പുറത്തിറങ്ങിയത് ഹെലികോപ്റ്ററിലാണെങ്കില്‍ അകത്തായത് ബുര്‍ഖയ്ക്കുള്ളില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th October 2018 07:58 PM  |  

Last Updated: 04th October 2018 07:58 PM  |   A+A-   |  

 

പാരീസ്: ഹോളിവുഡ് സ്‌റ്റൈലില്‍ ജയില്‍ചാടിയ പ്രതി മൂന്ന് മാസങ്ങള്‍ക്ക് ശേഷം നാടകീയമായി പിടിക്കപ്പെട്ടു. ഫ്രാന്‍സിലെ ജയിലില്‍നിന്ന് കൊടുംകുറ്റവാളി റെഡോണ്‍ ഫെയ്ഡ് ആണ് ജയില്‍ ചാടിയത്. ജൂലായ് ഒന്നിന് ജയില്‍ചാടിയ റെഡോണ്‍ ഫെയ്ഡ് പോലീസ് തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. 

സഹോദരനും അനന്തരവനുമൊപ്പം ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബുര്‍ഖ ധരിച്ച ഒരാള്‍ സംശയകരമായ രീതിയില്‍ കാറില്‍ കയറുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പുരുഷന്മാരുടേതിന് സമാനമായ ഇവരുടെ നടത്തമാണ് പൊലീസിന് സംശയത്തിനിട നല്‍കിയത്. 

ചൊവ്വാഴ്ച വീണ്ടും ഇയാളെ കണ്ട പൊലീസ് കാര്‍ പിന്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ജൂലൈയില്‍ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് ബോംബുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ജയിലറ തകര്‍ത്ത് റെഡോണിനെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്തുകയായിരുന്നു. ആയുധക്കടത്ത് കേസിലുള്‍പ്പെടെ പ്രതിയായ റെഡോണ്‍ ഇതിന് മുമ്പ് 2013ലും ജയില്‍ ചാടിയിട്ടുണ്ട്.