ഇപി ഗോപാലന്‍: സമരതീക്ഷ്ണമായ ജീവിതസ്മരണ

വള്ളുവനാടിന്റെ പടവാള്‍ എന്നറിയപ്പെട്ട കമ്യൂണിസ്റ്റ് നേതാവിനെ നവംബര്‍ ഒന്നിന് പട്ടാമ്പി കൊപ്പം മണ്ണേങ്കോട്ടെ വീട്ടുവളപ്പില്‍ അദ്ദേഹം നട്ട മരത്തിന് ചുവട്ടിലിരുന്ന് നാട്ടുകാരും സഖാക്കളും സ്മരിക്കുന്നു.
ഇപി ഗോപാലന്‍
ഇപി ഗോപാലന്‍

പട്ടാമ്പി. കാലം കയറിയിറങ്ങിയ കല്‍പടവുകളിലിരുന്ന് ഈ വള്ളുവനാടന്‍ ഗ്രാമത്തിന്റെ കഥയ്ക്ക് കാതോര്‍ക്കുന്നത് ഏറെ കൗതുകകരമാണ്. പുന്നശ്ശേരിയുടേയും കല്ലന്മാര്‍തൊടിയുടേയും പാദസ്പര്‍ശം കൊണ്ട് പട്ടാമ്പി പവിത്രമാക്കപ്പെട്ടു. ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തിന് മറക്കാനാവാത്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയും സംഗീതലോകത്തിലെ സമര്‍പ്പിതചേതസ്സായ പൂമുള്ളി രാമപ്പനും പട്ടാമ്പിയുടെ വിളിപ്പാടകലെയാണ് ജീവിച്ചത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാടിന് തൊട്ടുപിറകെ കേരളീയ ചരിത്രത്തെ ചുവപ്പിച്ച ഇ.പി ഗോപാലനും പട്ടാമ്പിയുടെ പോരാട്ടപൈതൃകം ഉയര്‍ത്തിപ്പിടിച്ചു.

ഇടത് രാഷ്ട്രീയ ഭൂമികയില്‍ മറക്കാനാവാത്ത നാലു ഗോപാലന്മാരുണ്ട്: എ.കെ. ഗോപാലന്‍, ഇ.പി ഗോപാലന്‍, കെ.പി.ആര്‍. ഗോപാലന്‍, കെ.പി ഗോപാലന്‍. 1956 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വളണ്ടിയര്‍ ക്യാപ്റ്റനും 1960 ല്‍ പാര്‍ട്ടിയുടെ അസംബ്ലി ചീഫ് വിപ്പുമായിരുന്നു ഇ.പി ഗോപാലന്‍. അദ്ദേഹത്തിന്റെ നര്‍മധുരവും ഒപ്പം പഠനാര്‍ഹവുമായ പ്രഭാഷണങ്ങള്‍ നിയമസഭയ്ക്കകത്തും പുറത്തും അലയടിച്ചത് പഴയതലമുറയിലുള്ളവര്‍ മറന്നിട്ടുണ്ടാവില്ല. ഏത് വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ച ശേഷമാണ് ഇ.പി സംസാരിച്ചിരുന്നതും സഖാക്കളെ പഠിപ്പിച്ചിരുന്നതും.

ഷൊര്‍ണൂര്‍ ഗവ. പ്രസ്സ്, പട്ടാമ്പി കോസ്വെ, ഗവ. ആശുപത്രി, നെല്ല് ഗവേഷണകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത ഇ.പിയുടെ ശ്രമഫലമായാണ് പട്ടാമ്പി സംസ്‌കൃത വിദ്യാലയം ഗവ. കോളേജായി ഉയര്‍ത്തപ്പെട്ടത്. അക്ഷരാര്‍ഥത്തില്‍ പട്ടാമ്പിയുടെ വികസനശില്‍പിയാണ് ഇ.പി ഗോപാലന്‍. ഒന്നാം കേരള നിയമസഭയിലും അഞ്ചാം കേരള നിയമസഭയിലും പട്ടാമ്പിയില്‍ നിന്നുള്ള അംഗമായിരുന്ന ഇ.പി രണ്ടാം കേരള നിയമസഭയില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അദ്ദേഹത്തിന്റെ മകള്‍ പ്രൊഫ. കെ.സി അരുണയും മറ്റു കുടുംബാംഗങ്ങളും സി.പി.ഐ നേതൃത്വവും മുന്‍കൈയെടുത്താണ് ' ഇ.പിയുടെ മാവിന്‍ചുവട്ടില്‍' സംഗമം നടത്തുന്നത്.ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ  പ്രസംഗിച്ചതിന്റെ പേരില്‍ മലപ്പുറം തുക്ടിയുടെ മുന്നില്‍ (ഇന്നത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്)  ഹാജരാക്കിയപ്പോള്‍, ട്രൗസറും ഷര്‍ട്ടും ധരിച്ച്, കൈയിലൊരു തൊപ്പിയും പിടിച്ചു 'കൂസലില്ലാതെ,കുലക്കമില്ലാതെ  ഒറ്റയാനെപ്പോലെ നിന്ന'  ഇ. പി. ഗോപാലന്‍ എന്ന ഇറശ്ശേരി പുത്തന്‍ വീട്ടില്‍ ഗോപാലന്‍ മജിസ്‌ട്രേറ്റിന്റെ മുഖത്ത് നോക്കി പറഞ്ഞു.

