തീവ്രവാദവിരുദ്ധത എങ്ങനെ അഭിനയിക്കണം?: ടി.പി. രാജീവന്‍ എഴുതുന്നു

തീവ്രവാദവിരുദ്ധത എങ്ങനെ അഭിനയിക്കണം?: ടി.പി. രാജീവന്‍ എഴുതുന്നു

പോസ്റ്റാപ്പീസു റോഡിലൂടെ
നീ നടന്നുപോകുമ്പോള്‍
പാതയില്‍ ഒരു കുടന്ന
ചോരയായി മാറുന്നു,
ഒരു കുടന്ന ചോര
കൈപ്പടം പോലെ പരന്ന്
എന്നോടാവലാതിപ്പെടുന്നു
എന്നോടട്ടഹസിക്കുന്നു
എന്നെ പിടിക്കാന്‍ വരുന്നു
കടലിലേക്കിറങ്ങി
കരയിലേക്കു കയറി,
എന്റെ പിന്നാലെ വരുന്നു
അതിനോടു ഞാന്‍ പറയുന്നു
ഇരക്കുന്നു, കെഞ്ചുന്ന
ഞാന്‍ കാഞ്ചിയോ ഉണ്ടയോ അല്ല.
മുഴുക്കഷണ്ടിയായ
മുന്‍പല്ലുകള്‍ പോയ,
അരമുണ്ടു മാത്രമുടുത്ത
വെടിത്തുളപ്പെട്ട,
ഒരു ചോദ്യചിഹ്നം മാത്രം.
1990-കളില്‍ ശ്രീലങ്കയില്‍, എല്‍.ടി.ടിയുടെ നേതൃത്വത്തില്‍ പ്രത്യേക തമിഴ് രാഷ്ട്രവാദം രൂക്ഷമാകുകയും അതൊരു ആഭ്യന്തരയുദ്ധമായി വളരുകയും ജാഫ്‌നമേഖലയില്‍ ശ്രീലങ്കന്‍ പട്ടാളം തമിഴ്വംശജരെ കൂട്ടക്കൊല ചെയ്യുക പതിവാകയും ചെയ്ത നാളുകളില്‍ ആറ്റൂര്‍ രവിവര്‍മ്മ എഴുതിയ 'മറുവിളി' എന്ന കവിതയിലെ അവസാന വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. കവിത എന്ന നിലയില്‍ ഈ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന അര്‍ത്ഥാനുഭവങ്ങളുടെ സവിശേഷത മാത്രമല്ല ഇത് ഇവിടെ എടുത്തെഴുതാന്‍ കാരണം. അതിലുപരി, യുദ്ധം, കലാപം, വംശഹത്യ, കൂട്ടക്കുരുതി എന്നിങ്ങനെ ആധുനിക ലോകം നേരിടുന്നതും മനുഷ്യനിര്‍മ്മിതവുമായ മഹാദുരന്തങ്ങളോട്, മാനസികത, സമചിത്തത, ചരിത്രപരവും സാംസ്‌കാരികവുമായ അവബോധം എന്നിവ കൈവിടാതെ കരുണാര്‍ദ്രമായി എങ്ങനെ പ്രതികരിക്കണം എന്നതിന് ഒരു മാതൃക കൂടിയാണ് മലയാളത്തില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെപോയ ഈ കവിത. അതായത്, ''ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പ'' നിറഞ്ഞതും വിവേകപൂര്‍ണ്ണവുമായ ഒരു പ്രതികരണം.
ആറഅറൂര്‍ രവിവര്‍മ്മ എന്ന കവിക്കു വേണമായിരുന്നെങ്കില്‍, തനിക്കേറ്റവും അടുപ്പമുള്ള തമിഴ്-ദ്രാവിഡ സാംസ്‌കാരിക പൈതൃകത്തിന്റെ ശേഷക്കാരായ ശ്രീലങ്കന്‍ തമിഴ്വംശജരെ കൂട്ടക്കൊല ചെയ്യുന്നതില്‍ താങ്കളുടെ അഭിപ്രായം എന്താണ് എന്ന് സിംഹളഭാഷയിലെ ഒരു കവിയോടോ നോവലിസ്റ്റിനോടോ ചോദിച്ച് വംശീയമായ വെറുപ്പില്‍ വെടിമരുന്ന് നിറയ്ക്കാമായിരുന്നു. പക്ഷേ, അത്തരം പ്രകോപനങ്ങളും വിദ്വേഷവും സൃഷ്ടിക്കലല്ല കവിതയുടേയും ചിന്തയുടേയും പ്രബുദ്ധമായ വഴി എന്ന് സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും വാസ്തുശില്പത്തികവുകളായ മഹാക്ഷേത്രങ്ങളുടേയും ആര്യ-ദ്രാവിഡാനുഭവങ്ങള്‍ സ്വാംശീകരിച്ച കവിക്കറിയാം. അതുകൊണ്ട് തന്റെ സഹാനുഭൂതി, സാഹോദര്യം, അനുകമ്പ: എല്ലാം ഇങ്ങനെ സാന്ദ്രീകരിച്ചെടുത്തു. മഹാദുഃഖങ്ങള്‍, മനസ്സും കാലവും ഒരു തുള്ളി കണ്ണീരാക്കി മാറ്റുന്നതുപോലെ:
ഒരേ കടലിന്റെ
ഇരുവക്കിലും
നാം ബലിയിട്ടു
മുണ്ഡനം ചെയ്തു
നാം കാണുന്നതു
ഒരേ ആഴം.
ഇക്കരെ ഒരൂര്
ഒരു മുത്തശ്ശി
ഒരു ദൈവം
നിങ്ങളെ കാത്തിരിക്കുന്നു.

