ലൈംഗിക ആരോപണം: ഇക്കൊല്ലം നൊബേല്‍ സാഹിത്യ സമ്മാനം ഇല്ല

ലൈംഗിക ആരോപണം: ഇക്കൊല്ലം നൊബേല്‍ സാഹിത്യ സമ്മാനം ഇല്ല
ലൈംഗിക ആരോപണം: ഇക്കൊല്ലം നൊബേല്‍ സാഹിത്യ സമ്മാനം ഇല്ല

സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇക്കൊല്ലം പ്രഖ്യാപിക്കില്ല. സ്വീഡിഷ് അക്കാദമിയിലെ ലൈംഗിക, സാമ്പത്തിക ആരോപണങ്ങളെത്തുടര്‍ന്ന് ഇക്കൊല്ലം അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചു. രണ്ടാംലോക യുദ്ധത്തിനു ശേഷം ആദ്യമായാണ് നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം വേണ്ടെന്നുവയ്ക്കുന്നത്. 

നൊബേല്‍ സമ്മാന നിര്‍ണയസമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്‌റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരില്‍ 18 സ്ത്രീകള്‍ നവംബറിലാണ് ആരോപണം ഉന്നയിച്ചത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിനെതിരേ നടിമാര്‍ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെ ആരംഭിച്ച 'മി ടൂ' പ്രചാരണത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. ഇവരെ ആര്‍നോള്‍ട്ട് ലൈംഗികമായി ഉപയോഗിച്ചത് സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍വെച്ചായിരുന്നു. ആരോപണങ്ങളെല്ലാം ആര്‍നോള്‍ട്ട് നിഷേധിച്ചിട്ടുണ്ട്. 

ആര്‍നോള്‍ട്ടും കാതറിനയും നടത്തുന്ന സംസ്‌കാരിക കേന്ദ്രമായ കള്‍ച്ചര്‍പ്ലാറ്റ്‌സ് ഫോറത്തിന് സഹായധനം നല്‍കി നിക്ഷിപ്തതാത്പര്യം കാട്ടി എന്ന ആരോപണവും അക്കാദമി നേരിടുന്നുണ്ട്. അക്കാദമിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേറ്റിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ പുരസ്‌കാരം നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

നൊബേല്‍ സാഹിത്യ സമ്മാനത്തിന്റെ ചരിത്രത്തില്‍ ഏഴുതവണ പുരസ്‌കാര പ്രഖ്യാപനം ഒഴിവാക്കിയിട്ടുണ്ട്. രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1943ലാണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com