ് കരുണാകരന്റെ രാഷ്ട്രീയ ഇടപെടല്‍. അദ്ദേഹത്തിന്റെ അനുയായി ആയിരുന്നു ഈഡന്‍. ആ ഗ്രൂപ്പില്‍പെട്ട ആളെ നിര്‍ത്താതെ, എം.ഒ. ജോണിനെ എ.കെ. ആന്റണി സ്ഥാനാര്‍ത്ഥിയാക്കിയത് കരുണാകരനിഷ്ടമായില്ല. മാത്രവുമല്ല, സോണിയയുടെ അനുഗ്രഹം അതിന്റെ പിന്നിലുണ്ടെന്നറിഞ്ഞതോടെ 'മദാമ്മ'യെ പൊട്ടിക്കണമെന്ന വാശിയായി. അതിനുള്ള നീക്കങ്ങള്‍ കണ്ടറിഞ്ഞതോടെ ഞാനും കരുണാകരനോട് സഹായാഭ്യര്‍ത്ഥന നടത്തി. 'വിശ്വത്തിന് വോട്ടുകൊടുത്താല്‍ ജോണ്‍ പൊട്ടുമോ? നമുക്ക് ജോണ്‍ തോല്‍ക്കണം.' കരുണാകരന്റെ ഒരു അനുയായി എന്റെ അടുത്തുവന്നന്വേഷിച്ചു. 'ഞങ്ങളുടെ വോട്ടുനിങ്ങള്‍ക്കു തന്നാല്‍ ജോണ്‍ പൊട്ടുമോ? അതാണ് ലീഡര്‍ക്ക് അറിയേണ്ടത്.' പൊട്ടുമെന്നുറപ്പിച്ചുകൊണ്ട് ഞാന്‍ കിട്ടാവുന്ന വോട്ടിന്റെ കണക്കുകൊടുത്തെങ്കിലും കരുണാകരന് അതു തൃപ്തിയായില്ല. കരുണാകരന്‍ ടെലിവിഷനിലേക്ക് കൈചൂണ്ടി അതിന് വോട്ടുകൊടുക്കാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. സെബാസ്റ്റ്യന്‍ പോളിന്റെ ചിഹ്നമായിരുന്നു ടെലിവിഷന്‍.

സി.പി.എമ്മിലെ ഉന്നതനേതാക്കള്‍ അച്യുതാനന്ദനും വിജയനുമൊക്കെ രംഗത്തു വന്നു. ഞാന്‍ ബി.ജെ.പിയാണെന്നു പറഞ്ഞുള്ള അപവാദപ്രചാരണം പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായി. 'ഞാന്‍ബി.ജെ.പിയുടെ വോട്ട് ചോദിച്ചു  എന്നതുശരിയാണ്. ബി.ജെ.പി.യുടെ വോട്ട് സെബാസ്റ്റ്യന്‍ പോളിനുവേണ്ടെന്നു പറയാന്‍പാര്‍ട്ടി തയ്യാറാണോ?' എന്നു ഞാന്‍ വെല്ലുവിളിച്ചു. പത്രക്കാരുടെ ചോദ്യത്തിന് 'ബി.ജെ.പിയുടെ വോട്ടൊന്നും വേണ്ടെ'ന്നു പറയില്ലെന്നായിരുന്നു വിജയന്റെ സത്യസന്ധമായ മറുപടി. അതേസമയം എം.ഒ.ജോണിനെ ജയിപ്പിക്കുന്നതിനായി എ.കെ. ആന്റണി ബി.ജെ.പിയുടെ വോട്ട് 'ഹൈജാക്ക്' ചെയ്തു എന്നൊരു വാര്‍ത്തയുമുണ്ടായി. 'പദ്മ' പുരസ്‌കാരം നേടിയ ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്റെ സഹായത്തോടെയാണത് തരപ്പെടുത്തിയതെന്ന് എനിക്കറിവു കിട്ടിയിരുന്നു.

