മൃതദേഹങ്ങള്‍ തൂക്കി നോക്കരുതെന്ന ആവശ്യത്തിന് പുല്ലുവില; യുഎഇയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

യു.എ.ഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി
മൃതദേഹങ്ങള്‍ തൂക്കി നോക്കരുതെന്ന ആവശ്യത്തിന് പുല്ലുവില; യുഎഇയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

ദുബായ്: യു.എ.ഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക് 30 ദിര്‍ഹമാണ്(ഏതാണ്ട് 593 രൂപ) നല്‍കേണ്ടത്. നേരത്തേ ഇത് 15 ദിര്‍ഹമായിരുന്നു(ഏതാണ്ട് 296 രൂപ). മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് കുത്തനെ കൂട്ടിയത്.

പെട്ടിയടക്കമാണ് ഭാരം കണക്കാക്കുന്നത് എന്നതിനാല്‍ ഒരു മൃതദേഹത്തിന് ചുരുങ്ങിയത് 120 കിലോ വരെ വരും. അതായത് ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ശരാശരി 4000 ദിര്‍ഹമെങ്കിലും(ഏതാണ്ട് 79,130 രൂപ) ചെലവിടേണ്ടിവരും. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യ വഴി കൊണ്ടുപോകുന്ന മൃതദേഹങ്ങള്‍ക്ക് ഇത്രയുംതുക നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.

എയര്‍ അറേബ്യയില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ 1100 ദിര്‍ഹം (ഏതാണ്ട് 21,761 രൂപ) മാത്രമാണ് ഈടാക്കുന്നത്. ഈ സ്ഥാനത്താണ് എയര്‍ ഇന്ത്യ പ്രവാസികളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്. എയര്‍ അറേബ്യ ഇന്ത്യയിലെ 12 സെക്ടറുകളിലേക്കുമാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ മറ്റുഭാഗങ്ങളിലുള്ളവര്‍ക്ക് മൃതദേഹം അയയ്ക്കാന്‍ എയര്‍ ഇന്ത്യയെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന രീതിയില്‍ തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന പ്രവണത നിര്‍ത്തി, പ്രായംനോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്നായിരുന്നു പ്രവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് യു.എ.ഇ.യിലെ സാമൂഹികപ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിട്ടുമുണ്ട്. പല രാജ്യങ്ങളും അതാത് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍വഴി മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ടുപോകുമ്പോഴാണ് എയര്‍ ഇന്ത്യ നിലവിലെ നിരക്ക് ഇരട്ടിയാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com