പിന്നിട്ട നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍നിന്ന് ഈ നൂറ്റാണ്ടിലേക്കും ഈ കാലത്തിലേക്കും വരിക. അതിനിടയിലുള്ള ഇടവേളയില്‍ ശ്രീലങ്കയുടെ ചരിത്രം തന്നെ മാറി. ആയിരക്കണക്കിനു മനുഷ്യര്‍, തമിഴ്വംശജരും സിംഹളരും ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ചരിത്രത്തില്‍ ഒരുകാലത്ത് ജൂതവംശജരെപ്പോലെ ശ്രീലങ്കന്‍ തമിഴരും അഭയാര്‍ത്ഥികളായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചിതറി. ചെന്ന ഇടങ്ങളിലെല്ലാം അവര്‍ വംശ-ദേശീയ-ഭാഷാത്തനിമയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചു; ഉപയോഗിച്ച് അര്‍ത്ഥം തേഞ്ഞുപോയ ഒരു വാക്ക് ഉപയോഗിച്ചാല്‍, നിലകൊണ്ടും സ്വന്തം ജനതയുടെ വേദന നിറഞ്ഞ ഈ അനുഭവത്തെ, തമിഴ്വംശജനും ഇപ്പോള്‍ കനേഡിയന്‍ പൗരനുമായ കവി ചേരന്‍ രുദ്രമൂര്‍ത്തി ഇങ്ങനെ ആവിഷ്‌കരിക്കുന്നു:
ഞങ്ങളുടെ കാലത്തു തന്നെ
ഞങ്ങള്‍ ആ ലോകാവസാനം കണ്ടു.
മരിച്ചവരുടെ നൃത്തച്ചുവട്ടില്‍ ഭൂമി വിറച്ചു;
വന്യമായ കൊടുങ്കാറ്റില്‍ ഉടലുകള്‍ ചിതറിത്തെറിച്ചു.
അകത്തും പുറത്തും തീ പടര്‍ന്നപ്പോള്‍
ഇരുട്ടു അലറിവിളിച്ചു.
അവസാനത്തെ പ്രളയം
കുട്ടികളേയും മുതിര്‍ന്നവരേയും പുറത്തേയ്ക്കു വലിച്ചിഴച്ചു.
അഗ്‌നിയിലേക്കു വലിച്ചെറിഞ്ഞു
-----------------------------
ഞങ്ങളെല്ലാം അകന്നുപോയിരിക്കുന്നു;
ഞങ്ങളുടെ കഥ പറയാന്‍ ആരുമില്ല,
ഇപ്പോള്‍ അവശേഷിക്കുന്നത്
മുറിവേറ്റ, മഹത്തായ
ഒരു നാടുമാത്രം,
ഞങ്ങള്‍ തിരിച്ചെത്തുന്നതുവരെ
അതിനുമുകളില്‍
ഒരു പക്ഷിയും പറക്കില്ല.
    (ലോകാവസാനം, ചേരന്‍ രുദ്രമൂര്‍ത്തി)
ഇതിനിടയില്‍, ചേരിതിരിഞ്ഞ് പരസ്പരവും ശ്രീലങ്കന്‍ പട്ടാളവുമായും ഏറ്റുമുട്ടി തമിഴ് ദേശീയതാവാദവും അതു വളര്‍ത്തിയെടുത്ത എല്‍.ടി.ടി.ഇ പോലുള്ള സംഘടനകളും മെല്ലെ, മെല്ലെ ഇല്ലാതായി. രാജ്യത്തിന്റെ ഭരണ-പട്ടാളശക്തി ഇല്ലാതാക്കി എന്നു പറയുന്നതാകും കൂടുതല്‍ ശരി. എങ്കിലും കവിതയില്‍ പകയോ പ്രതികാരദാഹമോ ഇല്ല. പലായനവും പ്രവാസവും യുദ്ധത്തെപ്പറ്റി പ്രവചന സമാനമായ തിരിച്ചറിവാണ് കവിക്കു നല്‍കിയത്:
അടിച്ചമര്‍ത്തപ്പെടുമ്പോള്‍
നിങ്ങള്‍ കണ്ണുനീരിന്റെ
ചോര കാണുന്നു.
അടിച്ചമര്‍ത്തുമ്പോള്‍
നിങ്ങള്‍ ചോരയുടെ
കണ്ണുനീര്‍ കാണുന്നു. 
    (യുദ്ധം-ഒരു ലഘു ആമുഖം, ചേരന്‍)

