കോണ്‍ഗ്രസ് ഇനിയെങ്കിലും അതു തുറന്നു സമ്മതിക്കുകയാണ് വേണ്ടത്‌

'ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ നല്ല വില കിട്ടുന്നുണ്ട്.  ഗവണ്മെന്റിന്റെ നയങ്ങള്‍ രാജ്യനന്മക്ക് വേണ്ടിയുള്ളതാണ്'
കോണ്‍ഗ്രസ് ഇനിയെങ്കിലും അതു തുറന്നു സമ്മതിക്കുകയാണ് വേണ്ടത്‌

ണ്‍പതുകളുടെ ഒടുവിലും 90 കളുടെ ആദ്യപകുതിയിലുമായി,  ഇപ്പോള്‍ ഝാര്‍ഖണ്ഡ് എന്നു വിളിക്കുന്ന സംസ്ഥാനത്തിലുള്‍പ്പെടുന്ന ഭൂവിഭാഗങ്ങള്‍ കൂടി അടങ്ങുന്ന പഴയ ബിഹാറില്‍ ഭൂമിഹാറുകളും മറ്റുമടങ്ങുന്ന സവര്‍ണസമുദായക്കാര്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ് രൂപപ്പെട്ടു. റാണിഗഞ്ജിലെ രഞ്ജിത് സിങ്, ബിശ്രംപൂറിലെ വിനോദ് സിങ് എന്നിങ്ങനെ രണ്ടു രാജ്പുത് ഭൂപ്രഭുക്കള്‍ നേതൃത്വം നല്‍കിയ സണ്‍ലൈറ്റ് സേന, രണ്‍വീര്‍സേന തുടങ്ങി ഉന്നതസമുദായക്കാരുടെ സ്വകാര്യമിലീഷ്യകള്‍ ഒരു വശത്തും മുഖ്യമായും ദലിരുള്‍പ്പെടുന്നതും വിവിധ ഇടതുപക്ഷഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ളതുമായ സേനാദളങ്ങള്‍ മറുവശത്തുമായി  സായുധപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. പുറത്തുള്ളവര്‍ക്ക് അത് ജാതികള്‍ തമ്മിലുള്ള പോരായിട്ടാണ് തോന്നിയത്. മാധ്യമങ്ങള്‍ അങ്ങനെയാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചതും. യഥാര്‍ത്ഥത്തില്‍ അത് ഭൂമിയുടേയും വിഭവങ്ങളുടേയും അവകാശങ്ങളെ ചൊല്ലിയുള്ള സമരമായിരുന്നു. വര്‍ഗസംഘര്‍ഷങ്ങളുടെ തീവ്രവിളനിലം എന്ന് ഒ.വി. വിജയന്‍ വിശേഷിപ്പിച്ച ഹിന്ദി ഹൃദയഭൂമിയില്‍ വ്യക്തമായും പ്രകടമായത് വര്‍ഗസമരമായിരുന്നു. 

വര്‍ഗസമരം എല്ലായ്‌പോഴും ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതോ വ്യക്തമായ രാഷ്ട്രീയബോധത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്നതോ ആകണമെന്നില്ലല്ലോ. ഇന്ത്യയില്‍ കൊളോണിയല്‍ വിരുദ്ധസമരം പോലും മതചിഹ്നങ്ങളോ സമുദായചിഹ്നങ്ങളോ ഒക്കെ അണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരുന്നത് എന്നാണ് ചരിത്രം പറയുന്നത് സ്വാതന്ത്ര്യസമരകാലത്തുതന്നെ നടന്ന, കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ വര്‍ഗീയകലാപമായി ചാപ്പുകുത്തിയ മലബാര്‍ കലാപം യഥാര്‍ത്ഥത്തില്‍ ഒരു കാര്‍ഷികകലാപമായിരുന്നുവല്ലോ. രാഷ്ട്രീയമായ ഒരു ആശയസംഹിതയെ അടിസ്ഥാനപ്പെടുത്താതെയും മതചിഹ്‌നങ്ങള്‍ ഏറെ വാരിയണിഞ്ഞുമാണ് ഇന്ത്യയില്‍ വര്‍ഗസമരം പോലും പ്രത്യക്ഷപ്പെടുന്നത് എന്നതില്‍ യാദൃച്ഛികതയില്ല. 

വര്‍ഗസമരം ഒരു കാലഹരണപ്പെട്ട ആശയമല്ല. മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധപൂര്‍വമായ ഒരു സംഘാടനം അതിനു വേണമെന്നുമില്ല. ആ യാഥാര്‍ത്ഥ്യത്തിന്റെ ഒരു ഉദാഹരണമാണ്  ഇപ്പോഴത്തെ കര്‍ഷകസമരം.  ചെങ്കൊടിയേന്തിയാല്‍ മാത്രമേ അത് വര്‍ഗസമരമാകൂ എന്നൊന്നുമില്ല. സ്വന്തമായി ഭൂമിയുള്ള ഇടത്തരം കൃഷിക്കാരാണ്  സമരം ചെയ്യുന്നത്. സിഖ് മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന, കൃപാണും തലപ്പാവും ധരിച്ച മതവിശ്വാസികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ദസ്തറും കാരയും കൃപാണുമണിഞ്ഞ താടിയുമുള്ള ഒരു വന്‍ജനക്കൂട്ടം. അതുകൊണ്ട് ഇത് ഒരു വര്‍ഗസമരമല്ലെന്ന് വ്യാഖ്യാനിക്കാനും ഇന്ത്യന്‍ദേശീയതയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ സിഖ് വിഭജനവാദത്തിന്റെ ഓര്‍മകളുയര്‍ത്തി രാജ്യവിരുദ്ധമെന്ന് വരുത്തിത്തീര്‍ക്കാനും ആളുകള്‍ ഉണ്ടായേക്കാം. 

