സുനാമി: ഇന്തൊനേഷ്യയില്‍ മരണം 281 ആയി, പരിക്കേറ്റവര്‍ 1000, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

സുമാത്രയിലും ജാവയിലും വീശിയടിച്ച രാക്ഷസത്തിരമാലകള്‍ 281 പേരുടെ ജീവന്‍ കവര്‍ന്നതായി ദുരന്തനിവാരണ സേന. 1000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണസംഖ്യ ഇനിയും 
സുനാമി: ഇന്തൊനേഷ്യയില്‍ മരണം 281 ആയി, പരിക്കേറ്റവര്‍ 1000, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജക്കാര്‍ത്ത : സുമാത്രയിലും ജാവയിലും വീശിയടിച്ച രാക്ഷസത്തിരമാലകള്‍ 281 പേരുടെ ജീവന്‍ കവര്‍ന്നതായി ദുരന്തനിവാരണ സേന. 1000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ക്രാക്കത്തോവ അഗ്നിപര്‍വ്വത സ്‌ഫോടനമാണ് സുനാമിയുണ്ടാകാന്‍ കാരണമായത്. അഗ്നിപര്‍വ്വ സ്‌ഫോടനത്തിന് പിന്നാലെ കടലിനടിയില്‍ വലിയ ഭൂചലനവും ഉണ്ടായതോടെ ദുരന്തത്തിന്റെ തീവ്രത കൂടുകയായിരുന്നു.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് തെക്കന്‍ സുമാത്രയെയും ജാവയുടെ പടിഞ്ഞാറേ തീരവും കശക്കിയെറിഞ്ഞ് സുനാമിയുണ്ടായത്. സജീവ അഗ്നിപര്‍വ്വതമായ അനക് ക്രാക്കത്തോവ രണ്ട് ദിവസമായി പൊട്ടിത്തെറിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ആയിരം മീറ്റര്‍ അകലെ വരെ ചാരമെത്തിയിരുന്നതായും ഇന്തോനേഷ്യയുടെ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് പാലുവിലും സുലാവാസിയിലും സുനാമിയുണ്ടായത്. ആയിരത്തോളം പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

സുനാമി സാധ്യത മേഖലയായ പസഫിക് റിങ് ഓഫ് ഫയറിലാണ് ഭൂമിശാസ്ത്രപരമായി ഇന്തോനേഷ്യയുടെ സ്ഥാനം. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടാവുന്ന സുനാമികള്‍ വളരെ കുറവാണെങ്കിലും തീവ്രത കൂടുതലായിരിക്കും. സുനാമി പ്രവചിക്കുന്നതില്‍ കാലതാമസം ഉണ്ടായതാണ് മരണനിരക്ക് കൂടാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ മാറിത്താമസിച്ചതുമില്ല. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ബീച്ചുകളിലെത്തിയവരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ജാവയിലും സുമാത്രയിലും വൈദ്യുതി ബന്ധം പലയിടങ്ങളിലും തടസ്സപ്പെട്ടതായും റോഡുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com