പറയാതെ ഗുഹ സന്ദര്‍ശിക്കാന്‍ പോയതില്‍ ക്ഷമ ചോദിച്ച് കുട്ടികള്‍; വീട്ടിലെത്തിയാല്‍ വയറുനിറയെ ഇഷ്ട ഭക്ഷണം കഴിക്കണം 

താം ലുവാങ് ഗുഹയില്‍ അകപ്പെട്ട് രക്ഷപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും ആശുപത്രി വിട്ടു
പറയാതെ ഗുഹ സന്ദര്‍ശിക്കാന്‍ പോയതില്‍ ക്ഷമ ചോദിച്ച് കുട്ടികള്‍; വീട്ടിലെത്തിയാല്‍ വയറുനിറയെ ഇഷ്ട ഭക്ഷണം കഴിക്കണം 

ബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ അകപ്പെട്ട് രക്ഷപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും ആശുപത്രി വിട്ടു. അശുപത്രിയില്‍ നിന്ന് പുറത്തെത്തിയ ഇവര്‍ വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തിന് ശേഷം കുട്ടികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീടുകളിലേക്ക് മടങ്ങി. 

മാധ്യമങ്ങളെ കാണാനായി ഒരുക്കിയ സ്ഥലത്താണ് കുട്ടികളുടെ സുഹൃത്തുക്കളും കുടുംബവും അവരെ കാത്തിരുന്നത്. ഒരേപോലെയുള്ള പുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചാണ് കുട്ടികളും പരിശീലകനും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയത്. വാര്‍ത്താസമ്മേളനത്തിനായി ഒരുക്കിയ സ്ഥലം വരെ ഇവരെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ എത്തിച്ചു. മാധ്യമങ്ങളെ കാണുന്നതിന് അരികിലായി ചെറിയൊരു ഫുട്‌ബോള്‍ മൈതാനത്തിന്റെ മാത്രകയും അധികൃതര്‍ തയ്യാറാക്കി വച്ചിരുന്നു. 

തുടക്കത്തില്‍ ചോദ്യങ്ങള്‍ക്ക് പരിശീലകനാണ് മറുപടി നല്‍കിയത്. താനടക്കമുള്ള 13 പേര്‍ക്കും നീന്തല്‍ അറിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നു. ഫുട്‌ബോളിനൊപ്പം നീന്തല്‍ പരിശീലനങ്ങളും നടത്താറുണ്ട്. ഗുഹയില്‍ കയറുമ്പോള്‍ ഇത്ര പെട്ടന്ന് വെള്ളം പൊങ്ങുമെന്ന് പ്രതീക്ഷിച്ചില്ല. അപകടത്തില്‍ പെട്ടതായി തിരിച്ചറിഞ്ഞതോടെ കുട്ടികള്‍ക്ക് ധൈര്യം നല്‍കി. അവരോട് നാളെ വെള്ളം താഴുമ്പോള്‍ പുറത്തുകടാക്കാമെന്ന് പറഞ്ഞു. പുറത്ത് മഴ പെയ്യുന്നതൊന്നും അറിഞ്ഞിരുന്നില്ല. അതേസമയം ഗുഹയില്‍ വെള്ളം ഉയരുന്നത് അറിയുന്നുണ്ടായിരുന്നു. അതോടെ സുരക്ഷിത സ്ഥനത്തേക്ക് മാറാന്‍ ശ്രമിച്ചു. ആരെങ്കിലും വന്ന് രക്ഷിക്കുമെന്ന  പ്രതീക്ഷയുണ്ടായിരുന്നു. 

വിശന്നപ്പോള്‍ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് ഒരു കുട്ടി പറഞ്ഞത് ഫ്രൈഡ് റൈസിനെ കുറിച്ച് ചിന്തിച്ചു എന്നായിരുന്നു. ഭക്ഷണം കഴിക്കാനില്ലായിരുന്നു. വെള്ളം മാത്രം കുടിച്ചാണ് ഗുഹയില്‍ കഴിഞ്ഞത്. ഗുഹയുടെ ചുമരിലൂടെ ഒലിച്ചിറങ്ങിയ വെള്ളമാണ് കുടിക്കാനെടുത്തത്. ഈ വെള്ളം ശുദ്ധമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സ്വപ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പലരും ഫുട്‌ബോള്‍ താരമാകണമെന്നും തായ്‌ലന്‍ഡിനായി കളിക്കണമെന്നും പറഞ്ഞു. നാലോളം പേര്‍ നാവിക സേനയില്‍ ചേരാനുള്ള ആഗ്രഹമാണ് പങ്കുവച്ചത്. ഇനി ഗുഹയില്‍ കയറുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു മറുപടി. ഗുഹയില്‍ കുടുങ്ങിയപ്പോഴും ഹോം വര്‍ക്കിനെക്കുറിച്ചാണ് ചിന്തിച്ചതെന്ന് ഒരു കുട്ടി. വീട്ടിലെത്തിയാല്‍ ആദ്യം എന്തുചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങുമെന്ന മറുപടിയാണ് അവര്‍ പറഞ്ഞത്. പറയാതെ ഗുഹ സന്ദര്‍ശിക്കാന്‍ പോയതില്‍ കുട്ടികളെല്ലാവരും മാതാപിതാക്കളോട് ക്ഷമ പറഞ്ഞു. 

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയാല്‍ മാധ്യമങ്ങളെ കാണരുതെന്ന് 13 പേര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഔദ്യോഗിക വാര്‍ത്താസമ്മേളനമെന്ന നിലയിലാണ് അധികൃതര്‍ ഇത്തരമൊരു അവസരം ഒരുക്കിയത്. കുട്ടികളോട് ഗുഹയില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ വീണ്ടും ചോദിക്കുന്നത് അവരുടെ മാനസിക നിലയെ ബാധിക്കുമെന്ന ആശങ്കയിലാണ് കടുത്ത നിര്‍ദേശം അധികൃതര്‍ വച്ചത്. അതേസമയം വാര്‍ത്താസമ്മേളനത്തില്‍ കുട്ടികള്‍ മാനസിക രോഗ വിദഗ്ധകള്‍ക്കൊന്നിച്ചാണ് ചോദ്യങ്ങളെ നേരിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com