അമേരിക്കയില്‍ മലയാളി ബാലികയുടെ തിരോധാനം; പിതാവിന്റെ കാറിനായി തെരച്ചില്‍ തുടരുന്നു

കേരളത്തില്‍ നിന്നും ദത്തെടുത്ത മൂന്നുവയസുകാരിയെ കാണാതായത് ഒക്ടോബര്‍ ഏഴിന് 
അമേരിക്കയില്‍ മലയാളി ബാലികയുടെ തിരോധാനം; പിതാവിന്റെ കാറിനായി തെരച്ചില്‍ തുടരുന്നു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും മൂന്നുവയസുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തിന് ഉത്തരവാദിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായ സമയത്ത് പിതാവിന്റെ എസ് യുവി കാര്‍ അപ്രത്യക്ഷമായത് സംബന്ധിച്ച ദുരൂഹത തുടരുന്നതായി പൊലീസ് വ്യത്തങ്ങള്‍ അറിയിച്ചു.

ഒക്ടോബര്‍ ഏഴിനാണ് സംഭവം. അമേരിക്കയിലെ ടെക്‌സാസില്‍ പുലര്‍ച്ചെ മൂന്നുമണിക്കും രാവിലെ എട്ടുമണിക്കും ഇടയില്‍ കുട്ടിയെ കാണാതായി എന്നാണ് പൊലീസ് റിപ്പോര്‍ട്ട് . ഇന്ത്യയില്‍ നിന്നും ദത്തെടുത്ത മൂന്നുവയസുകാരി ഷെറിന്‍ മാത്യൂവിന്റെ തിരോധാനമാണ് ദുരൂഹത ഉയര്‍ത്തുന്നത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് വെസ്ലി മാത്യൂസ് പൊലീസിന് നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളാണ് സംശയത്തിന് ഇടയാക്കിയത്. പാലുകുടിക്കാന്‍ വിസമ്മതിച്ചതിനുളള ശിക്ഷയായി തന്റെ കുട്ടിയായ ഷെറിനെ വീടിന് സമീപമുളള മരചുവട്ടില്‍ കൊണ്ടുചെന്ന് നിര്‍ത്തുകയും തുടര്‍ന്ന് കാണാതാവുകയും ആയിരുന്നുവെന്ന വെസ്ലി മാത്യൂസിന്റെ മൊഴിയാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. കുട്ടിയെ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷം മാത്രം പൊലീസിനെ വിവരം അറിയിച്ചത് ഉള്‍പ്പെടെയുളള കാര്യങ്ങളാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഇതിന് ന്യായീകരണമായി വെസ്ലി മാത്യൂസ് ചൂണ്ടികാണിച്ച കാര്യങ്ങളും പൊലീസ് സംശയത്തോടെയാണ് കാണുന്നത്. 

കുട്ടിയെ കാണാതായ മൂന്ന് മണിക്ക് ശേഷം തിരിച്ച് വീട്ടില്‍ കയറിയ താന്‍ വസ്ത്രം അലക്കുന്നത് ഉള്‍പ്പെടെയുളള പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും പിന്നിട് കുട്ടിയ്ക്കായുളള അന്വേഷണം പുന:രാരംഭിച്ചുവെന്നുമുളള വെസ്ലി മാത്യൂസിന്റെ മൊഴിയിലാണ് പൊലീസ് പൊരുത്തക്കേടുകള്‍ കാണുന്നത്. ഈ സമയം പുലര്‍ച്ചെ   നാലുമണിക്കും അഞ്ചുമണിക്കും ഇടയില്‍ വെസ്ലിം മാത്യൂസിന്റെ കാര്‍ അപ്രത്യക്ഷമായിരുന്നുവെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. വാഹനത്തിന് വേണ്ടിയുളള തെരച്ചില്‍ പുരോഗമിക്കുകയാണ്. അമേരിക്കയിലെ മുഖ്യ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com