ഡോ കെഎസ് രാധാകൃഷ്ണന്‍
ഡോ കെഎസ് രാധാകൃഷ്ണന്‍

ലോകത്തിലെ ഏറ്റവും ശക്തമായ ഗറില്ലാ സംഘടനയായ എല്‍.ടി.ടി.ഇ, അതിന്റെ നേതാവായ വേലുപ്പിള്ളൈ പ്രഭാകരന്റെ കൊലപാതകത്തോടെ 2009 മെയ് മാസമാകുമ്പോഴേയ്ക്കും ചരിത്രത്തിന്റെ ഭാഗമായി. 'സൗഭാഗ്യങ്ങളുടെ ദ്വീപ്' (Serendin) എന്ന് ഒരു കാലത്ത് അറബികള്‍ വിളിച്ചിരുന്ന ശ്രീലങ്ക അപ്പോഴേയ്ക്കും ഹിംസയുടേയും ദൗര്‍ഭാഗ്യങ്ങളുടേയും ദ്വീപായി മാറിക്കഴിഞ്ഞിരുന്നു. അവിടേക്ക് സമാധാനവും ശാന്തിയും തിരിച്ചുകൊണ്ടുവരാന്‍ ബുദ്ധമതക്കാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമടങ്ങുന്ന അവിടുത്തെ ജനത കഴിഞ്ഞ പത്തുവര്‍ഷമായി പ്രയത്‌നിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ ശ്രമം ഫലം കണ്ടു തുടങ്ങിയെന്ന് കഴിഞ്ഞ വര്‍ഷം ഏതാനും  ആഴ്ചകള്‍ ശ്രീലങ്കയില്‍ സഞ്ചരിച്ചപ്പോള്‍ എനിക്ക് ബോധ്യമായതാണ്. ജാഫ്ന കോട്ടയുടെ കല്‍ഭിത്തികളില്‍ യുദ്ധത്തിന്റെ വെടിയുണ്ടപ്പാടുകള്‍ മായാതെ നിലനില്‍ക്കുന്നുണ്ടെങ്കിലും അവിടുന്നു അധികം ദൂരത്തല്ലാതെ, ആഭ്യന്തരയുദ്ധകാലത്ത് സിംഹള പൊലീസ് തീവെച്ചു നശിപ്പിച്ച, തമിഴ് ഭാഷയിലെ അപൂര്‍വ്വ ഗ്രന്ഥശേഖരമെന്ന നിലയില്‍ ലോകത്ത് അറിയപ്പെട്ടിരുന്ന ജാഫ്ന ലൈബ്രറി അതിന്റെ ജ്ഞാനര്‍ജ്ജന പാരമ്പര്യം തിരിച്ചുകൊണ്ടുവരുന്നുണ്ടായിരുന്നു.

