വിശ്വസാഹിത്യത്തിലേക്ക് തുറന്നിട്ട കേരളത്തിന്റെ കിളിവാതില്‍

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ 1923 മാര്‍ച്ച് 3 - 2006 ഫെബ്രുവരി 23
എം കൃഷ്ണന്‍ നായര്‍ ഓര്‍മ ദിനം
എം കൃഷ്ണന്‍ നായര്‍ ഓര്‍മ ദിനംഫയല്‍
Published on
Updated on

ലയാളനാട് വാരികയുടെ പുറംചട്ടയുടെ പുതുഗന്ധം ഇപ്പോഴും നാസികത്തുമ്പിലുണ്ട്. സാഹിത്യവാരഫലം - അതായിരുന്നു മലയാളനാട് വാരികയെ ഓരോ ആഴ്ചയും മത്ത് പിടിപ്പിക്കുന്ന വായനാനുഭവമാക്കി മാറ്റിയിരുന്നത്. മലയാളനാട് വാരിക നിലച്ചപ്പോള്‍ വാരഫലവുമായി കൃഷ്ണന്‍ നായര്‍ സാര്‍ കലാകൗമുദിയിലേക്കും തുടര്‍ന്ന് സമകാലിക മലയാളം വാരികയിലേക്കും മാറി. ഓരോ ആഴ്ചയും നവ്യാനുഭവമായി അദ്ദേഹത്തിന്റെ കോളം. ത്രില്ല് അടിച്ചുള്ള ആ പ്രതിവാര വായന മറക്കാനാവില്ല.

ലോകസാഹിത്യത്തിലേക്ക് തുറന്ന മലയാളത്തിന്റെ ജാലകം അതായിരുന്നു എം. കൃഷ്ണന്‍ നായര്‍ സാര്‍. നിശിതമായ സാമൂഹിക നിരീക്ഷണം, ആക്ഷേപഹാസ്യം, സരസമായ ചരിത്രകഥനം, പിന്നെ ചില കൊച്ചുവര്‍ത്തമാനങ്ങള്‍...

ഇത് രണ്ടും സംഭവിക്കുമെങ്കില്‍ പ്രേമകഥ എന്ന കഥാസാഹസിക്യം പടച്ച മുസാഫിറും കഥാകൃത്താകും

ആയിടയ്ക്ക് കലാകൗമുദിയുടെ 'കഥ' വാരികയില്‍ ഞാനെഴുതിയ 'പ്രേമകഥ' എന്ന പേരിലുള്ള ഒരു കഥയെ അദ്ദേഹം പിടിച്ചുകുടഞ്ഞതിങ്ങനെ:

കിളിമാനൂര്‍ രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറിയിലെ ചിത്രങ്ങളുടെ മനോഹാരിത കണ്ട് അതിശയിച്ച അവിടത്തെ ക്യൂറേറ്റര്‍ക്ക് തോന്നുന്നു: എനിക്കും ഇങ്ങനെ വരയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.. മഹാ ഗായകന്‍ യേശുദാസിന്റെ വീട്ടില്‍ വേലയ്ക്ക് വരുന്ന സ്ത്രീ, എന്നും രാവിലെ യേശുദാസ് സാധകം ചെയ്യുന്നത് കേട്ട് വിചാരിക്കുന്നു: ദൈവമേ, ഈയുള്ളവള്‍ക്കും ഇങ്ങനെ പാടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.. ഇത് രണ്ടും സംഭവിക്കുമെങ്കില്‍ പ്രേമകഥ എന്ന കഥാസാഹസിക്യം പടച്ച മുസാഫിറും കഥാകൃത്താകും!

(ഞാനിത് വായിച്ച് തളര്‍ന്നതൊന്നുമില്ല. എന്നെക്കുറിച്ച് മോശമായാണെങ്കിലും കൃഷ്ണന്‍ നായര്‍ സാര്‍ എഴുതിയല്ലോ എന്ന് നിഗൂഢമായി ആഹ്ലാദിക്കുകയാണ് ചെയ്തത്! അക്കാലത്തെ പല പുത്തന്‍ കൂറ്റ് എഴുത്തുകാരേയും പോലെ. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം കലാകൗമുദിയില്‍ തന്നെ ഒരു നോവലെറ്റ് പരീക്ഷണം നടത്തി ഫിക്ഷനെഴുത്തില്‍ നിന്ന് ഞാന്‍ ധീരമായി പിന്‍വാങ്ങി).

