2019 പിറക്കാൻ നിമിഷങ്ങൾ മാത്രം; ആദ്യമെത്തിയത് ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും; ആഘോഷ ലഹരിയിൽ ലോകം

2018നോട് വിട ചൊല്ലി 2019നെ സ്വീകരിക്കാൻ  ആഘോഷങ്ങളുടെ ലഹരിയാണ് എങ്ങും
2019 പിറക്കാൻ നിമിഷങ്ങൾ മാത്രം; ആദ്യമെത്തിയത് ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും; ആഘോഷ ലഹരിയിൽ ലോകം

ഓക്ക്ലൻഡ്: ലോകം പുതിയ വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. 2018നോട് വിട ചൊല്ലി 2019നെ സ്വീകരിക്കാൻ  ആഘോഷങ്ങളുടെ ലഹരിയാണ് എങ്ങും. ന്യൂസീലന്‍‌ഡാണ് പുതിയ വര്‍ഷത്തെ ആദ്യം വരവേറ്റത്. ഓക്ക്ലൻഡിൽ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണോട് കൂടിയായിരുന്നു ആഘോഷം. ഓസ്ട്രേലിയയിലും ആഘോഷത്തോടെ പുതുവര്‍ഷം പിറന്നു. 

പതിവുപോലെ പുതുവർഷത്തെ വരവേൽക്കാൻ ഗൾഫ് നാടുകളും ഒരുങ്ങി. ഇത്തവണയും ദുബായ് ബുർജ് ഖലീഫയിലാണ് പ്രധാന ആഘോഷങ്ങൾ. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഗൾഫ് നാടുകളിൽ ഒരുക്കിയിരിക്കുന്നത്. 

ബുർജ് ഖലീഫയിലെ ഏറ്റവും ആകർഷണീയമായ കരിമരുന്ന് പ്രയോഗം കാണാൻ ഇക്കുറി 20 ലക്ഷം പേരെത്തുമെന്നാണ് കരുതുന്നത്. ലേസർ ഷോയ്ക്കൊപ്പം കാണികളുടെ കണ്ണഞ്ചിപ്പിക്കാൻ പോന്ന എട്ട് മിനുട്ട് നീണ്ടുനിൽക്കുന്ന കരിമരുന്നു പ്രയോ​ഗം ആകാശത്ത് നാദ വർണ പ്രപഞ്ചം തീർക്കും. ദുബായ് ബുർജ് അൽ അറബ്, പാം ജുമൈറ, ഫെസ്റ്റിവൽ സിറ്റി, ഗ്ളോബൽ വില്ലേജ്, യാസ് ഐലൻഡ് എന്നിവിടങ്ങളിലും കരിമരുന്നു പ്രകടനമുണ്ടാകും. ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ പതിനാറ് അലങ്കാര നൗകകളിൽ നിന്നായിരിക്കും കരിമരുന്നു പ്രയോഗം. 

റാസൽ ഖൈമയിലെ അൽ മർജാൻ ഐലൻഡിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  ബുർജ് ഖലീഫയിലും ദുബായിലെ ആഘോഷ സ്ഥലങ്ങളിലുമായി 4000 സുരക്ഷാ ഉദ്യോഗസ്ഥരേയും 2000 പെട്രോൾ സംഘങ്ങളേയും വിന്യസിപ്പിച്ചിട്ടുണ്ട്. 12,000 നിരീക്ഷണ ക്യാമറകളാണ് നഗരം വീക്ഷിക്കുന്നത്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com