വിജയന്‍ ആ പാര്‍ട്ടിയെ ലിക്വിഡേറ്റ് ചെയ്യും; എംപി വീരേന്ദ്രകുമാര്‍ അഭിമുഖം

വിജയന്‍ ആ പാര്‍ട്ടിയെ ലിക്വിഡേറ്റ് ചെയ്യും; എംപി വീരേന്ദ്രകുമാര്‍ അഭിമുഖം
ചിത്രം: അജീബ് കൊമാച്ചി
ചിത്രം: അജീബ് കൊമാച്ചി

ഇടതുപക്ഷത്തു നില്‍ക്കുമ്പോഴും ഇടയ്‌ക്കൊരു കാലം ഇടതുമുന്നണിക്കെതിരെ നിന്നപ്പോഴും സ്വന്തം രാഷ്ട്രീയം മൂര്‍ച്ചയോടെയാണ്, എംപി വീരേന്ദ്രകുമാര്‍ സംസാരിച്ചത്. ഇടതു മുന്നണി വിട്ട കാലത്ത് അദ്ദേഹവുമായി ഐ.വി. ബാബു നടത്തിയ ഈ അഭിമുഖം വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ ബോധ്യങ്ങളെ കൃത്യമായി വരച്ചിടുന്നുണ്ട്. (മലയാളം വാരികയുടെ 2009ലെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖം)

കഴിഞ്ഞ അന്‍പത് വര്‍ഷത്തോളമായി പിന്തുടര്‍ന്ന രാഷ്ട്രീയ നിലപാടില്‍നിന്നും ബന്ധങ്ങളില്‍നിന്നുമുള്ള ഒരുവഴിത്തിരിവിലാണ് എം.പി. വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവെന്ന നിലയിലും അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാപാര്‍ട്ടി, ജനതാദള്‍ നേതാവെന്ന നിലയിലും രാഷ്ട്രീയമുന്നണി സംവിധാനത്തില്‍ വീരേന്ദ്രകുമാറിന് ഉറ്റ ബന്ധം ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളുമായിട്ടായിരുന്നു.
'50-കളില്‍ ഐക്യകേരള പിറവിക്ക് മുന്‍പ്, വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പദ്മപ്രഭാ ഗൗഡര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായി മദ്രാസ് നിയമസഭയിലേക്ക് മത്സരിച്ച കാലം മുതല്‍ തുടങ്ങുന്നതാണ് കമ്മ്യൂണിസ്റ്റുകാരുമായുള്ള അടുത്ത സൗഹൃദവും ചങ്ങാത്തവും. വീരേന്ദ്രകുമാര്‍ ആവര്‍ത്തിച്ചു പറയാറുണ്ട്, രാഷ്ട്രീയനേതാവെന്ന നിലയില്‍ വൈകാരികമായി തന്നെ സ്വാധീനിച്ചത് എ.കെ.ജിയാണെന്ന്. എ.കെ.ജിയും ഇ.എം.എസ്സും അഴീക്കോടന്‍ രാഘവനും ഇ.കെ. നായനാരും എന്‍.ഇ. ബാലറാമും പി.കെ.വിയും സി.എച്ച്. കണാരനും ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ആദ്യകാലം മുതല്‍ക്കേ ഹൃദയബന്ധം സൂക്ഷിച്ചു വീരന്‍.
''അച്ഛനുമായി ഇവരില്‍ പലര്‍ക്കും അടുത്ത സൗഹൃദമാണുണ്ടായിരുന്നത്, വിശേഷിച്ചും മലബാറില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക്. അതുകൊണ്ട് തന്നെ പദ്മപ്രഭാ ഗൗഡരുടെ മകന്‍ എന്ന നിലയിലുള്ള സ്‌നേഹവാത്സല്യം ഇവരില്‍ പലരും എന്നോട് കാണിച്ചിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ നേതാവെന്നതിലപ്പുറം, ചിലപ്പോള്‍ എന്നെ ശാസിക്കാനും ഗുണദോഷിക്കാനും വരെയുള്ള സ്വാതന്ത്ര്യം ഇവരില്‍ പലരും കാണിച്ചിരുന്നു; വിശേഷിച്ചും എ.കെ.ജി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ മാത്രമല്ല പ്രവര്‍ത്തകരും സഹയാത്രികരുമെല്ലാം പിന്നിട്ട അരനൂറ്റാണ്ടുകാലം, എനിക്ക് വേണ്ടുവോളം സ്‌നേഹാദരങ്ങള്‍ തന്നിട്ടുണ്ട്''- വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു.
സി.പി.എമ്മുമായി വീരേന്ദ്രകുമാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും ഉണ്ടായിരുന്ന ദീര്‍ഘകാലബന്ധത്തിന് ഉലച്ചിലുണ്ടായത് രണ്ടു സന്ദര്‍ഭങ്ങളില്‍ മാത്രമായിരുന്നു. '70-കളുടെ തുടക്കത്തില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി)മഹാസഖ്യമുണ്ടാക്കിയപ്പോഴായിരുന്നു ആദ്യത്തേത്. ഭാരതീയക്രാന്തിദള്‍, സ്വതന്ത്രാപാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സിനെതിരായി മഹാസഖ്യം ഉണ്ടാക്കുന്നതിന് സി.പി.എം എതിരായിരുന്നു. പിന്നീട് '80-കളുടെ തുടക്കത്തില്‍ ജനതാപാര്‍ട്ടിയില്‍ മുന്‍ ജനസംഘക്കാരുണ്ട് എന്ന കാരണത്താല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി (എല്‍.ഡി.എഫ്)യുമായി അല്പകാലം ബന്ധം മുറിക്കേണ്ടിവന്നു. മുന്നണിബന്ധത്തിലെ ഈ ചെറിയ ഇടവേളകളില്‍പ്പോലും പാര്‍ട്ടി നേതൃത്വങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും ആത്മബന്ധത്തിനും ഉലച്ചില്‍ തട്ടിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അപമാനകരമായ അനുഭവങ്ങളുടെ മുറിവുകളുമായി എല്‍.ഡി.എഫില്‍നിന്നും വീരനും ജനതാദളും പുറത്തേയ്ക്ക്. മേഴത്തൂരിലെ വൈദ്യമഠത്തില്‍ ഒരുമാസത്തോളമുള്ള ആയുര്‍വേദ ചികിത്സയ്ക്കിടയിലായിരുന്നു എം.പി. വീരേന്ദ്രകുമാറുമായുള്ള ഈ അഭിമുഖം. ഇതിന് തുടക്കമിട്ടത് നേര്‍ക്ക്‌നേരെയുള്ള ഒരു ചോദ്യത്തോടെയായിരുന്നു:

ഐക്യജനാധിപത്യ മുന്നണിയി(യു.ഡി.എഫ്)ലേയ്ക്കുള്ള ചുവടുമാറ്റത്തിന് താങ്കള്‍ക്ക് എന്തു ന്യായമാണുള്ളത്? ആഗോളവത്കരണ-സാമ്രാജ്യത്വ വിരുദ്ധ ഇടതുപക്ഷ സമരപാതയില്‍ നിന്നും ആഗോളവത്കരണത്തിന്റെ വക്താക്കളും നടത്തിപ്പുകാരുമായ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിലേക്കാണ് ജനതാദള്‍-എസ് ചേക്കേറുന്നത്?

കണ്ണുകള്‍ ഇറുകെയടച്ചുള്ള കുറേനേരത്തെ മൗനത്തിനുശേഷമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞു തുടങ്ങിയത്; ഓരോ വാക്കും സൂക്ഷിച്ച്, തെല്ലൊരു വികാരഭാരത്തോടെ: രാഷ്ട്രീയം സന്ന്യാസമല്ലെന്ന് നാം മനസ്സിലാക്കണം. രാഷ്ട്രീയത്തിലെ മൗലികമായ പ്രശ്‌നം അധികാരം ആരുടെ കൈയില്‍ എന്നതാണ്. അതിനാണ് ഓരോ പാര്‍ട്ടിക്കും ഓരോനയങ്ങള്‍ ഉള്ളത്. ഈ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റയ്ക്ക് രാഷ്ട്രീയാധികാരം കൈവരില്ലെന്ന് വരുമ്പോള്‍ മുന്നണി സംവിധാനത്തെക്കുറിച്ച് പാര്‍ട്ടികള്‍ ചിന്തിക്കും. സി.പി.എമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫും യു.ഡി.എഫും അങ്ങനെയാണ് രൂപമെടുത്തത്. ഓരോ പാര്‍ട്ടിയും ഓരോ മുന്നണി സംവിധാനത്തിലേക്ക് വരുമ്പോള്‍, അവരുടെ അടിസ്ഥാന പരിപാടികള്‍ മാറ്റിവയ്ക്കുന്നില്ല. മറിച്ച് യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകള്‍ ചര്‍ച്ചചെയ്ത്, യോജിക്കാവുന്ന പരിപാടികളുടെ അടിസ്ഥാനത്തിലാണ് മിനിമം പരിപാടി രൂപം കൊള്ളുന്നത്. ചുരുക്കത്തില്‍, മുന്നണി സംവിധാനത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ പൂര്‍ണ്ണമായ സംയോജനം സാധ്യമല്ല.
ജനതാദള്‍ യു.ഡി.എഫില്‍ ചേരുമ്പോഴുണ്ടാകുന്ന പ്രശ്‌നത്തെക്കുറിച്ച് ഒരു ഉദാഹരണം പറയാം. ഇപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ആസിയാന്‍ കരാര്‍. ആ കരാര്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ, വിശേഷിച്ച് നാണ്യവിളകള്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകരെ, തകര്‍ക്കുമെന്നതില്‍ ഒരു സംശയവുമില്ല. കരാര്‍ കേരളത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഇപ്പോഴുള്ളതിനേക്കാളേറെ ഇനങ്ങള്‍ നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തി കരാര്‍ ദോഷകരമായി ബാധിക്കുന്ന മേഖലകള്‍ക്ക് കേന്ദ്രം സഹായവും സംരക്ഷണവും നല്‍കണം എന്നതാണ് ജനതാദളിന്റെ നിലപാട്. ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ചൈനയുമായി വ്യാപാരമേഖലയിലുള്ള മത്സരമാണ് ആസിയാന്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുന്നത്.
യു.ഡി.എഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി ആസിയാന്‍ കരാര്‍ പ്രശ്‌നത്തില്‍ സമാനമായ നിലപാടാണ് കൈക്കൊണ്ടത്. കാരണം സംസ്ഥാനതല പ്രശ്‌നങ്ങള്‍ക്കാണ് കേരള കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. പ്രത്യേകിച്ചും നാണ്യവിളകള്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകരുടെ താല്പര്യം. കര്‍ഷകരുടെ പാര്‍ട്ടിയാണെന്നാണ് കേരളകോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ഓരോരുത്തരും സ്വയം വിശേഷിപ്പിക്കുക. അതിന്റെ രൂപീകരണ പശ്ചാത്തലവും അതാണ്. മറ്റൊന്ന്, ഇപ്പോള്‍ ചര്‍ച്ചയായ 'വിമോചനസമരം'. യു.ഡി.എഫില്‍ മാര്‍ക്‌സിസം അംഗീകരിക്കുന്ന ഒരു പാര്‍ട്ടി എം.വി.ആറിന്റെ സി.എം.പി. ആണ്. സി.എം.പി.യെ വച്ചുകൊണ്ട് 'വിമോചന സമര'ത്തെ പ്രശംസിക്കാന്‍ യു.ഡി.എഫിലെ മറ്റ് പാര്‍ട്ടികള്‍ക്ക് കഴിയുമോ? സി.എം.പി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുപാരമ്പര്യത്തിന്റെ ഭാഗമാണെന്നതുകൊണ്ട്തന്നെ അവര്‍ക്ക് 'വിമോചനസമര'ത്തെ അംഗീകരിക്കാനാവില്ലെന്നത് വാസ്തവമല്ലേ? 

ലോഹ്യയുടെ ദര്‍ശനം
ജനതാദള്‍-എസ് യു.ഡി.എഫില്‍ ചേരുമ്പോള്‍ മുന്നണി രാഷ്ട്രീയത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഈ വസ്തുതകള്‍ നാം ഓര്‍ക്കണം. യു.ഡി.എഫില്‍ കോണ്‍ഗ്രസ് മാത്രമാണ് ഒരു ദേശിയ കക്ഷി. അവര്‍ക്കാണ് ദേശീയ പരിപാടികളുള്ളത്. മറ്റുള്ളവര്‍ക്ക് ദേശീയ പ്രശ്‌നങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകളുണ്ടാവാം. പക്ഷേ, നടപ്പാക്കാന്‍ ദേശീയതലത്തില്‍സംഘടനയില്ലല്ലോ. എല്‍.ഡി.എഫിലാകട്ടെ നേതൃത്വം നല്‍കുന്ന സി.പി.എം സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് ദേശീയകക്ഷി. പരമ്പരാഗതമായ മൂന്ന് സംസ്ഥാനങ്ങളിലൊഴികെ അതിന്റെ സ്ഥാനം നാമമാത്രമാണ്. ഞങ്ങളെ എല്‍.ഡി.എഫില്‍നിന്നും ചവുട്ടിപ്പുറത്താക്കിയതിനെ തുടര്‍ന്നാണ് ഞങ്ങള്‍ യു.ഡി.എഫുമായി ബന്ധപ്പെടുന്നത്.

