താലിബാനേക്കാൾ ആളെക്കൊല്ലുന്നത് യുഎസ് - അഫ്​ഗാൻ സേനകൾ ; യുഎന്നിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

2019 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 305 പൗരൻമാരെ ഇരു സൈന്യങ്ങളും ചേർന്ന് കൊന്നൊടുക്കി
താലിബാനേക്കാൾ ആളെക്കൊല്ലുന്നത് യുഎസ് - അഫ്​ഗാൻ സേനകൾ ; യുഎന്നിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ യുഎസ് സൈന്യവും സർക്കാർ സേനയും ചേർന്ന് പൗരൻമാരെ കൊന്നൊടുക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. താലിബാനും മറ്റ് കലാപകാരികളും കൊന്നൊടുക്കുന്നതിനേക്കാൾ കൂടുതൽ ആളുകളെയാണ് ഇരു സൈന്യവും ചേർന്ന് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

രാജ്യത്തിന്റെ പുനരുദ്ധാരണത്തിനും താലിബാനുമായി സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാ​ഗമായുമാണ് യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ തുടർന്നത്. അഫ്​ഗാനിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും നിലവിൽ യുഎസ് സേനയുടെ സാന്നിധ്യമുളളവയാണ്. 2019 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 305 പൗരൻമാരെ ഇരു സൈന്യങ്ങളും ചേർന്ന് കൊന്നൊടുക്കിയിട്ടുണ്ട്. 227 പേരാണ് താലിബാന്റെയും മറ്റ് തീവ്രവാദ ​ഗ്രൂപ്പുകളുടെയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. 

യുഎസ് സേനയുടെ വ്യോമാക്രമണങ്ങളിലാണ് പലപ്പോഴും നാട്ടുകാർ കൊല്ലപ്പെടുന്നത്. ആകാശത്ത് നിന്ന് നിരീക്ഷണം നടത്തിയ ശേഷം തീവ്രവാദ സംഘങ്ങളാണെന്ന സംശയത്തിൽ ബോംബുകൾ വർഷിക്കുകയാണ് സൈന്യം പലപ്പോഴും ചെയ്യുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ കുറിച്ച് അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും കൃത്യമായ മരണസംഖ്യ കണക്കാക്കണമെന്നും ഐക്യരാഷ്ട്ര സഭ കർശന നിർദ്ദേശം നൽകി. അടിയന്തരമായി ഇവർക്ക് അർഹമായ ധനസഹായം നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

2009 മുതൽ സുരക്ഷാ സൈന്യത്തിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പൗരൻമാരുടെ വിവരങ്ങൾ ഐക്യരാഷ്ട്രസഭയുടെ അഫ്​ഗാൻ സംഘം ശേഖരിക്കുന്നുണ്ട്. ഇതാദ്യമായാണ് സുരക്ഷാസൈന്യം നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് പുറത്ത് വരുന്നത്. 

എന്നാൽ തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തിരിച്ചറി‍ഞ്ഞ ശേഷം മാത്രമാണ് ആക്രമണങ്ങൾ നടത്തുന്നതെന്നാണ് യുഎസ് സൈനിക വക്താവ് വ്യക്തമാക്കുന്നത്. പലപ്പോഴും സ്വയരക്ഷയ്ക്കായി ആക്രമണങ്ങൾ നടത്തേണ്ടി വരാറുണ്ടെന്നും അത് അഫ്​ഗാൻ സൈന്യവും ചെയ്യുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2017 ൽ ട്രംപ് സർക്കാരാണ് അഫ്​ഗാനിലുള്ള യുഎസ് സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകിയത്. താലിബാൻ കേന്ദ്രങ്ങളെന്ന് സംശയം തോന്നുന്നയിടത്തെല്ലാം ബോബുകൾ വർഷിക്കാനും തകർത്തു കളയാനും ഇതോടെ സൈന്യത്തിന് അധികാരം ലഭിക്കുകയായിരുന്നു. യുഎസ് വ്യോമസേനയുടെ മാത്രം കണക്കുകൾ അനുസരിച്ച് 2018 ൽ 7,362 ബോംബുകളാണ് അഫ്​ഗാനിസ്ഥാനിൽ വർഷിച്ചത്. 2017 ൽ ഇത് 4,361 ആയിരുന്നു. കഴിഞ്ഞ വർഷം മാത്രം അഫ്​ഗാനിസ്ഥാനിൽ 3784 പേരാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com