ആദിവാസികളുടെ ഗോത്രാചാരങ്ങള്‍ പഠിക്കാനൊരുങ്ങി പൊലീസ്: മരണാനന്തര ചടങ്ങുകളെക്കുറിച്ച് പഠിക്കാന്‍ നരവംശശാസ്ത്രജ്ഞരുടെ സഹായം തേടുന്നു

അമേരിക്കന്‍ യാത്രികനായ ജോണ്‍ അലന്‍ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്.
ആദിവാസികളുടെ ഗോത്രാചാരങ്ങള്‍ പഠിക്കാനൊരുങ്ങി പൊലീസ്: മരണാനന്തര ചടങ്ങുകളെക്കുറിച്ച് പഠിക്കാന്‍ നരവംശശാസ്ത്രജ്ഞരുടെ സഹായം തേടുന്നു

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബറിലെ വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ വെച്ച് ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഗോത്രവര്‍ഗക്കാരുടെ ആചാരങ്ങളും പഠിക്കാനാണ് പൊലീസിന്റെ പുതിയ ശ്രമം.

അമേരിക്കന്‍ യാത്രികനായ ജോണ്‍ അലന്‍ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്. ദ്വീപിലെ ഗോത്രവാസികളെ മതപരിവര്‍ത്തനം എന്നതായിരുന്നു ചൗവിന്റെ ഉദ്ദേശമെന്ന് അന്വേഷണസംഘം പറയുന്നു.

60,000ത്തിലധികം കൊല്ലത്തിലേറെയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് സെന്റിനല്‍ ദ്വീപിലെ ആദിവാസികളുടെ ജീവിതം. ഇവരുടെ മരണാനന്തരചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായം തേടുകയാണ് അന്വേഷണസംഘം. 

അമ്പെയ്തും കുന്തം കൊണ്ട് ആക്രമിച്ചുമാണ് ദ്വീപ് വാസികള്‍ ചൗവിനെ കൊലപ്പെടുത്തിയതെന്നും അതിനു ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തതായും കരുതപ്പെടുന്നു. ചൗവിനെ ദ്വീപിലെത്താന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളാണ് ഈ വിവരം നല്‍കിയത്. മറവ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ശരീരം വീണ്ടും പുറത്തെടുത്ത് മുളവടിയില്‍ കെട്ടി തീരത്ത് കുത്തിനിര്‍ത്തുന്ന പതിവുണ്ടെന്ന് ഇവരുടെ രീതികള്‍ പഠനവിഷയമാക്കിയ ഒരു സംഘം ഗവേഷകര്‍ പറയുന്നുണ്ട്. അവരുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. പക്ഷെ ഇതിനെ കുറിച്ച് സ്ഥിരീകരണമില്ല.

ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്നു തന്നെയാണ് പൊലീസ് അറിയിക്കുന്നത്. ചൗവിനെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളുമായി പൊലീസ് ദ്വീപിന്റെ പരിസരത്ത് എത്തിയെങ്കിലും ചൗവിന്റെ കുഴിമാടത്തിന് സമീപം കാവല്‍ നില്‍ക്കുന്ന ഗോത്രവാസികളെ കണ്ട് തിരിച്ചുപോരേണ്ടി വന്നു. ദ്വീപുവാസികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും സൃഷ്ടിക്കരുതെന്ന് ചൗവിന്റെ ബന്ധുക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ദ്വീപിലെ ജനസംഖ്യയെ കുറിച്ചു പോലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. നൂറില്‍ താഴെയാണ് ഇവരുടെ ജനസംഖ്യയെന്ന് ഗവേഷകര്‍ പറയുന്നു. 2006 ല്‍ ദ്വീപിലെത്തിയ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതശരീരം വീണ്ടെടുക്കാന്‍ നടത്തിയ സേനാശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 

എന്നാല്‍ ദ്വീപുവാസികള്‍ ഒരാളെ വധിച്ചെന്ന വാര്‍ത്ത ആശ്ചര്യകരമാണെന്നാണ് 1967ല്‍ ആദ്യമായി സെന്റിനലില്‍ പ്രവേശിച്ച നരവംശശാസ്ത്രജ്ഞന്‍ ടി.എന്‍. പണ്ഡിറ്റ് പറയുന്നു. ആതെങ്കിലും തരത്തില്‍ ഉപദ്രവിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രമേ ഇവര്‍ ആക്രമിക്കാറുള്ളു എന്നാണ് ഇദ്ദേഹം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com