ശാന്തിയുടെ ഈ തിരിച്ചുവരവാണ് ഇക്കഴിഞ്ഞ ഉയിര്‍ത്തെഴുന്നേല്പ് ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ആക്രമണത്തിലൂടെ തകര്‍ക്കപ്പെട്ടത്. ഇസ്ലാമിക് ഭീകരവാദ സംഘടനയായ ഐ.എസ്സിനോട് ആഭിമുഖ്യവും ബന്ധവുമുള്ള ചിലരാണ് ഇത് ഈ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നു അവരും സുരക്ഷാ ഏജന്‍സികളും പറയുന്നു. ഇവരുടെ വേരുകള്‍ കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട് എന്നും വാര്‍ത്തകളുമുണ്ട്. ഭൂമിശാസ്ത്രപരമായ സാമീപ്യവും ചരിത്രപരമായ തുടര്‍ച്ചയും പരിഗണിക്കുകയാണെങ്കില്‍ മറ്റൊരു രാജ്യത്ത് നടന്ന ദുരന്തമെന്ന നിലയില്‍ മാത്രം മാറിനിന്ന്, കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ശ്രീലങ്കയില്‍ നടന്നത് കാണാനും വിലയിരുത്താനും കഴിയില്ല. നമ്മില്‍ ആശങ്ക നിറക്കുന്ന പലതും അതിലുണ്ട്.

ശ്രീലങ്കയില്‍ ഭരണത്തില്‍ മാറിമാറി വരുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവിടുത്തെ മത-ദേശീയ തീവ്രവാദ സംഘടനകളെ എങ്ങനെ അവരുടെ അധികാരം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നു എന്നതാണ്  അതില്‍ പ്രധാനം. കേരളത്തിലും വ്യത്യസ്തമല്ല രാഷ്ട്രീയ കാപട്യങ്ങള്‍. മതതീവ്രവാദ ജീനുകള്‍ വഹിക്കുന്ന സംഘടനകളെ പരസ്യമായി തള്ളിപ്പറയുകയും തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ പല തലങ്ങളില്‍, പല രീതിയില്‍ അവരുമായി രഹസ്യ ചര്‍ച്ച നടത്തുകയും സ്വകാര്യ ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരാണ് നമ്മുടെ പല പ്രബല രാഷ്ട്രീയ നേതാക്കളും. ശ്രീലങ്കയില്‍ പ്രസിഡന്റിനെ തോല്പിക്കാന്‍ പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പ്രസിഡന്റോ ഭീകരവാദാക്രമണ മുന്നറിയിപ്പ്  'അവഗണിച്ച' പോലെ കേരളത്തില്‍ ആര്, എന്തു ചെയ്യുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല.

ഇതുപോലുള്ള വസ്തുതകള്‍ നിലനില്‍ക്കെത്തന്നെ, കൂടുതല്‍ പേടിപ്പെടുത്തുന്നതാണ് ശ്രീലങ്കന്‍ ദുരന്തത്തെപ്പറ്റി ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വന്ന ചില പ്രതികരണങ്ങള്‍. ക്രിമിനല്‍ മനസ്സുള്ള ചില നവ സൈബര്‍ സാക്ഷരര്‍ തങ്ങളില്‍ കെട്ടിക്കിടക്കുന്ന വിഭാഗീയ മത-രാഷ്ട്രീയ വിഷം പുറത്തേക്കൊഴുക്കാന്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ ഉപയോഗിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, അറിവിന്റേയും ചിന്തയുടേയും ഉന്നത തലങ്ങളില്‍ വ്യവഹരിക്കുന്നവര്‍ എന്നു നാം കരുതിയവര്‍ 'പോരാളി ഷാജി'മാരായാലോ? അങ്ങനെയൊരു 'പോരാളി'യായിപ്പോയി, ഒരൊറ്റ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. അദ്ദേഹം എഴുതി:മാപ്പര്‍ഹിക്കാത്ത ഈ കൊടുംക്രൂരതയോട്  (ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന മുസ്ലിം തീവ്രവാദി ചാവേറാക്രമണം) പ്രതികരിക്കാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാനുണ്ടെന്നറിയാന്‍ താല്പര്യമുണ്ട്.


