അച്യുതമേനോന്റെ സഹയാത്രികനായി തൃശൂര്‍ മുതല്‍ ലക്കിടി വരെ

അച്യുതമേനോന്‍ എന്ന് കേട്ടപ്പോള്‍ എന്നില്‍ ആവേശം നിറഞ്ഞു. മനസ്സില്‍ ഉല്‍സാഹം തിരയടിച്ചു.
സി അച്യുതമേനോന്‍
സി അച്യുതമേനോന്‍

1979 മേയ് അഞ്ച്. മറക്കാനാവാത്ത ഒരു കാര്‍ യാത്രയായിരുന്നു അത്. ലക്കിടി കിള്ളിക്കുര്‍ശിമംഗലത്ത് കുഞ്ചന്‍ ദിനാഘോഷം. മുഖ്യാതിഥി മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്‍. കുഞ്ചന്‍ സ്മാരക സമിതിയുടെ സാരഥികളായ ബാബുവേട്ടന്‍ (പി.ടി. നരേന്ദ്രമേനോന്‍), പി ശിവദാസ് മാസ്റ്റര്‍ എന്നിവര്‍ തലേന്ന് എന്നോടാവശ്യപ്പെട്ടു. നാളെ കാലത്ത് തൃശൂരില്‍ പോയി അച്യുതമേനോനെ കുഞ്ചന്‍ സ്മാരകത്തിലേക്ക് കൊണ്ടു വരണം. ഞാനന്ന് മനോരമ ലേഖകനായി ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്നു. അച്യുതമേനോന്‍ എന്ന് കേട്ടപ്പോള്‍ എന്നില്‍ ആവേശം നിറഞ്ഞു. മനസ്സില്‍ ഉല്‍സാഹം തിരയടിച്ചു. അന്നോളം അകലെ നിന്ന് ആ വലിയ മനുഷ്യനെ കാണുകയും രണ്ടു മൂന്നു വേദികളിലെ പ്രസംഗങ്ങള്‍ ദൂരെ നിന്ന് കേള്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അടുത്ത് നിന്ന് കാണാന്‍ സാധിച്ചിട്ടില്ല.

എന്റെ എക്കാലത്തേയും ഏറ്റവുമിഷ്ടപ്പെട്ട നേതാവാണ് അച്യുതമേനോന്‍. അദ്ദേഹത്തെ തൃശൂരിലെ വീട്ടില്‍ നിന്ന് ഉല്‍സവസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള നിയോഗം വലിയൊരു ബഹുമതിയായി ഞാന്‍ കണക്കാക്കി. നരേന്ദ്രമേനോന്റെ പച്ച അംബാസഡര്‍ കാര്‍ (നമ്പര്‍ കെ.എല്‍.ഇ 5133) ഓടിക്കാന്‍ ഒറ്റപ്പാലത്തെ പഴയകാലഡ്രൈവറും പിന്നീട് വാഹനബ്രോക്കറുമൊക്കെയായ കുഞ്ഞുട്ടേട്ടനെ ഏല്‍പിച്ചിരുന്നു. അച്യുതമേനോന്റെ തിയതിയും സമയവുമൊക്കെ സംഘാടകര്‍ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. അതിരാവിലെ ഞാനും കുഞ്ഞുട്ടേട്ടനും തൃശൂരിലേക്ക് പുറപ്പെട്ടു. അച്യുതമേനോന്റെ വീട്ടിലെത്തി. ബെല്ലടിച്ചു. അദ്ദേഹത്തിന്റെ സഹധര്‍മിണി അമ്മിണിയമ്മയാണ് വാതില്‍ തുറന്നത്. ഒറ്റപ്പാലത്ത് നിന്നാണെന്ന് പറഞ്ഞപ്പോള്‍ എന്നോടിരിക്കാനാവശ്യപ്പെട്ടു. അഞ്ചുമിനിറ്റിനകം അച്യുതമേനോന്‍ കുളിച്ചൊരുങ്ങി വെളുത്ത ഉടുപ്പില്‍ കുലീനഭാവത്തോടെ പൂമുഖത്തെത്തി. ഞാനെണീറ്റ് കൈകൂപ്പി. സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമൊന്നുമില്ല. കൈയില്‍ അന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവും ഒരു കെട്ട് ഇന്‍ലന്റുകളും. ഒരു കൊച്ചുകുടയുമുണ്ട്. കുട ഞാന്‍ വാങ്ങി. പോകാം. പതിഞ്ഞ വാക്ക്.