ടി.ജെ.എസ് ജോര്‍ജ് സാറിനെക്കുറിച്ച് കലാകൗമുദിയില്‍ ഞാനെഴുതിയ 'വാര്‍ത്തകളുടെ വാസ്തുശില്‍പി' എന്ന കവര്‍സ്‌റ്റോറിയെക്കുറിച്ച് കൃഷ്ണന്‍ നായര്‍ സാര്‍ ഗംഭീരമായ അഭിപ്രായമെഴുതിയത് എന്നെ ഏറെ സന്തോഷിപ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ദൂരദര്‍ശനിലെ സുഹൃത്ത് സേതുമേനോനുമായി കുടുംബസമേതം ഞങ്ങള്‍ കൃഷ്ണന്‍ നായര്‍ സാറിനെ കാണാന്‍ പോയി. ഏറെ നേരം സംസാരിച്ചു. ഞങ്ങളെ യാത്രയാക്കാന്‍, ശാസ്തമംഗലത്തെ വീട്ടുമുറ്റത്തെ പാടവരമ്പ് വരെ അദ്ദേഹം ഒപ്പം നടന്നു വന്നു. ധിഷണയുടെ ജ്ഞാനഗോപുരം പോലെ ഉയര്‍ന്നു നിന്ന ആ മനുഷ്യസ്‌നേഹിയുടെ സഹജമായ വിനയത്തിനു മുന്നില്‍ ഞങ്ങള്‍ നമ്രശിരസ്‌കരായി.

പ്രസിദ്ധമായൊരു പ്രസാധനശാല അദ്ദേഹത്തെ കബളിപ്പിച്ച കാര്യം അന്ന് സംസാരമധ്യേ പറഞ്ഞിരുന്നത് ഞാന്‍ സൗദിയിലെ ഞങ്ങളുടെ 'മലയാളം ന്യൂസ് ' പത്രത്തില്‍ എഴുതിയത് സാറിനെ വേദനിപ്പിച്ചുവെന്ന് തോന്നി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്ചൂ ണ്ടിക്കാണിച്ചായിരുന്നു ആ ലക്കം മലയാളം വാരികയിലെ കോളത്തില്‍ കൃഷ്ണന്‍നായര്‍ സാര്‍ എന്റെ ലേഖനത്തിനെതിരെ എഴുതിയത്. പ്രസാധകരെ പിണക്കേണ്ടതില്ല എന്ന് കരുതിയാവണം താനങ്ങനെയല്ല പറഞ്ഞതെന്ന് അദ്ദേഹത്തിന് വാക്ക് മാറ്റിപ്പറയേണ്ടി വന്നതെന്ന് തോന്നുന്നു. ഏതായാലും ഞാന്‍ നടത്തിയ ക്ഷമാപണത്തില്‍ അദ്ദേഹത്തിന്റെ പരിഭവം അലിഞ്ഞുപോയി. പിന്നീട് സൗഹൃദത്തിന്റെ സുഗന്ധം നിറഞ്ഞ ബന്ധമായിരുന്നു, അന്ത്യം വരെ.

എം കൃഷ്ണന്‍ നായര്‍ ഓര്‍മ ദിനം
അക്ബര്‍ അവസാനമായി പറഞ്ഞു: എടാ, ഞങ്ങളുടെ 'ഉംറ'യുടെ കാര്യം മറക്കണ്ട...

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്.കെ. നായര്‍ എന്നെ ചൂണ്ടിക്കാണിച്ചു വര്‍ക്കിയോടു ചോദിച്ചു: 'അറിയില്ലേ?' അദ്ദേഹം ഉടനെ പറഞ്ഞു: 'എന്നെ നിരന്തരം ചീത്ത പറയുന്ന ആള്‍.'

