ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കനക്കുന്നു; ഇറാന്റെ ആളില്ലാ വിമാനം അമേരിക്ക വെടിവെച്ചിട്ടു, നിഷേധിച്ച് ഇറാന്‍ 

ഗള്‍ഫ്‌മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് അമേരിക്ക ഇറാന്റെ ആളില്ലാ വിമാനം വെടിവെച്ചിട്ടു
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കനക്കുന്നു; ഇറാന്റെ ആളില്ലാ വിമാനം അമേരിക്ക വെടിവെച്ചിട്ടു, നിഷേധിച്ച് ഇറാന്‍ 

വാഷിംഗ്ടണ്‍: ഗള്‍ഫ്‌മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് അമേരിക്ക ഇറാന്റെ ആളില്ലാ വിമാനം വെടിവെച്ചിട്ടു. ആണവ സഹകരണ കരാറില്‍ നിന്ന്  ഏകപക്ഷീയമായി പിന്‍വാങ്ങി ഇറാന് മേല്‍ യുദ്ധസമാനമായ സാഹചര്യം ഒരുക്കിയ അമേരിക്കന്‍ സേനയുടെ ആദ്യ നേരിട്ടുളള ഇടപെടലാണിത്. ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിച്ച കപ്പലിന് ഭീഷണി ഉയര്‍ത്തിയ ഇറാന്റെ ഡ്രോണാണ് അമേരിക്കന്‍ നാവികകപ്പല്‍ വെടിവെച്ചിട്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ആളില്ലാ വിമാനം തകര്‍ത്തുവെന്ന അമേരിക്കന്‍ അവകാശവാദം ഇറാന്‍ തളളി.

അമേരിക്കന്‍ യുദ്ധകപ്പലായ യുഎസ്എസ് ബോക്‌സറാണ് ഇറാന്റെ ആളില്ലാ വിമാനം വെടിവെച്ചിട്ടതെന്ന് ട്രംപ് പറഞ്ഞു. നാവികകപ്പലിന്റെയും കപ്പലിലെ സേനാംഗങ്ങളുടെയും സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടി സ്വീകരിച്ചതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ബോക്‌സറിന്റെ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ എത്തിയ ഡ്രോണിനെ ഉടന്‍ തന്നെ തകര്‍ക്കുകയായിരുന്നു. രാജ്യാന്തര സമുദ്രപാതയിലുടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെയുളള ഇറാന്റെ ഭാഗത്തുനിന്നുളള ഒടുവിലത്തെ പ്രകോപനപരമായ നടപടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ നടപടിയെ അപലപിച്ച ട്രംപ് പ്രതിരോധ സേനാംഗങ്ങളുടെ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും വ്യക്തമാക്കി. അതേസമയം തങ്ങളുടെ ഡ്രോണ്‍ വെടിവെച്ചിട്ടു എന്ന അമേരിക്കന്‍ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com