എല്‍.ഡി.എഫില്‍നിന്നും ചവുട്ടിപ്പുറത്താക്കിയെന്ന് എത്രയോ തവണ താങ്കള്‍ ആവര്‍ത്തിച്ചു. പക്ഷേ, ഈയടുത്ത് താങ്കള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞത്, കേരളത്തിലെ സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ വീരേന്ദ്രകുമാര്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പക്ഷം ചേര്‍ന്നതായി പ്രകാശ് കാരാട്ട്, ദേവഗൗഡയോട് പരാതിപ്പെട്ടുവെന്നാണ്. മാത്രമല്ല, 'മാതൃഭൂമി' പത്രത്തെ അതിനായി ഉപയോഗിച്ചുവെന്നും കാരാട്ട് പറഞ്ഞതായി താങ്കള്‍ വെളിപ്പെടുത്തുകയുണ്ടായി. കാരാട്ടിന്റെ വിമര്‍ശനത്തെ ശരിവയ്ക്കുന്നതല്ലേ 'മാതൃഭൂമി'യുടെയും താങ്കളുടെയും പ്രവര്‍ത്തനം?

രാഷ്ട്രീയത്തിലെ ബന്ധങ്ങള്‍ പ്രശ്‌നാധിഷ്ഠിതമാണ്, വ്യക്ത്യധിഷ്ഠിതമല്ല. വി.എസ്സുമായി അടുത്തബന്ധം കുറഞ്ഞ കാലയളവിനിടയില്‍ എനിക്കുണ്ടാകാന്‍ കാരണവും ഇതുതന്നെയാണ്. വി.എസ്‌സിനെപ്പോലെ ഒരാള്‍ക്ക് എന്റെയും 'മാതൃഭൂമി'യുടെയും സംരക്ഷണം വേണമെന്നു പറയുന്നത് എത്രമാത്രം അര്‍ത്ഥശൂന്യമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ജനതാദള്‍-എസ് ഏറ്റെടുത്ത രണ്ട് സമരങ്ങള്‍ എക്‌സ്പ്രസ്സ്്‌ഹൈവേയ്ക്കും പഌച്ചിമടയിലെ കോള ഫാക്ടറിയ്ക്കും എതിരായ സമരങ്ങളാണ്. ഇതിനുള്ള അടിസ്ഥാനം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ നല്‍കിയ ഉള്‍ക്കാഴ്ചകളാണ്. മാനുഷിക പരിപ്രേക്ഷ്യമുള്ള വികസനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ അന്തഃസത്ത. അടിസ്ഥാന വിഭവങ്ങളുടെ അസന്തുലിതമായ വിതരണം സാമൂഹികനീതിയെ അപകടപ്പെടുത്തും. ഭൂമിക്ക് മാത്രമേ കൈവശാവകാശം നിശ്ചയിക്കാനാവൂ. വെള്ളം, വായു എന്നിവയ്ക്ക് ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കാനാവില്ല. അതായത് കുടിവെള്ളത്തിന് പകരം മറ്റൊന്നില്ല. കോള വേണോ എന്നതില്‍ തെരഞ്ഞടുപ്പിനുള്ള സാധ്യതയുണ്ട്. കുടിവെള്ളം കോര്‍പ്പറേറ്റ്‌വത്കരിക്കുകയെന്നാല്‍ ജീവന്റെ നിദാനം ഇല്ലാതാക്കുകയെന്നാണ് അര്‍ത്ഥം. ഭൂമി, ജാതി, ഭാഷ, സാമൂഹ്യനീതി, അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണം തുടങ്ങിയവയാണ് ഡോക്ടറുടെ ചിന്തകളില്‍ എപ്പോഴും മുന്തിനിന്നിരുന്ന പ്രശ്‌നങ്ങള്‍.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഭൂവിതരണത്തിലെ അപാകതകള്‍ കുറക്കണം. ജാതീയമായ അവശതകളെ അവഗണിച്ചുകൊണ്ടുള്ള മാര്‍ക്‌സിസ്റ്റ് രീതിയിലുള്ള വര്‍ഗവിശകലനം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്നായിരുന്നു സോഷ്യലിസ്റ്റുകളുടെ കാഴ്ചപ്പാട്.

സമരമുഖങ്ങളിലെ സഹവര്‍ത്തിത്വം
പഌച്ചിമടയിലെ കുടിവെള്ള സമരവും എക്‌സ്പ്രസ് ഹൈവേക്കെതിരായ സമരവും തുടങ്ങുമ്പോള്‍ അതിന് അടിസ്ഥാനമായി തീര്‍ന്ന ആശയപ്രപഞ്ചം 'ഗാട്ടും കാണാച്ചരടുകളും' ഉള്‍പ്പെടെയുള്ള എന്റെ പുസ്തകങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. 'ഗാട്ടും കാണാച്ചരടുകളും' ഇ.എം.എസ്സാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് പ്രകാശനം ചെയ്തത്. അന്ന് വേദിയിലിരിക്കെ, മുഖമില്ലാത്ത ഒരുതരം പുതിയ കോര്‍പ്പറേറ്റ് മുതലാളിത്തമാണ് ആഗോളവത്കരണത്തോടെ രൂപപ്പെടുകയെന്ന് ഇം.എം.എസ്സിനോട് ഞാന്‍ പറയുകയുണ്ടായി. നേരത്തെ, ഒരോ ദേശരാഷ്ട്രങ്ങള്‍ക്കകത്തും ഉള്ള മുതലാളിമാരാണുണ്ടായിരുന്നത്. ടാറ്റ, ബിര്‍ള, ഗോയങ്ക എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കൊക്കെ മുഖമുണ്ട്. എന്നാല്‍, എന്റോണ്‍, യൂനിയന്‍ കാര്‍ബൈഡ് തുടങ്ങി പുതിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ എത്തുമ്പോഴേയ്ക്കും അവയ്‌ക്കൊന്നും മുഖമില്ലാതായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വ വിരുദ്ധ സമരം കൂടുതല്‍ സങ്കീര്‍ണ്ണമായ മാനങ്ങള്‍ കൈവരിക്കുമെന്ന എന്റെ അഭിപ്രായം ഇ.എം.എസ്. പൂര്‍ണ്ണമായി അംഗീകരിച്ചു. ആ പശ്ചാത്തലമാണ് പഌച്ചിമട സമരം പോലുള്ള പ്രസ്ഥാനങ്ങള്‍ക്കുള്ളത്. മുഖമില്ലാത്ത ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായ സമരം.

പഌച്ചിമട, എക്‌സ്പ്രസ് ഹൈവേ സമരങ്ങള്‍ക്ക് രണ്ടു മുന്നണികളും പൊതുവില്‍ എതിരായിരുന്നു. ഈ സമരവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് പ്രതിപക്ഷനേതാവായിരുന്ന വി.എസ്‌സാണ്. എക്‌സ്പ്രസ് ഹൈവേ കേരളത്തെ രണ്ടായി കീറിമുറിക്കുമെന്ന് ആദ്യമായി ലേഖനമെഴുതിയത് ഞാനാണ്. കൊക്കകോള കമ്പനി പ്രവര്‍ത്തിച്ചിരുന്ന ജനതാദള്‍ ഭരിക്കുന്ന പെരുമാട്ടി പഞ്ചായത്തില്‍ മാത്രമായിരുന്നു കോളവിരുദ്ധസമരം. പെപ്‌സി പ്രവര്‍ത്തിച്ചിരുന്ന പുതുശ്ശേരി പഞ്ചായത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭരണമാണ്. അവിടെ എന്തുകൊണ്ട് സമരമുണ്ടായില്ല? 

എക്‌സ്പ്രസ് ഹൈവേയ്ക്കും കോളയ്ക്കുമെതിരായ സമരത്തില്‍ ആശയപ്രചരണത്തിനായി മുന്‍നിന്നു പ്രവര്‍ത്തിച്ച'മാതൃഭൂമി' ഇതു സംബന്ധിച്ച് ലേഖനസമാഹാരങ്ങള്‍ പുറത്തിറക്കി. അത് ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരുപത്രത്തിന്റെ ധര്‍മ്മമാണ്. അത് ഞങ്ങള്‍ നിറവേറ്റി. ഇതോടൊപ്പം ഏറെ പ്രാധാന്യമുള്ള മറ്റൊരു സംഗതി, മയിലമ്മയെപ്പോലുള്ള നിരക്ഷരയായ ഒരു സ്ത്രീ ഈ കുടിവെള്ളസമരത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നേതാവായി എന്നതാണ്. ഈ സമരവേദികളിലെല്ലാം ഞങ്ങള്‍ക്ക് പിന്തുണയുംആവേശവും നല്‍കി വി.എസ്. എത്തി. ഇവിടെ മാത്രമല്ല, മതികെട്ടാനിലും കോഴിക്കോട് സൂചിപ്പാറയിലും മറ്റും നടന്ന വനംകൈയേറ്റങ്ങള്‍ക്കെതിരെ അദ്ദേഹം മുന്‍നിരയില്‍ നിന്നു. മൂവായിരത്തോളം അടി ഉയരമുള്ള മതികെട്ടാന്‍ മലയില്‍ വി.എസ്. കയറിയത് പബഌസിറ്റിക്കുവേണ്ടിയായിരുന്നോ? സി.പി.എമ്മിലെ 'അരോഗദൃഢഗാത്ര'രായ ഒരൊറ്റ നേതാവിനെയും ആ വഴിക്ക് കണ്ടിരുന്നില്ലല്ലോ? എല്ലായിടത്തും വി.എസ്. ഒറ്റയാനായിരുന്നില്ലേ? കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ഏതെങ്കിലും ഒരു ജനകീയ സമരമുഖത്ത് നാം പിണറായിവിജയനെ കണ്ടിട്ടുണ്ടോ? 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ താങ്ങായും തണലായും സമരമുഖങ്ങളില്‍ ഉള്ളവരുമായേ ആത്മബന്ധം ഉണ്ടാവൂ. അതിനോട് മുഖംതിരിഞ്ഞിരിക്കുന്നവരുമായി അടുത്ത ബന്ധം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ പാര്‍ട്ടിയല്ല, സി.പി.എമ്മായിരുന്നു കുടിവെള്ള സമരത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാവേണ്ടിയിരുന്നത്. ശരിയായ ജനകീയപ്രശ്‌നങ്ങളില്‍നിന്ന് ഇടതുപക്ഷം അകലുകയും അതിന്റെ സ്ഥാനം മറ്റുള്ളവര്‍ കൈയേല്‍ക്കുകയുമാണ്.
വി.എസ്സിനെ ഞാന്‍ ആദ്യമായി കണ്ടത് പണ്ട് തിരുവനന്തപുരത്ത് കെ. അനിരുദ്ധന്‍ മത്സരിച്ച ഒരു ഉപതെരഞ്ഞെടുപ്പ് കാലത്താണ്. അന്നത്തെ വി.എസ്സിന് തടിച്ചുരുണ്ട ദേഹപ്രകൃതമാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കാലിന് വേദനവരും. എന്താ വി.എസ്. കാലിനെന്ന് ഞാന്‍ ചോദിച്ചു. പഴയപൂഞ്ഞാര്‍ പൊലീസ് സ്‌റ്റേഷനില്‍നിന്നു കിട്ടിയ ഒരു സമ്മാനമാണെന്നായിരുന്നു മറുപടി. അങ്ങനെ സാന്ദര്‍ഭികമായുണ്ടായിരുന്ന ചില കൂടിക്കാഴ്ചകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വി.എസ്സുമായി എനിക്ക് വലിയ അടുപ്പം ഉണ്ടായിരുന്നില്ല. പറഞ്ഞുവരുമ്പോള്‍, എനിക്ക് കൂടുതല്‍ ബന്ധം വിജയനും (പിണറായി), ബാലകൃഷ്ണനു (കോടിയേരി) മായിട്ടായിരുന്നു.

'മാതൃഭൂമി'യുടെ നിലപാട്?