പതിനെട്ട് വര്‍ഷം മുമ്പ് വിടവാങ്ങിയ കൃഷ്ണന്‍ നായര്‍ സാറുടെ ഓര്‍മകള്‍ പുതുക്കാന്‍ ഇപ്പോഴും സാഹിത്യവാരഫലം വായിക്കുന്നു. ഇന്നും പ്രസക്തമായ എത്രയെത്ര നിരീക്ഷണങ്ങള്‍? രണ്ട് വാരഫലം ചുവടെ ചേര്‍ക്കുന്നു.

**

സാഹിത്യവാരഫലം / എം. കൃഷ്ണന്‍ നായര്‍

നിരീക്ഷണം

ഒരിക്കല്‍ മലയാളനാട്' പത്രാധിപര്‍ എസ്. കെ. നായരുമായി ഞാന്‍ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോരികയായിരുന്നു. അദ്ദേഹം പറഞ്ഞു: 'നമുക്കു പാറപ്പുറത്തിന്റെ വീട്ടില്‍ ഒന്നു കയറിയിട്ടു പോകാം. അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണിന്ന്. കാലത്ത് വിവാഹം. അതിനു പോകാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വീട്ടിലെങ്കിലും ചെന്നിട്ടു പോരാം.' അര മണിക്കൂര്‍കൊണ്ടു കാര്‍ പാറപ്പൂറത്തിന്റെ വീട്ടിന്റെ മുന്‍പില്‍ച്ചെന്നു. എസ്.കെ. നായര്‍ കാറില്‍ നിന്നിറങ്ങി. അനങ്ങാതെ കാറിലിരുന്ന എന്നെ നോക്കി അദ്ദേഹം ചോദിച്ചു. 'എന്താ വരുന്നില്ലേ? എസ്.കെ. പറഞ്ഞു: 'അങ്ങനെ വല്ലതുമുണ്ടോ സാര്‍? പാറപ്പുറം വിട്ടുപോയിരിക്കാം. വരൂ അദ്ദേഹത്തിന് വലിയ സന്തോഷമായിരിക്കും.'

ഞാന്‍ കൂടെച്ചെന്നു. വിളിക്കാതെ ഞാന്‍ ചെന്നു കയറിയതില്‍ പാറപ്പുറത്തിനു വലിയ ആഹ്ലാദം. അതിനോടൊപ്പം പശ്ചാത്താപവും. പാറപ്പുറത്തിന്റെ വാക്കുകള്‍ ആ രണ്ടു വികാരങ്ങളെയും സ്പഷ്ടമാക്കി. അവിടെ മുട്ടത്തു വര്‍ക്കി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹമറിയിച്ചു. 'ഞാന്‍ കൂടെ വരുന്നു. വഴിക്ക് ഞാന്‍ ഇറങ്ങിക്കോള്ളാം.'

ഞങ്ങള്‍ മൂന്നുപേരും യാത്രയായി. എസ്.കെ. നായര്‍ എന്നെ ചൂണ്ടിക്കാണിച്ചു വര്‍ക്കിയോടു ചോദിച്ചു: 'അറിയില്ലേ?'

അദ്ദേഹം ഉടനെ പറഞ്ഞു: 'എന്നെ നിരന്തരം ചീത്ത പറയുന്ന ആള്‍.'

