ഇന്ത്യയിലെ ആദ്യ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ കഥ

കൊലപാതകത്തിനുശേഷം നവ്ശഹറിലെ നയ് മജ്‌റ ഗ്രാമത്തിലെ ഒരു തോട്ടില്‍ പൊലീസ് അദ്ദേഹത്തിന്റെ ശരീരം ഉപേക്ഷിച്ചു. ഒരു ഏറ്റുമുട്ടല്‍ കഥയും മെനഞ്ഞെടുത്തു
ബാബാ ബുഝാ സിംഗ് വ്യത്യസ്ത കാലങ്ങളില്‍/വിക്കിപീഡിയ
ബാബാ ബുഝാ സിംഗ് വ്യത്യസ്ത കാലങ്ങളില്‍/വിക്കിപീഡിയ


82 കാരന്‍ ഉന്നത രാഷ്ട്രീയനേതാക്കളെ വകവരുത്താനുള്ള ഗൂഢപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ശ്രമിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. തക്കസമയത്തു ഇടപെട്ടതുകൊണ്ട് ആ പദ്ധതി അട്ടിമറിക്കാന്‍ പൊലീസിനായി. തീര്‍ത്തും ദേശാഭിമാനപരമായ ഒരു പ്രവൃത്തി.
ഇതായിരുന്നു ഇന്ത്യ എന്ന പരമാധികാര, ജനാധിപത്യരാഷ്ട്രത്തിലെ വിവാദമായ ആദ്യത്തെ ഏറ്റുമുട്ടല്‍ കൊലപാതകത്തിനു പൊലീസ് നല്‍കിയ ഭാഷ്യം.

53 വര്‍ഷം മുന്‍പായിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ ഏറെ വൈകാതെ പൊലീസിന്റെ ഇതു സംബന്ധിച്ച വാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. പൊലീസിനാല്‍ കൊല ചെയ്യപ്പെട്ടത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ പണയപ്പെടുത്തി സായുധപോരാട്ടത്തിലേര്‍പ്പെട്ടയാളും കര്‍ഷക, തൊഴിലാളി വിഭാഗങ്ങളുടെ മോചനത്തിനുവേണ്ടി സംഘടിതമായ ശ്രമം നടത്തിയയാളുമായ ബാബാ ബുഝാ സിംഗ് എന്ന ധീരദേശാഭിമാനി ആയിരുന്നു. 

ദരിദ്രരും നാമമാത്രഭൂമിയുള്ളവരുമായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും പരിഹാരം തേടുകയും ചെയ്യുന്ന കമ്യൂണിസ്റ്റായിരുന്നു ബാബാ ബുഝാ സിംഗ്. ഭഗത് സിംഗിന്റെ മാതുലനൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യപോരാട്ട ശ്രമങ്ങളിലും ഗദര്‍പാര്‍ട്ടിയിലും കിര്‍ത്തി ഗ്രൂപ്പിലും ലാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവൃത്തിച്ചയാളായിരുന്നു ബുഝാ സിംഗ്. ബ്രിട്ടീഷ് ഗവണ്മെന്റ് ഗദ്ദര്‍ പാര്‍ട്ടിയെ നിരോധിച്ചപ്പോഴാണ് 1930കളുടെ മധ്യത്തിളല്‍ അദ്ദേഹം മറ്റ് നിരവധി നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സിംഗ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സജീവമായി, ജലന്ധറില്‍ ദേശ് ഭഗത് യാദ്ഗര്‍ ഹാള്‍ സ്ഥാപിക്കുന്നതിനുള്ള പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു.
ഇടക്കാലത്തു പഴയ കിര്‍ത്തി ഗ്രൂപ്പുകാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു. ലാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. 1950ന്റെ തുടക്കത്തില്‍ അത് സിപിഐയില്‍ ലയിച്ചപ്പോള്‍ അതിനൊപ്പം നില്‍ക്കാതെ ഇന്ത്യയിലെ സാമൂഹ്യമായ സമൂലമാറ്റത്തെ സംബന്ധിച്ച തീവ്രനിലപാടുകളില്‍ ഉറച്ചുനിന്നു അദ്ദേഹം. പതിയേ നക്‌സലൈറ്റ് പ്രസ്ഥാനത്തോടു അടുക്കുകയും ചെയ്തു. 

എളിയ ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു മാര്‍ക്‌സിസത്തില്‍ അവഗാഹമുണ്ടായിരുന്ന ബുഝാ സിംഗിന്റെ സവിശേഷത. ആളുകളെ സംഘടിപ്പിക്കാനും സമരമുഖങ്ങളിലെത്താനുമൊക്കെ കിലോമീറ്ററുകളോളം നടന്നും സൈക്കിളിലുമൊക്കെയായിട്ടായിരുന്നു അദ്ദേഹത്തിന്റ സഞ്ചാരം. 1970 ജൂലൈ 28 പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ഫില്ലൗറിലെ നഗര്‍ എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്ന ബുഝാ സിംഗിനെ പൊലിസ് ആദ്യം വളഞ്ഞു. പിന്നെ ബംഗാ പൊലിസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകുകയും അവിടെ വെച്ച് മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയും ചെയ്തു. 'ഖാദി തുണിയില്‍ പൊതിഞ്ഞ ഏതാനും പുസ്തകങ്ങളാണ്' ഈ 'ഭീകരവാദി'യില്‍ നിന്നും കണ്ടെടുത്തതെന്ന് ബുഝാ സിംഗ്: ആന്‍ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ഗ്രന്ഥത്തില്‍ എഴുത്തുകാരന്‍ അജ്‌മേര്‍ സിധു പറയുന്നു. കൊലപാതകത്തിനുശേഷം നവ്ശഹറിലെ നയ് മജ്‌റ ഗ്രാമത്തിലെ ഒരു തോട്ടില്‍ പൊലീസ് അദ്ദേഹത്തിന്റെ ശരീരം ഉപേക്ഷിച്ചു. ഒരു ഏറ്റുമുട്ടല്‍ കഥയും മെനഞ്ഞെടുത്തു. 

പക്ഷേ ജനം പൊലീസ് ഭാഷ്യം ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ തയ്യാറായില്ല. പ്രശ്‌നം അന്ന് എംഎല്‍എ ആയിരുന്ന സിപിഐ നേതാവ് സത്യപാല്‍ഡംഗും ദലിപ് സിംഗ് തപ്യാലയും ഏറ്റെടുത്തു. അവരുടെ നേതൃത്വത്തിലുയര്‍ന്ന പ്രതിഷേധത്തില്‍ പഞ്ചാബ് വിധാന്‍ സഭ ആടിയുലഞ്ഞു. അകാലിദളിന്റെ പ്രകാശ് സിംഗ് ബാദല്‍ ആയിരുന്നു അന്നു മുഖ്യമന്ത്രി. ഒടുവില്‍ സംഭവം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു. 

പിന്നീട് സംഭവം ഇതന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വി.എം. താര്‍ക്കുണ്ഡെ കമ്മിഷന്‍ സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം തന്നെ എന്നു സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com