ഭൂതകാലങ്ങളില്‍ ജീവിക്കാനാവില്ല, സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ഇമ്രാന്‍ ഖാന്‍

സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്നും ഇന്ത്യയുമായി സമാധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്.
ഭൂതകാലങ്ങളില്‍ ജീവിക്കാനാവില്ല, സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്നും ഇന്ത്യയുമായി സമാധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

പാകിസ്ഥാന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടുന്ന കുറ്റവാളികള്‍ വരെ ഇന്ത്യയിലുണ്ട്. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കാം. പക്ഷെ അതിന് ശേഷം ഇന്ത്യ തീര്‍ച്ചയായും പ്രതികരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഇസ്ലാമാബാദില്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്താനില്‍ സ്വതന്ത്രനായി നടക്കുന്നതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി.  ഹാഫിസ് സയിദിനെതിരെ യുഎന്‍ ഉപരോധമുണ്ട്. അത് നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. 

നേരത്തെ കര്‍തര്‍പുര്‍ ഇടനാഴിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏക പ്രശ്‌നം കശ്മീര്‍ മാത്രമാണെന്ന് പറഞ്ഞിരുന്നു. സൈനിക നടപടിയിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്നുമാണ് ഇന്ത്യ മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com