മുട്ടത്തു വര്‍ക്കി മാന്യനാണ്. എത്ര വിമര്‍ശിച്ചാലും അദ്ദേഹം അഹിതമായി ഒന്നും പറയുകയില്ല. അന്നും പറഞ്ഞില്ല. പക്ഷേ 'റ്റോണ്‍' കൊണ്ട് പ്രതിഭാശാലിയായ എന്നെ കാരണമൊന്നുമില്ലാതെ തെറിപറയുന്ന ആള്‍ എന്ന ധ്വനി ആ വാക്യത്തില്‍ ഉണ്ടായിരുന്നു. ടോള്‍സ്‌റ്റോയിയെപ്പോലെ, ദസ്‌തെയേവ്‌സ്‌കിയെപ്പോലെ പ്രതിഭാശാലിയായ എന്നെ ഇയാള്‍ അനവരതം കുറ്റപ്പെടുത്തുന്നു എന്ന് വര്‍ക്കിയുടെ ആ വാക്യത്തിലെ ധ്വനി എനിക്കു മനസ്സിലായി. ഞാന്‍ മറുപടി പറഞ്ഞില്ല. ഏതോ സ്ഥലത്ത് എത്തിയപ്പോള്‍ വര്‍ക്കി എസ്.കെ. നായരോടു മാത്രം യാത്ര പറഞ്ഞിട്ട് കാറില്‍ നിന്ന് ഇറങ്ങിപ്പോയി. നമ്മുടെ എഴുത്തുകാര്‍ക്കുള്ള പ്രധാനപ്പെട്ട ദോഷമിതാണ്. തന്റെ സംഭാവനകള്‍ നിസ്തുലങ്ങളാണെന്നും താന്‍ ടോള്‍സ്‌റ്റോയിക്കോ പസ്തര്‍നക്കിനോ സദൃശനാണെന്നും കേരളത്തിലെ നോവലിസ്റ്റ് വിചാരിക്കുന്നു. ആ വിചാരത്തിന് യോജിച്ച വിധത്തില്‍ പെരുമാറുന്നു. സംസാരിക്കുന്നു. എന്റെ വായനക്കാരികള്‍ സദയം ക്ഷമിക്കണം. എഴുത്തുകാരികള്‍ക്ക് ഈ അഹങ്കാരം വളരെ കൂടുതലാണ്. അവര്‍ നോട്ടത്തില്‍, നടത്തത്തില്‍, അംഗവിക്ഷേപത്തില്‍ ഇല്ലാത്ത മേന്‍മ പ്രകടിപ്പിക്കുന്നു. നടത്തത്തില്‍, കൈവീശലില്‍, റ്റെലിവിഷനിലെ അഭിമുഖസംഭാഷണത്തില്‍, പത്രപ്രതിനിധിയോടുള്ള അഭിപ്രായാവിഷ്‌ക്കാരത്തില്‍ അന്യനോട് നേരിട്ടുള്ള സംസാരത്തില്‍ 'എന്നെപ്പോലെ ഒരു പ്രതിഭാശാലിനി വേറെയുണ്ടോ?' എന്ന മട്ടു കാണിക്കുന്നു ഒരെഴുത്തുകാരി. ശബ്ദത്തിലും പരപുച്ഛത്തിലും അഹങ്കാരം. രണ്ടോ മൂന്നോ ഉണക്കക്കഥകള്‍ എഴുതിക്കൊണ്ട് 'ബഹുമാനിയാ ഞാന്‍ ആരെയും തൃണവല്‍' എന്ന ഭാവം. തേങ്ങ പൊതിക്കത്തക്ക വിധത്തില്‍ ചന്തിയിലെ എല്ലുകള്‍ ഉന്തിക്കൊണ്ട് ചടച്ച പശു തൊഴുത്തില്‍ നില്‍ക്കുന്നതു വായനക്കാര്‍ കണ്ടിരിക്കും. കാലത്തു കറക്കാന്‍ ചെന്നാല്‍ ഒരു തുള്ളി പാലു പോലും കിട്ടില്ല. പക്ഷേ കറവക്കാരനെ നോക്കി തല കുലുക്കുന്നതു കണ്ടാല്‍ 'രണ്ടിടങ്ങഴിപ്പാല് എന്റെ അകിട്ടിലുണ്ട്' എന്ന ഭാവവും. ഇതുപോലെ മെലിഞ്ഞ രണ്ട് കഥാസമാഹാരഗ്രന്ഥങ്ങള്‍ വീട്ടിലെ ഷെല്‍ഫെന്ന തൊഴുത്തില്‍ കാണും. റബേക്ക വെസ്റ്റാണു ഞാന്‍, വെര്‍ജീനിയ വുല്‍ഫാണു ഞാന്‍, സീമോന്‍ ദ് ബോവ്വാറാണു ഞാന്‍ എന്ന നാട്യവും സംസാരവും. മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ പൈങ്കിളികളാണെങ്കിലും അമ്പതോളമുണ്ട് അവ. ഈ എഴുത്തുകാരിക്ക് അതുമില്ല. എങ്കിലും 'ഞാന്‍ ഞാന്‍ എന്ന മട്ടും ഭാവവും'.

