ലവ് ജിഹാദ് വിളമ്പുന്ന പുതിയ നേതാക്കള്‍ക്ക് മനസിലാകാത്ത ചില പാര്‍ട്ടി പ്രണയ ജീവിതങ്ങള്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്ഭവം തൊട്ടേ ജാതിയും മതവും തീര്‍ത്ത അതിരുകള്‍ ഭേദിച്ച് വിവാഹജീവിതമാരംഭിച്ച ആയിരക്കണക്കിനു നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ത്യാഗോജ്ജ്വലമായ ചരിത്രം മുന്നിലുണ്ട്
ലവ് ജിഹാദ് വിളമ്പുന്ന പുതിയ നേതാക്കള്‍ക്ക് മനസിലാകാത്ത ചില പാര്‍ട്ടി പ്രണയ ജീവിതങ്ങള്‍


സ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ ജീവിക്കുന്ന, ഇക്കഴിഞ്ഞ ജനുവരി 29-ന് 92-ാം പിറന്നാള്‍ ആഘോഷിച്ച, ഞങ്ങളെല്ലാം മമ്മി എന്നു വിളിക്കുന്ന കാമ്പുറത്ത് പദ്മാവതി എന്ന ഷൊര്‍ണൂര്‍ ചളവറ ഗ്രാമത്തിലെ ആ പഴയ തീപ്പൊരി സഖാവ്, ഇന്നു കാലത്ത് വീഡിയോ കോളില്‍ സംസാരിക്കവെ ചോദിക്കുന്നു: ''എന്ത് ജിഹാദാണ് ഈ ലൗ ജിഹാദ്? സഖാക്കളുടെ നാക്കില്‍നിന്നുയരേണ്ട ആക്ഷേപപദമാണോ ഇത്?''

മുക്കാല്‍ നൂറ്റാണ്ട് മുന്‍പ്, പദ്മാവതിയുടെ 17-ാം വയസ്സില്‍ ഇഷ്ടപ്പെട്ട സഖാവും വിപ്ലവകാരിയുമായ, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറനാട് മണ്ഡലം സെക്രട്ടറി മഞ്ചേരി ആനക്കയം വലിയമണ്ണില്‍ മുഹമ്മദ് ഇസ്ഹാഖിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് വന്ന, പദ്മാവതി ഇസ്ഹാഖാവണം, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിഘണ്ടുവിലും ഇടംപിടിച്ച് ഇന്നിപ്പോള്‍ വീണ്ടും വിവാദമായി മാറിയ 'ലൗ ജിഹാദി'ന്റെ ആദ്യ ഇരകളിലൊരാള്‍! ഇഎംഎസ് വള്ളുവനാട് പാര്‍ട്ടി സെക്രട്ടറിയും ഇസ്ഹാഖ് ഏറനാട് പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ച ചേതോഹരമായൊരു കാലഘട്ടം മലബാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. 

ഇഷ്ടപ്പെട്ടയാളെ ഇണയായി, തുണയായി ഏറ്റെടുക്കുകയെന്ന മൗലികാവകാശത്തിനു നേരെ, മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തിന്റെ ഓളങ്ങളൊടുക്കാത്ത ഇരുവഴിഞ്ഞിപ്പുഴയോരത്തുനിന്ന് ഒരു ഇടതുപക്ഷ നേതാവ് പരിഹാസം പുരണ്ട ചൂണ്ടുവിരലുയര്‍ത്തുകയും ഡിവൈഎഫ്‌ഐ നേതാവായ കാമുകന് ജന്മനാട്ടില്‍നിന്നു മാറി നില്‍ക്കേണ്ടി വരികയും ചെയ്യുകയെന്ന അസംബന്ധം കാണ്‍കെ, പദ്മാവതി ഇസ്ഹാഖെന്ന പഴയ കമ്യൂണിസ്റ്റുകാരിക്കു ചിരിക്കാനേ സാധിക്കൂ. 
 
