പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആ കോള്‍; ...

പകയോടെ എഴുതിവിടുന്ന ദുഷിപ്പുകളാണ് വാര്‍ത്തകളില്‍ നിറയെ; എനിക്കില്ലാത്ത ബന്ധങ്ങളെപ്പറ്റി, സമ്പത്തിനെപ്പറ്റി; അങ്ങനെയങ്ങനെ
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആ കോള്‍; ...

'പത്രത്തില്‍ വരുന്ന വാര്‍ത്തകളില്‍ മുഴുവനുമൊന്നും സത്യമല്ല.' 

നവഭാരത് ടൈംസില്‍ എന്നെക്കുറിച്ചു വന്ന വാര്‍ത്തയെക്കുറിച്ച് പ്രജ്ഞ സംസാരിച്ചപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്. 

'നീയും എന്നെക്കുറിച്ച് ഒരുപാട് എഴുതിയല്ലോ, നിനക്കറിയാമോ സത്യം എന്താണെന്ന്?' എടുത്തടിച്ച പോലെ പ്രജ്ഞ ചോദിച്ചു.

എനിക്ക് മിണ്ടാട്ടം മുട്ടിയ പോലെ തോന്നി.'

പ്രജ്ഞ സിങ്ങുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ജിഗ്‌ന വോറ എഴുതുന്നതിങ്ങനെയാണ്. ബൈക്കുള ജയിലിലെ അന്തേവാസികളായിരുന്നു ഇരുവരും. ജേ ഡേ കൊലക്കേസില്‍ അറസ്റ്റിലായ ജിഗ്‌ന ബാരക്ക് രണ്ടില്‍. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ തൊട്ടപ്പുറത്തെ ഏകാന്ത സെല്ലിലും.

മാലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ തീവ്ര ഹിന്ദു സംഘടനയാണെന്ന വാര്‍ത്ത ആദ്യം വന്നത് ഇന്ത്യന്‍ എക്‌സ്പ്രസിലാണ്. അന്നത് മിസ് ആയ െ്രെകം റിപ്പോര്‍ട്ടര്‍മാരെല്ലാം മാലേഗാവ് കേസിനു പിന്നാലെ കൂടി; കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തീവ്രവാദികള്‍ എല്ലായ്‌പോഴും മുസ്ലിംകള്‍ ആവുന്ന ഒരു രാജ്യത്ത് വലിയ വാര്‍ത്തയായിരുന്നു അത്. കാവി ഭീകരത എന്ന പദം ഉണ്ടായി വന്നു, അത് െ്രെപം ടൈം ചര്‍ച്ചയായി. സന്യാസിനിയായ പ്രജ്ഞ സിങ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ വിവാദത്തിനു ചൂടേറി. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയതാവട്ടെ, ഹിന്ദുവായ ഹേമന്ദ് കര്‍ക്കറെയും. 

പ്രജ്ഞ സിങ്ങിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ സൈക്കിളിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത് എന്നായിരുന്നു ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ എബിവിപിയില്‍ സജീവമായിരുന്നു പ്രജ്ഞ. മോട്ടോര്‍ സൈക്കിളില്‍ പറന്നു നടന്നിരുന്ന, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കായികമായിത്തന്നെ നേരിട്ടിരുന്ന തീപ്പൊരി നേതാവ്. 2006 ലെ കുംഭമേളയിലാണ് അവര്‍ സന്യാസം സ്വീകരിച്ചത്. ദേശീയ പ്രാധാന്യമുള്ള കേസ് ആയിരുന്നതു കൊണ്ടു തന്നെ വലിയ സുരക്ഷയായിരുന്നു അവര്‍ക്ക് ജയിലില്‍. ഏകാന്ത സെല്ലില്‍ ആയിരുന്നതിനാല്‍ മറ്റ് അന്തേവാസികളുമായി ഇടപഴകല്‍ വിരളമായിരുന്നു. ഇരുമ്പഴിക്കുള്ളിലൂടെ പ്രജ്ഞ കൈകാട്ടി വിളിച്ചതു കൊണ്ടാണ് അന്നു താന്‍ അവര്‍ക്കു മുന്നിലെത്തിയതെന്ന് ഓര്‍ക്കുന്നുണ്ട്, ജിഗ്‌ന.