ഒ.വി. വിജയനോടു സംസാരിക്കൂ, വിനയമില്ലാതെ ഒരു വാക്കു പോലും വരില്ല അദ്ദേഹത്തില്‍ നിന്ന്. വള്ളത്തോള്‍, ഉള്ളൂര്‍, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവന്‍ പിള്ള ഈ പ്രതിഭാശാലികളോട് ഞാന്‍ പല തവണ സംസാരിച്ചിട്ടുണ്ട്. വിനയമാണ് അവരുടെ സ്വഭാവത്തിലെ സവിശേഷത. ഉദ്ധതനായി രചനകളില്‍ പ്രത്യക്ഷനാകുന്ന കുട്ടിക്കൃഷ്ണമാരാര്‍, ആരെയും വകവെയ്ക്കാത്ത മുണ്ടശ്ശേരി, ഇവരില്‍ നിന്ന് സുജനമര്യാദയെ ലംഘിക്കുന്ന ഒരു വാക്കു പോലും വരില്ല. കുട്ടിക്കൃഷ്ണമാരാര്‍ കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കനാണ്. ധിഷണാവിലാസം കാണിക്കുന്ന ആളുകള്‍ അങ്ങനെയാണ്. അല്‍പജ്ഞരും അല്‍പജ്ഞകളുമാണ് 'ഞാന്‍ കവി', 'ഞാന്‍ കഥാകാരി' എന്ന വീമ്പടിക്കുന്നത്. ഒന്നേ നമുക്കു ചെയ്യാനുള്ളു, ഇക്കൂട്ടര്‍ റ്റെലിവിഷനില്‍ വരുമ്പോള്‍ സ്വിച്ചോണ്‍ ചെയ്തിരിക്കുന്ന സെറ്റ് സ്വിച്ചോഫ് ചെയ്യണം. അല്‍പക്കൂട്ടങ്ങള്‍!

എം കൃഷ്ണന്‍ നായര്‍ ഓര്‍മ ദിനം
അച്യുതമേനോന്റെ സഹയാത്രികനായി തൃശൂര്‍ മുതല്‍ ലക്കിടി വരെ
'ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബെഗിന്‍ തന്നെയോ?' എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും
എം. കൃഷ്ണന്‍ നായര്‍, ലേഖകന്‍
എം. കൃഷ്ണന്‍ നായര്‍, ലേഖകന്‍ഫയല്‍

*******

സാഹിത്യ വാരഫലം / എം. കൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വക് രോഗ വിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വക് രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് 'ഹാന്‍സന്‍' എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന വൈറസ് കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് ജി.എച്ച്. ഹാന്‍സന്‍. അതുകൊണ്ട് കുഷ്ഠരോഗത്തിന് 'ഹാന്‍സന്‍സ് ഡിസീസ്' എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ 'നിയോപ്ലാസം' എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് 'കാന്‍സറാ'ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. 'ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബെഗിന്‍ തന്നെയോ?' എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് 'ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ എന്നു 'കാച്ചിക്കളയും.' ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ 'പൈ എന്ന കമ്പനി'യിലേക്ക് ഓടി, മെഡിക്കല്‍ ഡിക് ഷണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്‌സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. 'അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?' എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ 'ഹി ഹാസ് സയാനോസിസ്' എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്.

ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്‌സിഡിയി ഓയ്‌ഡോമൈക്കോസിസ്. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. 'വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്‌കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങ'ളില്‍ കാണുന്നത്.' എങ്ങനെയിരിക്കുന്നു ഈ കോക്ക്‌സിഡിയിഓയ്‌ഡോ മൈക്കോസിസ്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com