ഹോക്കിംങ് പ്രബന്ധത്തിന്റെ 'ഗ്രാവിറ്റി'യില്‍ കുടുങ്ങി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2017 04:11 PM  |  

Last Updated: 24th October 2017 04:29 PM  |   A+A-   |  

hocking

ലണ്ടന്‍: ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഡോക്റ്ററേറ്റ് പ്രബന്ധം ഇട്ടതോടെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. പ്രബന്ധം ഡൗണ്‍ലോഡ് ചെയ്യാന്‍ വെബ്‌സൈറ്റില്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്. 

1966 ല്‍ ഹോക്കിംഗിന് 24-വയസുള്ളപ്പോള്‍ പൂര്‍ത്തിയാക്കിയ പ്രബന്ധമാണ് യൂണിവേഴ്‌സിറ്റി ഓണ്‍ലൈനിലൂടെ പ്രസിദ്ധപ്പെടുത്തിയത്. വികസിക്കുന്ന പ്രപഞ്ചത്തിന്റെ ഗുണവിശേഷങ്ങള്‍ എന്ന പേരിലുള്ള പ്രബന്ധത്തില്‍ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും പ്രതിബാധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന സമയത്തെ ഹോക്കിംങ്ങിന്റെ ബുദ്ധിയും കഴിവും വ്യക്തമാകുന്നതാണ് ഈ പ്രബന്ധം. പിന്നീടുള്ള അദ്ദേഹത്തിന്റെ കരിയറിനെ ശക്തിപ്പെടുത്താനും ഇത് കാരണമായി. 

ഓണ്‍ലൈനില്‍ ഏറ്റവും ആവശ്യമുള്ള ഒന്നായി തീസിസ് മാറിയെന്ന് സര്‍വകലാശാല വ്യക്തമാക്കി. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കിയതാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. ഇടക്കിടെ വെബ്‌സൈറ്റ് ലഭ്യമാകുന്നില്ല. പ്രബന്ധം എല്ലാവരിലേക്ക് എത്തിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ സ്വന്തം കാല്‍ക്കീഴിലേക്ക് നോക്കുന്നതിന് പകരം വിശാലമായ ആകാശത്തിലെ നക്ഷത്രങ്ങളിലേക്ക് നോക്കുന്നതിനും പ്രപഞ്ചത്തെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നതിനും സഹായകമാകുമെന്നും ഹോക്കിംങ്ങ്‌സ് പറഞ്ഞു.