'ഷണ്‍മുഖപ്രിയ പാടി സുബ്ബലക്ഷ്മിയെ സാന്ദ്രരാഗത്തിന്റെ സോപാനമേറ്റിയ മാന്ത്രികശബ്ദം'; സുകുമാരി നരേന്ദ്രമേനോന്‍ അശീതി നിറവില്‍

സംഗീതം മനസ്സിലുണ്ടെങ്കില്‍ ജീവിതത്തിലൊരു ടെന്‍ഷനും വേണ്ട. തന്റെ ആരോഗ്യരഹസ്യവും ഇതാകാം
സുകുമാരി നരേന്ദ്രമേനോന്‍ മകള്‍ക്കൊപ്പം/ഫയല്‍
സുകുമാരി നരേന്ദ്രമേനോന്‍ മകള്‍ക്കൊപ്പം/ഫയല്‍


ട്ടു പതിറ്റാണ്ടിന്റെ പടി കടന്ന ജന്മപുണ്യം. സംഗീതത്തേയും സാഹിത്യത്തേയും ഉപാസിച്ച് സര്‍ഗസ്‌നേഹത്തിന്റെ നിശ്ശബ്ദ ദൂതികയായി, ഇന്നോളം കന്മഷത്തിന്റെ അപശ്രുതി കലരാത്ത തെളിമനസ്സുമായി ജീവിക്കുന്ന, ഒരിക്കല്‍ പരിചയപ്പെടുന്നവരെയാകെ സ്‌നേഹവാല്‍സല്യം കൊണ്ട് അനായാസം കീഴടക്കുന്ന പ്രിയമഹതി സുകുമാരി നരേന്ദ്രമേനോന്‍.
കര്‍ണാടക സംഗീതത്തിലെ കുലപതികളായ ചെമ്പൈ വൈദ്യനാഥഭാഗവതരുടേയും പി.ആര്‍. സുബ്രഹ്മണ്യയ്യരുടേയും അരുമശിഷ്യ. ഭവതി സംഗീതത്തിന്റെ രാജ്ഞി, ഞാനോ കേവലമൊരു പ്രധാനമന്ത്രിയെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സാദരം വിശേഷിപ്പിച്ച എം.എസ്. സുബ്ബലക്ഷ്മിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടുകാരിലൊരാള്‍. ഷണ്‍മുഖപ്രിയ പാടി സുബ്ബലക്ഷ്മിയെ സാന്ദ്രരാഗത്തിന്റെ സോപാനമേറ്റിയ മാന്ത്രികശബ്ദം. ഗാനകല്ലോലിനിയെന്ന ഓമനപ്പേരിലറിയപ്പെടുന്ന സുകുമാരി നരേന്ദ്രമേനോന്റെ അശീതി ഈ മാസം പതിനാലിന് ഞായറാഴ്ച 'സൗകുമാര്യം' എന്ന പേരില്‍ പാലക്കാട് സ്വരലയ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അതിന്റെ തലേ ദിവസം ഒറ്റപ്പാലം പൗരാവലിയും അവരെ ആദരിക്കുന്നു.

നിര്‍മാല്യം എന്ന ചിത്രത്തില്‍ പനിമതിമുഖി ബാലേ... ആലപിച്ച് ശ്രദ്ധേയയായ സുകുമാരിയുടെ ജീവിതം കലയുടേയും സാഹിത്യത്തിന്റേയും സുവര്‍ണ ഭൂമികയിലാണ് തിടം വെച്ച് വളര്‍ന്നത്. പ്രസിദ്ധമായ പാലക്കാട് മണ്ണൂര്‍ പടിപ്പുരവീട്ടില്‍ സംഗീതപൈതൃകം സമ്പന്നമാക്കിയ അന്തരീക്ഷത്തിലാണ് അവര്‍ ജനിച്ച് വളര്‍ന്നത്. സ്‌കൂള്‍ പഠനശേഷം അഡയാറിലെ സെന്‍ട്രല്‍ കോളജ് ഓഫ് കര്‍ണാട്ടിക് മ്യൂസിക്കില്‍ പഠിച്ച സുകുമാരി, കേരള കലാമണ്ഡലം സംഗീത വിഭാഗത്തില്‍ ഏറെക്കാലം ജോലി നോക്കി. നൂറുക്കണക്കിന് ശിഷ്യഗണങ്ങളുള്ള അവരുടെ ആയിരക്കണക്കിന് സംഗീതക്കച്ചേരികള്‍ ഇന്ത്യയ്ക്കകത്തും പുറത്തും ശാസ്ത്രീയ സംഗീതാസ്വാദകരുടെ മനം നിറച്ചു. ആഹിരിയും ഷണ്‍മുഖപ്രിയയയുമായിരുന്നു ഇഷ്ടരാഗങ്ങള്‍.

