വിമാനസര്‍വീസ് നിര്‍ത്തിവെച്ചു, ഓഫീസുകളുടെ സമയം മാറ്റി ; ഈ പരീക്ഷയ്ക്ക് ഒരു രാജ്യം തന്നെ മുന്നിട്ടിറങ്ങി 

വിദ്യാര്‍ത്ഥികള്‍ക്കായി വിമാനം വരെ വഴിതിരിച്ചുവിട്ടത് അടക്കമുളള അസാധാരണ നടപടികള്‍ സ്വീകരിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്
വിമാനസര്‍വീസ് നിര്‍ത്തിവെച്ചു, ഓഫീസുകളുടെ സമയം മാറ്റി ; ഈ പരീക്ഷയ്ക്ക് ഒരു രാജ്യം തന്നെ മുന്നിട്ടിറങ്ങി 

സോള്‍: കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. ഈ വാചകത്തെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. രാജ്യത്തെ ഏറ്റവും സുപ്രധാനമായ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിമാനം വരെ വഴിതിരിച്ചുവിട്ടത് അടക്കമുളള അസാധാരണ നടപടികള്‍ സ്വീകരിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.  ദേശീയ സര്‍വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികളുടെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ഒന്‍പതുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മാരത്തണ്‍ പരീക്ഷയാണ് സുനോങ്ക്. ഇക്കൊല്ലം ആറു ലക്ഷത്തോളം പേരാണ് രാജ്യത്തൊട്ടാകെ പരീക്ഷയ്ക്കായി അപേക്ഷിച്ചത്. നല്ല ജോലി, സാമൂഹ്യ അംഗീകാരം തുടങ്ങി ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ദക്ഷിണ കൊറിയയിലെ ജനങ്ങള്‍ ചവിട്ടുപടിയായി കാണുന്നത് ഈ പരീക്ഷയാണ്. സിംഗപ്പൂരിലായിരുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസാസന്ദേശമയച്ചു.

രാജ്യവ്യാപകമായി നടക്കുന്ന പ്രവേശന പരീക്ഷ സുഗമമായി എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  നിരവധി സൗകര്യങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയത്. ഗതാഗതതടസ്സം ഒഴിവാക്കാന്‍ പബ്ലിക് ഓഫീസുകള്‍, ഓഹരി വിപണി അടക്കം സുപ്രധാന സ്ഥാപനങ്ങള്‍ ഒരു മണിക്കൂര്‍ വൈകിയാണ്  പ്രവര്‍ത്തനമാരംഭിച്ചത്.  പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ വരുന്ന സമയത്ത് ഇത്തരം സ്ഥാപനങ്ങളിലേക്ക് ജീവനക്കാരും മറ്റും വരുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തില്‍ ട്രാഫിക്കില്‍ കുടുങ്ങുന്ന കുട്ടികളെ സമയത്ത് പരീക്ഷ ഹാളില്‍ എത്തിക്കാന്‍ പൊലീസും പ്രത്യേക വാഹനക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

വിമാനത്താവളങ്ങളില്‍ വിമാനം ഇറങ്ങുന്നതും പുറപ്പെടുന്നതും 25 മിനിറ്റ് നേരം താത്കാലികമായി നിര്‍ത്തിവെച്ചു. പരീക്ഷയുടെ ഭാഗമായ ഇംഗ്ലീഷ് ലിസണിംഗ് ടെസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയോടെ പങ്കെടുക്കാനുളള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 134 വിമാനങ്ങള്‍ ഇത്തരത്തില്‍ വഴിതിരിച്ചു വിടുകയോ സമയം പുനര്‍ക്രമീകരിക്കുകയോ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com