നാല്‍പ്പതുകളുടെ അറുതിയിലും അന്‍പതുകളുടെ ആരംഭത്തിലും പാര്‍ട്ടി വൃത്തങ്ങളിലും പുറത്തും ഇഎംഎസ്സിനോളം സമശീര്‍ഷനായി ഗണിക്കപ്പെട്ടിരുന്ന എം ഇസ്ഹാഖാണ്, ഹിന്ദു സമുദായത്തിലെ വിദ്യാര്‍ത്ഥി നേതാവിനെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടു വന്നത്. വധഭീഷണിയുള്‍പ്പെടെയുള്ള എതിര്‍പ്പുകളെ നിസ്സാരമായി തള്ളിക്കൊണ്ടാണ് അദ്ദേഹം ഷൊര്‍ണൂര്‍ ചളവറയിലെ പദ്മാവതിയെ ജീവിത സഖാവാക്കിയത്. സഹജീവനത്തിന്റെ ജ്വലിക്കുന്ന അദ്ധ്യായങ്ങള്‍ രചിച്ച് അവര്‍ മുന്നേറി. 

പദ്മാവതിയും ഇസ്ഹാഖും സുഹൃത്തുക്കള്‍ക്കൊപ്പം 

മഞ്ചേരി ആനക്കയത്തെ അതിപ്രശസ്തമായ വലിയമണ്ണ് തറവാട്ടില്‍ ജനിച്ചിട്ടും ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ കുടഞ്ഞെറിഞ്ഞ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കാകൃഷ്ടനായ ധീരനാണ് ഇസ്ഹാഖ്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവിലും തെളിവിലും പ്രവര്‍ത്തിക്കുമ്പോഴും മാപ്പിളശൈലിയിലുള്ള നാടന്‍ പ്രസംഗങ്ങളിലൂടെ ഏറനാടിന്റേയും വള്ളുവനാടിന്റേയും ഹൃദയം കവര്‍ന്ന ഇസ്ഹാഖ്, ഇഎംഎസ്, ഇ.പി. ഗോപാലന്‍ തുടങ്ങിയവരുടെ സമകാലികനായിരുന്നു. ഉപരിപഠനത്തിന് ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയില്‍ പോയി. പക്ഷേ, കമ്യൂണിസ്റ്റായാണ് തിരിച്ചെത്തിയത്.

ഇദ്ദേഹത്തിന്റെ സഹോദരന്‍ കെ.വി.എം. ചേക്കുട്ടി ഹാജി മഞ്ചേരി ദ്വയാംഗ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. എതിര്‍ സ്ഥാനാര്‍ഥി പി.പി. ഉമ്മര്‍കോയ. ഉമ്മര്‍കോയയാണ് ജയിച്ചതെങ്കിലും ചേക്കുട്ടി ഹാജിക്ക് 40 ശതമാനത്തോളം വോട്ട് കിട്ടി- ഇസ്ഹാഖിനായിരുന്നു പ്രചാരണത്തിന്റെ മുഖ്യ ചുമതല. 

ഷൊര്‍ണൂര്‍ ചളവറ ഗ്രാമത്തിലെ കമ്യൂണിസ്റ്റ് കുടുംബത്തില്‍നിന്ന് പദ്മാവതിയെന്ന സഖാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. അദ്ദേഹം പദ്മാവതിയെ കൈവിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ, യാഥാസ്ഥിതികത്വം കൊടികുത്തിവാണ ഏറനാടന്‍ ഗ്രാമത്തിലേക്ക് വള്ളുവനാടന്‍ ഗ്രാമത്തനിമയുടെ നിഷ്‌കളങ്കതയത്രയുമുള്ള, താനിഷ്ടപ്പെട്ട ഹിന്ദു പെണ്‍കുട്ടിയുടെ കൈപിടിച്ച് ഇസ്ഹാഖ് കാലിടറാതെ കയറിവന്നു.

ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ റജിസ്ട്രാറായിരുന്ന മുന്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്റെ സെക്രട്ടറിയായും ഇസ്ഹാഖ് പ്രവര്‍ത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു തീര്‍ത്തും പിന്മാറിയ അദ്ദേഹം ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം മലപ്പുറം സഹകരണമില്ലിന്റെ ചുമതലക്കാരനായി വന്നത് അന്നു വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസിന്റെ പ്രത്യേക താല്പര്യം കാരണമായിരുന്നു. പദ്മാവതി ഇസ്ഹാഖ് പട്ടാമ്പി ഗവണ്‍മെന്റ് കോളേജിലെ ചരിത്രാദ്ധ്യാപികയായി റിട്ടയര്‍ ചെയ്തു. ജീവിതസഖാവിന്റെ വിയോഗശേഷം അവരിപ്പോള്‍ ഓസ്‌ട്രേലിയയില്‍ മക്കളോടൊപ്പം താമസിക്കുന്നു. 

എന്റെ കുടുംബത്തിലെ മൂന്നു തലമുറയുമായി (എന്റെ മാതൃപിതാവ്, പിതാവ്, പിന്നെ ഞാന്‍) സ്‌നേഹബന്ധമുണ്ടായിരുന്നു ഇസ്ഹാഖ് സാഹിബിന്. കൊളപ്പുള്ളിയിലെ അദ്ദേഹത്തിന്റെ വീടായ നിഷ്ഹത്ത് വില്ലയിലിരുന്നു നിരവധി രാത്രികളില്‍ സമരതീക്ഷ്ണമായ മലബാര്‍ ചരിത്രത്തിന്റെ കഥകള്‍ക്കു ഞാന്‍ കാതോര്‍ത്തിരുന്നു. 

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്ഭവം തൊട്ടേ ജാതിയും മതവും തീര്‍ത്ത അതിരുകള്‍ ഭേദിച്ച് വിവാഹജീവിതമാരംഭിച്ച ആയിരക്കണക്കിനു നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ത്യാഗോജ്ജ്വലമായ ചരിത്രം നമ്മുടെ മുന്‍പിലുണ്ട്. പാര്‍ട്ടിക്കു പുറത്തും എത്രയോ മിശ്രവിവാഹങ്ങള്‍ അന്നും ഇന്നും യഥേഷ്ടം നടക്കുമ്പോള്‍ ഷെജിന്റേയും ജോയ്സ്നയുടേയും വിവാഹത്തിനു മാത്രമെന്തേ ഇത്ര സവിശേഷതയെന്നതാണ് തിരുവമ്പാടിയെന്ന മലയോരത്ത് നിന്നുയരുന്ന ദുരൂഹതയുണര്‍ത്തുന്ന ചോദ്യം. ഒരു കമ്യൂണിസ്റ്റുകാരന്‍ പറയാന്‍ പാടില്ലാത്ത വാദമാണ് മുന്‍ എം.എല്‍.എ ഉയര്‍ത്തിയത്. ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ പറഞ്ഞത് വിഴുങ്ങിയെങ്കിലും അതുയര്‍ത്തുന്ന പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും.

വ്യത്യസ്ത ജാതിമത വിഭാഗങ്ങളില്‍ പിറന്ന് പില്‍ക്കാലത്ത് പ്രണയബദ്ധരായ പല കമ്യൂണിസ്റ്റ് യുവതീയുവാക്കളും പാര്‍ട്ടിയുടേയും കുടുംബങ്ങളുടേയും ആശീര്‍വാദത്തോടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ച എത്രയോ അനുഭവങ്ങള്‍ നമുക്കു മുന്‍പിലുണ്ട്. എതിര്‍പ്പുകളെയെല്ലാം നിഷ്പ്രയാസം തട്ടിനീക്കി നടന്ന വിപ്ലവ വിവാഹങ്ങള്‍. ഇന്നും അത്തരം ബന്ധങ്ങള്‍ അവിരാമം തുടരുന്നു. 

