'ബലാകോട്ട് മാതൃകയില്‍ ഇനി അതിസാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടി അതിഭീകരമായിരിക്കും' ; ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മുന്നറിയിപ്പ്

ഇനി ഇത്തരത്തില്‍ അതിസാഹസം ഉണ്ടായാല്‍ തിരിച്ചടി മുമ്പത്തേതുപോലെ ആയിരിക്കില്ല. കനത്തതായിരിക്കുമെന്നും മുജാഹിദ് അന്‍വര്‍ ഖാന്‍
'ബലാകോട്ട് മാതൃകയില്‍ ഇനി അതിസാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടി അതിഭീകരമായിരിക്കും' ; ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ് : ബലാകോട്ട് ആക്രമണം പോലുള്ള സാഹസം ഇനി ഇന്ത്യ കാണിച്ചാല്‍ തിരിച്ചടി അതിഭീകരമായിരിക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ വ്യോമസേന മേധാവി മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാനാണ് മുന്നറിയിപ്പ് നല്‍കിയത്. വ്യോമസേന ആസ്ഥാനത്ത് സൈനികരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എതിരാളികളുടെ രാജ്യത്തെ കടന്നുകയറ്റത്തിന്, ഫെബ്രുവരി 27 ന് പാക് വ്യോമസേന നല്‍കിയ തിരിച്ചടിയെ ഓപ്പറേഷന്‍ സ്വിഫ്റ്റ് റിട്ടോര്‍ട്ട് എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഇനി ഇത്തരത്തില്‍ അതിസാഹസം ഉണ്ടായാല്‍ തിരിച്ചടി മുമ്പത്തേതുപോലെ ആയിരിക്കില്ല. കനത്തതായിരിക്കുമെന്നും മുജാഹിദ് അന്‍വര്‍ ഖാന്‍ പറഞ്ഞു. 

ഫെബ്രുവരി 14 ന് കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഫെബ്രുവരി 26 ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത്. ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന റിക്രൂട്ടിംഗ് ആസ്ഥാനമായ കെട്ടിടം തകര്‍ന്നതായാണ് ഇന്ത്യ ആവകാശപ്പെടുന്നത്. 

ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തിന് മറുപടിയായി പിറ്റേന്ന് പാക് വ്യോമസേന എഫ്-16 യുദ്ധവിമാനങ്ങള്‍ അടക്കമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുതിച്ചെത്തി. ഇതോടെ ഇന്ത്യന്‍ വ്യോമസേനയും ആക്രമണ സജ്ജമായതോടെ, അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം സംജാതമായിരുന്നു. 

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തിനിടെ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്റെ പിടിയില്‍ അകപ്പെടുകയും ചെയ്തിരുന്നു. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വര്‍ത്തമാനെ മാര്‍ച്ച് ഒന്നിന് പാകിസ്ഥാന്‍ വിട്ടയക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com