ഞാന്‍ പല തവണ പറഞ്ഞിട്ടുള്ളതാണ് 'മാതൃഭൂമി' ജനതാദളിന്റെ മുഖപത്രമല്ലെന്ന വസ്തുത. ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഞാനാണെങ്കിലും അതിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരാണ്. അതുകൊണ്ടുതന്നെ എന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും അനുസരിച്ച് 'മാതൃഭൂമി'യുടെ നയങ്ങള്‍ മാറ്റാനാവില്ല. കുടിവെള്ളം, എക്‌സ്പ്രസ് ഹൈവെ പ്രശ്‌നങ്ങളില്‍ സാമൂഹ്യപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും 'മാതൃഭൂമി' പ്രകടിപ്പിച്ചുവെന്നേയുള്ളൂ. 'മാതൃഭൂമി'യില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച വാര്‍ത്തകള്‍ എത്രയോ വര്‍ഷമായി വരാറുണ്ട്. അതിന്റെ പേരില്‍ ഇ.എം.എസ്സും എ.കെ.ജിയും നായനാരും അടക്കമുള്ളവര്‍ വ്യക്തിപരമായി എനിക്കെതിരായിട്ടില്ല.എന്റെ സാന്നിദ്ധ്യത്തില്‍ പൊതുസമ്മേളനങ്ങളില്‍വച്ച് 'മാതൃഭൂമി'ക്കെതിരെ നായനാര്‍ വിമര്‍ശനം ഉന്നയിച്ച രസകരമായ അനുഭവങ്ങള്‍ ഞാന്‍ പറയാം. ഒരിക്കല്‍ തിരുവനന്തപുരം പുത്തരിക്കണ്ടത്ത് എല്‍.ഡി.എഫിന്റെ ഒരു പരിപാടിനടക്കുന്നു. വേദിയില്‍ ആര്‍.എസ്.പി. നേതാവ് കെ. പങ്കജാക്ഷനും ഞാനുമുണ്ട്. പ്രസംഗം കത്തിക്കയറുന്നതിനിടയില്‍ നായനാര്‍ എന്നെ ചൂണ്ടി, 'ഇയാളുടെ കടലാസാ 'മാതൃഭൂമി'. അത് നമ്മള്‍ക്കെതിരായി എന്തെല്ലാം പറയുന്നു. എന്നിട്ടും എന്തെങ്കിലും നടന്നോ' എന്ന് തമാശയായി പറഞ്ഞു. സദസ്സിലും വേദിയിലുമുള്ളവര്‍ ആര്‍ത്തുചിരിച്ചു. ഞാന്‍ പ്രസംഗിക്കുന്നതിനിടെ, വേദിയിലിരുന്ന നായനാരെ നോക്കി, 'മാതൃഭൂമി'യുടെ കാര്യത്തില്‍ ഞാനെന്ത് ചെയ്യാനാണ് നായനാരേ?. ഈ ഇരിക്കുന്ന പങ്കജാക്ഷന്റെയും, പിന്നെ നമ്മുടെപി.ജിയുടെയും ഒക്കെ മക്കളല്ലേ അതില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ റിപ്പോര്‍ട്ടര്‍മാരും എഴുതുന്നത് പ്രസിദ്ധീകരിക്കുകയല്ലാതെ ഞങ്ങളെന്ത് ചെയ്യാനാണ്? എന്ന് ഞാന്‍ പറഞ്ഞു. (പി. ഗോവിന്ദപ്പിള്ളയുടെ മകന്‍ എം.ജി. രാധാകൃഷ്ണന്‍ അന്ന് മാതൃഭൂമിയിലായിരുന്നു. പങ്കജാക്ഷന്റെ മകന്‍ ഇപ്പോഴും മാതൃഭൂമിയിലാണ്.) ഇതു കേട്ടപാടെ വീണ്ടും എല്ലാവരും പൊട്ടിച്ചിരിയായി. പിന്നീടൊരിക്കല്‍, കണ്ണൂരില്‍ ഒരു പൊതുയോഗത്തില്‍ നായനാര്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സദസ്സിലൂടെ സ്‌റ്റേജിലേക്ക് ചെല്ലുകയായിരുന്ന എന്നെ കണ്ടയുടനെ, 'അതാ നമ്മടെ മാതൃഭൂമിക്കാരന്‍ വരുന്നു. ഓന്റെ കടലാസില്‍ എന്തെഴുതിയാലും നമ്മുടെ പ്രസ്ഥാനത്തിനൊന്നും പറ്റൂല്ല' എന്നായി നായനാര്‍. ഈ കമന്റ് കേട്ടതോടെ അവിടെകൂടിയിരുന്നവരെല്ലാം ചിരിയോട് ചിരി. ഈ അഭിപ്രായങ്ങളിലോ, വിമര്‍ശനങ്ങളിലോ കന്മഷമില്ല. നായനാരുടെ ഹൃദയനൈര്‍മല്യമായേ നാമെല്ലാം ഇത്തരം അഭിപ്രായ പ്രകടനങ്ങളെ കാണൂ. എന്നാല്‍, പാര്‍ട്ടി പൊതുയോഗത്തില്‍ വച്ച്, 'എടോ, ഗോപാലകൃഷ്ണ' എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മാതൃഭൂമി പത്രാധിപര്‍ക്കെതിരെ ആക്രോശിക്കുമ്പോള്‍ സംഗതി മറ്റൊന്നായി. ഹൃദ്യവും ഊഷ്മളവുമായ വിമര്‍ശനങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും സ്ഥാനം ഭീഷണിയും താക്കീതുകളും കൈയടക്കുന്നു. ഇത് ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ അന്ത്യവും അതില്‍നിന്ന് ഭിന്നവും ഞങ്ങളുടെ തലമുറയ്ക്ക് തീര്‍ത്തും അപരിചിതവുമായ മറ്റൊന്നിന്റെ ഉദയവുമാണ്. ഇതൊക്കെ പറയുമ്പോള്‍, ഞാന്‍ വേദനയോടെ ഓര്‍ക്കുക, എ.കെ.ജിയും ഇ.എം.എസ്സും സി.എച്ച്. കണാരനും അഴീക്കോടനുമൊന്നും അഭിപ്രായ വ്യത്യാസങ്ങളെ നേരിട്ടത് ഇങ്ങനെയായിരുന്നില്ലല്ലോ എന്നാണ്. എന്താണ് ഈപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് പറ്റിയത്? സഹപ്രവര്‍ത്തകരോടും സഹയാത്രികരോടും അങ്ങേയറ്റം ബഹുമാനവും സ്‌നേഹവും കാണിച്ച ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളാണ് കൈക്കരുത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത്!

ആരോപണങ്ങള്‍ ആക്രമണങ്ങള്‍

'ഗാട്ടും കാണാച്ചരടുകളും' എഴുതിയ വീരേന്ദ്രകുമാര്‍ യു.ഡി.എഫില്‍ പോയി എന്നാണ് സി.പി.എം വിമര്‍ശനം?

ആ പുസ്തകം എന്റെ നിലപാടാണ്. അത് സി.പി.എമ്മിന്റേതല്ലല്ലോ? സി.പി.എം സ്വന്തം നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയിരുന്നെങ്കില്‍ നന്ദിഗ്രാമും സിംഗൂരും ഉണ്ടാവുമായിരുന്നോ? ബംഗാളിലും കേരളത്തിലും ഇത്രയും നാണംകെട്ട തോല്‍വി ഉണ്ടാവുമായിരുന്നോ? സി.പി.എം ആദ്യം അവരുടെ നിലപാടുകള്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കട്ടെ.
മുന്നണി മാറ്റത്തെക്കുറിച്ച് രാഷ്ട്രീയമായ ന്യായവാദങ്ങള്‍ നിരത്തുമ്പോഴും, വിമര്‍ശനങ്ങളെ അതീവ സൂക്ഷ്മതയോടെ ഖണ്ഡിക്കുമ്പോഴും വൈകാരികമായ ചില സമ്മര്‍ദ്ദങ്ങള്‍ വീരേന്ദ്രകുമാറിനെ അലട്ടുന്നുണ്ടെന്ന് തീര്‍ച്ച. അന്‍പതുവര്‍ഷത്തെ ബന്ധമാണ് സി.പി.എം അറുത്തുമാറ്റിയത്. അതും ഏറെ ആരോപണങ്ങള്‍ക്കും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ കായികാക്രമണങ്ങള്‍ക്കും ശേഷം. ഭൂമികൈയേറ്റക്കാരന്‍, സ്വന്തം പെങ്ങളെപ്പോലും കൊല്ലാക്കൊല ചെയ്യാന്‍ മടിയില്ലാത്ത പത്രമുതലാളി തുടങ്ങി ആരോപണങ്ങള്‍ ഏറെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോഴിക്കോട് ജില്ലയിലും മറ്റു പലയിടങ്ങളിലും ജനതാദള്‍ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടന്നു. ഒടുവില്‍ സി.പി.എം കേന്ദ്രനേതൃത്വവും ജനറല്‍ സെക്രട്ടറി തന്നെയും ജനതാദള്‍ പ്രസിഡന്റ് ദേവഗൗഡയെ സ്വാധീനിച്ച് വീരേന്ദ്രകുമാറിനെ പുറത്താക്കിക്കുക. ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഡാനിഷ് അലി എന്ന മൂടില്ലാത്താളിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വിലപേശല്‍. എന്തെല്ലാം, എന്തെല്ലാം.
'കുറച്ചുദിവസം മുന്‍പ് കേന്ദ്രമന്ത്രിയായ ഇ. അഹമ്മദിന് കോഴിക്കോട് സ്വീകരണമുണ്ടായിരുന്നു. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ സദസ്സ്് എന്നെ സഹര്‍ഷം എതിരേറ്റു. അവരോട് ഞാന്‍ പറഞ്ഞത് ഇത്രമാത്രം: നിങ്ങളുടെ സ്‌നേഹം അറിയാന്‍, കിട്ടാന്‍ അതിനു മാത്രമാണ് ഞാനിവിടെ വന്നത്. രാഷ്ട്രീയമെല്ലാം പിന്നെ പറയാം-'വീരന്‍പറഞ്ഞു.
വീണ്ടും പോരാട്ടങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം തോളുരുമ്മിനിന്ന ആ പഴയ കാലത്തേക്ക്: 'രാഷ്ട്രീയത്തില്‍ വെറും മുദ്രാവാക്യങ്ങളും സിദ്ധാന്തങ്ങളും ആശയങ്ങളും മാത്രം പോരാ, ബന്ധങ്ങള്‍ക്ക് വൈകാരികതയുടെ ഇഴയടുപ്പംകൂടി വേണം, ജനങ്ങളുമായും സഹപ്രവര്‍ത്തകരുമായും അങ്ങനെ എല്ലാവരുമായും. അതില്ലാതെ നിര്‍വികാരമായി, നിസ്സംഗമായി ഒന്നും ചെയ്യാനാവില്ല. ഈ പാഠം ഞാന്‍ പഠിച്ചത് എ.കെ.ജിയില്‍ നിന്നാണ്. താങ്കള്‍ക്കറിയോ, ചൈനീസ് ചാരന്‍മാര്‍ എന്ന് മുദ്രകുത്തി സി.പി.എം നേതാക്കന്മാരെ 1965-ല്‍ ജയിലിലടച്ചപ്പോള്‍, അന്ന് അതിനെതിരെ നിലപാടെടുത്തത് ഡോ. ലോഹ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി മാത്രമാണ്. വിചാരണ കൂടാതെ ആരെയും കരുതല്‍ തടങ്കലില്‍ വയ്ക്കരുതെന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതുകൊണ്ടുതന്നെ ഒറ്റപ്പെടുത്തലിന്റെയും ആക്ഷേപങ്ങളുടെയും നാനാമുഖമായ വേട്ടയാടലുകളുടെയും കാലത്ത് '64 മുതല്‍ ഞങ്ങള്‍ മാത്രമാണ് സി.പി.എമ്മിനോടൊപ്പം ഉണ്ടായിരുന്നത്. കരുതങ്കല്‍ തടങ്കലിനെതിരെ കേരളമാകെ പ്രസംഗിച്ച് നടന്നത് ഞങ്ങള്‍ സോഷ്യലിസ്റ്റുകാര്‍ മാത്രമായിരുന്നു.

സി.പി.എം അണികളുടെ സ്‌നേഹവായ്പ്
''താങ്കള്‍ ഓര്‍ക്കണം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം, '64 മുതല്‍ അടിയന്തരാവസ്ഥ കഴിയുന്നതുവരെ, മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഏറ്റവും ഭീകരമായ ആക്രമണം നേരിട്ട കാലത്ത്, ഞങ്ങള്‍ പഴയ സോഷ്യലിസ്റ്റുകാര്‍ മാത്രമായിരുന്നു ഒപ്പം. കൂടെ നിന്നവര്‍ പലരും അടിയന്തരാവസ്ഥ പോലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഉപേക്ഷിച്ചുപോയി. 1980-ല്‍ഇടതുപക്ഷ ജനാധിപത്യമുന്നണി (എല്‍.ഡി.എഫ്.) രൂപം കൊള്ളുന്നതുവരെ ആര്‍.എസ്.പിയും സി.പി.ഐയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. 
'വഴിപിരിയലിന്റെ തുടക്കത്തിലെ ചില ഹൃദയസ്പര്‍ശിയായ അനുഭവങ്ങളും പറയേണ്ടതുണ്ട്: ''കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്, വടകരയില്‍ ജനതാദള്‍ പൊതുയോഗത്തില്‍വച്ച് ഇക്കാര്യം ഞാന്‍ പറയുകയുണ്ടായി; കടുത്ത വികാരവിക്ഷോഭത്തോടെ അത് പറഞ്ഞപ്പോള്‍ ഒരുവേള എന്റെ തൊണ്ടയിടറി. '65-ല്‍ ഒഞ്ചിയത്തടക്കം പോയി പ്രസംഗിച്ച അനുഭവം ഞാന്‍ അവിടെ പറഞ്ഞു. പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ പ്രായംചെന്ന ഒരാള്‍ എന്റെ കൈപിടിച്ചു. ഇടതുമുന്നണിയില്‍ നിന്നും വിട്ടുപോവുകയാണല്ലേ എന്ന് വല്ലാത്ത വേദനയോടെ അദ്ദേഹം ചോദിച്ചു. 1965-ല്‍ ഞാന്‍ ചെയ്ത പ്രസംഗം കേട്ട, ഒഞ്ചിയത്തുനിന്നുള്ള ഒരു സി.പി.എം പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പ്രാദേശികമായ അഭിപ്രായഭിന്നതകളും പ്രശ്‌നങ്ങളുമെല്ലാം അവിടവിടെയായി സി.പി.എമ്മുമായി ഉണ്ടായിരുന്നെങ്കിലും മിക്കവാറും സി.പി.എം അണികള്‍ വല്ലാത്തൊരടുപ്പം ഞങ്ങളോട് കാണിച്ചതായാണ് അനുഭവം.
''കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മാവേലിക്കരയില്‍ ഒരു തട്ടുകടയില്‍നിന്ന് ഞാന്‍ ചായ കുടിക്കുന്നത് കണ്ട് ചില സി.പി.എം പ്രവര്‍ത്തകര്‍ അടുത്തുവന്നു. മുന്നണിയുമായുള്ള ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചെല്ലാം അവര്‍ വിഷമത്തോടെയാണ് സംസാരിച്ചത്. പിരിയാന്‍നേരം 'സഖാവെ, ഞങ്ങളുടെ നേതാക്കള്‍ തട്ടുകടയൊക്കെ മറന്നിട്ട് കാലം കുറച്ചായി'', എന്നായിരുന്നു അതിലൊരാളുടെ കമന്റ്.

കേവലം ഒരു സീറ്റിനുവേണ്ടി, ഇത്രയേറെ വൈകാരികമായ ഒരു ബന്ധം മുറിച്ചെറിയണമായിരുന്നോ?