കടുത്ത എതിര്‍പ്പുകള്‍ക്കു നടുവില്‍ പരിണയം നടത്തിയ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് നേതാക്കളാണ് അരുണാ ആസഫലിയും ആസഫലിയും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചുവപ്പിന്റെ ശോണിമ പടര്‍ത്തിയ ഉജ്ജ്വല നേതാവാണ് ആസഫലി. അരുണയാകട്ടെ, ബംഗാളി ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലെ തിളക്കമാര്‍ന്ന സ്ഫുലിംഗം. ഇരുവരും പ്രേമബദ്ധരായപ്പോള്‍ കടുത്ത എതിര്‍പ്പ് വന്നത് അരുണയുടെ കുടുംബത്തില്‍ നിന്നായിരുന്നു. രണ്ടു കാരണങ്ങള്‍: ഒന്നാമത്തേത് ആസഫലിയുടെ മതം. രണ്ടാമത്തേത് അദ്ദേഹത്തിന്റെ പ്രായവ്യത്യാസം. അരുണയെക്കാള്‍ 20 വയസ്സിനു മൂത്തതായിരുന്നു ആസഫലി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബോംബെ നഗരത്തില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി ദേശീയപതാക ഉയര്‍ത്തിയ അരുണയുടെ ജീവിതമാകെ സമരതീക്ഷ്ണമായിരുന്നു. 

അരുണ, ആസഫലി
 

ആസഫലിയെക്കാള്‍ ഉയരത്തിലായിരുന്നു അക്കാലത്തെ അവരുടെ സ്ഥാനം. ഡല്‍ഹിയുടെ ആദ്യത്തെ മേയര്‍ കൂടിയായിരുന്നു അരുണ. ഗോഖലെ മെമ്മോറിയല്‍ സ്‌കൂളിലെ അദ്ധ്യാപികയായിരിക്കെയാണ് അരുണ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിലും പിന്നീട് ഇടതുപക്ഷത്തും അണിനിരന്ന ആസഫലിയുമായുള്ള അരുണയുടെ ലളിതമായ വിവാഹച്ചടങ്ങിന് മോസ്‌കോയില്‍ മൗലാനാ ഹസ്രത്ത് മൊഹാനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്രവാസം നയിക്കുന്ന നേതാക്കളാകെ ആശംസകള്‍ നേര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവം സൃഷ്ടിച്ച സംഭവമായിരുന്നു ആസഫലിയുടേയും അരുണയുടേയും വിവാഹം. (ഇന്നിപ്പോള്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ആസഫലിയുടെ ഓര്‍മ്മയുണര്‍ത്തുന്ന വീഥികളും റോഡ്മാപ്പുകളുമുണ്ട്).

ആസഫലി - അരുണ വിവാഹം നടക്കുന്ന കാലത്ത് അരുണയുടെ പിതാവുണ്ടായിരുന്നില്ല. പിതൃതുല്യനായ അമ്മാവനും മറ്റു ബന്ധുക്കളുമെല്ലാം ഈ വിവാഹത്തെ അരുണയുടെ മരണച്ചടങ്ങായാണ് വിശേഷിപ്പിച്ചത്. കല്യാണനാള്‍ അമ്മാവന്‍ നാഗേന്ദ്രനാഥ് ഗാംഗുലി പറഞ്ഞു: ഇന്ന് എന്റെ മരുമകള്‍ അരുണയുടെ ചരമദിനമാണ്. മംഗളം നേരുകയല്ല, ശ്രാദ്ധദിനത്തിനുള്ള അഞ്ജലിയര്‍പ്പിക്കുന്നു, അവള്‍ക്കു ഞങ്ങളുടെ കുടുംബമാകെ. 1996-ല്‍ തന്റെ 86-ാം വയസ്സില്‍ മരിക്കുന്നതുവരെ അരുണാ ആസഫലി കുടുംബാംഗങ്ങളുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. 

