ശ്വാസം പിടയുമ്പോഴും കൈവിട്ടില്ല: നൊമ്പരമുണര്‍ത്തി യുഎസ് കുടിയേറ്റത്തിനിടെ മരിച്ച അച്ഛനും മകളും

യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ച് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്തായിരുന്നു ഇവരുടെ ദാരുണാന്ത്യം.
ശ്വാസം പിടയുമ്പോഴും കൈവിട്ടില്ല: നൊമ്പരമുണര്‍ത്തി യുഎസ് കുടിയേറ്റത്തിനിടെ മരിച്ച അച്ഛനും മകളും

മെക്‌സിക്കോ സിറ്റി: യുഎസിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകളും മുങ്ങിമരിച്ചു. ആറുവയസുകാരിയായ ഇന്ത്യന്‍ ബാലിക അരിസോണയിലെ തെക്കന്‍ മരുഭൂമി മേഖലയില്‍ വെള്ളം കിട്ടാതെ മരിച്ച വാര്‍ത്ത വന്നതിന് പിന്നാലെയാണിത്. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലാണ് സംഭവം.

യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ച് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്തായിരുന്നു ഇവരുടെ ദാരുണാന്ത്യം. കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍. മരണത്തിലേക്കു വഴുതി വീഴുമ്പോഴും ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമിറസ് (25) എന്ന അച്ഛന്‍ തന്റെ മകള്‍ രണ്ട് വയസുകാരി വലേരിയയെ ചേര്‍ത്തു പിടിച്ചിരുന്നു. 

അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു വലേരിയയുടെ മൃതദേഹം കണ്ടെത്തിയത്. യുഎസില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ നടക്കാതെയായപ്പോള്‍ ഇവരുടെ കുടുംബം റിയോ ഗ്രാന്‍ഡ് നദി നീത്തിക്കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്റെ കുടുംബം. 

അപകടത്തില്‍പ്പെട്ടാലും കുഞ്ഞുമകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ടീ ഷര്‍ട്ടിനുള്ളില്‍ വലേരിയയെ ചേര്‍ത്തു പിടിച്ചാണ് റാമിറസ് നീന്തിതുടങ്ങിയത്. ഒപ്പമുണ്ടായിരുന്ന റാമിറസിന്റെ  ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നതു നോക്കിനില്‍ക്കാനെ തനിക്കു കഴിഞ്ഞുള്ളൂവെന്നു ടാനിയ പറഞ്ഞു. 

കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റക്കാര്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമം ട്രംപ് പിന്തുടരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും. അതുകൊണ്ടാണ് കുടിയേറ്റക്കാര്‍ക്ക് അപകടം പിടിച്ച പാതകളിലൂടെ പാലായനം ചെയ്യേണ്ടി വരുന്നതെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com