"ഭക്ഷണ സാധനങ്ങളോട് അലർജിയുണ്ടെങ്കിൽ അത് പറയാൻ മലയാളി മടിക്കുന്നതെന്തിന്?"
തിരുവനന്തപുരം വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് കടൽവിഭവങ്ങൾ കഴിച്ച ശേഷം രണ്ടുപേർ മരിക്കുകയും ചിലർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടാകകുയം ചെയ്ത സംഭവത്തെ തുടർന്ന് മത്സ്യഭക്ഷണം വീണ്ടും ചർച്ച ചെയ്യപ്പെടുന്ന ഒന്നായി.
ഫോർമാലിനും അമോണിയയും കലർന്ന കടൽ വിഭവങ്ങളെ കുറിച്ചുള്ള ആശങ്ക മുതൽ അലർജി ഇല്ലാത്ത ജീവിതം നയിക്കാൻ കടൽ വിഭവങ്ങളെ തീൻമേശയിൽ നിന്ന് മുഴുവനായി അവഗണിക്കുന്നത് വരെ ചർച്ചകൾ എത്തിനിൽക്കുന്നു. ഭക്ഷ്യവിഷബാധയുണ്ടാക്കാൻ ഇത്രയധികം സാധ്യത ഉള്ള ഒന്നാണോ കടൽ വിഭവങ്ങൾ? പ്രിയപ്പെട്ട ഭക്ഷണങ്ങളായ ചിപ്പിയും ചെമ്മീനും അടക്കമുള്ളവയുടെ അലർജിയിൽ നിന്ന് എങ്ങനെ രക്ഷ നേടാം? ഭക്ഷ്യവിഷബാധയും അലർജിയും മാത്രം അഭിസംബോധന ചെയ്താൽ മതിയോ?
നമ്മുടെ ജീവിതരീതികളും ഭക്ഷണ രീതികളും ക്രമവും മാറിയത് മുതൽ മാദ്ധ്യമ സാന്ദ്രതയിലെ വർദ്ധനവ് വരെ ഭക്ഷ്യവിഷബാധ ചർച്ചയാകുന്നതിനും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻകാലങ്ങളിലും ഭക്ഷ്യവിഷബാധയും അതുമായി ബന്ധപ്പെട്ട അപകടങ്ങളും ഉണ്ടായിട്ടുണ്ട്. നിലവിൽ തിരക്കേറിയ ജീവിത്തതിനിടയിൽ കുടുംബവുമായി പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് പലരുടെയും ജീവിതത്തിലെ സ്വാഭാവികമായ ഒന്നായി മാറിക്കഴിഞ്ഞു.
മറ്റൊന്ന് റീലുകളിലുടെയും മറ്റും പുതിയ ഭക്ഷണ സാധനങ്ങളും രുചികരമായ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തുന്നു. അത് അന്വേഷിച്ച് ആളുകൾ അവിടങ്ങളിലേക്ക് വരുന്നു. അത് ഒന്നിച്ചും ഒറ്റയ്ക്കും യാത്രചെയ്യുക, രുചി ആസ്വദിക്കുക, കൂട്ടുകാരുമായോ കുടുംബാംഗങ്ങളുമായോ ഒത്തുകൂടി സമയം ചെലവഴിക്കുക എന്നിങ്ങനെ പല ആഗ്രഹങ്ങളുമായി ബന്ധപ്പെട്ടാകും. അതുകൊണ്ട് തന്നെ ഭക്ഷണ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളുടെ തോതിൽ പത്തോ ഇരുപത്തിയഞ്ചോ വർഷം മുമ്പുള്ളതിനേക്കാൾ ചെറിയ തോതിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മറ്റൊന്ന് കാലാവസ്ഥയിലുണ്ടായ മാറ്റം, മാലിന്യം പുറന്തള്ളലിലെ അശാസ്ത്രീയത കൊണ്ട് കടലിൽ ഉൾപ്പടെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ഒക്കെ ഇതിന് വഴിയൊരുക്കുന്നുണ്ട്.
മറ്റൊന്ന് പണ്ട് ഒരു സംഭവമുണ്ടായാൽ ആ വിവരം ഇത്രയും പെട്ടെന്നോ ഇത്രയധികം വിപുലമായ പ്രചാരം കിട്ടാറില്ല. ഒരു ഹോട്ടലിനെ കുറിച്ച് പ്രചാരം ലഭിക്കുന്നതേക്കൾ കൂടുതൽ ഒരു ഭക്ഷ്യവിഷബാധയ്ക്ക് പ്രചാരം ലഭിക്കും. കാരണം അതിലൊരു വാർത്ത കൂടി ഉണ്ടാകുന്നുണ്ട്. ഈ സാമൂഹിക സാഹചര്യത്തെ കൂടി മുൻനിർത്തിവേണം ഈ വിഷയത്തെ സമീപിക്കേണ്ടത്.
