സഹോദരീ ഭര്‍ത്താവുമായി അവിഹിതബന്ധം; ഒടുവില്‍ അയാളെ സ്വന്തമാക്കാന്‍ സഹോദരിയെ നിഷ്ഠൂരമായി കൊലപ്പെടുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2017 06:21 PM  |  

Last Updated: 29th October 2017 06:21 PM  |   A+A-   |  

 

ലണ്ടന്‍ : സഹോദരീഭര്‍ത്താവുമായി നാലു വര്‍ഷത്തോളം അവിഹിതബന്ധം പുലര്‍ത്തിയ യുവതി ഒടുവില്‍ അയാളെ തന്റെ മാത്രം സ്വന്തമാക്കാനായി സ്വന്തം സഹോദരിയെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തി. സബാഖാന്‍ എന്ന 27 കാരിയായ യുവതിയാണ് സഹോദരീ ഭര്‍ത്താവു കൂടിയായ കാമുകനെ സ്വന്തമാക്കാന്‍ ദാരുണകൃത്യം ചെയ്തത്. സബാഖാന്റെ സഹോദരി സൈമയുടെ ഭര്‍ത്താവാണ് ടാക്‌സി ഡ്രൈവറായ ഹഫീസ് റഹ്മാന്‍. കഴിഞ്ഞു നാലു വര്‍ഷമായി ഹഫീസുമായി രഹസ്യബന്ധം പുലര്‍ത്തിവരികയായിരുന്നു സബാഖാന്‍. ഇയാളുമായുള്ള ബന്ധത്തില്‍ സബാഖാന്‍ ഗര്‍ഭം ധരിച്ചെങ്കിലും, അത് അബോര്‍ഷന്‍ ചെയ്തിരുന്നു. 

ഇതിനിടെ ഹാഫിസിന് തന്റെ പ്രവൃത്തിയില്‍ കുറ്റബോധം തോന്നി ഭാര്യ സൈമയുമായി അടുക്കുന്നതായി സബയ്ക്ക് തോന്നി. ഇതോടെ ഹഫീസിനെ തന്റേതു മാത്രമാക്കണമെന്ന് സബാഖാന്‍ ചിന്തിച്ചു. തുടര്‍ന്ന് സഹോദരി സൈമയെ ഒഴിവാക്കാന്‍ പല വഴികള്‍ സബ ആലോചിച്ചു. വിഷം കൊടുത്ത് കൊല്ലുക, ഏറ്റവും വിഷമുള്ള പാമ്പിനെ കൊണ്ട് കൊത്തിക്കുക, പിടിക്കപ്പെടാതെ ഒരാളെ എങ്ങനെ വകവരുത്താം തുടങ്ങിയ പല കാര്യങ്ങളും സബാഖാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അതിനിടെ ഒരു പാകിസ്ഥാന്‍ വാടകക്കൊലയാളിയെയും സബ ഏര്‍പ്പാടാക്കി. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടതോടെയാണ്, താന്‍ തന്നെ സഹോദരിയെ കൊല്ലാം എന്ന് സബ തീരുമാനിക്കുന്നത്. 

നാലു കുട്ടികളാണ് സൈമ-ഹാഫിസ് റഹ്മാന്‍ ദമ്പതികള്‍ക്കുള്ളത്. ഇവരോടും മാതാപിതാക്കളോടുമൊപ്പമാണ് സബയും കഴിഞ്ഞിരുന്നത്. കൊലയ്ക്കായി ഒരു കത്തിയും സംഭവത്തിന് ഏതാനും ദിവസം മുമ്പ് സബ വാങ്ങിയിരുന്നു. മാതാപിതാക്കള്‍ തൊട്ടടുത്ത് ഒരു സംസ്‌കാര ചടങ്ങിന് പങ്കെടുക്കാന്‍ പോയ തക്കം നോക്കി ജോലിയ്ക്ക് പോയിരുന്ന സൈമയെ സബ ഏഴുവയസ്സുള്ള ഇളയകുട്ടി കരയുന്നു എന്നു പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. 

വീട്ടിലെത്തിയ സൈമയെ ഒളിച്ചിരുന്ന സബ ആക്രമിച്ചു. 68 തവണയാണ് സൈമയെ സബാഖാന്‍ കുത്തിയത്. കൂടാതെ കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. സൈമയുടെ നാലു കുട്ടികളും മുകളിലെ നിലയില്‍ ഉറങ്ങുമ്പോഴായിരുന്നു ഈ ക്രൂരകൃത്യം. ശബ്ദം കേട്ട് ഉണര്‍ന്ന കുട്ടിയോട്  എലിയെ കൊല്ലുന്നുവെന്നായിരുന്നു പറഞ്ഞത്. മുഖം, കഴുത്ത്, കൈകള്‍, തുടങ്ങി സൈമയുടെ ശരീരത്തിന്റെ എല്ലാഭാഗത്തും മുറിവേറ്റിരുന്നു. അതിനിഷ്ഠൂര കൊലപാതമെന്നായിരുന്നു സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ സബാഖാനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതേസമയം സബയുമായുള്ള തന്റെ ബന്ധം തെറ്റായിപ്പോയെന്നും, കുട്ടികള്‍ക്കുവേണ്ടി ശിഷ്ടകാലം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഹാഫിസ് റഹ്മാന്റെ പ്രതികരണം.