'നവഭാരത് ടൈംസിലെ വാര്‍ത്തയെക്കുറിച്ച് പ്രജ്ഞ പറയുമ്പോള്‍ സത്യത്തില്‍ ഞാനത് വായിച്ചിട്ടില്ലായിരുന്നു. പത്രമാധ്യമങ്ങളോടെല്ലാം ഒരു തരം പേടി തോന്നിത്തുടങ്ങിയിരുന്നു എനിക്ക്. വാര്‍ത്തകളില്‍ ബൈലൈനായി പേര് അച്ചടിച്ച് വരുന്നത് വലിയ അഭിമാനമായി കൊണ്ടുനടന്നിരുന്നയാളാണ് ഞാന്‍. കുറച്ചധികം ദിവസം എന്റെ ബൈലൈന്‍ ഇല്ലാതാവുമ്പോള്‍ ഒരു തരം ഇരിക്കപ്പൊറുതിയില്ലായ്മ തോന്നിയിരുന്നയാള്‍. ഇപ്പോള്‍ ഞാനാണ് വാര്‍ത്ത, എന്തൊക്കെയാണ് എന്നെക്കുറിച്ച് അവര്‍ എഴുതിവിടുന്നത്! അവരെന്നെ കുറ്റവാളിയായി മുദ്രകുത്തിക്കഴിഞ്ഞു. പകയോടെ എഴുതിവിടുന്ന ദുഷിപ്പുകളാണ് വാര്‍ത്തകളില്‍ നിറയെ; എനിക്കില്ലാത്ത ബന്ധങ്ങളെപ്പറ്റി, സമ്പത്തിനെപ്പറ്റി; അങ്ങനെയങ്ങനെ. കുറച്ചു കാലം മുന്‍പുവരെ സഹപ്രവര്‍ത്തകര്‍ ആയിരുന്നവരാണ് ഇതൊക്കെ എഴുതിവിടുന്നത്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ജയിലില്‍ വച്ച് അവകാശപ്പെട്ടവരൊക്കെ സത്യമാണ് പറയുന്നതെന്ന് എനിക്കു തോന്നി'

'എനിക്കറിയാം, നീ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന്, ഈ കാലവും കടന്നുപോവും, ഞാന്‍ പ്രാര്‍ഥിക്കാം' - പ്രജ്ഞ അതു പറഞ്ഞപ്പോള്‍ എനിക്ക് അവരോട് അടുപ്പം തോന്നി. ഞാന്‍ എന്തൊക്കെയാണ് അവരെക്കുറിച്ചെഴുതിയത്? കേസിന്റെ സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് വരെ പോയി ഞാന്‍ റിപ്പോര്‍ട്ടുകള്‍ എഴുതിയിരുന്നു. അവര്‍ അതൊന്നും പക്ഷേ വ്യക്തിപരമായി എടുത്തതേയില്ല. ഈ കൂടിക്കാഴ്ചയാണ് എന്റെയുളളില്‍ ആത്മീയതയുടെ വിത്തുപാകിയത്. സത്യത്തില്‍ ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു കണ്ണി കൂടിയുണ്ടായിരുന്നു - ഹേമന്ദ് കര്‍ക്കറെ. മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് മേധാവി. 

2008 നവംബര്‍ 26 ബുധനാഴ്ച.
കര്‍ക്കറെ അന്നു ഞങ്ങളെ വിളിപ്പിക്കുകയായിരുന്നു. എന്നെയും ടൈംസ് നൗ റിപ്പോര്‍ട്ടര്‍ മേഘപ്രസാദിനേയും. നാലുമണിക്ക് ഞങ്ങള്‍ നാഗ്പാഡയിലെ എടിഎസ് ആസ്ഥാനത്ത് എത്തി. എടിഎസിലെ മറ്റു പലരെയും പോലെ വല്ലാതെയൊന്നും വര്‍ത്തമാനം പറയുന്നയാളല്ല ഹേമന്ദ് കര്‍ക്കറെ. സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദു വലതുപക്ഷ ഗ്രൂപ്പ് ആണെന്ന വാര്‍ത്ത പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിരുന്നു അദ്ദേഹത്തിനു മേല്‍. എടിഎസിന്റെ കസ്റ്റഡിയില്‍ ക്രൂര പീഡനം നേരിട്ടതായ പ്രജ്ഞയുടെ ആരോപണം കൂടിയായപ്പോള്‍ രാഷ്ട്രീയ വിവാദം കൊഴുത്തു. ചായ കുടിച്ച് സംസാരിച്ചിരിക്കെ എന്തെങ്കിലും വലുത് വീണു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ 4.35 ആയപ്പോള്‍ കര്‍ക്കറെയ്ക്ക് ആഭ്യന്തര മന്ത്രി ആര്‍ആര്‍ പാട്ടീലിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു. ഉടന്‍ സെക്രട്ടേറിയറ്റില്‍ എത്തണം. കൂടുതല്‍ പറയാതെ കര്‍ക്കറെ യാത്ര പറഞ്ഞെഴുന്നേറ്റു. 

'പക്ഷേ, സര്‍, എപ്പോഴാണ് ഞങ്ങള്‍ക്ക് വാര്‍ത്തയാക്കാന്‍ എന്തെങ്കിലും കിട്ടുക?'

