വര്‍ഗീയ കലാപം തടയുന്നതില്‍ പരാജയം : പ്രധാനമന്ത്രി വിക്രമസിംഗെയെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റി

യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് രഞ്ജിത് മാദുമ്മ ബണ്ഡാരയ്ക്കാണ് ക്രമസമാധാന പാലനത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്
വര്‍ഗീയ കലാപം തടയുന്നതില്‍ പരാജയം : പ്രധാനമന്ത്രി വിക്രമസിംഗെയെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റി

കൊളംബോ : ശ്രീലങ്കയിലെ വര്‍ഗീയ കലാപം തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ നിന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ മാറ്റി. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടേതാണ് നടപടി. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടിയെ മുതിര്‍ന്ന നേതാവ് രഞ്ജിത് മാദുമ്മ ബണ്ഡാരയ്ക്കാണ് ക്രമസമാധാന പാലനത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. 

രഞ്ജിത് മാദുമ്മ ബണ്ഡാര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. കാന്‍ഡി ജില്ലയില്‍ സിംഹള ബുദ്ധിസ്റ്റുകളും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷമാണ് വര്‍ഗീയ കലാപമായി വളര്‍ന്നത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 

കലാപത്തിന്റെ മറവില്‍ സിംഹളര്‍ മുസ്ലീംകളുടെ കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷ പ്രദേശത്ത് ഇന്റര്‍നെറ്റ്, വാട്‌സ് ആപ്പ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് ഇളവ് അനുവദിച്ചത്. 

ഈ മാസം നാലിന് മുസ്ലിം ചെറുപ്പക്കാര്‍ സഞ്ചരിച്ച കാര്‍, ബുദ്ധ മതാനുയായിയായ യുവാവിന്റെ വാനുമായി കൂട്ടിയിടിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. പ്രകോപിതരായ മുസ്ലിംകള്‍ ഇരുമ്പുവടികളുമായി ബുദ്ധ മതക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമായി കലാശിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com