'ഞാന്‍ കുറ്റം ചെയ്തിട്ടില്ല. സ്വാതന്ത്ര്യം  എന്റെ ജന്മാവകാശമാണ്. പ്രസംഗിച്ചത് ശരിയാണ്. ഇനിയും പ്രസംഗിക്കും. വെള്ളക്കാരെ കെട്ടുകെട്ടിച്ചു ജന്മിത്വം  അവസാനിപ്പിക്കാതെ  അടങ്ങില്ല സായ്പെ' ധീരദേശാഭിമാനിയായ  ഇ. പി യുടെ പ്രത്യേകമായ ശൈലിയാണത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റ മുമ്പിലായാലും നാടുവാഴി തമ്പുരാക്കന്മാരുടെ മുമ്പിലായാലും  ആ രീതിക്ക്  മാറ്റവുമുണ്ടാകാറില്ല. പ്രൊഫ. ചെറുകാട്  തന്റെ ആത്മകഥയായ 'ജീവിതപ്പാത'യിലാണ് ഈ വിചാരണയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കോടതി അദ്ദേഹത്തിന് അന്നും തടവ് ശിക്ഷ  വിധിച്ചു. ഇ. പി.ക്ക് അതൊരു പുതിയ അനുഭവമായിരുന്നില്ല, ജയില്‍ ജീവിതവും  ഒളിവ് ജീവിതവും  അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ ആ പോരാളി  തന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ  ജനഹൃദയങ്ങളില്‍ ഇടം പിടിക്കുകയായിരുന്നു. കേരളത്തിന്റെ  സ്വാതന്ത്ര്യസമരനായകന്മാരില്‍   പ്രധാനിയായ അദ്ദേഹം 1935 ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു.

എ കെ ജിയായിരുന്നു മറ്റൊരു നിര്‍വാഹക സമിതി അംഗം. പി. കൃഷ്ണപ്പിള്ള ജനറല്‍ സെക്രട്ടറിയും എന്‍. സി. ശേഖര്‍, കെ. കെ. വാര്യര്‍, പി. വി. കുഞ്ഞുണ്ണി നായര്‍, കെ. എ. കേരളീയന്‍  എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരു മായിരുന്നു. അന്ന് രൂപം കൊണ്ട കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് 1939 ല്‍ പിണറായിയില്‍ യോഗം ചേര്‍ന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയായി മാറിയത്. പിണറായിയിലെ പാര്‍ട്ടി രൂപീകരണയോഗത്തില്‍ പങ്കെടുത്ത ഇ. പി കേരളത്തിലെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്  വള്ളുവനാട്ടിലാണ്.

1921 ല്‍ ആന്ധ്രാകേസരി ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  ആദ്യത്തെ രാഷ്ട്രീയ സമ്മേളനം നടന്നതും വള്ളുവനാടിന്റെ ഭാഗമായ ഒറ്റപ്പാലത്താണ്. ആ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷനായിരുന്ന അഡ്വ. പി. രാമുണ്ണിമേനോനെ നാട്ടുകാരുടെ മുമ്പില്‍ വെച്ച് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്  കേരളത്തിലാകെ വമ്പിച്ച പ്രതിഷേധം ഉയര്‍ന്നു വരുന്നതിന് ഇടയാക്കി. ആ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്   കേരളത്തിലെ നിസ്സഹകരണ - ഖിലാഫത്ത് പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിച്ചത്.

