ദ്വീപു നിവാസികളെ പ്രകോപിപ്പിക്കരുത്, മൃതദേഹത്തിന് വേണ്ടിയുള്ള ശ്രമം നിര്‍ത്തണം: സെന്റനലീസ് വംശജര്‍ക്ക് വേണ്ടി രാജ്യാന്തര സംഘടന

ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചു.
ദ്വീപു നിവാസികളെ പ്രകോപിപ്പിക്കരുത്, മൃതദേഹത്തിന് വേണ്ടിയുള്ള ശ്രമം നിര്‍ത്തണം: സെന്റനലീസ് വംശജര്‍ക്ക് വേണ്ടി രാജ്യാന്തര സംഘടന

ന്യൂഡല്‍ഹി: നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നു ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടന. 

സംരക്ഷിത ഗോത്രവര്‍ഗമായ സെന്റനലീസ് വംശജരുമായി ഏറ്റുമുട്ടലിലേക്കു പോകുന്ന എല്ലാ പദ്ധതികളും നിര്‍ത്തിവയ്ക്കണമെന്നും സര്‍വൈവല്‍ ഇന്റര്‍നാഷനല്‍ എന്ന സംഘടന ആവശ്യപ്പെട്ടു. ഏറ്റുമുട്ടലുണ്ടായാല്‍ അത് ഇരുകൂട്ടര്‍ക്കും ദോഷകരമാകുമെന്നും സംഘടനയുടെ ഡയറക്ടര്‍ സ്റ്റീഫന്‍ കോറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 

മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരും നരവംശ ശാസ്ത്രജ്ഞരും പ്രതികരണങ്ങള്‍ അറിയിച്ചിരുന്നു. ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചു. സംരക്ഷിത ഗോത്രവര്‍ഗമായ സെന്റിനലീസ് വിഭാഗത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തിയാണു നടപടിയെന്നാണ് മുതിര്‍ന്ന വക്താവ് രാജ്യാന്തര മാധ്യമമായ ബിബിസിയോട് വ്യക്തമാക്കിയത്. 

തിങ്കളാഴ്ച രാവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ചേതന്‍ സംഘി വിളിച്ചു ചേര്‍ത്ത പൊലീസ്, ഗോത്ര ക്ഷേമ വിഭാഗം, വനം, നരവംശ വിഭാഗം എന്നിവരുടെ യോഗത്തിലാണ് ദ്വീപില്‍നിന്ന് ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

'മേഖലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ബോട്ട് ചൊവ്വാഴ്ച രാവിലെയും അയച്ചിരുന്നു. നിരീക്ഷണത്തിനു മാത്രമാണ് അയച്ചതെന്നാണു സൂചന. ചൗവിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ഏകദേശം മനസിലായിട്ടുണ്ട്. എന്നാല്‍ കൃത്യമായ വിവരമില്ല. പ്രദേശത്തേക്കു കടക്കാനുള്ള ശ്രമങ്ങള്‍ സെന്റനിലീസ് വംശജരെ പ്രകോപിപ്പിച്ചേക്കും. അമ്പും വില്ലും അടക്കമുള്ള ആയുധങ്ങളുമായി ഇവര്‍ തങ്ങളുടെ ദ്വീപിനെ രക്ഷിക്കാന്‍ രംഗത്തുവന്നേക്കും' - സര്‍വൈവല്‍ ഇന്റര്‍നാഷനലിന്റെ സ്റ്റീഫന്‍ കോറി വ്യക്തമാക്കി.

ദ്വീപില്‍നിന്ന് 400 മീറ്റര്‍ അകലെ നിര്‍ത്തിയിട്ട ബോട്ടില്‍നിന്ന് പൊലീസ് ബൈനോക്കുലറിലൂടെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. അപ്പോള്‍ ഗോത്രവര്‍ഗക്കാര്‍ അമ്പും വില്ലുമായി പ്രതിരോധസജ്ജരായി തീരത്തു നില്‍ക്കുന്നുന്നതായാണ് കണ്ടത്. മുന്നോട്ടു പോകാനുള്ള ശ്രമം ഗോത്രവര്‍ഗക്കാരെ പ്രകോപിപ്പിക്കുമെന്ന നിലയായിരുന്നുവെന്ന് മേഖലയിലെ പൊലീസ് മേധാവി ദീപേന്ദ്ര പഥക് മാധ്യമങ്ങളോടു പറഞ്ഞു. അതൊഴിവാക്കാന്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കാതെ ബോട്ട് തിരികെപ്പോരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com