

കേരളത്തിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട ബി ജെ പിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചിത്രത്തെ മാറ്റിത്തീർത്ത കാൽനൂറ്റാണ്ടാണ് കടന്നുപോകുന്നത്. വോട്ട് മറിക്കലിന്റെ പാർട്ടി എന്ന ആരോപണത്തിൽ നിന്ന് വോട്ട് പിടിക്കലിന്റെ പാർട്ടി എന്ന നിലയിലേക്ക് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ബി ജെ പി മാറി. 1980 കൾ മുതൽ നടത്തി വന്ന പരീക്ഷണങ്ങളെ കൈയ്യൊഴിയാൻ പുതിയ കരുനീക്കങ്ങളിലൂടെ കേരളത്തിൽ വേരുറപ്പിക്കാനും ബി ജെ പി ശ്രമിച്ചു തുടങ്ങുന്നത് 2010 ന് ശേഷമാണ്.
കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്), സിപിഎം നയിക്കുന്ന ഇടതുജനാധിപത്യമുന്നണി (എൽഡിഎഫ്) സംവിധാനങ്ങൾ ഇന്നത്ത രൂപത്തിൽ മുന്നണി സംവിധാനമായി രൂപപ്പെടുന്ന കാലത്തോടടുപ്പിച്ച് തന്നെയാണ് ബി ജെ പിയുടെ രൂപീകരണവും. എന്നാൽ, ദേശീയതലത്തിൽ രാമജന്മഭൂമി, മണ്ഡൽ വിഷയങ്ങളോടെ ശക്തിപ്രാപിച്ച ബി ജെ പിക്ക് കേരളത്തിൽ ആദ്യമൂന്ന് ദശകങ്ങളിൽ മുന്തിയ സ്വതന്ത്രൻ എന്ന നിലയിൽ മാത്രമേ മുന്നണികൾ ബി ജെ പിയെ കണ്ടിരുന്നുള്ളൂ. എന്നാൽ, ദേശീയ തലത്തിൽ അധികാരത്തിൽ വന്ന കാലത്തൊക്കെ കേരളത്തിൽ ബി ജെ പി അതിന്റെ അസ്പൃശ്യതയെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാൻ ശ്രമിച്ചു.
1991 ലെ കോലീബി സഖ്യം മുതൽ പലവിധ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ കേരളത്തിലേക്ക് കയറാൻ നോക്കിയ ബി ജെ പിക്ക് അതൊന്നും ഒരിക്കലും സഹായകമായി മാറിയില്ല. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ രണ്ട് വിജയങ്ങൾ നേടാനും മുന്നണികളുടെ ചങ്കിടിപ്പിക്കുന്ന മുന്നേറ്റം ചില മണ്ഡലങ്ങളിലെങ്കിലും നടത്താനും ബി ജെ പിക്ക് സാധിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ ഒരു മൂന്നാം മുന്നണി എന്ന സാധ്യതയിലേക്ക് വളരാമെന്ന പ്രതീക്ഷയും ബിജെപിക്കും അവർ നേതൃത്വം നൽകുന്ന എൻ ഡിഎയ്ക്കും ഉണ്ടായിട്ടുണ്ട്.
ഈ നൂറ്റാണ്ടിലെകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് 2001 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. 2001ൽ ബി ജെ പി മത്സരിച്ചത് 123 സീറ്റിലായിരുന്നു അതിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് വന്നു. 7,89,764 വോട്ടും അഞ്ച് ശതമാനം വോട്ട് വിഹിതവും മാത്രമായിരുന്നു ബിജെപിക്കുണ്ടായത്.
അന്ന് മദ്യദുരന്തം ഉൾപ്പടെ വിവിധ വിഷയങ്ങളിൽ കേരളത്തിൽ ഭരണത്തിലുണ്ടായിരുന്ന ഇടതുപക്ഷ സർക്കാരിനെതിരായ ശക്തമായ ജനവികാരം മുതലെടുക്കാൻ കോൺഗ്രസിന് സാധിച്ചപ്പോൾ ബിജെപിക്ക് ഇതിൽ കൂടുതൽ നേട്ടം പ്രതീക്ഷിക്കാൻ പോലുമായിലല്ല.