സംഗീതം മനസ്സിലുണ്ടെങ്കില്‍ ജീവിതത്തിലൊരു ടെന്‍ഷനും വേണ്ട. തന്റെ ആരോഗ്യരഹസ്യവും ഇതാകാം - സുകുമാരി മേനോന്‍ പറയുന്നു. സത്യമാണത്. ഓരോ പുലരിയിലും എണ്‍പതിലെത്തിയ അവരുടെ സാധകം കേട്ടാണ് ഒറ്റപ്പാലം പാലാട്ട് റോഡിലെ പദ്മാലയം എന്ന വീടുണരുന്നത്. ഇപ്പോഴും നിരവധി ശിഷ്യഗണങ്ങള്‍ അവരെ കാണാനെത്തുന്നു. അനുഗ്രഹം തേടുന്നു. പിയാനോയില്‍ കവിത രചിക്കുന്ന സ്റ്റീഫന്‍ ദേവസ്സിയുള്‍പ്പെടെ നൂറുക്കണക്കിന് പ്രസിദ്ധരായ സംഗീതപ്രതിഭകളെ സംഗീതത്തിന്റെ സരിഗമ പരിശീലിപ്പിച്ചത് സുകുമാരി മേനോനാണ്.

അഡയാര്‍ സെന്‍ട്രല്‍ സംഗീതവിദ്യാലയത്തിലായിരുന്നു ആലാപനത്തിന്റെ ആദ്യപാഠം. മുസ്‌രി സുബ്രഹ്മണ്യയ്യര്‍, ചിറ്റൂര്‍ സുബ്രഹ്മണ്യപിള്ള, ടി.ആര്‍. സുബ്രഹ്മണ്യം, വരവൂര്‍ മുത്തുസ്വാമി അയ്യര്‍ തുടങ്ങിയ അതിപ്രഗല്‍ഭ ഗുരുനാഥന്മാരുടെ സംഗീത സാഗരമായിരുന്നു അന്ന് അഡയാര്‍. അവിടത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥിനിയായിരുന്ന സുകുമാരിയിലെ സംഗീതജ്ഞയെ ഡിസ്‌കവര്‍ ചെയ്തത് സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരായിരുന്നു. ചെമ്പൈയുടെ ഏറ്റവും പ്രിയപ്പെട്ട ഈ ശിഷ്യയുടെ കൂടി സവിധത്തിലായിരുന്നു, ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്രത്തിലെ കച്ചേരിക്കിടെ ഈ  ഗുരുനാഥന്റെ അന്ത്യവുമെന്നത് യാദൃച്ഛികം.

അഡയാറിലെ പഠനശേഷം കാസര്‍കോട് രാജാസ് ഹൈസ്‌കൂളില്‍ ഒരു വര്‍ഷത്തെ സംഗീതാധ്യാപനം. തുടര്‍ന്ന് പാലക്കാട് മ്യൂസിക് അക്കാദമിയില്‍ (ഇപ്പോഴത്തെ ചെമ്പൈ സ്മാരക സംഗീത കോളജ്). പത്ത് വര്‍ഷം കേരള കലാമണ്ഡലത്തിലെ സംഗീതാധ്യാപിക. ടീച്ചര്‍ എന്ന നിലയില്‍ ഏറ്റവും നന്നായി ശോഭിച്ച പ്രതിഭാശാലിയായ അധ്യാപികയും വേദികളില്‍ ഏറ്റവും പ്രശസ്തയായ കര്‍ണാട്ടിക് സംഗീതജ്ഞയായും സുകുമാരി മേനോന്‍ ശോഭിച്ചു. ആയിടയ്ക്കായിരുന്നു പ്രശസ്ത കവിയും അഭിഭാഷകനുമായ പി.ടി നരേന്ദ്രമേനോനുമായുള്ള വിവാഹം. ഇതോടെ സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും അപൂര്‍വമായൊരു പാരസ്പര്യമായി മാറി ഇരുവരുടേയും ജീവിതം. നരേന്ദ്രമേനോന്റെ നിരവധി കവിതകളുടെ സംഗീതാവിഷ്‌കാരം സുകുമാരി നിര്‍വഹിച്ചു. നാടന്‍ പാട്ടുകളും തോറ്റങ്ങളും ഭക്തിഗാനങ്ങളുമെല്ലാം അവയിലുള്‍പ്പെടും. വള്ളുവനാട്ടിലെ പ്രസിദ്ധമായ ആഘോഷങ്ങളിലും ക്ഷേത്രോല്‍സവങ്ങളിലും വലിയ വേദികളിലുമെല്ലാം ആസ്വാദകരെ കൈയിലെടുത്ത മാന്ത്രിക ശബ്ദപ്രവാഹമായിരുന്നു സുകുമാരിയുടേത്. ഭക്തി വഴിഞ്ഞൊഴുകുന്ന ചെനക്കത്തൂര്‍ ഭഗവതിയുടേയും ചാത്തന്‍കണ്ടാരമ്മയുടേയും വാഴ്ത്തുപാട്ടുകളുടെ ഗ്രാമത്തനിമയും
ഭക്തിപ്രകര്‍ഷവുമെല്ലാം സുകുമാരിയുടെ ഈണങ്ങളിലാകെ അലയടിച്ചു.

