'ആ സാഹസം വേണ്ട, നമ്മള്‍ ഒരു അണുബോംബിട്ടാല്‍ ഇന്ത്യ 20 ബോംബിട്ട് തകര്‍ത്തുകളയും' ; പാകിസ്ഥാന് മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അപകടകരമായ തരത്തിലേക്ക് വളര്‍ന്നതായി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ്
'ആ സാഹസം വേണ്ട, നമ്മള്‍ ഒരു അണുബോംബിട്ടാല്‍ ഇന്ത്യ 20 ബോംബിട്ട് തകര്‍ത്തുകളയും' ; പാകിസ്ഥാന് മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ്


ദുബായ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അപകടകരമായ തരത്തിലേക്ക് വളര്‍ന്നതായി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഏറ്റുമുട്ടലുണ്ടാകുന്ന പക്ഷം ആണവായുധ പ്രയോഗത്തെക്കുറിച്ച് പാകിസ്ഥാന്‍ ചിന്തിക്കരുത്. നമ്മള്‍ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് നമ്മളെ തകര്‍ത്തുകളയുമെന്നും മുഷറഫ് മുന്നറിയിപ്പ് നല്‍കി. 

അല്ലെങ്കില്‍ 50 അണ്വായുധങ്ങള്‍ ഒരുമിച്ച് പ്രയോഗിക്കുക മാത്രമാണ് പാകിസ്ഥാന്റെ മുന്നിലുള്ള പോംവഴി. അപ്പോള്‍ കൈയിലുള്ള 20 അണ്വായുധങ്ങള്‍ ഇന്ത്യയ്ക്ക് പ്രയോഗിക്കാനാകാതെ വരും. ഇതിന് പാകിസ്ഥാന് കഴിയുമോയെന്നും മുഷറഫ് ചോദിച്ചു. പറയുന്നത് പോലെ ലളിതമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാക് മുന്‍ പട്ടാളമേധാവി. 

2002 ല്‍ ഉണ്ടായതിന് സമാനമാണ് അതിര്‍ത്തിയിലെ സാഹചര്യം. അന്ന് കര-വ്യോമ-നാവിക സേനയെ ഇന്ത്യ അതിര്‍ത്തിയില്‍ യുദ്ധസജ്ജരാക്കി നിര്‍ത്തിയിരുന്നു. 10 മാസത്തോളമാണ് ഇന്ത്യ സൈന്യത്തെ വിന്യസിച്ചത്. പാകിസ്ഥാനും ശക്തമായി നിലയുറപ്പിച്ചതോടെ, അതിസാഹസത്തിന് മുതിരാനുള്ള ധൈര്യം ഇല്ലാതെ ഇന്ത്യ പിന്‍വാങ്ങുകയായിരുന്നു. 

കശ്മീരില്‍ നിന്നും ഇന്ത്യ ആക്രമണം നടത്തുകയാണെങ്കില്‍, സിന്ധ്, പഞ്ചാബ് എന്നിവടങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ തിരിച്ചടിക്കേണ്ടത്. അങ്ങനെയേ ഇന്ത്യയെ പാഠം പഠിപ്പിക്കാനാകൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രശ്‌നം നയതന്ത്രതലത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ഇതിന് രാഷ്ട്രീയനേതാക്കള്‍ തയ്യാറാകണമെന്നും മുഷറഫ് പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യ്തതിലാണ് പാക് മുന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ഭരണഘടന റദ്ദാക്കിയതിന്റെ പേരില്‍ പാകിസ്ഥാനില്‍ രാജ്യദ്രോഹക്കേസ് നേരിടുന്ന പര്‍വേസ് മുഷറഫ് ദുബായില്‍ പ്രവാസജീവിതം നയിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com