2006 ൽ ബി ജെ പിയുടെ സ്ഥിതി വീണ്ടും ചുരുങ്ങി, മത്സരിച്ച 136 സീറ്റിന്റെ എണ്ണം കൂടി പക്ഷേ, ലഭിച്ച വോട്ടിന്റെ എണ്ണം അരലക്ഷത്തോളം കുറഞ്ഞു. 7,38,244 വോട്ടും 4.7% വോട്ടുവിഹിതവുമാണ് ലഭിച്ചത്. ആശ്വാസമായി നിന്നത് രണ്ട് മണ്ഡലങ്ങളിലെ രണ്ടാം സ്ഥാനം നിലനിർത്താൻ സാധിച്ചുവെന്നതായിരുന്നു. ഇത് ബിജെ പിയെ സംബന്ധിച്ചടത്തോളം കനത്ത തിരിച്ചടിയായിരുന്നു. കാരണം. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ കൈവരിച്ച നേട്ടമായിരുന്നു. കേന്ദ്രം ഭരിച്ച എബി വാജ്പേയിയുടെ എൻ ഡി എ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കി നേരിട്ട തെരഞ്ഞെടുപ്പായിരുന്നു അത്.
2001 ലെ നിയമസഭയിലെ അഞ്ച് ശതമാനം വോട്ടിൽ നിന്ന് 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ മത്സരിച്ച ബി ജെ പിക്ക് ലഭിച്ചത് 15,66,569 വോട്ടായിരുന്നു. അതായത് 10.4% വോട്ട്. 19 ലോകസഭാ സീറ്റിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടിവന്നുവെങ്കിലും ഈ ലോകസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ട് നിയമസഭ മണ്ഡലത്തിൽ വോട്ട് നിലയിൽ ലീഡ് ചെയ്യുകയും രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുകയും ചെയ്തു. (മാത്രമല്ല എൻ ഡി എയിൽ സഖ്യകക്ഷിയായി മത്സരിച്ച പി സി തോമസ് ജയിക്കുകയും ചെയ്തു. പിന്നീട് പി സി തോമസിന്റെ വിജയം കോടതി റദ്ദാക്കി.) ഈ വോട്ട് നേട്ടം നിയമസഭയിൽ ബി ജെ പിക്ക് നൽകിയ സ്വപ്നങ്ങളാണ് 2006 ലെ ഇടതുമുന്നണിയുടെ തേരോട്ടത്തിൽ തകർന്നത്.
തുടർന്നു വന്ന് 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ബി ജെ പി 2004 ലെ ലോകസഭാ തെരഞ്ഞടുപ്പിലെ നേട്ടത്തിൽ നിന്ന് താഴേക്ക് പോയി. മത്സരിച്ചത് 19 സീറ്റിൽ നിന്ന് നേടിയിത് 10,11,563 വോട്ട് മാത്രം 6.3% വോട്ട് വിഹിതം കുറഞ്ഞു. അതിന് മുന്നിലത്തെ ലോകസഭാതെരഞ്ഞെടുപ്പിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിൽ 2009 ൽ ഒരിടത്തും ആ നില തുടരാൻ കഴിഞ്ഞിലല്ല. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം കിട്ടി എന്ന നിലയിലായി.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി 138 സീറ്റിൽ മത്സരിച്ച ബിജെ പി നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി പത്ത് ലക്ഷത്തിന് മുകളിൽ വോട്ട് നേടി. 10,53,654 വോട്ടാണ് അന്ന് മൊത്തം ബി ജെ പിക്ക് ലഭിച്ചത്. അതായത് മൊത്തം വോട്ടിന്റെ ആറ് ശതമാനം. മാത്രമല്ല, രണ്ടാം സ്ഥാനം നേടുന്ന മണ്ഡലങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു. ഇതേ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫും യു ഡിഎഫും തമ്മിലുള്ള അകലം വളരെ കുറഞ്ഞ തെരെഞ്ഞെടുപ്പായിരുന്നു. രണ്ടാളുടെ ഭൂരിപക്ഷത്തിൽ കഷ്ടിച്ച് അധികാരത്തിലേറിയതായിരുന്നു യുഡിഎഫ് അന്ന്.
