സഹര്‍, പൊറുക്കുക! നീ ഞങ്ങളുടെ യുദ്ധക്കൊതിയുടെ ഇരയാണ്‌

വാരിയെല്ല് പുറത്തേക്കുന്തി എല്ലും തോലും മാത്രമായ കുഞ്ഞു സഹറിന് കരയാന്‍ പോലും ത്രാണിയുണ്ടായിരുന്നില്ല
സഹര്‍, പൊറുക്കുക! നീ ഞങ്ങളുടെ യുദ്ധക്കൊതിയുടെ ഇരയാണ്‌

ഡമാസ്‌കസ്: അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ അവള്‍ അറിഞ്ഞിരുന്നില്ല വയറുനിറച്ച് ഭക്ഷണം പോലും കിട്ടാത്ത ലോകത്തേക്കാണ് വരുന്നതെന്ന്. ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി. സിറിയയിലെ വിമതരുടെ അധീനതയിലുള്ള പ്രദേശമായ കിഴക്കന്‍ ഡമാസ്‌കസില്‍ പിറന്ന് വീണ സഹറാണ് പട്ടിണി കിടന്ന് മരണക്കിന് കീഴടങ്ങിയത്. 

ശനിയാഴ്ചയാണ് ഭക്ഷണം കിട്ടാതെ അത്യാസന്ന നിലയിലായ സഹറിനെ പിതാവ് ഡൊഫ്ഡ ഹമൗറിയയിലെ ഈസ്‌റ്റേണ്‍ ഗൗടയിലുള്ള ആശുപത്രിയില്‍ എത്തിക്കുന്നത്. വാരിയെല്ല് പുറത്തേക്കുന്തി എല്ലും തോലും മാത്രമായ കുഞ്ഞു സഹറിന് കരയാന്‍ പോലും ത്രാണിയുണ്ടായിരുന്നില്ല. എഎഫ്പി പുറത്തുവിട്ട ചിത്രത്തിലെ നനുത്ത തൊലിയില്‍ പൊതിഞ്ഞ അവളുടെ കുഞ്ഞ് ശരീരം ആരെയും വേദനിപ്പിക്കുന്നതാണ്. 

കടുത്ത പൊഷകാഹാരക്കുറിവ് അനുഭവിച്ചിരുന്ന സഹറിന് രണ്ട് കിലോയില്‍ താഴെ മാത്രം ഭാരമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മയ്ക്കും പോഷകാഹാരക്കുറവുണ്ട്. അതിനാലാണ് കുട്ടിയ്ക്ക് ആവശ്യമായ മുലപ്പാല്‍ പോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതിരുന്നത്. കുട്ടിയുടെ അച്ഛന് ഇറച്ചി വില്‍പ്പനശാലയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് സഹറിന് അവശ്യമായ പാലും മറ്റും വാങ്ങാന്‍ സാധിച്ചിരുന്നില്ല. 

ആശുപത്രിയില്‍ എത്തിച്ചെങ്കിലും നഷ്ടപ്പെട്ടുപോയ ആവളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഞായറാഴ്ച ഈ ലോകത്തില്‍ നിന്ന് അവള്‍ വിട പറഞ്ഞു. ഗൗടയിലെ നൂറ് കണക്കിന് കുട്ടികക്ക് അവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഗൗടയില്‍ മറ്റൊരു കുട്ടിയും പൊഷകാഹാരക്കുറന് മൂലം മരിച്ചിരുന്നു. വിമതരുടെ അധീനതയിലായതിനാല്‍ സിറിയന്‍ ഭരണാധികാരി അസ്സദ് ഈ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ മനുഷ്യാവകാശ സംഘടനകളുടെ സഹായങ്ങളൊന്നും ഈ മേഖലയില്‍ എത്തുന്നില്ല. 

വിശന്ന് തളര്‍ന്ന് ലോകത്തില്‍ നിന്ന് വിടപറഞ്ഞ സഹറിന്റെ മെലിഞ്ഞുണങ്ങിയ രൂപം ഒരു വലിയ സമൂഹത്തിന്റെ മുഖമാണ്. സ്വന്തം നാട്ടില്‍ പട്ടിണിയും ദുരിതവും അനുഭവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യജീവനുകളുടെ മുഖം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com