ഞാന്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന ആ പഴയ കാലത്തായിരുന്നെങ്കില്‍ പാര്‍ലമെന്റ് സീറ്റും മന്ത്രിസ്ഥാനവുമൊന്നും കിട്ടിയില്ലെങ്കിലും മുന്നണിയില്‍ തുടരുന്നതില്‍ ഒരു പ്രശ്‌നവുമുണ്ടാകുമായിരുന്നില്ല. കാരണം, അന്നത്തെ മാനസികമായ കെട്ടുറപ്പ് അത്രമേല്‍ ദൃഢമായിരുന്നു. അന്നൊക്കെ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വെറും പ്രഹസനമായിരുന്നില്ല. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍, സാധ്യതകള്‍, മുന്നണിക്കും രാഷ്ട്രീയത്തിനും ഉണ്ടാകാവുന്ന ഗുണം, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയ സമൂലമായ ചര്‍ച്ചകളും ആശയവിനിമയവും നടക്കുമായിരുന്നു. തീരുമാനങ്ങള്‍ സമവായത്തിലൂടെയായിരുന്നു. ചര്‍ച്ചയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഘടകകക്ഷികള്‍ തയ്യാറാകുമായിരുന്നു. അങ്ങനെ ഓരോ ഘടകകക്ഷിയുടെയും പങ്കാളിത്തവും ഇടപെടലും ഉറപ്പാക്കുമായിരുന്നു. 
എന്നാല്‍, 'വിജയന്‍യുഗ'ത്തില്‍ നടപ്പ്‌രീതികളും കീഴ്‌വഴക്കങ്ങളും മാറിമറിയുകയാണ്. ഞങ്ങള്‍ തീരുമാനിച്ചു പറയും. നിങ്ങള്‍ അനുസരിക്കണം എന്നതായി സ്ഥിതി. തീരുമാനങ്ങള്‍എല്ലാം ഏകപക്ഷീയമാണ്. ആരും ഒന്നിലും ഇടപെടരുത്. അതുകൊണ്ടുതന്നെ കുറേക്കാലമായി ഞാന്‍ മുന്നണിയോഗത്തില്‍ പോകാറില്ലായിരുന്നു. എന്തെങ്കിലും ഭിന്നാഭിപ്രായം പറയുമ്പോള്‍, പുച്ഛവും ധാര്‍ഷ്ട്യവും പ്രകടിപ്പിച്ച്, പരിഹാസത്തോടെ മുഖംകോട്ടി, വിജയന്‍ പറയും, 'ആ, നിങ്ങള് പറഞ്ഞാട്ടെ, ആ പറഞ്ഞ് കഴിഞ്ഞോ?' ഘടകകക്ഷി നേതാക്കളോട് ഇത്രമാത്രം ധാര്‍ഷ്ട്യം കാണിച്ച, അവരെ അവഹേളിച്ച ഒരു സി.പി.എം നേതാവുണ്ടോ? ഭിന്നാഭിപ്രായം പറഞ്ഞപ്പോള്‍, ആര്‍.എസ്.പി. നേതാവ് ചന്ദ്രചൂഢന്‍ നാക്ക് വാടകയ്ക്ക് കൊടുക്കുകയാണെന്നായിരുന്നു വിജയന്റെ പരിഹാസം. മറ്റൊരിക്കല്‍ സി.കെ. ചന്ദ്രപ്പനെയും പിന്നെ ആദ്യ തലമുറയില്‍പ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായ വെളിയത്തെയും പരിഹസിച്ചു. ആരെയെങ്കിലും അപഹസിക്കാതിരുന്നിട്ടുണ്ടോ ഈ നേതാവ്? സി.എച്ചിനെയും അഴീക്കോടനെയും ഇ.എം.എസ്സിനെയും മറ്റുമാണ് മുന്നണിനേതൃസ്ഥാനത്ത് ഞങ്ങളൊക്കെ കണ്ടിരുന്നത്. ഓരോ കാര്യങ്ങളിലും വിജയന്‍ കാണിക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതാണോ? ചന്ദ്രചൂഡന്‍ തന്റെ വരുതിയില്‍ നില്‍ക്കുന്നയാളല്ല എന്ന് കണ്ടപ്പോള്‍, ആര്‍.എസ്.പിയുടെ രാജ്യസഭാസീറ്റ് ആവശ്യപ്പെടാതെ തന്നെ സി.പി.ഐക്ക് കൊടുത്തു. ആര്‍.എസ്.പിയുടെ കൊല്ലം സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ഒടുവില്‍, സ്വാശ്രയപ്രശ്‌നം മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സി.പി.ഐ പറയുന്നു. ലാവ്‌ലിന്റെ പ്രോസിക്യൂഷന്‍ അനുമതിപ്രശ്‌നവും മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല. എല്ലാം എ.കെ.ജി. സെന്ററില്‍ തീരുമാനിക്കും. മന്ത്രിസഭയും മുന്നണിയും അത് അംഗീകരിച്ചുകൊള്ളണം. ഒരു പട്ടേലരും ബാക്കിയുള്ളവര്‍ വിധേയന്മാരും.
ഇത്തരം നടപ്പുകള്‍ കണ്ടും കേട്ടും പരിചയമില്ലാത്തതിനാല്‍ എന്തു വിട്ടുവീഴ്ച ചെയ്തും അപമാനം സഹിച്ചും എല്‍.ഡി.എഫില്‍ തുടരേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
പണ്ടൊക്കെ മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ പരസ്പര വിശ്വാസം വളരെയേറെ ഉണ്ടായിരുന്നു. തൃശ്ശൂരിലെ തട്ടില്‍ എസ്‌റ്റേറ്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട് നവാബ് രാജേന്ദ്രന്റെ കൈയില്‍നിന്ന് രേഖകള്‍ വാങ്ങാന്‍ മുന്നണി തീരുമാനമനുസരിച്ച് ചുമതലപ്പെടുത്തിയത് അഴീക്കോടനെയും എന്നെയുമായിരുന്നു. ഘടകകക്ഷിക്കാര്‍ മാറിനില്‍ക്കട്ടെ, എല്ലാം ഞങ്ങള്‍ തീരുമാനിച്ച് ചെയേ്താളാം എന്നായിരുന്നില്ല അന്ന്.
ഒരിക്കല്‍ തിരുവനന്തപുരത്ത് അടിയന്തരാവസ്ഥയ്ക്കുശേഷം ഏകോപനസമിതി യോഗം നടക്കുന്നു. ഞാനായിരുന്നു മുന്നണി കണ്‍വീനര്‍. ഫിലിപ്പ് എം. പ്രസാദ് നക്‌സലൈറ്റ് തടവുകാരെ മോചിപ്പിക്കാന്‍ മുന്‍കൈയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുന്നണിക്ക് ഒരു കുറിപ്പ് തന്നു. തുടര്‍ന്ന് ഇ.എം.എസ് അടങ്ങുന്ന യോഗം നായനാരെയും എന്നെയും മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തി. ഇതൊന്നും വ്യക്തിപരമായി എന്റെ മഹത്വം കൊട്ടിഘോഷിക്കാന്‍ പറയുന്നതല്ല. അന്നത്തെ മുന്നണി സംവിധാനത്തിലെ ജനാധിപത്യപരവും സുതാര്യവുമായ പ്രവര്‍ത്തനശൈലിയെക്കുറിച്ച് വ്യക്തമാക്കാന്‍ പറയുന്നുവെന്നുമാത്രം.
കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ചില ഏറ്റുമുട്ടലുകള്‍ നടന്നു. തലശ്ശേരി ഗസ്റ്റ് ഹൗസില്‍വച്ച് എ.കെ.ജിയും അഴീക്കോടനും സി.എച്ചുമായി ഇതേക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. തൃശ്ശൂരില്‍ ചേരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമിതിയോഗത്തിനുശേഷം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. തൃശ്ശൂരില്‍ പ്രീമിയര്‍ ലോഡ്ജിലായിരുന്നു പാര്‍ട്ടിയോഗം. അന്ന് അവിടേയ്ക്ക് അരങ്ങില്‍ ശ്രീധരനെയും എന്നെയും മറ്റും കാണാന്‍ വരുമ്പോഴായിരുന്നു അഴീക്കോടന് കുത്തേറ്റത്. ഒരു ഇലക്ട്രിക് പോസ്റ്റിനരികില്‍ കുത്തേറ്റ് രക്തംവാര്‍ന്ന് കിടന്ന അഴീക്കോടനെക്കണ്ട് പൊട്ടിക്കരഞ്ഞുപോയ അനുഭവം ഇന്നും വിവരിക്കാനാവാത്ത ഒരു മാനസികാവസ്ഥയോടെ മാത്രമേ എനിക്ക് ഓര്‍ക്കാനാവൂ.

നേതൃത്വത്തിന്റെ ധാര്‍മ്മികശക്തി
മുന്‍പൊരിക്കല്‍ കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവില്‍ ഞങ്ങളുടെ മാത്യു എന്ന ഒരു പ്രവര്‍ത്തകനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊന്നു. ഈ നിലയിലാണെങ്കില്‍ മുന്നണികൊണ്ടെന്ത് കാര്യം എന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഞാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളോട് ചോദിച്ചു. തുടര്‍ന്ന് നായനാര്‍ ഞങ്ങളുടെ പാര്‍ട്ടി നേതൃത്വവുമായി അതേക്കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ ചില ധാരണകളിലെത്തി. ഞങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനും ആശ്വസിപ്പിക്കാനും സി.പി.എംതയ്യാറായി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് ജില്ലയില്‍ പലയിടങ്ങളിലും ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചു. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. രാഷ്ട്രീയ അഭിപ്രായവ്യത്യാസമുള്ളവരെ കായികമായി നേരിടുന്നതായി, 'വിജയന്‍ യുഗ'ത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്‌കാരം.
പണ്ട് തിരുവനന്തപുരത്ത് മുന്നണി യോഗത്തില്‍ മിനുട്‌സ് ഞാന്‍ എഴുതും. അത് ഒപ്പിടുന്നതിനു മുന്‍പേ ഇ.എം.എസ്സിനെ കാണിക്കാന്‍ ജവഹര്‍ നഗറിലെ അദ്ദേഹത്തിന്റെ വീട്ടില്‍പോകും. മിനുട്‌സ് വായിച്ചുകേട്ടാല്‍ ചില പ്രയോഗങ്ങളെക്കുറിച്ച്, അതങ്ങനെ വേണോ എന്ന് സഖാവ് ചോദിക്കും. അത്രയേറെ സൂക്ഷ്മതയായിരുന്നു അദ്ദേഹത്തിന്.
ഞാന്‍ പറഞ്ഞുവരുന്നത് ധാര്‍മ്മികവും ആശയപരവുമായ കരുത്തായിരുന്നു പഴയകാല മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന്റെ കൈമുതല്‍. ധാര്‍മ്മികശക്തിയുള്ള അവരുടെ തീരുമാനങ്ങളെയാണ് ഞങ്ങള്‍ അംഗീകരിച്ചത്. ആ സ്ഥാനത്ത് ഇന്ന് ധാര്‍ഷ്ട്യം മാത്രമാണ്. ധാര്‍ഷ്ട്യവും അവസരവാദവും മാത്രം കൈമുതലുള്ളവര്‍ക്കൊപ്പം, അഭിമാനം പണയംവച്ച് എന്തിന് കൂടെനില്‍ക്കണം?
ജനകീയരാഷ്ട്രീയത്തിന്റെ അടിത്തറയില്‍, സമരങ്ങളിലൂടെ രൂപപ്പെട്ട മുന്നണി ബന്ധത്തിന്റെ കുളിര്‍മ്മയിലേക്കാണ് വീരേന്ദ്രകുമാര്‍ വീണ്ടും വീണ്ടും സഞ്ചരിക്കുന്നത്. രണ്ടു കാലഘട്ടങ്ങള്‍ തമ്മിലുള്ള താരതമ്യം, സമകാലിക ഇടതുപക്ഷനേതൃത്വത്തിന്റെ അന്തഃസ്സാരശൂന്യതയെ ചൊല്ലിയുള്ള ദുഃഖവും വേദനയും, അവരുടെ കൊള്ളരുതായ്മയെക്കുറിച്ചുള്ള വികാരവിക്ഷോഭം.
''മുന്നണി രാഷ്ട്രീയത്തിലെ അന്നത്തെ വൈകാരികമായ കെട്ടുറപ്പിന് കാരണം മറ്റൊന്നല്ല. മുന്നണിയെന്നാല്‍ കേവലം തെരഞ്ഞെടുപ്പ് മുന്നണിയല്ല. അത് രൂപംകൊണ്ടത് സമരങ്ങളിലൂടെയായിരുന്നു. വിമോചന സമരം, ഇ.എം.എസ്. മന്ത്രിസഭയുടെ പിരിച്ചുവിടല്‍, അറുപതുകളിലെ കലങ്ങിമറിയല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പ്, ചൈനീസ് ആക്രമണം,കോണ്‍ഗ്രസ്സിലെ പിളര്‍പ്പ്, അടിയന്തരാവസ്ഥ അങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍.