പ്രമുഖ മലയാളി പത്രപ്രവര്‍ത്തകന്‍ എടത്തട്ട നാരായണന്റെ പേര് കൂടി ആസഫലി - അരുണ ദമ്പതികള്‍ക്കൊപ്പം ചേര്‍ക്കാം. പേട്രിയറ്റ്-ലിങ്ക് പത്രങ്ങളുടെ തുടക്കം കുറിക്കാനും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് ദേശീയ മഹിളാ ഫെഡറേഷന്റെ (എന്‍.എഫ്.ഐ.ഡബ്ല്യു) മുന്‍നിര പോരാളിയാകാനും അരുണയെ പ്രേരിപ്പിച്ചവരില്‍ എടത്തട്ടയുമുണ്ടായിരുന്നു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇന്ത്യന്‍ വംശജന്‍ രജിനി പാംദത്തുമായുള്ള ബന്ധം കൂടി അരുണയുടെ വിപ്ലവ സ്വപ്നങ്ങളെ ഉത്തേജിപ്പിച്ചതായാണ് ചരിത്രം. ആസഫലിയുമായുള്ള അവരുടെ ഊഷ്മളബന്ധത്തിന്റെ കഥകള്‍ പിന്നീട് അതിനൊക്കെ ദൃക്സാക്ഷിയായ എടത്തട്ട നാരായണന്‍ എഴുതുകയുണ്ടായി. 

സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായിരുന്ന എം. ഫാറൂഖിയെ പുതുതലമുറ കമ്യൂണിസ്റ്റുകാര്‍ക്ക് അത്ര പരിചയം കാണില്ല. കമ്യൂണിസ്റ്റാണെന്നതിന്റെ പേരില്‍ മാത്രം സ്വതന്ത്ര ഇന്ത്യയിലെ ഡല്‍ഹി വാഴ്സിറ്റി വര്‍ഷങ്ങളോളം തടഞ്ഞുവെച്ച ചരിത്രബിരുദം പതിറ്റാണ്ടുകള്‍ക്കു ശേഷം പൊരുതി നേടി വാര്‍ത്തകളില്‍ ഇടം പിടിച്ച ഫാറൂഖിയെക്കുറിച്ച് കേരള ഗവര്‍ണറായിരിക്കെ തിരുവനന്തപുരത്ത് അന്തരിച്ച സിക്കന്ദര്‍ ഭക്ത് എഴുതിയിട്ടുണ്ട്.

മുഖിമുദ്ദീന്‍ ഫാറൂഖിയെന്നാണ് മുഴുവന്‍ പേര്. നന്നായി ഉര്‍ദു അറിയുന്ന ഫാറൂഖി സി.പി.ഐ മുഖപത്രമായ ന്യൂ ഏജിന്റെ എഡിറ്റര്‍ കൂടിയായിരുന്നു. ആദ്യത്തെ എതിര്‍പ്പുകളെ നയപരമായ നിലപാടുകളിലൂടെ അതിജീവിച്ചാണ് അദ്ദേഹം അക്കാലത്തെ കമ്യൂണിസ്റ്റ് വനിതാ നേതൃനിരയിലുണ്ടായിരുന്ന വിമലയെ വിവാഹം ചെയ്തത്. അന്നത്തെ പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ. ഡാങ്കെയുടെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു ഫാറൂഖിയും വിമലയും ഒരുമിച്ചത്. മെയിന്‍സ്ട്രീം പത്രത്തിന്റെ എഡിറ്ററും പ്രസിദ്ധ കോളമിസ്റ്റുമായ നിഖില്‍ ചക്രവര്‍ത്തിയുടെ പത്നി രേണു ചക്രവര്‍ത്തിയുമൊന്നിച്ച് വിമലാഫാറൂഖി പില്‍ക്കാലത്ത് യു.പി, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ് മഹിളാസംഘടനകളെ സുസജ്ജമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. 

