ലാസ് വേഗാസ് വെടിവെയ്പ്പ്: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു    

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 02nd October 2017 09:18 PM  |  

Last Updated: 02nd October 2017 09:18 PM  |   A+A-   |  

ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ട വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു.തങ്ങളുടെ പോരാളിയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ഐഎസ് അവകാശപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് ഇസ്‌ലാമിലേക്ക് മതംമാറിയ സൈനികനാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. 

വെടിവെയ്പ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കിയ രണ്ട് പ്രസ്താവനകളിലൂടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ അക്രമിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
64 കാരനായ സ്റ്റീഫന്‍ പെഡ്ഡോക് എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പില്‍ 50ഓളം പേര്‍ മരിക്കുകയും 400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരും. 

ലാസ് വേഗാസില്‍ മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നിടത്തായിരുന്നു വെടിവെയ്പ്പ്. മന്‍ഡാലയ് ബേ റിസോര്‍ട്ടിലെ മ്യൂസിക് ഫെസ്റ്റിവല്‍ നടന്ന ചൂതാട്ട കേന്ദ്രത്തിലും റിസോര്‍ട്ടിലുമാണ് വെടിവയ്പ്പുണ്ടായത്. റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീത നിശയുടെ അവസാന ദിനമായിരുന്നു ആക്രമണം. സ്‌റ്റേജില്‍ പരിപാടി നടക്കുന്നതിനിടെ കാണികളുടെ ഇടയില്‍ നിന്നും ഇയ്യാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

വെടിയൊച്ച കേട്ടതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥലം തേടി ചിതറിയോടി. ഓട്ടത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്.