യുകെയില്‍ ഇനി പ്ലാസ്റ്റിക് സ്‌ട്രോകള്‍ വേണ്ട; യുസ് ആന്‍ഡ് ത്രോ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം 

സ്റ്റിക് സ്‌ട്രോ ഉള്‍പ്പെടെ ഒറ്റതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന പൂര്‍ണമായും നിരോധിക്കാനാണ് പുതിയ തീരുമാനം
യുകെയില്‍ ഇനി പ്ലാസ്റ്റിക് സ്‌ട്രോകള്‍ വേണ്ട; യുസ് ആന്‍ഡ് ത്രോ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം 

ലണ്ടന്‍: രാജ്യം നേരിടുന്ന  പ്രധാന വെല്ലുവിളികളിലൊന്നായ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. പ്ലാസ്റ്റിക് സ്‌ട്രോ ഉള്‍പ്പെടെ ഒറ്റതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന പൂര്‍ണമായും നിരോധിക്കാനാണ് പുതിയ തീരുമാനം. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായുള്ള യോഗത്തിലാണ് പുതിയ നിരോധനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചത്. 

രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യം വലിയതോതില്‍ കുറച്ച രണ്ട് സുപ്രധാന നിരോധനങ്ങള്‍ക്ക് പിന്നാലെയാണ് ഈ പുതിയ തീരുമാനം സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കുമെന്നതും ഫേസ് സ്‌ക്രബ്ബുകളിലും ടൂത്ത്‌പേസ്റ്റുകളിലും മറ്റും അടങ്ങിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഘടകമായ മൈക്രോബീഡ് നിരോധിച്ചതുമായിരുന്നു ഇതിനു മുമ്പ് പ്രഖ്യാപിച്ചവ. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കിതുടങ്ങിയതോടെ രാജ്യത്തെ പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗത്തില്‍ ഒന്‍പത് ലക്ഷം കോടിയുടെ കുറവാണ് ഉണ്ടായത്. 

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം ഫാസ്റ്റ് ഫുഡ് വ്യവസായത്തെയാണ് സാരമായി ബാധിക്കുക. അതുകൊണ്ടുതന്നെ ഇത്തരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പകരമായി പ്രയോജനപ്പെടുത്താവുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാന്‍ വ്യാവസായങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. പ്രമുഖ ഭക്ഷണബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സ് ഇതിനോടകം തന്നെ തങ്ങളുടെ യുകെ സ്‌റ്റോറുകളില്‍ നിന്ന് പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഒഴിവാക്കികഴിഞ്ഞു.

യുകെയില്‍ മാത്രം പ്രതിവര്‍ഷം വലിച്ചെറിയപ്പെടുന്ന 8.5ലക്ഷം കോടി പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഈ നിരോധനത്തോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ഇയര്‍ എന്‍വയണ്‍മെന്റല്‍ പ്ലാനിന്റെ ഭാഗമായി ഒഴുവാക്കാന്‍ പറ്റുന്നത്ര പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്തുനിന്ന് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന പുതിയ ചുവടുവയ്പ്പാണ് ഈ നിരോധനം. നിരോധനം യുകെയിലെ നദീതീരങ്ങളെയും കടലുകളെയും മറ്റ് ജല ശ്രോതസുകളെയും ഹാനീകരമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് രക്ഷിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com