'മാലേഗാവ് ഒരു രാഷ്ട്രീയ ബോംബാണ്. ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ല. വെള്ളിയാഴ്ച വരൂ, നിങ്ങള്‍ക്ക് വലിയ വാര്‍ത്ത കിട്ടും'

തിരിച്ച് ഓഫിസില്‍ എത്തി അന്നത്തെ വാര്‍ത്ത ഫയല്‍ ചെയ്തു. രാത്രി ഭക്ഷണത്തിന് അന്ധേരിയില്‍ ഒരു സുഹൃത്തിനൊപ്പം കൂടാമെന്ന് പറഞ്ഞിരുന്നു. എഡിറ്ററോട് പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് കൊളാബ ലിയോപോള്‍ഡ് കഫേയില്‍ വെടിവയ്പ് നടക്കുന്നതായ സന്ദേശം വന്നത്. 
'കുറച്ചു കൂടി വെയ്റ്റ് ചെയ്യു, എന്താണ് നടക്കുന്നതെന്ന് നോക്കിയിട്ട് ഇറങ്ങാം, ചിലപ്പോള്‍ ഗ്യാങ് വാര്‍ ആവും' -എഡിറ്റര്‍ ഹുസെയ്ന്‍ സെയ്ദി പറഞ്ഞു.

അധികം വൈകാതെ താജ് ഹോട്ടലില്‍ വെടിവയ്പ് നടക്കുന്നതായ വിവരം കിട്ടി; പിന്നാലെ മറ്റിടങ്ങളിലേയും. മുംബൈ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായി അതു മാറി. അക്ഷരാര്‍ഥത്തില്‍ നഗരം ബന്ദിയാക്കപ്പെടുകയായിരുന്നു. മറക്കാനാവാത്ത രാത്രിയാണത്. വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടേയിരുന്നു. അതു തന്നെയാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ നിറയെ. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച്, ദീകരരെ നേരിടാനായി കാമ ഹോസ്പിറ്റലിലേക്ക് കയറിപ്പോവുന്ന ഹേമന്ദ് കര്‍ക്കറെയുടെ ദൃശ്യമായിരുന്നു അതിലൊന്ന്.

പുലര്‍ച്ചെ ഒരു മണിയോടെ എനിക്കൊരു കോള്‍ വന്നു. എടിഎസില്‍ നിന്ന് കേസ് വിവരങ്ങളെല്ലാം തന്നിരുന്ന ആള്‍ തന്നെയാണ്; വിശ്വസനീയമായ സോഴ്‌സ്.

'മാഡം, കര്‍ക്കറെ സാര്‍ മരിച്ചു, ഭീകരര്‍ അദ്ദേഹത്ത വെടിവച്ചു കൊന്നു'

ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നുപോയി. ഏതാനും മണിക്കൂര്‍ മുമ്പ് കാബിനിലിരുന്ന് വര്‍ത്തമാനം പറഞ്ഞയാള്‍, ഒരുമിച്ച് ചായ കുടിച്ചയാള്‍. അദ്ദേഹം ഇനിയില്ല. സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനിടെ, ഈ രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹം വീരമൃത്യു വരിച്ചിരിക്കുന്നു. കരച്ചില്‍ വന്നു. റിപ്പോര്‍ട്ടിങ്ങില്‍ ചിലപ്പോഴൊക്കെ ഇത്തരം സാഹചര്യങ്ങളുണ്ടാവും. വൈകാരികത മാറ്റിവച്ച് ജോലി ചെയ്യേണ്ടിവരും. എങ്കിലും കര്‍ക്കറെയുടെ ശാന്ത പ്രകൃതം, ആകാശനീല നിറത്തിലുള്ള ഷര്‍ട്ട്, വലിയ വാര്‍ത്ത വരുന്നുണ്ടെന്ന വാഗ്ദാനം എല്ലാം മനസ്സിലേക്കു വന്നു.

എന്തായിരുന്നിരിക്കും ആ വലിയ വാര്‍ത്ത? അത് അദ്ദേഹത്തോടൊപ്പം നിത്യനിദ്രയിലേക്ക് മറഞ്ഞു.

(ജിഗ്ന വോറയുടെ ബിഹൈന്‍ഡ് ദ ബാര്‍സ് ഇന്‍ ബൈക്കുള; മൈ ഡെയ്‌സ് ഇന്‍ പ്രിസണ്‍ എന്ന ഓര്‍മക്കുറിപ്പിനെ അടിസ്ഥാനമാക്കി എഴുതിയത്. ചിത്രത്തില്‍ പ്രജ്ഞ സിങ്, ജിഗ്ന വോറ, ഹേമന്ദ് കര്‍ക്കറെ)

ഇതു കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com