ട്രംപിനെ ഇംപീച്ച് ചെയ്തു; പ്രമേയം ജനപ്രതിനിധിസഭ പാസ്സാക്കി;  അട്ടിമറി ശ്രമമെന്ന് ട്രംപ്

ഇംപീച്ച്മെന്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ജനാധിപത്യത്തിന് മേൽ ഡെമോക്രാറ്റുകൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ട്രംപ് പറഞ്ഞു
ട്രംപിനെ ഇംപീച്ച് ചെയ്തു; പ്രമേയം ജനപ്രതിനിധിസഭ പാസ്സാക്കി;  അട്ടിമറി ശ്രമമെന്ന് ട്രംപ്

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസ്സാക്കി. പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്.  435 അംഗ ജനപ്രതിനിധി സഭയില്‍ 431 പേരാണ് വോട്ടുചെയ്തത്. 230 വോട്ടുകൾ ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 197  പേർ പ്രമേയത്തെ എതിർത്തു. അധികാരദുർവിനിയോ​ഗം എന്ന കുറ്റാരോപണത്തിലാണ് ഇംപീച്ച്മെന്റ് നടപടി. പാർലമെന്റിന്റെ പ്രവർത്തനത്തിൽ കൈകടത്തി എന്ന രണ്ടാമത്തെ  കുറ്റവും ജനപ്രതിനിധിസഭ പാസ്സാക്കി. 198 നെതിരെ 229 വോട്ടുകൾക്കാണ് രണ്ടാമത്തെ ആരോപണം പാസ്സായത്. ഇംപീച്ച്‌മെന്റ് പ്രമേയം ഇനി സെനറ്റിൽ അവതരിപ്പിക്കും.

ഇംപീച്ച്മെന്റല്ലാതെ വേറെ വഴിയില്ലെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. എന്നാൽ ഇംപീച്ച്മെന്റ് നടപടി അട്ടിമറി ശ്രമമാണെന്നാണ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. ഇംപീച്ച്മെന്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ജനാധിപത്യത്തിന്മേൽ ഡെമോക്രാറ്റുകൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇത് നാണം കെട്ട നടപടിയാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണൾഡ് ട്രംപ്. നേരത്തെ  ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഹൗസ് ജുഡീഷ്യല്‍ സമിതി അംഗീകരിച്ചിരുന്നു. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 17 നെതിരെ 23 വോട്ടിനാണ് സമിതി അം​ഗീകരിച്ചത്.

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തി അധികാര ദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്റ് വിചാരണയില്‍ സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് വെള്ളിയാഴ്ചനടന്ന വോട്ടെടുപ്പില്‍ സമിതി അംഗീകരിച്ചത്.

യുക്രെയ്‌ന് പ്രതിരോധ സഹായമായ 39 കോടി ഡോളര്‍ നല്‍കാതെ തടഞ്ഞുവച്ചു ട്രംപ് വിലപേശുന്നതിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് ഇംപീച്ച്‌മെന്റ് വരെ എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റാകാന്‍ ഡോണള്‍ഡ് ട്രംപ് അധികാരം ദുരുപയോഗം ചെയ്‌തെന്നു ജനപ്രതിനിധി സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി ജുഡീഷ്യറി കമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജനപ്രിതിനിധി സഭയിൽ പാസ്സായാൽ അടുത്തഘട്ടമായി പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. 5 വിചാരണയ്ക്കു ശേഷം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് ആധിപത്യമാണെങ്കിലും സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com