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ദേശീയ തലത്തിൽ അധികാരത്തിലേക്ക് വന്നപ്പോഴും കേരളത്തിലെ സ്ഥിതി അനുകൂലമായിരുന്നില്ല. എന്നാൽ, മുൻകാലങ്ങളേക്കാൾ നില മെച്ചപ്പെടുത്തി. 2014 ബിജെപി 18 സീറ്റിൽ മത്സരിച്ചു ഒരിടത്ത് രണ്ടാം സ്ഥാനം. 18,56,750 വോട്ട് നേടി മൊത്തം 10.8 ശതമാനം വോട്ട് ലഭിച്ചു. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഒ.രാജഗോപാൽ രണ്ടാം സ്ഥാനത്ത് എത്തി. നാല് നിയമസഭ മണ്ഡലത്തിൽ ലീഡും രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ പലനിലകളിൽ കലുഷിതമായി മാറുന്ന സാഹചര്യത്തെ നന്നായി മുതലെടുക്കാൻ ബി ജെ പി ക്ക് സാധിച്ചു. അതിന് വെള്ളവും വളവും ഒഴിച്ചു നൽകാൻ മറ്റ് പാർട്ടികളും തയ്യാറായി. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം, അരുവിക്കര ഉപ തെരഞ്ഞെടുപ്പിൽ യുഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരിമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനത്തോടെ ബിജെപിയെ മുഖ്യ എതിരാളിയായി പ്രഖ്യാപിക്കുകയായിരുന്നു ഉമ്മൻചാണ്ടി. അതിന് കോൺഗ്രസ് വില നൽകേണ്ടി വന്നത് അടുത്ത തെരഞ്ഞെടുപ്പിലായിരുന്നു.
കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ ഇടപെട്ട് വോട്ട് സ്വന്തമാക്കാനുള്ള ബി ജെപിയുടെ ഏറെക്കാലത്ത് ശ്രമങ്ങൾക്ക് ഫലം കണ്ടത് 2015 ലായിരുന്നു. അതുവരെ കേരളത്തിൽ ഇടതു-വലത് മുന്നണികൾക്കൊപ്പം നിലയുറപ്പിച്ചിരുന്ന കേരളത്തിലെ പ്രമുഖ സമുദായ സംഘടനയായ എസ് എൻ ഡിപിയുടെ പിന്തുണയോടെ പുതുതായി ഒരു പാർട്ടി രൂപം കൊണ്ടു. മുൻപ് എസ് എൻ ഡി പിയുടെ മുൻകൈയിൽ രൂപം കൊള്ളുകയും സ്വാഭാവികമായി ഇല്ലാതാവുകയും ചെയ്ത എസ് ആർ പിയുടെ ചരിത്രം ആവർത്തിക്കുകയായിരുന്നില്ല പുതുതായി രൂപം കൊണ്ട ഭാരതീയ ധർമ്മ ജന സേന എന്ന ബിഡിജെ എസ്. അവർ ബി ജെപിക്കൊപ്പം എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു. ഇത് ബി ജെ പിക്ക് കേരളത്തിൽ വളർച്ചയ്ക്കുള്ള പ്രധാന വഴി വെട്ടി.
ബി ജെ പിയുടെ മുന്നോട്ടുള്ള വളർച്ചയാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് രേഖപ്പെടുത്തിയത്. ആദ്യമായി ഒരു ബിജെ പി സ്ഥാനാർത്ഥി ജയിച്ചു. ഏഴ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് വന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആയിരുന്ന ബി ജെ പി നേതാവ് ഒ രാജഗോപാൽ നേമം മണ്ഡലത്തിൽ ജയിച്ചപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി തുടർച്ചയായി രണ്ടാം തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മുൻവർഷം കിട്ടിയതിനേക്കാൾ കൂടുതൽ ഏഴായിരം വോട്ടായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിക്ക് കുറഞ്ഞത്.
ആ തെരഞ്ഞെടുപ്പിൽ 98 സീറ്റിൽ മത്സരിച്ച ബിജെ പി മത്സരിച്ചു. ബി ഡി ജെ എസ് ഉൾപ്പെട്ട എൻഡിഎ മുന്നണിയിൽ ബി ജെ പി മാത്രം 21,29,726 വോട്ട് പിടിച്ചു 10.6 ശതമാനം വോട്ടും നേടി. എൻഡി എ മുന്നണി ഏകേദശം 15 ശതമാനത്തോളം വോട്ട് വിഹിതം സ്വന്തമാക്കി.