ചരിത്രം മറന്ന നേതാക്കള്‍
കോഴിക്കോട് ഹജൂരാഫീസിനു മുന്നില്‍ വച്ച് '70-കളില്‍ കേളുഏട്ടനെ പൊലീസ് വളഞ്ഞിട്ട് അടിച്ച് തലപൊട്ടിച്ചപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനും കൂടെനിന്ന് അടികൊള്ളാനും ഉണ്ടായിരുന്നത് ഞങ്ങളുടെ നേതാവായിരുന്ന അരങ്ങില്‍ ശ്രീധരനും മറ്റു സഖാക്കളുമായിരുന്നു. ഈയിടെ ആരോ പറഞ്ഞു, അന്നത്തെ പൊലീസ് മര്‍ദ്ദനത്തിന്റെ ഫോട്ടോ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസില്‍നിന്ന് നീക്കം ചെയെ്തന്ന്. ഒരു ഫോട്ടോ എടുത്തുമാറ്റി ചരിത്രത്തെ നീക്കം ചെയ്യാനാവുമെന്ന് കരുതുന്നവര്‍ സ്റ്റാലിന്റെപ്രേതബാധയുള്ളവരാണ്. മിലന്‍ കുന്ദേരയുടെ ഒരു നോവലില്‍സമാനമായ ഒരു അനുഭവം വിവരിക്കുന്നത് ഓര്‍മ്മവരുന്നു.
ഫാസിസത്തിന്റെ, ഏകാധിപത്യത്തിന്റെ ദംഷ്ട്രയും നെറ്റിക്കണ്ണുമുള്ളവരായി കമ്മ്യൂണിസ്റ്റുകാര്‍ മാറിയാല്‍ എന്താവും ഫലമെന്ന് തേടി ചരിത്രത്തില്‍ ഏറെയൊന്നും പിറകിലേക്ക് പോകേണ്ട, '90-കളിലേക്ക് പോയാല്‍ മതി. പണ്ടത്തെ സമരങ്ങള്‍ക്കും ജനമുന്നേറ്റങ്ങള്‍ക്കും നിദാനമായി ചില മുദ്രാവാക്യങ്ങളും സിദ്ധാന്തങ്ങളും ഉണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് പറയാം വികാരങ്ങളെയെല്ലാം മറന്നേക്കൂ, ഭൂതകാലം ഭാരമായി ചുമന്നു അലയേണ്ട. ചരിത്രത്തോട് ബഹുമാനമില്ലാത്തവര്‍ക്ക് നല്ല രാഷ്ട്രീയ പ്രവര്‍ത്തകരാവാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകാരനാവാന്‍ കഴിയുകയേയില്ല. കാരണം, ചരിത്രത്തിന്റെ ഉള്‍ക്കാഴ്ചകള്‍ക്ക് മാര്‍ക്‌സ് എത്രമേല്‍ പ്രാധാന്യം നല്‍കിയിരുന്നു''- വീരന്‍ പറയുന്നു.
''ഇതൊക്കെ ആരോട് പറയാന്‍. പറഞ്ഞിട്ടെന്ത് കാര്യം.മാര്‍ക്‌സിനെ കിട്ടിയാല്‍ കുറച്ചു മാര്‍ക്‌സിസം പഠിപ്പിക്കാമായിരുന്നു എന്നു കരുതുന്ന ബേബിയെയും ഐസക്കിനെയുംപോലുള്ള യുവതുര്‍ക്കികളോടോ? അവരാണല്ലോ സി.പി.എമ്മിലെ ഇപ്പോഴത്തെ സൈദ്ധാന്തികന്മാര്‍. മറ്റു പലര്‍ക്കും തലയിലും മസില്‍ (ങൗരെഹല) പെരുത്ത് ചിന്തയുടെയും ആലോചനയുടെയും ഫാക്കല്‍റ്റി പ്രവര്‍ത്തിക്കാതായിട്ട് കാലം കുറേയായല്ലോ-'' കോപവും പുച്ഛവും കലര്‍ന്ന പൊട്ടിച്ചിരിയോടെയുള്ള ആത്മഗതം.

അതീവ വൈകാരികമായ ഒരു ബന്ധത്തിന്റെ ശൈഥില്യം ഇത്രയും കടുത്ത വിമര്‍ശനത്തിലേക്ക് നയിക്കുമോ?

ജനതാദള്‍ എല്‍.ഡി.എഫില്‍നിന്നും വഴിപിരിയുന്നതോടെ എന്തെല്ലാം ആരോപണങ്ങളാണ് എനിക്കെതിരെ 'ദേശാഭിമാനി'യും സി.പി.എം നേതൃത്വവും പ്രചരിപ്പിച്ചത്. എന്റെ മുത്തച്ഛനും അച്ഛനും മുതല്‍ ഞാനും മകനും വരെ ഭൂമി കൈയേറ്റക്കാരായി. എന്നെ പോക്കറ്റടിക്കാരന്‍ എന്നാണ് ഈയിടെ 'ദേശാഭിമാനി' വിശേഷിപ്പിച്ചത്. ഞാന്‍ മുന്‍പ് പലവട്ടംപറഞ്ഞതാണ് എന്റെ അച്ഛന്‍ എനിക്ക് നല്‍കിയ ഭൂമിയല്ലാതെ അതിനുശേഷം ഒരുതുണ്ട് ഭൂമി എന്റെ കൈവശം വന്നിട്ടില്ലെന്ന്. അച്ഛന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസുകാരോ '70-ലും '80-ലും ഞങ്ങള്‍ സി.പി.എമ്മുമായി തെറ്റിയപ്പോള്‍ ഇ.എം.എസ്സോ എ.കെ.ജിയോ എന്റെ അച്ഛനെയും എന്നെയും കുടുംബത്തെയും ഭൂമികൈയേറ്റക്കാരാക്കിയിരുന്നില്ലല്ലോ? ഞാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബസ്സിലേ ഇതുവരെ കയറിയിട്ടുള്ളു. ദീര്‍ഘകാലംആ ബസ്സില്‍ തന്നെയായിരുന്നു എന്റെ സഞ്ചാരം. അന്ന് നേരത്തെ പറഞ്ഞ നേതാക്കന്മാര്‍ക്കൊന്നും ഞാന്‍ അവരുടെ പോക്കറ്റടിച്ചതായി പരാതിയുണ്ടായിരുന്നില്ല. അടിച്ചുമാറ്റാന്‍ അവരുടെ പോക്കറ്റുകളില്‍ ഒന്നും ഉണ്ടായിരുന്നുമില്ല. ഇപ്പോള്‍ പലരുടെയും മടിയിലും പോക്കറ്റിലും കനമുള്ളതുകൊണ്ടാവാം എന്നെ ബലമായി പിടിച്ചിറക്കിയത്. പാരമ്പര്യമായി കിട്ടിയ സ്വത്തും പണവും എനിക്കുണ്ട്. എനിക്കാരുടെയും പോക്കറ്റടിക്കേണ്ട കാര്യമില്ല. നിര്‍ധനമായ കുടുംബ ചുറ്റുപാടില്‍നിന്നും വന്ന പല സി.പി.എം നേതാക്കന്മാര്‍ക്കും ഇത്ര വലിയ ബാങ്ക് ബാലന്‍സ് എങ്ങനെയുണ്ടായി? ചില സി.പി.എം നേതാക്കള്‍ പിന്തുടരുന്നത് സെവന്‍സ്റ്റാര്‍ ജീവിത ശൈലിയല്ലേ? ആഢംബരത്തോട് അവര്‍ക്ക് ഇത്രമാത്രം അഭിനിവേശം ഉണ്ടാവാന്‍ എന്താണ് കാരണം?
അന്‍പതോളം വര്‍ഷത്തെ രാഷ്ട്രീയ ബന്ധമുള്ള എനിക്കെതിരെ എല്‍.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ത്തന്നെ എന്തെല്ലാമാണ് 'ദേശാഭിമാനി'യില്‍ എഴുതിയത്? എന്നാല്‍, നാമെല്ലാം ടി.വിയില്‍ കണ്ടല്ലോ, നടന്‍ മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച ഡല്‍ഹി കേരള ഹൗസിലെ ഒരു ജീവനക്കാരനോട് പിണറായി വിജയന്‍ പരസ്യമായി ചൂടാവുന്നത്. ഫാരിസ് അബൂബക്കര്‍ വെറുക്കപ്പെട്ടവനാണെന്ന് മുഖ്യമന്ത്രി വി.എസ്. പറഞ്ഞപ്പോള്‍, അത് ഉചിതമായില്ലെന്ന് കാണിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയല്ലോ? സത്യമല്ലെന്നറിഞ്ഞിട്ടും എനിക്കെതിരെ നിരന്തരം ആരോപണം പ്രചരിപ്പിക്കുന്നു. അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള എന്നോടു തോന്നാത്ത എന്തു വൈകാരിക ബന്ധമാണ് മമ്മൂട്ടിയും ഫാരിസുമായി വിജയനുള്ളത്? സാമ്രാജ്യത്വ-വര്‍ഗീയ വിരുദ്ധ സമരത്തില്‍ പ്രത്യയശാസ്ത്ര രംഗത്ത് വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട ഞാന്‍ എങ്ങനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ബാധ്യതയായി?
അപ്പോള്‍ നമുക്ക് മനസ്സിലാവും പ്രശ്‌നം ഒരു പാര്‍ലമെന്റ്‌സീറ്റല്ലെന്ന്. തന്നെ സ്തുതിക്കാത്തവരെ തകര്‍ക്കുകയാണ് വിജയന്റെ അജണ്ട. അതിന് ഒരു പാര്‍ട്ടിയെ കരുവാക്കുക. പത്രമാധ്യമങ്ങളെ ഇത്രമാത്രം എതിര്‍ത്ത ഒരു പാര്‍ട്ടി സെക്രട്ടറി സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെഴുതുമ്പോള്‍ വിജയനു മുന്‍പുംപിന്‍പും എന്ന ഒരു അതിര്‍ത്തിരേഖ ആവശ്യമായിവരും. അയാള്‍ ആ പാര്‍ട്ടിയെ ലിക്വിഡേറ്റ് ചെയ്യും. 
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുടുംബയോഗം മുതല്‍ കേന്ദ്രനേതൃത്വം വരെ ചര്‍ച്ച ചെയ്യുന്ന ഏകപ്രശ്‌നം ലാവ്‌ലിന്‍ മാത്രമാണ്. ഇതിനിടയില്‍ ലോകത്തും നമ്മുടെ രാജ്യത്തും എന്തെല്ലാം സംഭവിച്ചു. ഒന്നിനെക്കുറിച്ചും സി.പി.എമ്മിന് ഉല്‍ക്കണ്ഠയില്ല. ശ്രീലങ്കന്‍ തമിഴ്ജനതയുടെ പ്രശ്‌നമായാലും മ്യാന്‍മറിലെ ജനാധിപത്യധ്വംസനമായാലും ആഗോള സാമ്പത്തികമാന്ദ്യമായാലും അതൊന്നുംതന്നെ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പുവിഷയമായിരുന്നില്ല. മാധ്യമ ചര്‍ച്ച, സെമിനാറുകള്‍ എല്ലാറ്റിലും വിഷയം ലാവ്‌ലിന്‍ മാത്രം. ഇതെന്തൊരു പാര്‍ട്ടിയാണ്? പാര്‍ട്ടി സെക്രട്ടറിയെ അനാവശ്യമായി ക്രൂശിക്കുന്നുവെന്നാണ് പരാതി. പാര്‍ട്ടി സെക്രട്ടറിയെ ന്യായീകരിക്കാന്‍ ചില 'മാധ്യമവിദഗ്ദ്ധരും' പിന്നെ, വി.എസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചില കുരങ്ങന്മാരും. എന്തിനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു അഴിമതി ആരോപണത്തെ ഇത്രമാത്രം ഭയക്കുന്നത്?
എന്തെല്ലാം കോലാഹലങ്ങളാണ്. സി.ബി.ഐ അന്വേഷണത്തെ തടയാന്‍ ഹൈക്കോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി വക്കീലന്മാരെ ഡല്‍ഹിയില്‍നിന്നും കൊണ്ടുവന്നു. അതിലൊരാള്‍ അഡ്വ. ആര്‍.കെ. ആനന്ദായിരുന്നു. കൃത്രിമമായി സാക്ഷികളെ ഉണ്ടാക്കുന്ന വക്കീല്‍! പിന്നെ ഗവര്‍ണര്‍ക്കെതിരായ ബഹളം. ഒടുവില്‍ സി.പി.എം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കിപ്രമേയം പാസ്സാക്കി.

പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത ജനങ്ങള്‍
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം വന്നാല്‍, എ.ഐ.സി.സി. പ്രമേയം പാസ്സാക്കിയാല്‍പ്രശ്‌നം തീരുമോ? ഭൂമി കൈയേറ്റക്കാരന്‍ എന്ന എനിക്കെതിരായ പ്രചാരണം ജനതാദള്‍ പ്രമേയം പാസ്സാക്കിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരുത്തുമോ? പാര്‍ട്ടി പറഞ്ഞാല്‍ മാത്രം ജനങ്ങള്‍ അനുസരിക്കുമോ? ഇല്ലെന്നല്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയിലും കോഴിക്കോട്ടും ചെങ്കോട്ടയായ കണ്ണൂരിലും പാര്‍ട്ടി അണികള്‍ തന്നെ കാണിച്ചുകൊടുത്തത്? 
ലാവ്‌ലിന്‍ അഴിമതിക്കേസില്‍നിന്ന് പാര്‍ട്ടി സെക്രട്ടറിയെ രക്ഷിക്കുക എന്ന സി.പി.എമ്മിന്റെ ഏക അജണ്ട മുന്നണിയെയും പാര്‍ട്ടിയെയും കീഴ്‌പ്പെടുത്തിയിരിക്കുകയാണ്.

സി.പി.എമ്മിനെതിരായ സാമ്രാജ്യത്വ ഗൂഢാലോചനയില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളും വലതുപക്ഷ ശക്തികളും കൈകോര്‍ത്തിരിക്കുകയാണെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. വിമോചന സമരം മുതല്‍ ആരംഭിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ നീക്കം ഇപ്പോള്‍ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു?