ഈ പ്രതികരണത്തിന്റെ ആദ്യഭാഗം പെന്‍ഷന്‍ പറ്റിയ ഏത് പ്രൊഫസറും പറയാന്‍ സാധ്യതയുള്ളതാണ്. യാതൊരു പ്രകോപനവുമില്ലാതെ നടന്‍ മമ്മൂട്ടിയേയും ഫഹദ് ഫാസിലിനേയും ഇതിലേക്കു കൊണ്ടുവന്നതാണ്  അപകടകരം. വിശേഷിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണനെപ്പോലെ ഒരാള്‍. അദ്ദേഹം ഇന്ത്യന്‍ തത്ത്വചിന്തയില്‍ പി.എച്ച്.ഡി നേടിയ ആളാണെന്നാണ് അറിവ്. സര്‍ക്കാരിന്റെ പല കോളേജുകളിലും അദ്ദേഹം വിദ്യാര്‍ത്ഥികളെ തത്വചിന്ത പഠിപ്പിച്ചിട്ടുണ്ട്; കാലടിയില്‍, സാക്ഷാല്‍ ശ്രീശങ്കരന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായിരുന്നു. കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ ചെയര്‍മാനായിരുന്നു. എല്ലാറ്റിനുമുപരി, അറിയപ്പെടുന്ന ഗാന്ധിയന്‍ തത്ത്വചിന്തകനും പ്രചാരകനുമാണ്. രാഷ്ട്രീയപ്രവേശത്തിന്റെ ആവേശത്തില്‍ ഇങ്ങനെ ഒരു പ്രതികരണം നടത്തുന്നതിനു മുന്‍പ്, 1921 നവംബറില്‍ ശ്രീലങ്കയിലെ (അന്ന് സിലോണ്‍) ഇന്ത്യന്‍ സമൂഹത്തോട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇത്രയും നാള്‍ മാതൃകയാണെന്നു പറഞ്ഞ മാഹാത്മാഗാന്ധി പറഞ്ഞ ഈ വാക്കുകളെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു:
കൊളംബോ വിട്ടുപോകുമുന്‍പ് ഒന്നുരണ്ടു ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കു തന്നുപോകുന്നു. നിങ്ങള്‍ ഭക്ഷണം സമ്പാദിക്കുന്നത്  മനോഹരമായ ഈ ദ്വീപില്‍നിന്നാണ്. അതുകൊണ്ട്, പാലില്‍ പഞ്ചസാരപോലെ വേണം നിങ്ങള്‍ ഇവിടെ ജീവിക്കാന്‍. നിറഞ്ഞുതുളുമ്പാറായ ഒരു പാല്‍പ്പാത്രത്തില്‍ പഞ്ചസാര ശ്രദ്ധയോടെ ഇളക്കിച്ചേര്‍ത്താല്‍ അതു തുളുമ്പില്ല. പാലിന്റെ രുചി മധുരതരമാക്കി പഞ്ചസാര അതില്‍ അലിഞ്ഞുചേരും. അതുപോലെ, നുഴഞ്ഞുകയറ്റക്കാരാകാതെ, ആര്‍ക്കിടയിലാണോ നിങ്ങള്‍ ജീവിക്കുന്നത് ആ ജനതയുടെ ജീവിതം സമ്പന്നമാക്കുന്ന രീതിയില്‍ വേണം നിങ്ങള്‍ ഇവിടെ ജീവിക്കാന്‍.
സ്‌നേഹം, അതു വ്യക്തിയോടായാലും രാജ്യത്തോടായാലും സ്വന്തം ജീവിതത്തില്‍ അഭിനയിച്ചു കാണിക്കുക, മമ്മൂട്ടിയെപ്പോലെയൊരു വലിയ നടനുപോലും ദുഃഖകരമായിരിക്കും എന്നു നമ്മുടെ തത്ത്വചിന്തകര്‍അറിയാത്തതെന്ത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com