ഭക്ഷ്യവിഷബാധയും അപകടങ്ങളും
ഏതുതരം ഭക്ഷ്യവിഷബാധയും ഗുരുതരമായേക്കാം എന്ന അഭിപ്രായം മുന്നോട്ടു വയ്ക്കുമ്പോഴും, കടൽ വിഭവങ്ങളിൽ നിന്നുണ്ടാകുന്നവയാണ് അതിൽ തീവ്രത ഏറിയത് എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അപ്പോഴും, ഏറെ മത്സ്യപ്രിയരുള്ള കേരളത്തിൽ ഇതുവരെ വലിയ കടൽ വിഭവ ഭക്ഷ്യവിഷബാധകളൊന്നും സംഭവിച്ചിട്ടില്ല എന്നതും അവർ ഓർമ്മിപ്പിക്കുന്നു.
ഏതെങ്കിലും ഒരുതരം കടൽ വിഭവത്തോട് അലർജി ഉണ്ടെന്നുണ്ടെങ്കിൽ അവയോട് എന്നെന്നേക്കുമായി വിട പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം എന്നാണ് എറണാകുളം ഇ എസ് ഐ ഹോസ്പിറ്റലിന്റെ മുൻ റസിഡന്റ് മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. റീന മേരി ഫ്രാൻസ് അഭിപ്രായപ്പെടുന്നത്. "പൊതുവേ കടൽ വിഭവങ്ങളോട് അലർജിയുള്ള ആളുകൾക്ക് ബീഫിനോടും അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ മറ്റേതിനെ കൂടി ആളുകൾ കരുതിയിരിക്കണം," റീന പറഞ്ഞു.
വെറുതെ ഒരു കാരണവുമില്ലാതെ അലർജി ടെസ്റ്റ് എടുക്കാൻ ഡോക്ടർമാർ രോഗികളോട് പറയാറില്ല. എന്നിരുന്നാലും ഏതെങ്കിലും ഭക്ഷണത്തോട് അലർജി ഉള്ളതായി സംശയം തോന്നുകയാണെങ്കിൽ, ആളുകൾക്ക് ഒരു അലർജി ടെസ്റ്റ് എടുക്കാം . ചില സാഹചര്യങ്ങളിൽ, ആളുകളിൽ അലർജി പാരമ്പര്യമായും പ്രകടമായേക്കാം. ഭക്ഷണം മാത്രമാണ് അലർജിയുടെ കാരണം എന്ന് പഴിക്കരുത് എന്നാണ് ഡോ. റീന പറയുന്നത്
ഏത് പഴയ ഭക്ഷണം കഴിച്ചാലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്. അത് മത്സ്യ വിഭവങ്ങളാണെങ്കിൽ, അതിലെ അപകട സാധ്യത മറ്റുള്ളവയേക്കാൾ കൂടുതലാകാം.
ഏത് ഭക്ഷണം പാകം ചെയ്യുമ്പോഴും എന്നപോലെ, കടൽ വിഭവങ്ങൾ തയ്യാറാക്കുമ്പോഴും കരുതൽ അത്യാവശ്യമാണ്. ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നവരും അത് വിളമ്പുന്നവരും രക്തപരിശോധന അടക്കമുള്ള ക്ലിനിക്കൽ പരിശോധനകൾ നടത്തിയവരും രോഗവിമുക്തരും ആയിരിക്കണം എന്നാണ് ഭക്ഷ്യസുരക്ഷാ മാർഗരേഖകൾ നിർദ്ദേശിക്കുന്നത്. അവയെയൊക്കെ കാറ്റിൽ പറത്തിയാണ് ഇന്ന് പല ഹോട്ടലുകളും പ്രവർത്തിക്കുന്നതെന്ന് ഡോക്ടർ റീന ചൂണ്ടിക്കാട്ടുന്നു. .
ഇതിൽ തന്നെ ഏറ്റവും അപകടകാരി ഇന്ന് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്ന തട്ടുകടകളാണ്. " കൃത്യമായ ലൈസൻസോട് പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ പോലെയല്ല,തട്ടുകടകൾ പലതും പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഹോട്ടലുകളിൽ സംഭവിക്കുന്നതിനേക്കാൾ കൂടുതൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഇടമാണ് തട്ടുകടകൾ," റീന പറഞ്ഞു.
