ഗണേഷ് കുമാറിനെക്കൊണ്ട് എന്തു പ്രയോജനം?; റ്റിജെഎസ് ജോര്‍ജ് എഴുതുന്നു

ഗണേഷ് കുമാറിനെക്കൊണ്ട് എന്തു പ്രയോജനം?; റ്റിജെഎസ് ജോര്‍ജ് എഴുതുന്നു
റ്റിജെഎസ് ജോര്‍ജ്, ഗണേഷ് കുമാര്‍/ഫയല്‍
റ്റിജെഎസ് ജോര്‍ജ്, ഗണേഷ് കുമാര്‍/ഫയല്‍

കേരളത്തിന്റെ ഒരു ശാപമായി കെബി ഗണേഷ് കുമാര്‍ വളരാന്‍ എന്താണു കാരണം? എവിടെ വൃത്തികേടുകള്‍ നടക്കുന്നുവോ അവിടെ കെ.ബി.ഗ.കു ഉണ്ട് എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. 

അസാധാരണമായ വ്യക്തിപ്രഭാവമുള്ള ആളാണ്. കാര്യശേഷിയിലും ഒന്നാംനിരയില്‍ത്തന്നെ. ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആയിരുന്ന കാലത്ത് ആനവണ്ടിയെപ്പോലും വരുതിക്കുനിര്‍ത്തിയ കണിശക്കാരനാണ്. ആള്‍ക്കൂട്ടത്തില്‍ തലപ്പത്താണ് സ്ഥിരം സ്ഥലം. പത്തനാപുരത്തെ മുടിചൂടിയ മന്നന്‍. മന്നനെ ആരും ദേഷ്യപ്പെടുത്തരുതെന്നു മാത്രം. ദേഷ്യപ്പെടുത്തിയാല്‍ അതിന്റെ ഫലം ഉടന്‍ അനുഭവിക്കേണ്ടിവരും. റോഡില്‍ തന്റെ വണ്ടിയുടെ പുരോഗതിക്കു തടസ്സമുണ്ടാക്കിയ ഒരു പൗരനെ കയ്യിലെടുത്ത് ശരിക്കൊന്നു പെരുമാറിയശേഷമാണ് നേതാവ് യാത്ര തുടര്‍ന്നത്. ഒരു ചടങ്ങില്‍ സ്ഥലത്തെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നേതാവിനെ ദേഷ്യപ്പെടുത്തി. ഹെഡ്മാസ്റ്റര്‍ ആണെന്ന കാര്യമൊന്നും നോക്കാതെ, അദ്ദേഹത്തിനും കൊടുത്തു മറക്കാത്ത മര്‍ദ്ദനം.

കൊട്ടാരക്കരക്കാര്‍ക്ക് കീഴൂട്ട് തറവാടെന്നു കേട്ടാല്‍ ചങ്കിടിപ്പാണ്. കീഴൂട്ട് രാമന്‍പിള്ള മകന്‍ ബാലകൃഷ്ണപിള്ളയാണ് കുടുംബത്തിന്റെ മഹിമ ആദ്യമായി ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. അദ്ദേഹം ഉയര്‍ന്നുയര്‍ന്ന് മന്ത്രിയായി. വീണ്ടും ഉയര്‍ന്നുയര്‍ന്ന് വിജിലന്‍സ് കോടതിയുടെ മുന്‍പാകെ പ്രതിയായി. അവിടെനിന്ന് ഒരു കൊല്ലത്തെ ജയില്‍വാസവും പതിനായിരം രൂപ ഫൈനും ലഭിച്ചു. അറുപത്തിയഞ്ച് ലക്ഷത്തിന്റെ കൈക്കൂലിക്കേസായിരുന്നു പ്രശ്‌നം. 

എന്നു വിചാരിച്ച്, കുടുംബകാര്യങ്ങള്‍  മാത്രം നോക്കി വീട്ടിലിരിക്കാന്‍ സാധിക്കുമോ ഗണേഷ് കുമാറിനെപ്പോലെയൊരു  പൊതുപ്രവര്‍ത്തകന്? സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരല്ലേ അവര്‍? ചെയ്യരുതാത്തതു ചെയ്തവരെങ്കിലും, അവരാണ് നമ്മുടെ വഴികാട്ടികള്‍. അങ്ങനെയാണ് ഗണേഷ് കുമാറിന് കേരളത്തില്‍ തന്റേതായ ഒരു ഇടമുണ്ടായത്. സ്വാഭാവികമായും നടിയെ ആക്രമിച്ച കേസില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. അവിടെ ഒരു പ്രബലന്‍ താരപ്രഭയില്‍ തിളങ്ങി തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ശക്തിമാന്‍, മാഫിയ രീതികള്‍ പരിചയമുള്ളയാള്‍. പക്ഷേ, അഴുക്കില്‍ മുങ്ങിയ കേസാണത്. അതില്‍ ഇടപെടാതിരിക്കാന്‍ ഗണേഷ് കുമാറിനു സാധിച്ചില്ല. 

