ലണ്ടനിലെ ഹൈദരാബാദ് നൈസാമിന്റെ നിക്ഷേപത്തില്‍ പാകിസ്ഥാന് അവകാശമില്ല; 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കും പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂല വിധി

പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിക്ഷേപം സംബന്ധിച്ച കേസില്‍ ലണ്ടന്‍ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്
ലണ്ടനിലെ ഹൈദരാബാദ് നൈസാമിന്റെ നിക്ഷേപത്തില്‍ പാകിസ്ഥാന് അവകാശമില്ല; 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കും പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂല വിധി

ലണ്ടന്‍: ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള തര്‍ക്കത്തില്‍ ഇന്ത്യക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി വിധി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിക്ഷേപം സംബന്ധിച്ച കേസില്‍ ലണ്ടന്‍ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. 

നിക്ഷേപത്തിന് മുക്കാറം ഝായാണ് അര്‍ഹനെന്നും കോടതി ഉത്തരവിട്ടു. ഇതോടെ 70 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിനാണ് പരിഹാരമായത്. 

നൈസാമിന്റെ നിക്ഷേപമായ 35 മില്ല്യണ്‍ പൗണ്ട് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് പാകിസ്ഥാനാണ് കേസിന് പോയത്. നൈസാമിന്റെ പിന്തുടര്‍ച്ചക്കാരനായ മുക്കാറം ഝായും അദ്ദേഹത്തിന്റെ സഹോദരന്‍ മുഫക്കം ഝായും സ്വത്തില്‍ അവകാശമുന്നയിച്ചതോടെ ഇന്ത്യ അവര്‍ക്ക് പിന്തുണ നല്‍കി. 

നാറ്റ്‌വെസ്റ്റ് ബാങ്കിലാണ് ഹൈദരാബാദ് നൈസാം വന്‍തുക നിക്ഷേപിച്ചത്. നൈസാം ലണ്ടനില്‍ നിക്ഷേപിച്ച സ്വത്തുക്കള്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് മുക്കാറം ഝാക്കെതിരെ 2013ലാണ് പാകിസ്ഥാന്‍ പരാതി നല്‍കിയത്. ലണ്ടനിലെ റോയല്‍ കോര്‍ട്ടാണ് കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.  

1948ലാണ് കേസ് തുടങ്ങുന്നത്. ഹൈദരാബാദ് നൈസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഒരു മില്ല്യണ്‍ പൗണ്ടും ഒരു ഗിന്നിയും ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചു. ബ്രിട്ടനിലെ പാകിസ്ഥാന്റെ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ഹൈദരാബാദ് ആ സമയം ഇന്ത്യയില്‍ ലയിച്ചിരുന്നില്ല. 

1950ല്‍ തന്റെ അനുവാദമില്ലാതെ പണം കൈമാറ്റം ചെയ്യരുതെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പാകിസ്ഥാനുമായി കരാറില്ലാതെ പണം നിരികെ നല്‍കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു. അതോടെ അദ്ദേഹം ബാങ്കിനെതിരെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പരാതി നല്‍കി. അദ്ദേഹത്തിന്റെ മരണ ശേഷം നിക്ഷേപം മരവിപ്പിച്ചു. 2013ല്‍ നിക്ഷേപത്തില്‍ പാകിസ്ഥാന്‍ അവകാശം ഉന്നയിച്ചതോടെ നൈസാമിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുകയായിരുന്നു. 

ഹൈദരാബാദ് നൈസാമിന്റെ ഏഴാമത്തെ പേരമകനാണ് മുക്കാറം ഝാ. അദ്ദേഹം ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസിക്കുന്നത്. 1980 വരെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായിരുന്നു മുക്കാറം ഝാ. എന്നാല്‍, മൂന്നാം ഭാര്യയുമായുള്ള വിവാഹ മോചന കേസില്‍ സ്വത്ത് വീതിക്കപ്പെട്ടതോടെ അദ്ദേഹത്തിന് പദവി നഷ്ടപ്പെട്ടു. പിന്നീട് തുര്‍ക്കിയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കേസ് ആരംഭിക്കുമ്പോള്‍ മുക്കാറം കുട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ 80ാം വയസില്‍ അനുകൂല വിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com