തെരേസ മേക്ക് കനത്ത തിരിച്ചടി ; ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

തെരേസ മേക്ക് കനത്ത തിരിച്ചടി ; ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക്  വീണ്ടും തിരിച്ചടി. യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സർക്കാർ തയാറാക്കിയ കരാർ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്. നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിച്ചത്. 

അതേസമയം ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്നകാര്യത്തില്‍ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടണോയെന്ന കാര്യത്തില്‍ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും.

2016 ജൂണിൽ നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണു യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. ഈ മാസം 29 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്. ജനുവരിയിൽ എംപിമാർ തള്ളിയ അതേ കരാറാണു വീണ്ടും സഭയിൽ വച്ചതെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നും പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറിമി കോർബിൻ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com