സി.പി.ഐ ജനറല്‍ സെക്രട്ടറിയായും ഏറെക്കാലം പാര്‍ലമെന്റംഗമായും ദേവഗൗഡ-ഗുജ്റാള്‍ മന്ത്രിസഭകളില്‍ ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ച ഇന്ദ്രജിത് ഗുപ്തയുടേയും കൊല്‍ക്കത്തക്കാരിയായ സുരയ്യയുടേയും പ്രണയത്തിന് ദീര്‍ഘ വര്‍ഷങ്ങളുടെ തിളക്കമുണ്ട്. ഇന്ദ്രജിത് ഗുപ്തയ്ക്ക് 62-ാം വയസ്സിലാണ്, പ്രമുഖ മുസ്ലിം കുടുംബാംഗമായ സുരയ്യയെ സുമംഗലിയാക്കി തന്നോടൊപ്പം കൂട്ടാനായത്. അതുവരെ അദ്ദേഹം കാത്തിരുന്നു. പ്രമുഖ ഛായാഗ്രാഹകനായിരുന്ന അഹമ്മദ് അലിയുടെ പത്‌നിയായിരുന്നു സുരയ്യ. പ്രശസ്ത ബംഗാളി നോവലിസ്റ്റ് എസ്. വാജിദലിയുടെ മകനാണ് അഹമ്മദ് അലി. 

(അഹമ്മദ് അലിയുടെ രണ്ടാം ഭാര്യയിലുള്ള മകളാണ് പ്രമുഖ ഇന്ത്യന്‍ നീന്തല്‍താരവും സാമൂഹിക പ്രവര്‍ത്തകയും മോഡലും 1976-ലെ മിസ് ഇന്ത്യയുമായ നഫീസാ അലി. ജുനൂന്‍ എന്ന സിനിമയിലെ നായികയായ നഫീസാ അലി സമാജ്വാദി പാര്‍ട്ടി വഴി കോണ്‍ഗ്രസ്സിലെത്തി.) സുരയ്യയും അഹമ്മദ് അലിയുമായുള്ള ബന്ധം നിയമപരമായി പിരിയും വരെ ഇന്ദ്രജിത് ഗുപ്ത കാത്തിരുന്നു. ഫിലോമിനാ ടോര്‍സണ്‍ എന്ന ആംഗ്ലോ ഇന്ത്യക്കാരിയെ അഹമ്മദ് അലി പുനര്‍വിവാഹം ചെയ്തു. അവരിലുള്ള മകളാണ് നഫീസാ അലി. 11 തവണ തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയെന്ന റെക്കാര്‍ഡ് സ്വന്തമായുള്ള ഇന്ദ്രജിത് ഗുപ്ത 1977-ല്‍ മാത്രമാണ് പരാജയപ്പെട്ടത്. ഇടക്കാലത്ത് പ്രോടേം സ്പീക്കറുമായിരുന്നു. 2001 ഫെബ്രുവരി 20-ന് 81-ാം വയസ്സില്‍ ഇന്ദ്രജിത് ഗുപ്തയുടെ ജീവിതത്തിനു തിരശ്ശീല വീണു. 

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മുസഫര്‍ അലിയുടേയും ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍ സുഭാഷിണിയുടേയും (സി.പി.എം പോളിറ്റ് ബ്യൂറോ അംഗം) വിവാഹവും ഇവിടെ ഓര്‍ക്കാവുന്നതാണ്. കണ്ണൂര്‍ ആറളത്തുകാരി, എ.ഐ.വൈ.എഫ് നേതാവായിരുന്ന ആനിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയയുമായുള്ള വിവാഹവും അനുസ്മരിക്കാം. പഴയകാലത്തും പുതിയകാലത്തും കേരളത്തിലെ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും ജാതി നോക്കാതെ വിവാഹിതരായ ഏറെപ്പേരുണ്ട്. മക്കളെ ആ വഴിക്കു പോകാന്‍ അനുവദിച്ചവരുമുണ്ട്. അന്‍പതുകളില്‍ വിപ്ലവം സൃഷ്ടിച്ച വിവാഹമായിരുന്നു എം. ഇസ്ഹാഖ് - പത്മാവതി ദമ്പതികളുടേത്. 1957-ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ടി.വി. തോമസ് - ഗൗരിയമ്മ വിവാഹവും കേരളീയ പൊതുജീവിതത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ നവതരംഗമാണുണ്ടാക്കിയത്. 