പ്രായം ഘടകമാണോ?
പൊതുധാരണയ്‌ക്ക് വിരുദ്ധമായി പ്രായം വർദ്ധിക്കും തോറും അലർജി പോലുള്ള അവസ്ഥകൾ കാര്യമായ പ്രശ്നങ്ങൾ മനുഷ്യർക്കുണ്ടാക്കില്ല എന്നാണ് ആലപ്പുഴ ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയ ഡോ ബി പത്മകുമാർ പറയുന്നത്. എന്നാൽ, പ്രമേഹം, അമിതരക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്ക സംബന്ധമായ രോഗങ്ങൾ, എന്നിവയുണ്ടെങ്കിൽ അലർജിയുടെ പ്രതിപ്രവർത്തനങ്ങൾ ഒരാളെ സാരമായി ബാധിച്ചേക്കാം.
"കടൽ വിഭവങ്ങളിൽ തന്നെ ചിപ്പി മുതലായ 'ഷെൽ' വിഭവങ്ങളാണ് ഏറ്റവും അപകടകരം. അവയ്ക്കുള്ളിൽ തന്നെയുള്ള ചില പ്രോട്ടീനുകൾ ചില ആളുകൾക്ക് അലർജി ഉണ്ടാക്കിയേക്കാം," ഡോ പത്മകുമാർ പറഞ്ഞു.
ആളുകളിൽ സാധാരണയായി കാണാറുള്ളതാണെങ്കിലും, അലർജി ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിലാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അത് ചെറിയ രീതിയിലുള്ള ചൊറിച്ചിൽ മുതൽ പൊടുന്നനെ വർധിക്കുന്ന രക്തസമ്മർദ്ദവും ഹൃദയഘാതവും വരെ ഉണ്ടാക്കിയേക്കാം. ആയതിനാൽ അലർജി സാധ്യതയുണ്ടെങ്കിൽ അത്തരം ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം എന്ന് ഡോ പത്മകുമാർ അഭിപ്രായപ്പെട്ടു. "കുറച്ചു അളവിൽ ആണെങ്കിൽ പ്രശ്നമുണ്ടാകില്ല എന്ന് ധരിച്ച് കഴിക്കുന്ന ആളുകൾ ഉണ്ട്. സത്യത്തിൽ വളരെ ചെറിയ (മൈക്രോ ക്വാണ്ടിറ്റി) അളവിൽ ആണെങ്കിൽ പോലും അലർജിയുള്ള ഭക്ഷണപദാർത്ഥം ശരീരത്തിന് ഉള്ളിൽ ചെന്നാൽ തന്നെയും അവയ്ക്ക് സാരമായ പ്രതിപ്രവർത്തനം ഉണ്ടാക്കാൻ സാധിക്കും," അദ്ദേഹം പറഞ്ഞു.
തിളപ്പിച്ചാൽ വിഷാംശം മാറുമോ?
കടൽ വിഭവങ്ങൾ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകിയാൽ ഭക്ഷണത്തിലെ വിഷാംശങ്ങൾ പൂർണമായി ഇല്ലാതാകും എന്നും, ഒരുവട്ടം തിളപ്പിച്ച് കഴിഞ്ഞാൽ പിന്നെ അതിൽനിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ അത് പൂർണ്ണമായി ശരിയല്ല എന്നാണ് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. അനിഷ് ടി. എസ്. പറയുന്നത്.
"ചിപ്പിക്കുള്ളിൽ ചിലപ്പോൾ ബാക്ടീരിയ വളരുന്നുണ്ടാകാം. അവ നേരിട്ടോ, അവയുടെ പ്രവർത്തനം കാരണം ഉണ്ടാകുന്ന ഉപോൽപ്പന്നങ്ങളോ ആയിരിക്കാം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിൽ തന്നെ ശ്രദ്ധേയമായ ഒരു കാര്യം, ഈ ഉപോൽപ്പന്നങ്ങളിൽ അമിതമായ ചൂടിലും നശിക്കാത്ത വിഷാംശമുള്ള പദാർത്ഥങ്ങളും ഉണ്ടാകും," അനീഷ് കൂട്ടിച്ചേർത്തു.
