ദയാരഹിതമായി ചോദ്യം ചെയ്തു, അപമാനിച്ചു; മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് വസീം അക്രം

ഇന്‍സുലിന്‍ ബാഗിനുള്ളില്‍ ഉള്ളതെല്ലാം പുറത്തിടാനായിരുന്നു അവരുടെ ആജ്ഞാപനമെന്ന് അക്രത്തിന്റെ ട്വീറ്റില്‍ പറയുന്നു
ദയാരഹിതമായി ചോദ്യം ചെയ്തു, അപമാനിച്ചു; മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് വസീം അക്രം

ലാഹോര്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പാക് മുന്‍ ക്രിക്കറ്റ് താരം വസീം അക്രം. ഇന്‍സുലിന്‍ അടങ്ങിയ ബാഗ് കൈവശം വെച്ചത് ചോദ്യം ചെയ്ത് പരസ്യമായി അപമാനിക്കുകയായിരുന്നു എന്നാണ് അക്രം പറയുന്നത്. ട്വിറ്ററിലൂടെയാണ് മാഞ്ചസ്റ്റര്‍ വിമാനത്താവള അധികൃതര്‍ക്കെതിരെ അക്രം ആരോപണം ഉന്നയിച്ചത്. 

ഇന്‍സുലിന്‍ ബാഗിനുള്ളില്‍ ഉള്ളതെല്ലാം പുറത്തിടാനായിരുന്നു അവരുടെ ആജ്ഞാപനമെന്ന് അക്രത്തിന്റെ ട്വീറ്റില്‍ പറയുന്നു. താരത്തിന്റെ ട്വീറ്റ് ഇങ്ങനെ, മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് ഞാന്‍ ഇന്ന് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. ലോകത്തിന്റെ ഏത് ഭാഗത്തേക്കും എന്റെ ഇന്‍സുലിന്‍ ബാഗുമായാണ് ഞാന്‍ സഞ്ചരിക്കാറ്. അതിന്റെ പേരില്‍ ഒരു മോശം അനുഭവവും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അവരെന്നെ ദയാരഹിതമായി ചോദ്യം ചെയ്തു. എന്റെ ഇന്‍സുലിന്‍ ബാഗ് പുറത്തെടുത്ത് അതിലുള്ള സാധനങ്ങളെല്ലാം ഒരു പ്ലാസ്റ്റിക് ബാഗിലേക്ക് അവരിട്ടു. 

അക്രത്തിന്റെ ട്വീറ്റ് ചര്‍ച്ചയായതോടെ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ വിമാനത്താവള അധികൃതരെത്തി. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് അക്രത്തിനോട് നന്ദി പറഞ്ഞ വിമാനത്താവള അധികൃതര്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി അയക്കാന്‍ അക്രത്തിനോട് നിര്‍ദേശിച്ചു. അന്വേഷണം നടത്താമെന്ന ഉറപ്പും ഇവര്‍ പാക് മുന്‍ പേസര്‍ക്ക് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com