അതിനിടയില്‍, കലാപത്തെ തുടര്‍ന്ന് പാപ്പാരായ കര്‍ഷക സമൂഹത്തെ കൂടുതല്‍ ദ്രോഹിക്കുന്ന സമീപനമാണ് ജന്മികള്‍ സ്വീകരിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിര്‍ലോഭമായ  സഹായവും അവര്‍ക്കുണ്ടായിരുന്നു. നാടും നാട്ടുകാരും ഭയവിഹ്വലരായി നില്‍ക്കുന്ന സമയത്താണ് ജന്മിമാരുടെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ  കലാപക്കൊടി ഉയര്‍ത്തികൊണ്ട്  ഇ. പി. ഗോപാലന്‍  പൊതു രംഗത്ത്  സജീവമാകുന്നത്. 1928 ന് മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെട്ടിരുന്നു. സൈമണ്‍ കമ്മീഷണനെതിരെ മുദ്രാവാക്യം മുഴക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇ. പിയും ചേര്‍ന്നു. അതേവര്‍ഷം ടി. ആര്‍. കൃഷ്ണനെഴുത്തച്ചന്റെ നേതൃത്വത്തില്‍ ഇ. പി.യും സംഘവും ഗാന്ധിജിയുടെ ജന്മദിനവും ആഘോഷിച്ചു. മാതൃഭൂമി പത്രാധിപരായിരുന്ന പി. രാവുണ്ണിമേനോന്‍ മുഖേനയാണ് ദേശീയ പ്രസ്ഥാനത്തെകുറിച്ച് അറിഞ്ഞിരുന്നത്. ക്രമേണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി മാറിയ അദ്ദേഹം അയിത്തോച്ചാടനം, മദ്യവര്‍ജ്ജനം, ഖാദി പ്രചരണം എന്നീ മേഖലകളില്‍ സജീവമായി. വിദേശവസ്ത്ര ബഹിഷ്‌കരണവും കള്ളുഷാപ്പ് പിക്കറ്റിംങും അന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. 1930 ല്‍ പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്  കോഴിക്കോട് കള്ളുഷോപ്പ് പിക്കറ്റിംങിന് ഇ. പി. പോയത്. എട്ടാം നമ്പര്‍ കള്ളുഷാപ്പ് പിക്കറ്റു ചെയ്ത അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തു. ആദ്യമായി പോലീസ് മര്‍ദ്ദനം ഏല്‍ക്കുന്നതും അന്നാണ്. നാലു മാസത്തെ തടവ് ശിക്ഷയാണ് അന്ന് ലഭിച്ചത്

1929 ലെ ലാഹോര്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി 26 കോണ്‍ഗ്രസ്സ് പരിപൂര്‍ണ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചതും  തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ അതേ ദിവസം നാടൊട്ടാകെ ത്രിവര്‍ണ്ണ പതാകകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതും സ്വാതന്ത്ര്യ സമരചരിത്രത്തിലെ സുപ്രധാനമായ ഏടുകളാണ്.
ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രകുത്തി മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇ.പി.നടത്തിയ സമരങ്ങള്‍ പലതും  അടയാളപ്പെടുത്താതെ പോകുകയായിരുന്നു. മണ്ണേങ്കോട്ട്, ആലിപ്പറമ്പ് പ്രദേശങ്ങളിലെ അധഃസ്ഥിത ജനതയ്ക്ക് വഴിനടക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി നിരവധി സമരങ്ങളാണ് അദ്ദേഹം നടത്തിയത്.

അയിത്തം വലിയ സാമൂഹ്യ ദ്രോഹമാണെന്ന് വിളിച്ചു പറഞ്ഞു ഒറ്റയ്ക്ക് നടക്കുമായിരുന്നു  ഇ. പി. അധഃസ്ഥിത ജനതയുടെ ചാളകളില്‍ അന്തിയുറങ്ങി, അവരില്‍ ഒരാളായി അദ്ദേഹം ജീവിച്ചു.  അവരുടെ മക്കളെ വിളിച്ചുകൂട്ടി  കുളിപ്പിച്ചതിന് ശേഷം ഘോഷയാത്രയായി ക്ഷേത്രങ്ങളില്‍ എത്തിച്ചു  തൊഴുകിപ്പിക്കുമായിരുന്നു.
മുളയങ്കാവിലും  ചെറുകോടുമുള്ള ക്ഷേത്രങ്ങളില്‍ അയിത്തജാതിയില്‍പ്പെട്ട നൂറോളം കുട്ടികളെയാണ് അദ്ദേഹം പ്രവേശിപ്പിച്ചത്. അവരെ കുളിപ്പിക്കുന്നതിലൂടെ ക്ഷേത്രകുളങ്ങളെ  അദ്ദേഹം നിരന്തരം അയിത്തമാക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ടി.ആര്‍ എഴുത്തച്ഛന്റെ സഹായത്തോടെ അധഃസ്ഥിത വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ചുണ്ടമ്പറ്റയില്‍  ഒരു സ്‌കൂളും തുറന്നു.

പുതിയ കേരളീയ സാമൂഹിക മണ്ഡലം വിസ്മൃതിയിലേക്ക് തള്ളിയ അനേകം നേതാക്കളിലൊരാളാണ് ഇ.പി ഗോപാലന്‍. സമകാലിക രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായൊരു പാഠപുസ്തകമാണ് പക്ഷേ, ഈ പോരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com