കേരളത്തിൽ അവരെ തേടിയെത്തിയ സുവർണ്ണാവസരമായിരുന്നു ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി. ആ വിധി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതിനെതിരെ ആദ്യം രംഗത്ത് വന്നത് അന്ന് പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല ആയിരുന്നുവെങ്കിലും, അതിലെ സാധ്യതകളിലേക്ക് ഇറങ്ങി പ്രക്ഷോഭമാക്കി മാറ്റിയത് ബിജെപിയും അവർക്കൊപ്പമുള്ള ഹിന്ദുത്വ സംഘടനകളുമായിരുന്നു. ഇതോടെ കേരളത്തിൽ ബിജെപിക്ക് ഹിന്ദു സമുദായത്തിൽ കൂടുതൽ വേരോട്ടം കിട്ടി. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇത് ബി ജെ പിയുടെ വോട്ട് വർദ്ധിപ്പിക്കുന്നതിന് ഇതും ഒരു കാരണമായി.
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ മത്സരിച്ച ബി ജെ പി തിരുവനന്തപുരത്ത് തങ്ങളുടെ രണ്ടാം സ്ഥാനം നിലനിർത്തി. 26,35,810 വോട്ടും 13% വോട്ടുവിഹിതവും നേടി.ബി ഡി ജെ എസും ഉൾപ്പടെ മുന്നണി ഏകദേശം 15.6 ശതമാനം വോട്ട് നേടി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റ് തോറ്റു എന്ന തിരിച്ചടി ബി ജെ പി നേരിട്ടു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞുവെങ്കിലും 2016 നേതിനേക്കാൾ വോട്ട് കൂടുതൽ ലഭിച്ചു. ബിജെ പിക്ക് 23,54,468 വോട്ടാണ് 2021 ൽ ലഭിച്ചത്. 11.4% വോട്ട് വിഹിതം സ്വന്തമാക്കി.
2024 ൽ ബി ജെ പി 16 സീറ്റിൽ മത്സരിച്ച ബി ജെ പി തൃശൂരിൽ നിന്ന് ആദ്യമായി ലോകസഭയിലേക്ക് ഒരു എംപിയെ ജയിപ്പിച്ചു. സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യ ബി ജെ പി എം പിയായി. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം സ്ഥാനം മൂന്നാം തവണയും നിലനിർത്തി.
കേരളത്തിൽ, ബി ജെ പി മത്സരിച്ച 16 ലോകസഭാമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 11 നിയമസഭാ സീറ്റിൽ ഒന്നാം സ്ഥാനവും ഒമ്പതിടത്ത് രണ്ടാം സ്ഥാനവും നേടി. മൊത്തം 33,31,250 വോട്ടും 16.8% വോട്ട് വിഹിതവും ബി ജെ പിക്കും എൻ ഡി എ മുന്നണിക്ക് മൊത്തം 20 ശതമാനം വോട്ടും ലഭിച്ചു.
തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ആറ്റിങ്ങലും കാട്ടാക്കടയും; മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിഞ്ഞാലക്കുട, തൃശൂരിലെ പുതുക്കാട് എന്നിവിടങ്ങളിലാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ നിയമസഭാ മണ്ഡലങ്ങൾ.
മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട്, ഹരിപ്പാട്, കായംകുളം, വർക്കല, തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് പാറശ്ശാല മാത്രമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കേരളത്തിൽ ബി ജെ പി നേടിയ സ്വാധീനം മറച്ചുവെക്കാനാവുന്നതല്ല. ലോകസഭയിലെ വോട്ടു നേട്ടങ്ങൾ അതേ നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ബി ജെ പിക്ക് സാധിക്കുന്നില്ലെന്നതാണ് ഇതിൽ കാണാൻ കഴിയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി ജെ പിക്കും കിട്ടുന്ന ആനുകൂല്യം നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് നിലനിർത്താൻ സാധിക്കുന്നില്ലെന്നതാണ് ഈ തെരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കേരളത്തിലെ മണ്ഡലങ്ങളിലെ സാമുദായിക തലത്തിലുള്ള ജനസംഖ്യാ പ്രാതിനിധ്യമാണ്. ബി ജെപി അനുകൂല വോട്ടുകളായി മാറുന്ന ഹിന്ദു വോട്ടുകൾ പ്രത്യേകിച്ച് സവർണ്ണ ഹിന്ദു വോട്ടുകൾ മാത്രമായി വിജയം നിർണ്ണയിക്കുന്ന മണ്ഡലങ്ങളില്ല എന്നതാണ്. ബി ഡി ജെ എസ്സും കെ പി എം എസ്സിലെ ഒരു വിഭാഗവും ഉൾപ്പടെ പിന്നാക്ക സമുദായങ്ങൾ ബി ജെ പിയോട് മുൻ കാലങ്ങളേക്കാൾ അടുത്തുവെങ്കിലും ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ സാധിച്ചിരുന്നില്ല.
