പൗരത്വ ബില്‍ : മതന്യൂനപക്ഷങ്ങളുടെ അവകാശം ഇന്ത്യ സംരക്ഷിക്കണമെന്ന് അമേരിക്ക

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്ടണ്‍ : പൗരത്വ ഭേദഗതി ബില്ലില്‍ നിലപാടുമായി അമേരിക്ക. മതന്യൂനപക്ഷങ്ങളുടെ അവകാശം ഇന്ത്യ സംരക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും കണക്കിലെടുത്ത് സംരക്ഷണം നല്‍കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബില്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ജനാധിപത്യ അവകാശങ്ങളും തുല്യതയും മതപരമായ സ്വാതന്ത്ര്യവും ഉള്‍പ്പെടെ കണക്കിലെടുത്ത് വേണം ഇന്ത്യ നടപടിയെടുക്കേണ്ടതെന്നും പ്രസ്താവനയില്‍ അമേരിക്ക ആവശ്യപ്പെട്ടു. അതിനിടെ പൗരത്വ ബില്ലില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തി. പൗരത്വ നിയമം വിവേചന പരമാണെന്നാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

അതിനിടെ പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭം തുടരുകയാണ്. മൂന്നു സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ചിരിക്കുകയാണ്. അസമില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നിട്ടുണ്ട്. ആയിരക്കണക്കിനു വിദ്യാര്‍ഥികളും അധ്യാപകരും വൃദ്ധരും കലാകാരന്മാരും അടങ്ങുന്ന ജനക്കൂട്ടം ഗുവാഹത്തിയിലെ തെരുവുകളില്‍ മണിക്കൂറുകളോളം നിരാഹാരമിരുന്നു.

അതേസമയം ബംഗാളില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണ്. മുര്‍ഷിദാബാദ് ജില്ലയില്‍ റെയില്‍വേ സ്‌റ്റേഷന്‍ കോംപ്ലക്‌സ് പ്രതിഷധക്കാര്‍ അഗ്‌നിക്കിരയാക്കി.  റെയില്‍വേ സ്‌റ്റേഷന്‍ കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന രണ്ടുമൂന്ന് കെട്ടിടങ്ങള്‍ക്കും റെയില്‍വേ ഓഫീസിനുമാണ് പ്രതിഷേധക്കാര്‍ തീകൊളുത്തിയത്. ഹൗറയിലെ ഉലുബേരിയ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കുകള്‍ തടഞ്ഞു. റെയില്‍വേ കോംപ്ലക്‌സിനും ട്രെയിനുകള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു.രാജ്യതലസ്ഥാനത്ത് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പൊലീസും തെരുവില്‍ ഏറ്റുമുട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com