എന്‍സിആറുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ മുസ്ലിംകളെ ബാധിക്കും; അമേരിക്കന്‍ കോണ്‍ഗ്രസ് ഗവേഷണ സമിതി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം മാനദണ്ഡമായി മാറിയെന്ന് കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്ടണ്‍: ദേശീയ പൗരത്വ രജിസ്റ്ററുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ മുസ്ലിംകളെ ബാധിക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് ഗവേഷണ സമിതി. ഭേദഗതിയിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം മാനദണ്ഡമായി മാറിയെന്ന് കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പൗരത്വ രജിസ്റ്ററുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ പൗരത്വ നിയമ ഭേദഗതി 20 കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്ലിംകളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമിതി തയാറാക്കിയ ആദ്യ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ഈ മാസം പതിനെട്ടിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആഭ്യന്തരവും ആഗോളതലത്തിലുമുള്ള കാര്യങ്ങളെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ്. സിആര്‍എസിന്റെ റിപ്പോര്‍ട്ടുകളെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളായി പരിഗണിക്കാറില്ല.

മൂന്നു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുന്ന ആറു മതത്തില്‍ പെട്ടവര്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം നല്‍കുന്നത്. മുസ്ലിംകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ചില അനുച്ഛേദങ്ങളെ ലംഘിക്കുന്നതാണ് നിയമ ഭേദഗതിയെന്നും സിആര്‍എസ് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com