അങ്ങനെ ഞങ്ങള്‍ ലക്കിടിയിലേക്ക് പുറപ്പെട്ടു. സ്വരാജ് റൗണ്ട് ചുറ്റി ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിയുംമുമ്പെ അദ്ദേഹം മുന്‍സീറ്റിലിരുന്ന എന്റെ നേരെ ആ ഇന്‍ലന്റുകള്‍ നീട്ടിക്കൊണ്ട് പറഞ്ഞു: ഈ കത്തുകളൊന്ന് പോസ്റ്റ് ചെയ്യുമോ?
മുനിസിപ്പല്‍ ഓഫീസ് റോഡിലുള്ള പോസ്റ്റ് ഓഫീസിനടുത്ത് കുഞ്ഞുട്ടേട്ടന്‍ കാര്‍ നിര്‍ത്തി. ഞാനിറങ്ങി കത്തുകള്‍ പോസ്റ്റ് ചെയ്ത് മടങ്ങിയെത്തി. കാര്‍ നീങ്ങുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് നിവര്‍ത്തി വായിക്കുകയായിരുന്നു. കാറിനകത്ത് നീണ്ട മൗനം.     
   
എന്നോടൊപ്പമിരിക്കുന്നത് രണ്ടു തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ചേലാട്ട് അച്യുതമേനോന്‍. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി. ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രമുഖന്‍. മികച്ച വായനക്കാരന്‍. കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചുതന്ന മനുഷ്യസ്‌നേഹി. ലളിതവും സുതാര്യവുമായ രീതിയില്‍ മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയുന്ന സാഹിത്യകാരന്‍. 1969 നവംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനുമായി, തൃശൂര്‍ മുതല്‍ ലക്കിടി കിള്ളിക്കുര്‍ശിമംഗലം വരെയുള്ള ഈ യാത്രക്കിടെ എന്തെങ്കിലുമൊന്ന് സംസാരിക്കാതിരുന്നാല്‍ ശരിയാകില്ലല്ലോ. അദ്ദേഹം ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞ് മൗനം തകരുമെന്ന പേടി വേണ്ട. സിഗരറ്റ് വലിക്കാനാവാത്ത വിമ്മിട്ടത്തില്‍ ഡ്രൈവിങില്‍
മാത്രം ശ്രദ്ധിച്ച് കുഞ്ഞുട്ടേട്ടന്‍. രണ്ടും കല്‍പിച്ച് ഞാന്‍ ചോദിച്ചു: സാര്‍, എന്തെങ്കിലും കഴിക്കണോ?

പത്രത്തില്‍ നിന്ന് കണ്ണെടുത്ത് അദ്ദേഹം വേണ്ട എന്ന് തലയാട്ടി. കാര്‍ വടക്കാഞ്ചേരി റെയില്‍വെ ഗേറ്റിനടുത്തെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു. കുഞ്ചന്‍ സ്മാരകത്തില്‍ സമയത്തിന് പരിപാടി തുടങ്ങില്ലേ, ആരൊക്കെയാണ് വരുന്നത്? സമയത്തിന് തുടങ്ങുമെന്നും ഡോ. കെ.എന്‍. എഴുത്തച്ഛന്റെ പ്രഭാഷണമുണ്ടാകുമെന്നും ഞാന്‍ പറഞ്ഞു. പിന്നെ ധൈര്യത്തോടെ ഞാന്‍ തുടങ്ങി. എന്റെ എഐഎസ്എഫ് എഐവൈഎഫ് കാലത്തെക്കുറിച്ച് പറയവെ, പത്രം മടക്കിവെച്ച് അച്യുതമേനോന്‍ കൂടുതല്‍ താല്‍പര്യത്തോടെ അത് കേട്ടിരുന്നു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സഖാവ് വി.വി രാഘവന്‍ (അച്യുതമേനോന്റെ സഹോദരീഭര്‍ത്താവ്) എന്നെ പാര്‍ട്ടി സ്‌കൂളിലെ പഠനത്തിനായി ഡല്‍ഹിയിലേക്കയച്ചതും മറ്റും ഞാന്‍ പറഞ്ഞു. അതീവ ശ്രദ്ധയോടെയാണ് അച്യുതമേനോന്‍ എല്ലാം കേട്ടത്. മനോരമയിലെത്തിയ ടികെജി നായരെപ്പോലുള്ള പഴയ ചില സിപിഐ നേതാക്കളെക്കുറിച്ചും അദ്ദേഹം അന്നേരം പറഞ്ഞു. വള്ളത്തോള്‍ നഗര്‍ കേരള കലാമണ്ഡലത്തിനടുത്തെത്തിയപ്പോള്‍അന്നത്തെ കലാമണ്ഡലം സെക്രട്ടറിയായിരുന്ന വി.ടി ഇന്ദുചൂഡന്‍ (പഴയ സഖാവും ദേശാഭിമാനി പത്രാധിപരും) വഴിയോരത്ത് നില്‍ക്കുന്നത് കണ്ടു. അകലെ നിന്നു ഇന്ദുചൂഡനെ കണ്ട അച്യുതമേനോന്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു.