കരുണാകരന്റെ വിജയം

തിരഞ്ഞെടുപ്പില്‍ ഞാന്‍ ഭംഗിയായി തോറ്റു. ഒരു തരത്തില്‍ പറഞ്ഞാല്‍, എന്റെ അഭിപ്രായത്തില്‍ സെബാസ്റ്റ്യന്‍പോളിന്റെ അന്നത്തെ വിജയം 'കരുണാകരന്റെ' വിജയമായിരുന്നു. മദാമ്മയെ വീഴ്ത്തി കരുണാകരന്‍ കോണ്‍ഗ്രസ്സിനു പുറത്തു പോയതും മുരളി സി.പി.എമ്മിനകത്തു പ്രവേശിക്കാന്‍ ശ്രമിച്ചതുമൊക്കെ ചരിത്ര സത്യങ്ങള്‍. അങ്ങനെ ആ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ പല സംഭവവികാസങ്ങളുടേയും നാന്ദിയായി, എന്നെ സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെ തൊഴുത്തില്‍ സി.പി.എമ്മിനെ കെട്ടുന്നതിന്റെ പ്രതിഷേധം, ഏറ്റവും ഉയര്‍ന്നശബ്ദത്തില്‍, ലോകം മുഴുവന്‍ അറിയുന്നതരത്തില്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചുഎന്നത് വലിയ വിജയമാണ്. സോണിയഗാന്ധി പ്രധാനമന്ത്രി ആയതുമില്ല; ഇടതുകക്ഷികള്‍ മന്ത്രിസഭയില്‍ അംഗങ്ങളായതുമില്ല.

അമേരിക്കയുമായി ആണവ ഉടമ്പടി ഒപ്പിടാനുള്ള തിരക്കിലും വ്യഗ്രതയിലുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും മന്ത്രിസഭയും. ഇപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ഒരു രണ്ടാം സ്വാതന്ത്ര്യസമരം വേണ്ടിവരുമെന്നത് പ്രവചിക്കാനാവുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അമേരിക്കന്‍ പ്രീണനത്തിനായി എന്തു ജനദ്രോഹനടപടികളുമായുംമുന്നോട്ടു പോകുന്നു. കേന്ദ്രത്തില്‍ ഒരുഉറച്ച ഗവണ്‍മെന്റ് ഉണ്ടായാല്‍ മാത്രം മതിഎന്ന ഇടതുപക്ഷത്തിന്റെ നിലപാട് അടിമത്ത്വത്തിലേക്കാണ് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കുക. സാമ്രാജ്യത്വത്തിന്റെ ഏജന്റുകളായി കോണ്‍ഗ്രസ്സും, ബി.ജെ.പിയും മാറിക്കഴിഞ്ഞു. ഇവരിരുവരെയും ഒഴിച്ചുനിര്‍ത്തി സാമ്രാജ്യത്വത്തിനെതിരെ ഒരു മൂന്നാം മുന്നണിയാണ് ഇന്നത്തെ ഇന്ത്യയുടെ ആവശ്യം. ഞാന്‍ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഒരു പിന്താങ്ങി പ്രതിപക്ഷത്തിന്റെ തലതിരിഞ്ഞ രാഷ്ട്രീയമുപേക്ഷിച്ച്, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി രൂപംകൊള്ളേണ്ടത്. ഈ അഭിപ്രായം രേഖപ്പെടുത്തിയ ഒരു തുറന്ന കത്ത് ഞാന്‍ സഖാവ് പ്രകാശ് കാരാട്ടിന് അയക്കുകയുണ്ടായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വിശാലമുന്നണി എന്നതായിരുന്നു അതിലെ ഉള്ളടക്കം. ഈ ആവശ്യത്തിലേക്കുള്ള സുദീര്‍ഘമായ പോരാട്ടത്തില്‍ ഒരു 'ഉറച്ച' കമ്യൂണിസ്റ്റുകാരനായ ഞാനും എന്റെ എളിയപങ്കു നിര്‍വ്വഹിക്കാന്‍ മടിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com