സിഖുകാര്‍ക്ക് അവരുടെ മതചിഹ്നങ്ങള്‍ ധരിയ്ക്കാന്‍ ഭരണഘടന സവിശേഷാധികാരം നല്‍കുന്നുണ്ട്. മുന്‍കാലത്ത് , ഇതിനുള്ള സ്വാതന്ത്ര്യം വിലക്കപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ പാര്‍ലമെന്റില്‍ പോലും പ്രതിഷേധസ്വരം ഉയര്‍ത്തിയിട്ടുണ്ട്. തരന്‍തരനില്‍ നിന്നുള്ള എസ്.എസ്. മാന്‍ എന്ന അകാലിദള്‍ നേതാവ് കൃപാണുമായി പാര്‍ലമെന്റിലെത്തി പ്രതിഷേധിച്ചത് ഓര്‍മിക്കുക. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഒരു ആയുധവുമായി  കയറിവരാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇതരമതസ്ഥരായ കര്‍ഷകര്‍ക്ക് കഴിയുകയില്ല. ന്യൂനപക്ഷസ്വത്വബോധത്തെ അംഗീകരിക്കുന്ന ഇന്ത്യന്‍ മതനിരപേക്ഷതയുടെ സവിശേഷതയാണ് ഇത്.  

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വാശ്രിതസമ്പദ്‌വ്യവസ്ഥയുടെ അടിത്തറ മാന്തുന്നതിന് തുടക്കമിട്ട നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഒരു യുവജനസംഘടന കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരം നടത്തി. സമരത്തിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ ഒരു റയില്‍വേസ്‌റ്റേഷനിനു സമീപം ഒരു ദീര്‍ഘദൂര വണ്ടി തടഞ്ഞിട്ടു. സമരക്കാരുടെ മുദ്രാവാക്യം വിളി പുറത്തു മുറുകുമ്പോള്‍ ചില കമ്പാര്‍ട്‌മെന്റുകള്‍ക്കുള്ളില്‍ താടിയും തലപ്പാവും ധരിച്ച, ജീന്‍സിട്ട  ചെറുപ്പക്കാരായ പുരുഷന്‍മാരും  സ്ത്രീകളും പുറത്തുനടക്കുന്നതൊന്നും ശ്രദ്ധിക്കാതെ നൃത്തച്ചുവടുകളില്‍ മുഴുകി. പാട്ടും മേളവും ഒന്നയഞ്ഞപ്പോള്‍ അവരില്‍ മുതിര്‍ന്ന ഒരാള്‍ പുറത്തെ സമരക്കാരെ വന്നുകാണുകയും എന്തിനാണ് ഈ മുദ്രാവാക്യം വിളി എന്നു ചോദിക്കുകയും ചെയ്തു. നടക്കുന്നത് എന്ത് എന്ന് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ചോദിച്ചത് നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണ്. കര്‍ഷകകുടുംബത്തില്‍ ജനിച്ച അയാള്‍ വിദേശത്തെ ഏതോ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്. 'ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ നല്ല വില കിട്ടുന്നുണ്ട്. നരസിംഹറാവു ഗവണ്മെന്റിന്റെ നയങ്ങള്‍ രാജ്യനന്മക്ക് വേണ്ടിയുള്ളതാണ്. ഗവണ്മെന്റിനെ ഭരിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്, സമരം ചെയ്യുകയുമല്ലാ വേണ്ടത്'  എന്നാണ് അന്ന് അയാള്‍ പറഞ്ഞത്.  അന്ന് അങ്ങനെ സംസാരിച്ച ചെറുപ്പക്കാരുടെ കൂട്ടത്തില്‍ നിന്ന് ആരെങ്കിലുമൊക്കെ ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കാണുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.  

90 കളില്‍ കോണ്‍ഗ്രസ്സ് തുടക്കമിട്ട എല്‍.പി.ജി നയങ്ങളുടെ തുടര്‍ച്ചയിലുളള കാര്‍ഷിക ബില്ലുകളാണ് സമരത്തിനു കാരണമായത്. തീര്‍ത്തും ജൈവികമെന്നു വിശേഷിപ്പിക്കാവുന്നതരം പ്രതിരോധം. ഈ സമരത്തിനു കോണ്‍ഗ്രസ്സുകാര്‍ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തങ്ങള്‍ തുടങ്ങിവെച്ച നയങ്ങള്‍ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിനാശകരമായിരുന്നു എന്ന് ഭംഗ്യന്തരേണ സമ്മതിക്കുകയാണ്. എണ്‍പതുകളുടെ തുടക്കത്തോടെ ദിശമാറിയൊഴുകിയ കോണ്‍ഗ്രസ്സ് രാഷ്ട്രീയം രാജ്യത്തിനു ഗുണകരമായിരുന്നില്ല എന്നും തങ്ങള്‍ തുടങ്ങിവെച്ച ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണനയങ്ങള്‍ അപകടകരമായിരുന്നുവെന്നും തുറന്നുസമ്മതിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇനി ചെയ്യേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com