കടൽ വിഭവ ഭക്ഷ്യ വിഷബാധ കേസുകളിൽ കൂടുതലും വില്ലന്മാർ ചിപ്പിയും ചെമ്മീനും തന്നെയാണ്. എന്നാൽ, ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യമാണെങ്കിൽ, ഒറ്റപ്പെട്ട കേസുകളായി ആയിരിക്കില്ല അത് സംഭവിക്കുക. മറിച്ച് അതേ ദിവസം ആ ഹോട്ടലിൽ നിന്ന് കഴിക്കുന്ന നല്ലൊരു ശതമാനം ആളുകൾക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും.
അലർജി ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
◉ഒരിക്കൽ അലർജിയുണ്ട് എന്ന് കണ്ടെത്തിയാൽ, അലർജി ടെസ്റ്റ് ചെയ്ത് എന്തിനോടൊക്കെയാണ് ശരീരത്തിന് അലർജി ഉള്ളത് എന്ന് തിരിച്ചറിയുക
◉കടൽ വിഭവങ്ങളോട് അലർജിയുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ, കഴിയുന്നത്ര അത് ഒഴിവാക്കുക
◉എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ, സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടുക.
മലയാളി മറന്നു പോകുന്നതെന്ത്?
അലർജിയെക്കുറിച്ചും ഭക്ഷ്യവിഷബാധയെ കുറിച്ചും ഒരുവശത്ത് ചർച്ചകൾ നടക്കുമ്പോൾ, ആരോഗ്യകരമായ ഒരു ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കാൻ മലയാളികൾ മറന്നു പോകുന്നു എന്നാണ് പാചക വിദഗ്ധനായ ഷെഫ് നളൻ ഷൈൻ പറയുന്നത്. "തനിക്ക് അലർജിയുള്ള കാര്യം പലപ്പോഴും ആളുകൾ ഹോട്ടലിൽ പോയി പറയാറില്ല എന്നതാണ് വസ്തുത. ഒരു ഭക്ഷണശാലയിൽ പോകുമ്പോൾ അവിടുത്തെ മാനേജറെയോ പാചകക്കാരനെയോ സമീപിച്ച്, എനിക്ക് ചില പദാർത്ഥങ്ങളോട് അലർജിയുണ്ടെന്നും അവയില്ലാത്ത ഭക്ഷണം വിളമ്പണം എന്നും പറയാൻ എന്തിനാണ് നമുക്ക് ഇത്രയും മടി?" അദ്ദേഹം ചോദിക്കുന്നു.
അങ്ങനെയൊരു സംസ്കാരത്തിലേക്ക് നമ്മൾ എത്തുന്നതുവഴി വ്യക്തിഗത ആരോഗ്യ പരിരക്ഷ മാത്രമല്ല നമ്മൾ ചെയ്യുന്നത്, മറിച്ച് കഴിക്കുന്ന ഭക്ഷണത്തോടുള്ള നീതി കൂടെയാണ്. കഴിക്കുന്ന ഭക്ഷണത്തോട് നമ്മൾ നീതി പുലർത്തിയാൽ ആ ഭക്ഷണം നമ്മളോടും നീതി പുലർത്തും നളൻ പറയുന്നു.
കാൽസ്യം കൂടുതലായി അടങ്ങിയ കടൽ വിഭവങ്ങളാണ് പൊതുവേ അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളവ. ഇവയിൽ തന്നെ, പലതും മലിന ജലത്തിൽ വളരുന്നതും ആവാം. ആയതിനാൽ അവയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
കുടുംബത്തിൽ ആർക്കെങ്കിലും ഇവയോടൊക്കെ അലർജി ഉണ്ട് എന്നുണ്ടെങ്കിൽ കഴിവതും ഇവയെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ എന്നാണ് നളൻ പറയുന്നത്.
ഓരോരുത്തരുടെയും ശരീരപ്രകൃതം വ്യത്യസ്തമാണ്, അതുകൊണ്ടാണ് പഴമക്കാർ വയറ് അറിഞ്ഞു കഴിക്കുക എന്ന് പറയാറുള്ളത്. " സൈഡിൽ ഒരു മൊബൈലും വെച്ച്, പാത്രത്തിലേക്ക് വരുന്നതെന്തും വയറിലേക്ക് എത്തിക്കുന്നവരാകാതെ, എന്താണ് കഴിക്കുന്നത് എന്നും എന്തിനാണ് അത് കഴിക്കുന്നത് എന്നും ഓരോ നിമിഷവും നാം ബോധവാന്മാരായിരിക്കണം. ഭക്ഷണം കഴിക്കുക എന്നത് ഒരു വിനോദമായി കാണാതിരിക്കുക," നളൻ പറഞ്ഞു.
People with allergies must take precautions not only with seafood but all foods to prevent allergic reactions and food poisoning. Learn key food safety tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

