300പേര്‍ മരിച്ചു; ചര്‍ച്ചകളില്ല, ഹാഷ്ടാഗ് ക്യാമ്പയിനുകളില്ല; സൊമാലിയ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ? 

പല ലോകനേതാക്കളും കൂട്ടക്കൊല അറിഞ്ഞതായി പോലും ഭാവിച്ചില്ല
300പേര്‍ മരിച്ചു; ചര്‍ച്ചകളില്ല, ഹാഷ്ടാഗ് ക്യാമ്പയിനുകളില്ല; സൊമാലിയ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ? 

സൊമാലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടനരഹത്യയായിരുന്നു ശനിയാഴ്ച തലസ്ഥാന നഗരമായ മൊഗാദിഷുവില്‍ നടന്നത്. അവസാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ മരണസംഖ്യ 300ആയിരിക്കുന്നു. 300ലധികം പേര്‍ക്ക് പരിക്കേറ്റിരിക്കുന്നു. അമേരിക്കയിലെ ലാസ് വേഗാസിലെ കൂട്ടക്കൊലയ്ക്ക് ശേഷം ആഴ്ചകകള്‍ കഴിയുമ്പോഴാണ് മൊഗാദിഷുവിലും കൂട്ടക്കൊല നടന്നിരിക്കുന്നത്. എന്നാല്‍ ലാസ് വേഗാസിനു ലഭിച്ച മാധ്യമശ്രദ്ധയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളോ സൊമാലിയയിലെ അക്രമണത്തിന് ലഭിച്ചില്ല. 

പല ലോകനേതാക്കളും കൂട്ടക്കൊല അറിഞ്ഞതായി പോലും ഭാവിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സൊമാലിയയില്‍ നിന്നും ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തരില്‍ നിന്നും ഉയര്‍ന്നുവരുന്നത്. 

തങ്ങള്‍ സമ്പത്ത് കുറഞ്ഞ രാജ്യമായതുകൊണ്ടാണോ 300പേര്‍ മരിച്ചത് വലിയ വാര്‍ത്താ പ്രധാന്യം നേടാതെപോയതെന്നും സോഷ്യല്‍ മീഡിയയിലെ ഹാഷ്ടാഗ് ക്യാമ്പയിനുകളില്‍ ഇടം നേടാതെപോയതെന്നും സൊമാലിയയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചോദിക്കുന്നു. 

പാരീസില്‍ തീവ്രവാദി ആക്രണം നടന്നപ്പോള്‍ പാരീസ് പതാകയുടെ നിറം പ്രൊഫൈല്‍ പിക്ചറിന് നല്‍കിയാണ് ഫേസ്ബുക്ക് തീവ്രവാദത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ലാസ് വേഗാസ് ആക്രമണത്തിന് പിന്നാലെയും സോഷ്യല്‍ മീഡിയയില്‍ തീവ്രവാദ വിരുദ്ധ ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കൂട്ടക്കൊല സൊമാലിയയില്‍ നടന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ണീരൊഴുക്കുന്നവര്‍ മറന്നുപോയെന്ന് സേമാലിയന്‍ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പറയുന്നു.പല മാനദണ്ഡങ്ങള്‍വെച്ച് മനുഷ്യരെ അളക്കുന്നതുകൊണ്ടാണ് ഒരേതരത്തിലുള്ള രണ്ട് വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ലോകം സ്വീകരിക്കുന്നതെന്നും അവര്‍ പറയുന്നു. 

ലാസ് വേഗാസ് ആക്രമണത്തില്‍ സോഷ്യല്‍ മീഡിയ പ്രതികരിച്ചതുപോലെ സൊമാലിയ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ഏകാ വാന്‍ വിക്ടര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നടന്ന കൂട്ടക്കൊലയെക്കാള്‍ കൂടുതല്‍ മനുഷ്യര്‍ സൊമാലിയയില്‍ കൊല്ലപ്പെട്ടു, എന്നിട്ടും അതിന് മതിയായ വാര്‍ത്താ പ്രധാന്യം ലഭിച്ചില്ലായെന്ന് നിയമവിദഗ്ധന്‍ ഖാലിദ് ബേയ്ഡൗണ്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com