അങ്ങനെയാണ് പുതിയ തലക്കെട്ടുകള്‍ രൂപപ്പെട്ടത്. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയരുകയും തുടര്‍ന്ന് പൊലീസ് ഒരു പ്രതിയെ പിടികൂടുകയും ചെയ്തു. ആരായിരുന്നു പ്രതി? ഗണേഷ് കുമാറിന്റെ പഴയ ഓഫീസ് സെക്രട്ടറിയായ പ്രദീപ്. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടില്‍നിന്നാണ് പ്രദീപിനെ പൊലീസ് പൊക്കിയത്.  പഴയ ജന്മി സംസ്‌കാരത്തിന്റെ ആള്‍രൂപമാണ് ഗണേഷ് കുമാര്‍. സ്വത്തിന്റെ ഉടമ ജന്മിയാണ്. അത് അംഗീകരിക്കുന്നവര്‍ക്കു ജീവിച്ചുപോകാം. ബി.കോം വരെ പഠിച്ചു എന്നാണ് ഒരു ഡിഗ്രി പോലുമില്ലാത്തത് എന്തുകൊണ്ടെന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടി. മൗലികമായി ചിന്തിക്കാനുള്ള കഴിവുണ്ട്. മക്കള്‍ക്കു കൊടുത്ത പേരുകളില്‍പ്പോലും അതു പ്രതിഫലിക്കുന്നു. ആദിത്യ കൃഷ്ണന്‍, ദേവരാമന്‍ എന്നാണ് പേരുകള്‍. പക്ഷേ, ഭാര്യ യാമിനി തങ്കച്ചിയുമായി പിണങ്ങി വേര്‍പെട്ടശേഷം ബിന്ദുമേനോനെ വിവാഹം കഴിച്ചു. ആനയാണ് ഇഷ്ടവിഷയം. കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ്. 

ഒക്കെ നല്ലത്. ആകെയുള്ള പ്രശ്‌നം രാഷ്ട്രീയരംഗത്തെ അരാജകത്വമാണ്. എപ്പോഴെങ്കിലും രാഷ്ട്രീയത്തെക്കുറിച്ച് നേരെ ചൊവ്വേ ചിന്തിച്ചിട്ടുണ്ടോ എന്ന സംശയം ആനവലിപ്പത്തില്‍ പൊന്തിനില്‍ക്കുന്നു. വളഞ്ഞവഴികളില്‍ക്കൂടെ ചിന്തിക്കുന്നു എന്നതിന് സംശയം ഏതുമില്ല. സോളാര്‍ കേസില്‍ പ്രമാണികളുടെ പേരുകള്‍ വലിച്ചിഴച്ചുകൊണ്ടുവരാന്‍ സരിതാ നായരെ പ്രേരിപ്പിച്ചത് ഗണേഷ് കുമാറാണെന്നു ബന്ധുവായ മനോജ് കുമാര്‍ വെളിപ്പെടുത്തി. എന്തെല്ലാം ഗുലുമാലുകള്‍. 'വളഞ്ഞവഴികള്‍' എന്ന പ്രയോഗം തന്നെ തിരുത്തേണ്ടിയിരിക്കുന്നു. ''വളഞ്ഞു വളഞ്ഞു പോയ വഴികള്‍ വീണ്ടും വളഞ്ഞു വളഞ്ഞു പോയി, പിന്നെയും വളഞ്ഞ്, ഇനിയും വളയാന്‍ അവസരം കാത്തിരിക്കുന്നു'' എന്നുവേണം ഭാവിയില്‍ പറയേണ്ടത്. ഒരുപക്ഷേ, കെ.ബി.ഗ.കു കേരളത്തിന്റെ ശാപമായത് സ്വാഭാവികം എന്ന് എല്ലാവരും അംഗീകരിക്കേണ്ട സന്ദര്‍ഭം വന്നിരിക്കുന്നു. ഇതു കലികാലമല്ല. ഇതു നമ്മുടെയൊക്കെ ജീവിതകാലമാണ്. ഇതു മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കി എന്നതാണ് ഗണേഷ് കുമാറിനെക്കൊണ്ടുള്ള പ്രയോജനം.?
 

റ്റിജെഎസ് ജോര്‍ജിന്റെ ലേഖനം സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com