പ്രശ്‌നം സാമ്രാജ്യത്വ ഗൂഢാലോചനയൊന്നുമല്ല. മറിച്ച്, സി.പി.എമ്മിന്റെ നയവ്യതിയാനമാണ്. ഞാനൊരു ഉദാഹരണം പറയാം. പണ്ട്, മിച്ചഭൂമി സമരം നടന്നപ്പോള്‍ ശാരീരികമായ അവശതകള്‍ക്കിടയിലും മുടവന്‍മുകള്‍ കൊട്ടാരത്തിലെ മതില്‍ചാടിക്കടന്നാണ് എ.കെ.ജി. സമരം നയിച്ചത്. കൊട്ടാരവളപ്പില്‍ ചൊങ്കൊടി നാട്ടിയ എ.കെ.ജിയെ പൊലീസ് അറസ്റ്റുചെയ്തു. ഇത് കാണിക്കുന്നത് പ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയും ജനങ്ങളോടുള്ള അസാധാരണമായ വൈകാരിക ബന്ധവുമാണ്. അതുകൊണ്ടുതന്നെയാണ് എ.കെ.ജിക്കും അഴീക്കോടനും മറ്റുമെതിരെ അഴിമതി ആരോപണം വന്നപ്പോള്‍ കേരളീയര്‍ പുച്ഛിച്ചു തള്ളിയത്. എന്നാല്‍, ഇപ്പോള്‍ അതാണോ അവസ്ഥ? കണ്ണൂരില്‍പ്പോലും പാര്‍ട്ടിപ്രവര്‍ത്തകര്‍ കൂട്ടമായി യു.ഡി.എഫിനു വോട്ട് ചെയ്ത് നിശ്ശബ്ദപ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. അതിനര്‍ത്ഥം പാര്‍ട്ടി നേതാക്കള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ അവര്‍ വിശ്വസിക്കുന്നുവെന്ന് തന്നെയാണ്.

എ.കെ.ജിയുടെയും മറ്റും നേതൃത്വത്തില്‍ എത്രയെത്ര ജാഥകള്‍ കേരളം കണ്ടു. തുടര്‍ന്ന് സമരങ്ങളുടെ പരമ്പര. സി.പി.എം നേതൃത്വത്തില്‍ കേരളത്തില്‍ എത്ര സമരം ഈ അടുത്തകാലത്ത് നടന്നു? വിജയന്‍ തന്നെ ഒരു സമരത്തിന് നേതൃത്വം നല്‍കിയിട്ട് കാലമെത്രയായി? ഒടുവില്‍ നടത്തിയ നവകേരളയാത്ര സ്വയം ന്യായീകരണയാത്രയായിരുന്നില്ലേ?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആശയപ്രശ്‌നം ചര്‍ച്ച ചെയ്യുന്നില്ലെന്നത് മാത്രമല്ല പ്രശ്‌നം. സംസ്‌കാരസമ്പന്നമായ രീതിയില്‍ രാഷ്ട്രീയ പ്രതിയോഗികളെ വിമര്‍ശിക്കാന്‍ പോലും അവര്‍ക്ക് കഴിയാതായിരിക്കുന്നു. കൈയിലെ രോമം പറിച്ചെറിഞ്ഞല്ലേ ഇ.പി. ജയരാജന്‍ സി.ബി.ഐക്കെതിരെ അട്ടഹസിച്ചത്? മദ്യം ഭക്ഷ്യസംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വെളിപാട്. സി.പി.എമ്മിന്റെ ഭരണഘടനതന്നെ വിലക്കുന്ന ഒന്നാണ് മദ്യപാനം. അത് നിത്യജീവിതത്തില്‍ വേണമെന്ന് ഉദ്‌ബോധിപ്പിക്കുന്നത് ഒരു കേന്ദ്രകമ്മിറ്റി അംഗം. ഇതൊക്കെ നയപരമായ വ്യതിയാനം സൃഷ്ടിക്കുന്ന ധാര്‍മ്മിക തകര്‍ച്ചയുടെ ഫലമാണ്.
സ്വകാര്യ മുതലാളിമാര്‍ വാട്ടര്‍തീം പാര്‍ക്കുകള്‍ ഉണ്ടാക്കുമ്പോള്‍ പാര്‍ട്ടിയും ആ വഴിക്ക് പോവുന്നു. സ്വകാര്യമേഖല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള സഹകരണസ്ഥാപനങ്ങളും അതിനെ അനുകരിക്കുന്നു. എത്ര ലക്ഷം രൂപ സബ്‌സിഡി കൊടുത്താണ് റബ്‌കോ എന്ന സ്ഥാപനത്തെ നിലനിര്‍ത്തുന്നത്. 'ഐഡിയോളജിക്കല്‍ ഡിജനറേഷന്‍' പാര്‍ട്ടിയെ 'മണി ജനറേഷനി'ലേക്കാണ് എത്തിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് താല്പര്യങ്ങളും സ്റ്റാലിനിസ്റ്റ് അച്ചടക്കത്തിന്റെ ഇരുമ്പുമറയും ചേര്‍ന്നുണ്ടാവുന്ന ഫാസിസ്റ്റ്‌വത്കരണമാണ് സി.പി.എമ്മിനെ വിഴുങ്ങിയിരിക്കുന്നത്.
ബംഗാളില്‍ നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുവേണ്ടി ജനങ്ങളെ ഒഴിപ്പിക്കാന്‍ രംഗത്തിറങ്ങിയത് പൊലീസല്ല, പൊലീസ് യൂണിഫോം ധരിച്ച പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സെസിനുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നില്ല, പൊലീസായിരുന്നു. അപ്പോള്‍ ഏത് വര്‍ഗത്തിന്റെ താല്പര്യമാണ് സി.പി.എം പ്രതിനിധാനം ചെയ്യുന്നത് എന്നതാണ് പ്രശ്‌നം. ഏതു വര്‍ഗത്തെയാണ് അവര്‍ സംരക്ഷിക്കുന്നത്? ആരുമായാണ് നേതാക്കന്മാരുടെ ചങ്ങാത്തം?

മൂന്നാം മു്ന്നണിയുടെ പരാജയം
ദീര്‍ഘകാലം സഹവര്‍ത്തികളും സഹയാത്രികരുമായിരുന്ന ഒരു പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കിലുള്ള പ്രതിഷേധവും വിമര്‍ശനവും പോയകാലത്തെ ഇടതുപക്ഷ നേതൃത്വവുമായുള്ള ബന്ധത്തിലെ ഊഷ്മളതയും പങ്കുവയ്ക്കുമ്പോഴത്തെ ദീര്‍ഘനിശ്വാസങ്ങള്‍. ഉച്ചനേരം വരെയുള്ള സംഭാഷണത്തിനുശേഷം രണ്ടുമണിയോടെ സംസാരം പുനരാരംഭിക്കുമ്പോള്‍, എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനങ്ങള്‍ ഫഌഷ് വാര്‍ത്തയായി ടെലിവിഷനില്‍; വിഷയം ജനതാദളി(ഗൗഡ)ന്റെ മന്ത്രിസഭാ പ്രവേശം. സ്വാഭാവികമായും സംഭാഷണം അതേക്കുറിച്ചായി. കേരളത്തിലെ പഴയ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് മറുപടി ചിരിയിലൊതുക്കി, അദ്ദേഹം പറഞ്ഞു: 'അവസാനമായി നടന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ വച്ച് ഞാന്‍ ദേവ ഗൗഡയോട് പറഞ്ഞതും, രാഷ്ട്രീയം പ്രശ്‌നാധിഷ്ഠിതമാണെന്നു തന്നെയാണ്. വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ബി.ജെ.പിയോടും കോണ്‍ഗ്രസ്സിനോടും മാറി മാറി ബന്ധം പുലര്‍ത്തുന്നത് തത്വദീക്ഷയില്ലാത്ത, അധാര്‍മ്മികമായ പ്രവൃത്തിയാണ്. ബി.ജെ.പി. ബന്ധം വിച്ഛേദിക്കുകയും ആണവ കരാര്‍ പ്രശ്‌നത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാവുകയും ചെയ്തപ്പോഴാണ് ഗൗഡയുമായി വീണ്ടും യോജിച്ചത്.''
ദേവഗൗഡയാണല്ലോ മൂന്നാം മുന്നണിക്ക് മുന്‍കൈയെടുത്ത് വീണ്ടും ഇടതുപക്ഷ ബന്ധം ശക്തമാക്കിയത്?
തുങ്കൂരില്‍ നടന്ന റാലിയും മൂന്നാം മുന്നണിയുടെ രൂപീകരണവും സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍ എനിക്കുണ്ട്. നിഷേധാത്മക രാഷ്ട്രീയം ഒരിക്കലും ഗുണപരമായ ഫലം ഉണ്ടാക്കില്ല. മൂന്നാം മുന്നണി ഒരു ആള്‍ക്കൂട്ടമോ ക്ലബ്ബോ പോലെയായിരുന്നു. ബദല്‍ നയങ്ങളില്ലാതെ, മൂര്‍ത്തമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ, അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ കൂടെ ശയിച്ച ടി.ഡി.പിയും ദീര്‍ഘകാലം ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ബിജു ജനതാദളും പിന്നെ മായാവതിയും ജയലളിതയും ചേര്‍ന്ന മൂന്നാം മുന്നണിയെക്കുറിച്ച് ജനങ്ങള്‍ക്ക് വിശേഷിച്ച് പ്രതീക്ഷകളുണ്ടാവില്ലെന്ന് രാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠം അറിയുന്നവര്‍ക്ക് മനസ്സിലാവും. ഞാന്‍ വി.എസ്സിന്റെ പക്ഷം പിടിക്കുന്നെന്ന കാരാട്ടിന്റെ പരാതിയല്ല, ജനതാദളിനെ സംബന്ധിച്ച് അടിസ്ഥാന നിലപാടുകളാണ് മുഖ്യം. '90-കളില്‍ ഉദാരവത്കരണനയം നടപ്പാക്കാന്‍തുടങ്ങിയതു മുതല്‍ അതത് കാലത്ത് ഉയര്‍ന്നുവന്ന ഗാട്ട്,ഡങ്കല്‍, ഡബ്ല്യു.ടി.ഒ, പേറ്റന്റ്, കുടിവെള്ളത്തിന്റെ കേര്‍പ്പറേറ്റ്‌വത്കരണം എന്നിവ മുതല്‍ സംഘപരിവാറിന്റെ വര്‍ഗീയതവരെയുള്ള എല്ലാ പ്രശ്‌നങ്ങളിലും പാര്‍ലമെന്റിലും പുറത്തും വ്യക്തവും തുടര്‍ച്ചയുമുള്ള നിലപാട് ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. നയപരമായ ദൃഢതയാണ് ഒരു പാര്‍ട്ടിയുടെ ധാര്‍മ്മിക ബലം.
എനിക്ക് വയനാട് സീറ്റ് തരാം എന്ന് പറഞ്ഞപ്പോള്‍, വിജയന്‍ പറഞ്ഞത് മുസഌം വോട്ടര്‍മാര്‍ ധാരാളമുള്ള വയനാട്ടില്‍, നിങ്ങള്‍ക്ക് മുസഌംങ്ങള്‍ക്കിടയിലുള്ള വ്യക്തിപരമായ സ്വാധീനം ഗുണം ചെയ്യും എന്നായിരുന്നു. ബാബ്‌റി മസ്ജിദ്പ്രശ്‌നം വഷളായതു മുതല്‍, 'രാമന്റെ ദുഃഖം' എന്ന പുസ്തകത്തിലും പ്രസംഗത്തിലും ഞാന്‍ കൈക്കൊണ്ട ഇടര്‍ച്ചയില്ലാതെ വര്‍ഗീയ വിരുദ്ധ നിലപാടാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. രാമന്റെ ദുഃഖം വോട്ടല്ല. ഞാന്‍ ഗൗഡയോട് പറഞ്ഞതും മറ്റൊന്നല്ല. നയപരമായ തുടര്‍ച്ചയും നിലപാടിലെ വ്യക്തതയുമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നം. ആശയപരമായ ഇടപെടലുകളെ ഗൗരവപൂര്‍ണ്ണമായ സംവാദമാക്കി വളര്‍ത്താനുള്ള സര്‍ഗാത്മകത സമകാലിക സി.പി.എം നേതൃത്വം കാണിച്ചിട്ടുണ്ടോ?- വീരന്‍ ചോദിക്കുന്നു.

ഇടതുപക്ഷ ശൈഥില്യവും ബദല്‍ അന്വേഷണവും

ഇ.എം.എസ്സൊക്കെ പിന്തുടര്‍ന്ന ആശയസംവാദത്തിന്റെയും സമരത്തിന്റെയും രീതി കൈയൊഴിഞ്ഞ് വ്യക്തിഹത്യയുടെ മാര്‍ഗത്തിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. സംസ്ഥാന നേതൃത്വത്തില്‍ ആരോടെങ്കിലും ആശയപരമായ ഒരു സംവാദംസാധ്യമാവുമോ? അധികാരത്തിന്റെ ധാര്‍ഷ്ട്യമല്ലാതെ മറ്റെന്താണ് കൈമുതല്‍?