ഇന്ദുചൂഡന്‍ അടുത്തെത്തി അച്യുതമേനോനുമായി അല്‍പനേരം കുശലം പറഞ്ഞു. പിന്നീട് ഞങ്ങളുടെ യാത്ര തുടര്‍ന്നു. കൃത്യസമയത്ത് തന്നെ ലക്കിടിയിലെത്തി. കുഞ്ചന്‍ദിനാഘോഷങ്ങളുടെ ആരവം തുടങ്ങിക്കഴിഞ്ഞിരുന്നു. ഏതാണ്ട് 56 കിലോമീറ്റര്‍ ദൂരമുള്ള, മഹാനായൊരു നേതാവിനൊടൊപ്പമുള്ള മറക്കാനാവാത്ത ആ യാത്ര പൊടുന്നനവെ നിന്നുപോയതിന്റെ നിരാശയായിരുന്നു എനിക്ക്.

ഏറെക്കാലം അച്യുതമേനോന്റെ സെക്രട്ടറിയായി ഔദ്യോഗിക സേവനമനുഷ്ഠിച്ചിട്ടുള്ള, എഴുത്തുകാരനും നിരൂപകനുമായ ടി.എന്‍. ജയചന്ദ്രന്‍ സമാഹരിച്ചിട്ടുള്ള സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍ എന്ന പേരിലുള്ള 863 പേജുള്ള പുസ്തകത്തില്‍ അന്നത്തെ കുഞ്ചന്‍ ദിനാഘോഷത്തെക്കുറിച്ച് അച്യുതമേനോന്‍ ഇങ്ങനെയെഴുതി: 1979 മേയ് അഞ്ച് ശനി. ലക്കിടി. കാലത്ത് 8.30 ന് പുറപ്പെട്ടു. പത്ത് മണിക്ക് ലക്കിടിയെത്തി. കുഞ്ചന്‍ സ്മാരകം പോയി കണ്ടു. പിന്നീട് ചര്‍ച്ചാ യോഗത്തില്‍ സംബന്ധിച്ചു. പി.എ വാസുദേവന്‍ കാര്യങ്ങള്‍ നല്ല പോലെ പഠിച്ചിട്ടുണ്ട്. ഭൂരിപക്ഷം ചെറുപ്പക്കാരും ആധുനികത്വത്തിന്റെ പക്ഷപാതികളായിരുന്നു. ഡോ. കെഎന്‍ എഴുത്തച്ഛന്റെ അധ്യക്ഷപ്രസംഗം നന്നായി. സമ്മിംഗ് അപ്പും അസ്സലായി. സമചിത്തതയോട് കൂടി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തു. നമ്മുടെ പുരോഗമനസാഹിത്യ വേദിയിലെ ചര്‍ച്ചകള്‍ എത്ര താണ നിലവാരത്തിലാണെന്ന് എന്നെനിക്ക് തോന്നിപ്പോയി. ഒന്ന് അപ്‌ഗ്രേഡ് ചെയ്യാനെന്ത് വേണം? വൈകിട്ട് ഇ.പി മാധവന്‍ നായര്‍ പണി കഴിപ്പിച്ച് സര്‍ക്കാരിന് സംഭാവന നല്‍കിയ ആശുപത്രിയുടെ ഉ്ദഘാടനത്തിലും കുഞ്ചന്‍ സ്മാരക സമാപനസമ്മേളനത്തിലും പങ്ക് കൊണ്ടു. ശങ്കരേട്ടന്റെ വീട്ടില്‍ കയറി കാപ്പി കുടിച്ചു. രാത്രി 10. 30 ന് തിരിച്ചെത്തി. (പേജ്  272).

കെ വി സുരേന്ദ്രനാഥ് എഡിറ്റ് ചെയ്ത അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളില്‍ ചരിത്രവും ജീവിതവും വായനയും ധര്‍മാധര്‍മ വിചാരങ്ങളുമുണ്ട്. പ്രമുഖ സിപിഐ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സുരേന്ദ്രനാഥ് ഈ ഡയറിക്കുറിപ്പുകളെ പുതുമ തേടുന്നവരുടെ പാഥേയമായാണ് വിശേഷിപ്പിക്കുന്നത്.

വാര്‍ധക്യവും രോഗവും വക വയ്ക്കാതെ സ്വന്തം ഭൗതിക സുഖങ്ങള്‍ക്കായി സമയം നീക്കി വെക്കാതെ സദാ കര്‍മനിരതനായി ചെലവിട്ട ജീവിതമായിരുന്നു അച്യുതമേനോന്റേത്. എപ്പോഴും അദ്ദേഹം ജീവിച്ചത് ജനമധ്യത്തിലായിരുന്നു. അന്ത്യം വരെ കുലീനത കൈവെടിയാത്ത ഈ കമ്യൂണിസ്റ്റുകാരന്റെ നൂറ്റിപ്പത്താം ജന്മവാര്‍ഷികത്തില്‍ പുതുതലമുറ കമ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശധീരതയുടേയും ആര്‍ജവത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ഒട്ടേറെ മാതൃകാ പാഠങ്ങളാണ് ആ മഹദ്ജീവിതം കാണിച്ചുതരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com