ചെമ്പൈയില്‍ നിന്ന് ഗാനകല്ലോലിനി എന്ന ബഹുമതി അവര്‍ക്ക് ലഭിച്ചു. ഒപ്പം വിവിധ സംഘടനകളും കൂട്ടായ്മകളും നാദശ്രീ, ഇശൈ തെന്‍ട്രല്‍, സുസ്വരസംഗീത തുടങ്ങിയ ആദരമുദ്രകള്‍ സുകുമാരി മേനോന് സമ്മാനിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അവരെത്തേടിയെത്തി.
ഗള്‍ഫ് നാടുകളിലും യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ നൈജീരിയ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പുറമെ മലേഷ്യയിലും മറ്റും സുകുമാരിയുടെ സംഗീതക്കച്ചേരികള്‍ അരങ്ങേറി. മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയീസിലുള്‍പ്പെടെയുള്ള മലയാളി സഹൃദയരുടെ ആദരം അവര്‍ ഏറ്റുവാങ്ങി. 
 
ഒറ്റപ്പാലത്തെ പദ്മാലയം, കേരളത്തിലെ എഴുത്തുകാരുടേയും കലാകാരന്മാരുടേയും സംഗീതജ്ഞരുടേയും ഒരു സാസ്‌കാരിക കേന്ദ്രമായി മാറിയതിനു പിന്നില്‍ അതിഥി സല്‍ക്കാരപ്രിയരായ സുകുമാരി മേനോന്റേയും ഭര്‍ത്താവ് നരേന്ദ്രമേനോന്റെയും സര്‍ഗവാസനയുള്ള മനുഷ്യരോടുള്ള താല്‍പര്യമാണുള്ളത്. മകള്‍ വാണി നേത്യാര്‍ മലേഷ്യയിലാണ്. വാണിയും മികച്ച സംഗീതജ്ഞയാണ്. മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചിറകേറി പറക്കുന്ന വാണിക്കും ആ രാജ്യങ്ങളില്‍ നിരവധി ശിഷ്യഗണങ്ങളുണ്ട്.

സംഗീതവും നൃത്തവും സൗഹാര്‍ദ്ദത്തിന് എന്ന ടാഗ് ലൈനുമായി പാലക്കാട്ട് മേയ് പതിനാലിന് അരങ്ങുണരുന്ന 'സൗകുമാര്യ' ത്തില്‍ 'മനോഹരം ഈ സംഗീത ജീവിതം' എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സുബ്രാ ഗുഹയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി, നിത്യശ്രീ മഹാദേവന്റെയും അഭിരാം ഉണ്ണിയുടേയും കര്‍ണാടക സംഗീതക്കച്ചേരി എന്നിവയും അരങ്ങേറും. സുകുമാരിയെക്കുറിച്ചുള്ള ലഘുചിത്രപ്രദര്‍ശനമുണ്ടാകും. മന്ത്രി എം.ബി രാജേഷ്, സ്വരലയ പ്രസിഡന്റ് എന്‍.എന്‍. കൃഷ്ണദാസ്, ദ വാള്‍ട്ട് ഡിസ്‌നി ഇന്ത്യാ പ്രസിഡന്റ് കെ. മാധവന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, കെ. പ്രേംകുമാര്‍ എം.എല്‍.എ, ടി. ആര്‍. അജയന്‍, കെ.എസ് മേനോന്‍ ബഹ്‌റൈന്‍, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സി.ഇ.ഒ ലക്ഷ്മി മേനോന്‍, ജോര്‍ജ് എസ്. പോള്‍, ഉള്ളാട്ടില്‍ അച്ചു (ഖത്തര്‍), പമ്പാവാസന്‍ നായര്‍ (ബഹ്‌റൈന്‍), മണ്ണൂര്‍ രാജകുമാരനുണ്ണി (സുകുമാരിയുടെ സഹോദരനാണ് പ്രശസ്ത സംഗീതജ്ഞനായ രാജകുമാരനുണ്ണി) തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ശ്രുതിസൗഭഗവും പ്രാമാണിക ജ്ഞാനവും ഗവേഷണത്വരയും സമന്വയിച്ച സംഗീതജ്ഞയെന്ന നിലയില്‍ സുകുമാരി മേനോന്റെ സാര്‍ഥകമായ ജീവിതത്തെ സ്‌നേഹപൂര്‍വം അടയാളപ്പെടുത്തുന്നതാണ്, അശീതിനാളിലെ മലയാണ്‍മയുടെ അഭിവാദനങ്ങള്‍ തുളുമ്പുന്ന ഈ കരുണാര്‍ച്ചന.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com