ലൈംഗിക പീഡനക്കേസ്; ആരോപണവിധേയരായ പുരോഹിതരുടെ പട്ടിക വത്തിക്കാന്‍ പുറത്തുവിടണമെന്ന് ഇരകള്‍

ലൈംഗിക പീഡനക്കേസുകളില്‍ ആരോപണവിധേയരായ പുരോഹിതരുടെ പട്ടിക വത്തിക്കാന്‍ പുറത്തുവിടണമെന്ന ആവശ്യം
ലൈംഗിക പീഡനക്കേസ്; ആരോപണവിധേയരായ പുരോഹിതരുടെ പട്ടിക വത്തിക്കാന്‍ പുറത്തുവിടണമെന്ന് ഇരകള്‍

വാഷിങ്ടണ്‍: ലൈംഗിക പീഡനക്കേസുകളില്‍ ആരോപണവിധേയരായ പുരോഹിതരുടെ പട്ടിക വത്തിക്കാന്‍ പുറത്തുവിടണമെന്ന ആവശ്യം. ഇരകളെ പ്രതിനിധീകരിക്കുന്ന അമേരിക്കയിലെ സംഘടനയാണ് ആവശ്യവുമായി രംഗത്തെത്തിയത്. 

കുട്ടികളെ അടക്കം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തെപ്പറ്റി ഫെഡറല്‍ അന്വേഷണം വേണമെന്ന് ഇരകളെ പ്രതിനിധീകരിക്കുന്ന എസ്.എന്‍.എ.പിയുടെ അഭിഭാഷക പമേല സ്പീസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ മറച്ചുവയ്ക്കാന്‍ ആരോപണവിധേയരായ പുരോഹിതരെ വിദേശങ്ങളിലേക്ക് അയ്ക്കുന്ന സഭാ നേതൃത്വത്തിന്റെ നടപടി കുറ്റകൃത്യമായി ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെച്ച കര്‍ദിനാള്‍ തിയോഡര്‍ മക്കാരിക്കിനെ സംരക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിച്ചുവെന്ന് വത്തിക്കാനിലെ മുന്‍ പ്രതിനിധി സഭാംഗം ആര്‍ച്ച് ബിഷപ് കാര്‍ലോ മരിയ വിഗാനോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരുടെ പട്ടിക പുറത്തുവിടണമെന്ന ആവശ്യം. ചില പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ മറച്ചുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും മറ്റു രണ്ട് പോപ്പുമാരും ശ്രമിച്ചുവെന്നും കാര്‍ലോ മരിയ വിഗനോ ആരോപിച്ചിരുന്നു. പോപ്പിനെതിരെ മുന്‍ പ്രതിനിധി സഭാംഗം പരസ്യമായി രംഗത്തുവന്നതോടെ വിഷയം അന്താരാഷ്ട്രതലത്തില്‍ വന്‍ ചര്‍ച്ചയായി. 

അതേസമയം, പുരോഹിതരുടെ ലൈംഗിക പീഡനക്കേസുകളില്‍ ശക്തമായ നിലപാടെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ യാഥാസ്ഥിതിക പുരോഹിത സംഘം നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ആരോപണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com