അധികാരത്തിന്റെ ധാര്‍ഷ്ട്യവും ഹുങ്കും തകര്‍ക്കാന്‍ അധികകാലം വേണ്ട ഒരു അധികാരിയെ കാണുമ്പോള്‍, ഇരുന്നിടത്തുനിന്ന് ഉപചാരപൂര്‍വം നാം ആസനമൊന്ന് പൊക്കിയില്ലെങ്കില്‍ തീരാവുന്നതേയുള്ളൂ എല്ലാ അധികാരഗര്‍വും. ഇത്തരം ഒരു ഒറ്റമൂലി പ്രയോഗമാണ്, നേതാക്കളെ കാണുമ്പോള്‍ പുറമേ വിനയം കാണിച്ച കണ്ണൂരിലെയും മറ്റും പാര്‍ട്ടിക്കാര്‍ സി.പി.എം നേതൃത്വത്തിന് നല്‍കിയത്.
സി.പി.എമ്മിന്റെ ആന്തരികമായ ശൈഥില്യവും നയപരമായ അപചയവും നേതൃത്വത്തിന്റെ ധാര്‍മ്മികാധഃപതനവും പൊതുവില്‍ ദേശീയരാഷ്ട്രീയത്തിലും വിശേഷിച്ച് കേരളത്തിലും, സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് താങ്കള്‍ ബോധവാനാണോ? ഏറെ നിഷേധാത്മകമാണ് താങ്കളുടെ വിമര്‍ശനങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടാല്‍?
ഇടതുപക്ഷ പാര്‍ട്ടികളുടെ ദൗര്‍ബല്യം സൃഷ്ടിക്കുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ ശൂന്യതയ്ക്കുള്ള ബദല്‍ എന്ത് എന്നതിനെക്കുറിച്ച് ഞാനും ആശയക്കുഴപ്പത്തിലാണ്. എന്നാല്‍, അങ്ങേയറ്റം ജനവിരുദ്ധമായി കഴിഞ്ഞ, അടിമുടി ഫാസിസ്റ്റ്‌വത്കരിക്കപ്പെട്ടതാണ് സി.പി.എമ്മിന്റെ ആന്തരികഘടന. പണ്ടൊക്കെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരോട് നാട്ടുകാര്‍ ചോദിക്കും, നിങ്ങള്‍ക്കെന്താ പറ്റിയത്? ഇന്ന്, പാര്‍ട്ടിക്കാര്‍, പുറത്താക്കപ്പെട്ടവരാണെങ്കിലും അകത്തുള്ളവരാണെങ്കിലും, പരസ്പരം ചോദിക്കുന്നത് പാര്‍ട്ടിക്കെന്തുപറ്റി എന്നാണ്.
ഇവിടെ ചരിത്രത്തിലെ ചില സമാനതകള്‍ നാം കാണാതിരുന്നുകൂടാ. മലയോരങ്ങളിലുള്ളവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുന്ന ഒരു ഉപമയുണ്ട്. കൊല്ലിയില്‍ താണുപോകുക എന്ന് പറയും. മൃഗങ്ങളൊക്കെ കൊല്ലിയില്‍ താഴ്ന്നുപോകും. അപ്പോള്‍ അവയുടെ നിസ്സഹായമായ കരച്ചില്‍ മാത്രമേ നമ്മള്‍ കേള്‍ക്കൂ. പോയിനോക്കിയാല്‍ അതങ്ങിനെ പതുക്കെപ്പതുക്കെ താഴ്ന്നു പോകുന്നത് കാണാം. രക്ഷിക്കാനാവാതെ നിസ്സഹായരായി നോക്കിനില്‍ക്കാനേ പറ്റൂ. രക്ഷിക്കാന്‍ ശ്രമിച്ചാല്‍ നമ്മളും പെട്ടുപോകും. അതുമാതിരിയായിരുന്നു സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെട്ട രാജ്യങ്ങളുടെയും തകര്‍ച്ച സംഭവിച്ചത്. കണ്ടു നില്‍ക്കെ നിശ്ശബ്ദമായി അതങ്ങനെ അമര്‍ന്നുപോയി. ഭരണകൂടം- പൊലീസ്, പട്ടാളം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, അളവറ്റ സ്വത്ത്- കൈയിലുണ്ടായിരുന്ന സോവിയറ്റ് പാര്‍ട്ടിയാണ് തകര്‍ന്ന് തരിപ്പണമായത്.
ഞാന്‍ അടുത്തിടെ ബുക്കാറസ്റ്റില്‍ പോയപ്പോള്‍ കാറില്‍ സഞ്ചരിക്കവെ, ഒരു തുരങ്കത്തിലെ ചുമരില്‍ പണ്ടെങ്ങോ പതിച്ച ഒരു ചെറിയ പോസ്റ്റര്‍ കണ്ടു: ''ഇലമൗലെരൌ ംശഹഹ യല ശി വേല റൗേെയശി ീള ഒശേെീൃ്യ'' പ്രതിഷധത്തിന്റെ ഒരു ചെറുതരിയായിരുന്നു അത്. പൊട്ടിത്തെറികളില്ലാതെ മൗനമായി, നിശ്ശബ്ദമായി അത് തകര്‍ന്നുപോയി. വിമര്‍ശനമില്ലാത്ത ഒരുഘടന ശിഥിലമായി ചീഞ്ഞളിഞ്ഞുപോവുമെന്നത് ചരിത്രത്തിന്റെ അനിവാര്യതയാണ്. ഉള്‍പാര്‍ട്ടി വിമര്‍ശനമില്ലാത്ത, പാര്‍ട്ടി അണികളുടെ മൗനം ഭീതിദമാണ്, അക്ഷരാര്‍ത്ഥത്തില്‍. അതുകൊണ്ട് വി.എസ്സിനു വേണ്ടി നടക്കുന്ന പ്രകടനങ്ങളെയും പോസ്റ്റര്‍ പ്രചരണങ്ങളെയും മറ്റും നാം കുറച്ചുകാണേണ്ടതില്ല. എല്ലാം ശാന്തമാണെന്നും കരുതേണ്ടതില്ല.
നിലനില്‍ക്കുന്ന ഒരു സ്ഥാപനവും ഘടനയും ജീര്‍ണ്ണിക്കുമ്പോള്‍ തകര്‍ച്ചയുണ്ടാവും. അതിന് പൊട്ടിത്തെറിയുണ്ടാവണമെന്നില്ല. ആന്തരികശൈഥില്യത്തില്‍പ്പെട്ട് ഒരു ഘടന പതിയെ അമര്‍ന്നുപോവും. അങ്ങനെ വരുമ്പോള്‍, ബദല്‍ എന്ത് എന്ന അന്വേഷണം പ്രധാനമാണ്. ഇപ്പോള്‍ തന്നെ ജനകീയ പ്രക്ഷോഭങ്ങളോടുള്ള വിമുഖതയും നയവ്യതിയാനവുംകാരണം ഇടതുപക്ഷം ഇടപെടാതെ ഒഴിച്ചിട്ട ഒരുപാട് ശൂന്യസ്ഥലങ്ങള്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലുണ്ട്. അതെല്ലാം മതമൗലികവാദികളും ജാതി സംഘടനകളുമാണ് കൈയേല്‍ക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം സൃഷ്ടിക്കുന്ന ശൂന്യത എങ്ങനെ നികത്തപ്പെടുമെന്നത് വളരെ ഗൗരവപൂര്‍ണ്ണമായ പ്രശ്‌നമാണ്.

സാംസ്‌കാരികമായ താല്പര്യങ്ങള്‍
പാര്‍ട്ടി മേലാളന്മാരും പുത്തന്‍ പണക്കാരും ചേര്‍ന്നുള്ള പൊതുമുതല്‍ കൊള്ളയ്ക്കാണ് സോവിയറ്റ് ജനത സാക്ഷ്യംവഹിച്ചത്. ഒളിഗാര്‍ക്കുകളുടെ (ഛഹശഴമൃരവ)െ പുതിയ നിരയാണ് സോവിയറ്റു തകര്‍ച്ചയെ തുടര്‍ന്ന് അവിടെ വളര്‍ന്നത്. സമീപകാലചരിത്രത്തില്‍നിന്ന്, വിശേഷിച്ചും സോവിയറ്റ് അനുഭവങ്ങളില്‍ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. ഒരുരാഷ്ട്രീയ സമൂഹത്തിന്റെ സര്‍ഗാത്മകത വിമര്‍ശനങ്ങളുടെയും വിയോജിപ്പുകളുടെയും സ്വരമാണ്. അതിനെ അടിച്ചമര്‍ത്തി സ്തുതിപാഠകന്മാരുടെ ഒരു വൃന്ദത്തെക്കൊണ്ട് കാര്യങ്ങള്‍ നിവര്‍ത്തിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്.
രാഷ്ട്രീയമെന്നതുപോലെ തുല്യപ്രാധാന്യമുള്ള താങ്കളുടെ മറ്റൊരു മണ്ഡലം സാംസ്‌കാരിക രംഗമാണ്. വ്യവസ്ഥാപിതമൂല്യങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളുടെയും വിയോജിപ്പുകളുടെയും സ്വരം സാംസ്‌കാരിക രംഗത്ത് കേള്‍ക്കുന്നില്ലെന്ന് തന്നെ പറയാം?
സാംസ്‌കാരിക പ്രവര്‍ത്തകരെ വിലക്കെടുക്കാനുള്ള ഉപാധികളായി അക്കാദമികളെ തരംതാഴ്ത്തുമ്പോള്‍ അങ്ങനയേവരൂ. സ്ഥാപനവത്കരണവുമായി പൊരുത്തപ്പെട്ട് എതിര്‍പ്പുകളെല്ലാം മതിയാക്കി, ഭരണകൂടവുമായി സന്ധിചെയ്ത് ജീവിക്കുന്ന ഒരു വിഭാഗമായി പല എഴുത്തുകാരും അധഃപതിച്ചു.പണവും സ്വാധീനവും അധികാരവും എല്ലാം ചേര്‍ന്ന് സി.പി.എം ഒരു സമാന്തര സര്‍ക്കാരായി മാറുമ്പോള്‍ അതിന്റെആനുകൂല്യങ്ങള്‍ പറ്റാന്‍ എഴുത്തുകാര്‍ വിയോജിപ്പിന്റെ സ്വരം ഉപേക്ഷിക്കുകയാണ്. ഭീരുത്വവും ദാസ്യമനോഭാവവും ചേര്‍ന്നുള്ള ഒരുതരം മധ്യവര്‍ഗവത്കരണം നടക്കുകയാണ്. ഞാന്‍ ആരുടെയും പേര്‍ പറയുന്നില്ല. വിജയനെയും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെയും അധിക്ഷേപിക്കുന്നെന്ന് പറഞ്ഞ് പ്രസ്താവനയിറക്കാന്‍ എഴുത്തുകാരും ചിന്തകന്മാരും തയ്യാറായില്ലേ? എന്നാല്‍, എനിക്കെതിരെ നുണപ്രചാരണമുണ്ടായപ്പോള്‍ പഌച്ചിമട സമരത്തില്‍ കൂടെനിന്ന എത്ര എഴുത്തുകാര്‍ പ്രതികരിച്ചു? കാപട്യം... ആത്മവഞ്ചന.

താങ്കളുടെ സാംസ്‌കാരിക താല്പര്യങ്ങള്‍ രൂപപ്പെട്ട സാഹചര്യങ്ങള്‍?