ആനി രാജ, ഡി രാജ
 

മികച്ച ട്രേഡ് യൂണിയന്‍ നേതാവ് ജോര്‍ജ് ചടയംമുറി, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍മന്ത്രിയുമായിരുന്ന വി.വി. രാഘവന്‍ - സത്യഭാമ (സി. അച്യുതമേനോന്റെ സഹോദരി), കല്ലാട്ട് കൃഷ്ണന്‍ - പ്രിയദത്ത വിവാഹം ഇങ്ങനെ നിരവധി മിശ്രവിവാഹങ്ങള്‍ അക്കാലത്തെ കമ്യൂണിസ്റ്റ് നേതൃനിരയില്‍ സംഭവിച്ചുവെന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്. മതപരിഗണന ശ്രദ്ധിക്കാതെയാണ് പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികനും മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന എന്‍.ഇ. ബാലറാമിന്റെ മകള്‍ ഗീതയും 1957-ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭാംഗം ടി.എ. മജീദിന്റെ മകന്‍ എം. നസീറും വിവാഹിതരായത്. ഇരുവരും എ.ഐ.എസ്.എഫ് നേതാക്കളായിരുന്നു. 

വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്തെ സംസ്ഥാന നേതൃനിരയില്‍ പ്രണയം പൂവിട്ടവരില്‍ ബിനോയ് വിശ്വം - ഷൈലാ സി. ജോര്‍ജ്, കെ. ബാലകൃഷ്ണന്‍ - ഗിരിജാ ജോര്‍ജ് തുടങ്ങി നിരവധി പേരുണ്ട്. എം.ബി. രാജേഷ് - നിനിതാ റഷീദ് കണിച്ചേരി, മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന കെ. ബദറുന്നിസയുമായുള്ള പെരിന്തല്‍മണ്ണയിലെ മുന്‍ എം.എല്‍.എയുമായ വി. ശശികുമാറിന്റെ പ്രണയവിവാഹവും സാമൂഹിക വിപ്ലവത്തിന്റെ പുതിയൊരധ്യായമായിരുന്നു രചിക്കപ്പെട്ടത്.

സി.പി.എം നേതാവ് ജെയിംസ് മാത്യുവിന്റേയും അക്കാലത്തെ യുവജനനേതാവ് എന്‍. സുകന്യയുടേയും വിവാഹവും ഓര്‍ക്കാം. സി.എസ്. സുജാത - ജി. ബേബി, സി.എം.പി നേതാവ് പി.എ. അജീര്‍ - സുധര്‍മ, കെ.കെ. രാഗേഷ് - പ്രിയാ വര്‍ഗീസ്, വി.പി. സാനു - ഗാഥാ എം. ദാസ്, മുഹമ്മദ് റിയാസ് - വീണ... പട്ടിക നീളും. മതം മാറിയുള്ള സാമൂഹിക വിപ്ലവത്തിന്റെ മംഗല്യജ്വാലകളായി ചരിത്രത്തിനു മുന്നില്‍ നിറകതിര്‍ ചൂടിനില്‍ക്കുന്ന മിശ്രവിവാഹങ്ങളുടെ ചരിത്രം, പാര്‍ട്ടിയുടെ സാമൂഹിക മുന്നേറ്റത്തിന്റെ ഉള്‍ക്കരുത്തായി നില്‍ക്കുമ്പോള്‍, തിരുവമ്പാടിയില്‍നിന്നുയര്‍ന്ന അപസ്വരം, പാര്‍ട്ടി കോണ്‍ഗ്രസ്സുയര്‍ത്തിയ ശോഭ കെടുത്തുന്നതായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com