ഇതിൽ ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാൻ ബി ജെപി നടത്തുന്ന ഇടപെടലുകൾ നേരിയ തോതിൽ ഫലം കണ്ടു തുടങ്ങി എന്ന് വേണം കരുതാൻ. 2019 ലെയും 2024 ലെയും ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ പരിശോധിക്കുമ്പോൾ അത് കാണാനാകും.
ബി ജെ പിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് പ്രോഗ്രാം, ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനത്തെ ബി ജെ പിയിലേക്ക് കൊണ്ടു വന്ന് കേന്ദ്രമന്ത്രിയാക്കിയത്. ദീർഘകാലമായി ബി ജെ പിയിൽ സജീവപ്രവർത്തകനായിരുന്ന ജോർജ് കുര്യനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത് തുടങ്ങി ക്രിസ്ത്യൻ സഭാനേതൃത്വവുമായി അടുക്കാനും അവരെ തങ്ങളോട് അടുപ്പിക്കാനുമുള്ള തന്ത്രങ്ങളിൽ ബി ജെപി ഒരളവു വരെ വിജയിച്ചിട്ടുണ്ട്.
പണ്ട് റേച്ചൽ മത്തായി മാത്രമായിരുന്നു ബി ജെ പിയുടെ മുഖമായി ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത് മാറിയിരിക്കുന്നു. അറിയപ്പെടുന്ന പ്രമുഖർ പലരും ബിജെപിക്ക് ഒപ്പം ചേർന്നിട്ടുണ്ട്.
മുസ്ലിം സമുദായത്തിൽ മാത്രമാണ് ബി ജെ പിക്ക് ഇതുവരെ കാര്യമായ സ്വാധീനം കേരളത്തിൽ ചെലുത്താൻ സാധിക്കാതിരിക്കുന്നത്. എപി അബ്ദുല്ലക്കുട്ടിയെയും അലി അക്ബർ എന്നിവരൊക്കെ ബി ജെപിയിൽ എത്തിയെങ്കിലും കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ അവർക്കായിട്ടില്ല. പുനത്തിൽ കുഞ്ഞബ്ദുള്ള സ്ഥാനാർത്ഥിയായതുപോലെ ഒന്ന് മാത്രമായിട്ടേ ബിജെ പി ആ വരവിനെ നിലവിൽ കാണുന്നുള്ളൂ. എന്നാൽ, അധികം വൈകാതെ അതിനൊരു മാറ്റം ഉണ്ടാക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.
കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ മാറ്റം വന്നാൽ മാത്രമേ ബി ജെ പിക്ക് അധികാരത്തിൽ വരാനുള്ള വഴിയുണ്ടാകയുള്ളൂ. മണ്ഡലങ്ങളിലെ വോട്ടർമാരുടെ ജനസംഖ്യയിലെ സാമുദായിക പ്രാതിനിധ്യത്തിലെ സാന്നിദ്ധ്യമാണ് ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വിജയിക്കാൻ തടസ്സമാകുന്നത്.
കേരളാ കോൺഗ്രസുകളിൽ ശക്തമായ ഏതെങ്കിലും ഒരു ഗ്രൂപ്പിനെ ഒപ്പം കൂട്ടാൻ നേരത്തെ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലെങ്കിലും ചില വ്യക്തികൾ, ഗ്രുപ്പുകൾ എന്നിവർ ബി ജെ പിക്കൊപ്പം കൂടിയിട്ടുണ്ട് എന്നത് വരുന്ന തെരഞ്ഞടുപ്പിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായകമായേക്കും
എന്നാൽ, അധികാരത്തിലെത്താൻ ശേഷിയുള്ള പ്രസ്ഥാനമെന്ന നിലയിൽ കേരളത്തിലെ വോട്ടർമാർ ബി ജെ പിയെ കണ്ടു തുടങ്ങിയിട്ടില്ല എന്നതാണ് നിലവിൽ ബി ജെ പി നേരിടുന്ന പ്രതിസന്ധികളിൽ മറ്റൊന്ന്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി ജെ പിക്ക് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാരുടെ അനുഭാവം നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടുന്നില്ല എന്നത് യാഥാർത്ഥ്യമായി ബി ജെ പി മനസ്സിലാക്കുന്നുണ്ട്. എന്നാൽ, കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന പാർട്ടിയായി വളരാനുള്ള വളക്കൂർ കേരളം ബി ജെപി നൽകി കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates