'നടക്കുക അല്ലെങ്കില്‍ മരണത്തിന് കീഴടങ്ങുക' ; സഹാറ മരുഭൂമിയില്‍ അള്‍ജീരിയ കൊണ്ടുതള്ളിയത് 13,000 ഓളം അഭയാര്‍ത്ഥികളെ 

2014 ന് ശേഷം ഇതുവരെ സഹാറയില്‍ കൊണ്ടുതള്ളിയ അഭയാര്‍ത്ഥികളില്‍ 30,000 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
'നടക്കുക അല്ലെങ്കില്‍ മരണത്തിന് കീഴടങ്ങുക' ; സഹാറ മരുഭൂമിയില്‍ അള്‍ജീരിയ കൊണ്ടുതള്ളിയത് 13,000 ഓളം അഭയാര്‍ത്ഥികളെ 

അസാമക : കഴിഞ്ഞ 14 മാസത്തിനിടെ അള്‍ജീരിയ 13,000 ഓളം അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചു. വാഹനങ്ങളില്‍ കുത്തിനിറച്ച് മരുഭൂമിയിലെത്തി തങ്ങളെ ഇറക്കി വിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട സെനഗലില്‍ നിന്നുള്ള 18 കാരന്‍ അലിയു കാന്‍ഡെ പറഞ്ഞു. കത്തുന്ന സൂര്യനും, ചുട്ടുപൊള്ളുന്ന മരുഭൂമിക്കും മുന്നില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് നടക്കാനാണ് നിര്‍ദേശം. പ്രതിഷേധിച്ചാല്‍ ഉന്നംപിടിച്ച തോക്കാണ് മറുപടി പറയുകയെന്ന് അലിയു പറയുന്നു. 

48 ഡിഗ്രി ചൂടില്‍ പലരും തളര്‍ന്നു വീണു. നിരവധി കുട്ടികളും സ്ത്രീകളും ചൂടും, വെള്ളം പോലും കിട്ടാതെ മരുഭൂമിയില്‍ മരിച്ചു വീണു. നൈജറിലേക്ക് പോകാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. സ്വന്തം നാട്ടിലെ കലാപവും സംഘര്‍ഷങ്ങളും ക്ഷാമവും കാരണം നാടും വീടും വിട്ട് അനധികൃതമായി കുടിയേറിയ ആഫ്രിക്കയില്‍ നിന്നുള്ളവരെയാണ് അള്‍ജീരിയ മരുഭൂമിയില്‍ തള്ളിയത്. 

നൈജര്‍ അതിര്‍ത്തിയിലെ അസാമകയില്‍ പ്രതിബന്ധങ്ങള്‍ അതിജീവിച്ച് എത്തിയവരെ യുഎന്‍ രക്ഷാസംഘമാണ് കണ്ടെത്തി രക്ഷിച്ചത്. കഴിഞ്ഞ ഒക്ടോബറോടെയാണ് അഭയാര്‍ത്ഥികള്‍ക്ക് നേരെ അള്‍ജീരിയ നിലപാട് കടുപ്പിച്ചത്. വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതോടെയാണ് അള്‍ജീരിയ നടപടി ശക്തമാക്കിയത്. 

2014 ന് ശേഷം ഇതുവരെ സഹാറയില്‍ കൊണ്ടുതള്ളിയ അഭയാര്‍ത്ഥികളില്‍ 30,000 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ മാത്രം സ്ത്രീകളും കുട്ടികളും അടക്കം 11,270 പേരെയാണ് സഹാറയില്‍ അള്‍ജീരിയന്‍ അധികൃതര്‍ തള്ളിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സഹാറ മരുഭൂമിയില്‍ മരണപ്പെട്ടതും കാണാതായവരുമായ അഭയാര്‍ത്ഥികളുടെ എണ്ണം ഇതിലും ഏറെയാണെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വ്യക്തമാക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com