നിസ്സംശയം പറയാം വലിയൊരളവോളം ഡോക്ടര്‍ ലോഹ്യയുടെ സ്വാധീനം തന്നെ. രാഷ്ട്രീയത്തിന്റെ സാംസ്‌കാരികമായ ഉള്ളടക്കത്തെപ്പറ്റി അദ്ദേഹം തികച്ചും ബോധവാനായിരുന്നു. അനന്തമൂര്‍ത്തിയും ഞാനുമൊക്കെ ഡോക്ടറുടെ സ്വാധീനത്തില്‍ രൂപപ്പെട്ടവരാണ്.
ഉദാഹരണത്തിന് ഒടുവില്‍ പുറത്തിറങ്ങിയ എന്റെ പുസ്തകം 'ഹൈമവതഭൂവില്‍' എഴുതുമ്പോള്‍ ഡോക്ടര്‍ നല്‍കിയ ഇന്ത്യന്‍ ഇതിഹാസങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഏറെ പ്രചോദനമായി. കന്യാകുമാരിയില്‍ നിന്ന് വടക്കോട്ട് നോക്കിയാല്‍ ഇന്ത്യയുടെ മഹത്വം തിരിച്ചറിയാനാവുമെന്ന് ഡോക്ടര്‍ പറയാറുണ്ട്. ഈയൊരു കാഴ്ച 'ഹൈമവതഭൂവി'ലിന്റെ രചനയെ സഹായിച്ചു. ഡോക്ടര്‍ എപ്പോഴും പറയാറുണ്ടായിരുന്നു നാം വോള്‍ഗയെക്കുറിച്ചല്ല, ഗംഗയെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന്. ഇന്ത്യന്‍ ജനതയോട് സംസാരിക്കണമെങ്കില്‍ അത് ആവശ്യമാണ്. നാം പുരാണേതിഹാസ കഥാപാത്രങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. 'ഹൈമതഭൂവിലി'ന് ആസ്പദമായ ഉത്തരേന്ത്യന്‍ യാത്രയില്‍ പലപ്പോഴും എന്റെ മനസ്സ്് നിറയെ ലോഹ്യയായിരുന്നു.
സാമൂഹ്യനീതി, ന്യൂനപക്ഷം, ഭാഷാപ്രശ്‌നം, മനുഷ്യാവകാശം, പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥത തുടങ്ങി നാനാവിഷയങ്ങളെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര ധാരണകള്‍ ലോഹ്യാസോഷ്യലിസ്റ്റുകള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്താധാരകളുമായുള്ള അടുപ്പമാണ് സാംസ്‌കാരിക വിചാരങ്ങളുടെ ഒരു മണ്ഡലം എന്നില്‍ രൂപപ്പെടുത്തിയത്. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ ആഗോള മൂലധനം കൈയടക്കുന്നതിനെതിരായ ചിന്തകളാണ് എന്റെ മിക്ക രചനകളുടെയും ഉള്ളടക്കം. ജയപ്രകാശ് നാരായണനാണ് എന്നെ സോഷ്യലിസ്റ്റ്പാര്‍ട്ടിയില്‍ ചേര്‍ത്തത്. എന്നാല്‍, ലോഹ്യയുടെ പ്രത്യയശാസ്ത്ര വ്യക്തത ജെ.പിക്കുണ്ടായിരുന്നില്ല. അദ്ദേഹം ഭൂദാന്‍പ്രസ്ഥാനത്തിലേക്ക് പോയപ്പോള്‍ ജെ.പിയുമായി ഞങ്ങള്‍ ഭിന്നിക്കുകയും ചെയ്തു.
സാന്ദര്‍ഭികമായി പറയട്ടെ, ഈയടുത്ത് ഞാന്‍ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തി. ഏഴായിരം മൈല്‍ യാത്ര ചെയ്തത് കാറിലായിരുന്നു. ജനങ്ങളെ, പ്രകൃതിയെ, സംസ്‌കാരത്തെപ്പറ്റിയൊക്കെ അറിയാന്‍ അതാണ് നല്ലത്. ഈ യാത്രയ്ക്കിടെ ഞാന്‍ ഫിന്‍ലാന്‍ഡില്‍ പോയി. അവിടെ ഭാഷയെയും സംസ്‌കാരത്തെയും രാഷ്ട്രീയമായി കൂട്ടിയിണക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും മുന്തിയ പരിഗണനയാണ് ഫിന്നിഷ് സമൂഹവും രാഷ്ട്രീയ-ഭരണ നേതൃത്വവും നല്‍കുന്നത്. ദേശീയഗാനം, ദേശീയ പതാക ഇവയെല്ലാം രൂപപ്പെടുത്തിയത് എഴുത്തുകാരും കലാകാരന്മാരും ചേര്‍ന്നാണ്. നാണയങ്ങളിലും കറന്‍സികളിലും വരെ അവരുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. അവരുടെ പേരില്‍ ദേശീയ പതാകാദിനങ്ങള്‍ ആചരിക്കപ്പെടുന്നു.
രണ്ടാം ലോകയുദ്ധകാലത്തെ ഫിന്നിഷ് ചരിത്രത്തിലെ ഒരുസവിശേഷതയുമായി കേരളത്തിനുള്ള സമാനത എന്നെ അദ്ഭുതപ്പെടുത്തി. ഫിന്‍ലാന്‍ഡിന്റെ വിമോചനത്തിനായി പൊരുതിയ റെഡ് ഗാര്‍ഡ്‌സ് ഭൂമിപ്രശ്‌നത്തെ ദേശീയ വിമോചനവുമായി ബന്ധപ്പെടുത്തി. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കാര്‍ഷിക-ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്താനുള്ള കാഴ്ചപ്പാട് ഇ.എം.എസ്. വികസിപ്പിച്ചിരുന്നല്ലോ. ചരിത്രത്തിലെ അദ്ഭുതകരമായ ഇത്തരം സമാനതകളൊക്കെ പഠിക്കുക ഏറെ രസകരമാണ്.
1997-ല്‍ ഞാന്‍ ഒരിക്കല്‍ ടെഹ്‌റാനില്‍ പോയിരുന്നു. അയത്തൊള്ള ഖൊമേനിയുടെ ഗ്രാമം സന്ദര്‍ശിച്ചു. അവിടെ ഒരു ചെറിയ വസതിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്,പാരീസില്‍നിന്ന് തിരികെ വന്നതിനുശേഷം. താങ്കളറിയുമോ, ഋഗ്വേദത്തിന്റെ നല്ലൊരു ഇറാനി പരിഭാഷ വാങ്ങാന്‍ കിട്ടുന്നത് ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയിലെ ബുക്സ്റ്റാളില്‍ നിന്നാണ്. അവിടെനിന്നു ഞാന്‍ വാങ്ങിയ പരിഭാഷ എന്റെ ലൈബ്രറിയിലുണ്ട്. സംസ്‌കാരത്തിന്റെ മേഖലയില്‍ മഹത്വപൂര്‍ണ്ണമായ ഇത്തരം ഒരുപാട് അടയാളങ്ങളുണ്ട്. ഇതല്ലാംനാം അറിയണം. ഇതെല്ലാം അറിയേണ്ടതും അറിയിക്കേണ്ടതുമായ രാഷ്ട്രീയ സംസ്‌കാരം പുലര്‍ത്തേണ്ടത് ഇടതുപക്ഷമാണ്.

മുഖ്യമന്ത്രിയായ വി.എസ്സിന് പ്രതിപക്ഷനേതാവായ വി.എസ്സിനെ തൃപ്തിപ്പെടുത്താനാവുന്നുണ്ടോ?

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ്. നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഒരര്‍ത്ഥത്തില്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്താന്‍ ഇടയാക്കിയ മുഖ്യഘടകം. പരിസ്ഥിതി പ്രശ്‌നം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കോര്‍പറേറ്റ്‌വത്കരണം, അഴിമതി എന്നിങ്ങനെ അക്കാലത്ത് വി.എസ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ സി.പി.എം തയ്യാറായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന്റെ ചിത്രം മാറുമായിരുന്നു. ആഗോളവത്കരണകാലത്ത്ജനകീയ-ഇടതുപക്ഷ രാഷ്ട്രീയം എങ്ങിനെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് വി.എസ്. പ്രതിപക്ഷനേതാവായിരുന്ന കാലം.
പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അദ്ദേഹമിന്ന് സദാസമയവും പാര്‍ട്ടി നിരീക്ഷണത്തിലുള്ള തടവുകാരനായ മുഖ്യമന്ത്രിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (കോര്‍പറേറ്റ്) എന്നായി അവസ്ഥ.
എ.കെ.ജി സെന്ററിന്റെ നിരീക്ഷണത്തില്‍, മന്ത്രിമാരാല്‍ പലപ്പോഴും പരസ്യമായും രഹസ്യമായും ആക്രമിക്കപ്പെടുകയാണ് അദ്ദേഹം. പാര്‍ട്ടിയിലെ നേതൃശ്രേണിയനുസരിച്ച് കേന്ദ്രകമ്മിറ്റി മെമ്പര്‍ മാത്രമായ വി.എസ്. മുഖ്യമന്ത്രിയായി തുടരുന്നു! മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗം ആഭ്യന്തരമന്ത്രിയും! ഇതെന്തൊരു തമാശയാണ്? മുഖ്യമന്ത്രി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, ജനങ്ങളുടേതാണ്, എ.കെ.ജി. സെന്റര്‍ ഇന്ത്യയുടെതലസ്ഥാനവുമല്ല എന്ന് ഇവര്‍ എപ്പോഴാണാവോ മനസ്സിലാക്കുക?

രാഷ്ട്രീയത്തില്‍ താങ്കളെ വൈകാരികമായി സ്വാധീനിച്ച എ.കെ.ജിയെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ പങ്കുവച്ച് നമുക്ക് ഈ അഭിമുഖം അവസാനിപ്പിക്കാം.

ഞാന്‍ പറഞ്ഞല്ലോ അച്ഛന്റെ സുഹൃത്തായിരുന്നു എ.കെ.ജി. ആ ഒരു കരുതലും വാത്സല്യവും എന്നോട് അദ്ദേഹം കാണിച്ചിട്ടുണ്ട്. '70-ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി എസ്.എസ്.പി നിന്നപ്പോള്‍ സി.പി.എമ്മുമായി ഭിന്നിച്ചാണ് കേരളത്തില്‍ മത്സരിച്ചത്. കോഴിക്കോട്ടായിരുന്നു ഞാന്‍ മത്സരിച്ചത്. എ.കെ.ജി. കാസര്‍കോടും. അന്ന് ഞങ്ങളുടെ പാര്‍ട്ടിയുടെ സംസ്ഥാന ചെയര്‍മാനായ ശിവരാമഭാരതിയും അഖിലേന്ത്യസെക്രട്ടറിയായ ജോര്‍ജ് ഫെര്‍ണാണ്ടസും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഞാന്‍ കാസര്‍കോട് എ.കെ.ജിക്കെതിരെ പ്രസംഗിച്ചില്ല. അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേരില്‍ കണ്ടപ്പോള്‍ എ.കെ.ജി. പറഞ്ഞു: എടോ ഞാന്‍ കോഴിക്കോടും വന്നിട്ടില്ല.
അടിയന്തരാവസ്ഥക്കാലത്ത്, ഞാന്‍ ഒളിവില്‍പോയത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നില്ല; എ.കെ.ജിയുടെ അഭിപ്രായ പ്രകാരമായിരുന്നു. കോഴിക്കോട് കുഞ്ഞിരാമപൊതുവാള്‍ വക്കീലിന്റെ വീട്ടില്‍ വച്ചാണ്,എ.കെ.ജി എന്നോട് ഒളിവില്‍പോകാന്‍ പറഞ്ഞത്. ഇതുകേട്ട് പരിഭ്രാന്തനായ എന്നെ അദ്ദേഹം കണക്കറ്റ് പരിഹസിച്ചു. ഇക്കാര്യം അന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ അരങ്ങില്‍ ശ്രീധരനോട് പറഞ്ഞപ്പോള്‍, ശ്രീധരനും ആദ്യം അമ്പരന്നു. എന്റെ കൂടെ കെ.കെ. അബു സാഹിബും ഒളിവില്‍ ഉണ്ടായിരുന്നു. ഞാനും അബു സാഹിബും ആദ്യം കോയമ്പത്തൂരില്‍ചെന്ന് ചിന്നാ ദുരൈയെ കണ്ടു. അവിടെനിന്ന് മദിരാശിയിലേക്കായിരുന്നു ഞങ്ങള്‍ പോയത്. അവിടെ വച്ചാണ് ഫെര്‍ണാണ്ടസ്‌സിനെ കണ്ടത്. പിന്നീട് മൈസൂരില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഒളിവില്‍ പോയ എന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. അന്ന് വീട്ടിലാകെ പ്രശ്‌നമായി. കല്പറ്റയില്‍ ചെന്ന് അമ്മയെ കണ്ട് ആശ്വസിപ്പിച്ചത് എ.കെ.ജിയായിരുന്നു.
1973-ല്‍ ഗൂഡല്ലൂരിലെ മലയാളികളെ തമിഴ്‌നാട് സര്‍ക്കാര്‍ കുടിയിറക്കാന്‍ തുടങ്ങിയപ്പോള്‍ ഫാദര്‍ വടക്കന്‍ നിരാഹാരം തുടങ്ങി. അതിന്റെ പ്രചാരണത്തിന് കുറെ സ്ഥലത്ത് ഞാന്‍ പ്രസംഗിച്ചിരുന്നു. അന്ന് സമരം തീര്‍ക്കാന്‍ ഗൂഡല്ലൂരിലേക്ക് പോകുന്ന വഴി എ.കെ.ജി കല്പറ്റയിലെ വീട്ടില്‍ വന്നു. വടക്കനച്ചന്റെ ജീവന്‍ പോയാലും പ്രശ്‌നം അവസാനിപ്പിച്ചേ അടങ്ങൂ എന്നൊക്കെയുള്ള എന്റെ തീപ്പൊരി പ്രസംഗത്തെപ്പറ്റി എ.കെ.ജി അറിഞ്ഞിരുന്നു. വീട്ടില്‍ വന്നയുടനെ എന്റെ പ്രസംഗത്തില്‍ പിടിച്ച്, വടക്കനച്ചന്റെ ജീവന്‍ വച്ചാണോ നിന്റെ കളി എന്നു പറഞ്ഞ് എന്നെ ശാസിച്ചു. കൂടെ സഹജമായ കളിയാക്കലും. അച്ചന്റെ ജീവന്‍ രക്ഷിക്കാന്‍ എ.കെ.ജി ഇടപെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തി. ഒടുവില്‍ എ.കെ.ജിയുടെ അഭ്യര്‍ത്ഥന മാനിച്ച് വടക്കനച്ചന്‍ നിരാഹാരം അവസാനിപ്പിച്ചു.
സമരത്തിന്റെ അവസാനം എ.കെ.ജി നടത്തിയ പ്രസംഗത്തില്‍ ഗൂഡല്ലൂരിലെ മലയാളികളുടെ പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ ഞാനും വീരനും ഞങ്ങളുടെ പാര്‍ട്ടികളും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍. നയങ്ങള്‍ എന്നും എ.കെ.ജിക്ക് ഒരു വികാരമായിരുന്നു.
അഞ്ച് മണിക്കൂറോളം നീണ്ട സംഭാഷണത്തിലുടനീളം വീരേന്ദ്രകുമാര്‍ ക്ഷോഭിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. അകമ്പടിയായി മുനവെച്ച പരിഹാസവും. പലരെ കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ അനുകരണവും. ഒരുവേള രാഷ്ട്രീയത്തിന് നഷ്ടമാവുന്ന ധാര്‍മ്മികതയെ ചൊല്ലിയുള്ള നൈരാശ്യവും ദുഃഖവും അദ്ദേഹത്തെ അലട്ടുന്നു. രാഷ്ട്രീയത്തില്‍ എന്തെല്ലാം നഷ്ടമായാലും സാംസ്‌കാരിക രംഗത്ത് തനിക്ക് ഒരു ഉറച്ച മണ്ഡലം ഉണ്ടെന്ന ആത്മവിശ്വാസവും വീരന്റെ വാക്കുകളിലുണ്ട്. എന്തായാലും രാഷ്ട്രീയമായ ഒരു വഴിമാറ്റത്തിന്റെ വേളയിലും അദ്ദേഹം ചിന്തിക്കുന്നത് സാമ്രാജ്യത്വ അധിനിവേശം കൈയടക്കുന്ന നമ്മുടെ ജീവിതത്തെക്കുറിച്ചുതന്നെ; യൂറോപ്യന്‍ യാത്രയുടെ സാംസ്‌കാരിക- രാഷ്ട്രീയമാനങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു പുസ്തകത്തിന്റെ രചനയ്ക്കായി ഈ വിശ്രമവേളയെ ഉപയോഗിച്ചുകൊണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com